മാർത്തോമാക്കുരിശിനെ പറ്റിത്തന്നെ

'അസ്സീസി'യിലെ മെയ്, ഒക്ടോബർ ലക്കങ്ങളിൽ ശ്രീ. പി. കെ. മാത്യു 'മാർത്തോമ ശ്ലീവ' യെക്കുറിച്ചെഴുതിയ പ്രൗഢ ലേഖനങ്ങൾ വായിച്ചു. മാർത്തോമാ ക്രിസ്‌ത്യാനികളുടെ വിശ്വാസപാരമ്പര്യങ്ങളെയും പൈതൃകത്തെയും താറുമാറാക്കും വിധം അടുത്തകാലത്ത് ഒരു വിഭാഗം കൽദായ തീവ്രവാദികൾ നടത്തുന്ന സംഘടിതവും തന്ത്രപരവുമായ പ്രചരണത്തിൻ്റെ ഭാഗമായി ഇറക്കിയിരിക്കുന്ന "മാർത്തോമാ ശ്ലീവ' യുടെ യഥാർത്ഥ ചരിത്രവസ്തുതകളും ദൈവശാസ്ത്ര സിദ്ധാന്തങ്ങളും വിശ്വാസ വഴിത്തിരിവുകളും ചരിത്ര യാഥാർത്ഥ്യങ്ങൾ നിരത്തിവച്ച് അനിഷേധ്യമായ വിധം യുക്‌തിബദ്ധമായും സമർത്ഥമായും അവതരിപ്പിക്കുകയും വിശദീകരിക്കുകയും ചെയ്ത ശ്രീ മാത്യുവിനു സ്നേഹോഷ്‌മളമായ അനുമോദനങ്ങളും അഭിനന്ദനങ്ങളും. ബ്ര. യൗസേഫ് കത്തനാർ സെപ്റ്റംബർ ലക്കത്തിലെ പ്രതികരണത്തിൽ ശ്രി മാത്യു ഉന്നയിച്ച വാദമുഖങ്ങളെ ഖണ്ഡിക്കുവാനോ ചരിത്ര തെളിവുകളെ നിഷേധിക്കാനോ ആകാതെ പരുങ്ങുന്നത് കണ്ടപ്പോഴാണ് മാർ തോമ സ്ലീവാ പ്രചാരകരുടെ നിലപാട് ഇത്രമേൽ ഇളക്കമുള്ളതും ദുർബലമാണെന്നും അതിൻ്റെ ചരിത്ര പിൻബലം ഇത്രമാത്രം അടിസ്ഥാനരഹിതവും ഭാവനാസൃഷ്ടവുമാണെന്നും മനസ്സിലായത്.
നവംബർ ലക്കത്തിലെ 'കത്തുകളിൽ ' ക്രൈസ്തവരുടെ പ്രധാന വസ്തുവായ സ്ലീവാ യെക്കുറിചുള്ള വിവാദങ്ങൾ തീർത്തും അനാവശ്യമാണെന്നും ശ്രീ റോയി ജെ. കല്ലറങ്ങാട് ഉപദേശിച്ചിരിക്കുന്നു. അവിടം കൊണ്ട് കത്ത് അവസാനിച്ചിരുന്നെങ്കിൽ നല്ല ഉപദേശമായി അതിനെ സ്വീകരിക്കുമായിരുന്നു. 'വിവാദങ്ങൾ അനാവശ്യ'മാണെന്ന് ഉപദേശത്തിന്റെ പിന്നിലെ ചേതോവികാരം തുടർന്നു പ്രസ്‌താവനകൾ വെളിപ്പെടുത്തുന്നു. കത്തിൽ തുടർന്നു പറയുകയാണ്. 'സെന്റ് തോമസിന്റെ മൈലാപ്പൂരിലെ കബറിടത്തിൽ നിന്നും കണ്ടുകിട്ടിയ മാർത്തോമാ ശ്ലീവയാണ് 16-ാം നൂറ്റാണ്ട് വരെ നാമിവിടെ ആരാധിച്ച് പോന്നത്......... കുരിശിൻ ചുവട്ടിലെ താമര (ഇന്ത്യയുടെ ദേശീയപുഷ്പം) ഭാരതസംസ്കാരത്തെയും പൈതൃകത്തെയും സൂചിപ്പിക്കുന്നു. ' തെളിവുകളും വസ്‌തുതകളും ചരിത്രസത്യങ്ങളും അന്വേഷിച്ച് മെനക്കെടാതെ ബ. യൗസേപ്പ് കത്തനാർ പറയുന്നതെല്ലാം അപ്പാടെ മാർത്തോമാ ക്രിസ്‌ത്യാനികൾ വിഴുങ്ങണം. ഇത്രയേയുള്ളൂ വിവാദങ്ങൾ ഒഴിവാക്കണമെന്ന ഉപദേശത്തിന്റെ താല്പര്യം എന്ന് വ്യക്‌തമാണല്ലോ.
16-ാം നൂറ്റാണ്ട് വരെ നാമിവിടെ വണങ്ങിയിരുന്നത് മൈലാപ്പൂരിൽ നിന്നും കണ്ടെടുത്ത മാർത്തോമാ ശ്ലീവ ആയിരുന്നെങ്കിൽ നാമിവിടെ വണങ്ങിയിരുന്നതിൽ നിന്നും വ്യത്യസ്തമല്ലാത്ത കുരിശായിരിക്കെ, എന്തുകൊണ്ട് ആ കുരിശിനെ 'അത്‌ഭുതകുരിശ്' എന്നു വിശേഷിപ്പിച്ചു? സാധാരണ കാണുകയും വണങ്ങുകയും ചെയ്യുന്നതും എല്ലായിടത്തും പ്രചാരത്തിലുള്ളതുമായ ഒന്നിൽ എന്ത് അത്ഭുതവിശേഷമാണ് കാണുക? കണ്ടെടുത്ത് ഭക്ത്യാദരങ്ങളോടെ മാർത്തോമായുടെ കബറിടത്തിൽ അത്ഭുതകുരിശ് പ്രതിഷ്ഠിച്ച പോർട്ടുഗീസുകാർ കേരളത്തിൽ അവയിൽ ഒരെണ്ണം പോലും അവശേഷിക്കാത്തവിധം നശിപ്പിച്ചു എന്നാണോ കരുതേണ്ടത്? സംഘടിതമായോ അല്ലാതെയോ സ്വദേശികളോ വിദേശികളോ ഈ കുരിശിനെ നശിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നിരിക്കെ, മറിച്ച് പ്രചരിപ്പിക്കാൻ പോർട്ടുഗീസ് പരിശ്രമിച്ചിട്ടും എന്തുകൊണ്ട് മാർത്തോമാ ക്രിസ്ത്യാനികളുടെ ഇടയിൽ ഈ കുരിശിന് സ്ഥിരപ്രതിഷ്ട കിട്ടാതെ പോയി? എന്തുകൊണ്ട് നമ്മുടെ പൂർവ്വികർക്കു ഇത് വർജ്യമായി? 16-ാം നൂറ്റാണ്ട് വരെ വണങ്ങിയിരുന്ന കുരിശായിരുന്നുവെങ്കിൽ പ്രചാരലുബ്‌ധമാകാൻ കാരണം എന്ത്? അതിലേക്ക് നയിച്ച സംഭവവികാസങ്ങൾ ഏവ? പ്രാചീനദേവാലയങ്ങളുടെ മുന്നിലുള്ള കൂരിശുകളിൽ ഒന്നിൽ പോലും എന്തുകൊണ്ട് ഈ അത്ഭുതക്കുരിശിൻ്റെ മാതൃകയിലുള്ള കുരിശ് കാണാതെ വന്നു? അടുത്തകാലം വരെയും ഈ കുരിശ് നമുക്ക് അന്യമായിത്തീരാനുള്ള കാരണങ്ങൾ ഏവ? അതിനു ഉത്തരവാദികൾ ആരാണ്? 16-ാം നൂറ്റാണ്ടിനു മുമ്പുള്ള "മാർത്തോമാ ശ്ലീവ ' നമ്മുടെ എത് പള്ളിയിലാണ് കണ്ടെത്തുക? 20-ാം നൂറ്റാണ്ടിൻെറ ഉത്തരാർദ്ധത്തിനു മുമ്പ് ഈ കുരിശ് വണക്കത്തിനായ് നമ്മുടെ ഏത് പള്ളികളിലാണ്, വീടുകളിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത് ? 16-ാം നൂറ്റാണ്ട് വരെ മാർത്തോമാ ക്രിസ്ത്യാനികൾ ആരാധിച്ചിരുന്ന കുരിശായിരുന്നെങ്കിൽ ഈശോസഭാ മേൽക്കോയ്‌മയോട് തെറ്റിപ്പിരിഞ്ഞ പുത്തൻകൂറ്റുകാർ ഈ കുരിശിനെ പൊന്നുപോലെ കാത്തുസൂക്ഷിക്കുമായിരുന്നില്ലേ? “മാർത്തോമാ കുരിശ്' നശിപ്പിക്കുന്നു എന്ന ഗുരുതരമായ ആരോപണം മാതൃസഭയോട് ചേർന്നു നിന്നിരുന്നവരുടെമേൽ അവർ ഉന്നയിക്കുമായിരുന്നില്ലേ? ഇങ്ങനെ പരിഹാരം കണ്ടെത്തേണ്ട പ്രശ്നങ്ങൾ ഏറെയുണ്ട്. നമ്മുടെ സഭയിൽ വണക്കത്തിന് ഉപയോഗിച്ചിരുന്ന കുരിശിൽനിന്നും തികച്ചും ഭിന്നവും അന്നുവരെയും നമ്മുടെ സഭയ്ക്ക് അജ്ഞാതവുമായിരുന്ന കുരിശായിരുന്നതുകൊണ്ടല്ലേ "അത്ഭുതകുരിശ്' എന്നു വിളിക്കേണ്ടി വന്നതും വണക്കത്തിന് ഉപയോഗിക്കപ്പെടുത്താതെ അലങ്കാരവസ്‌തു മാത്രമായി ചുരുക്കം ചില പള്ളികളിൽ മാത്രം സ്‌ഥാപിക്കാൻ ഇടവന്നതും സ്‌ഥാപിച്ചിടങ്ങളിൽ തന്നെ പലതും അനാഥപ്രേതം പോലെ അവഗണിക്കപ്പെട്ടതും?
നമുക്ക് അവിശുദ്ധവും മാനിക്കേയൻ വിശ്വാസികൾക്ക് വിശുദ്ധവുമായ പഹ്‌ലവി ലിപികൾ ഇതിൽ ഉല്ലേഖനം ചെയ്യപ്പെടാൻ കാരണമെന്ത്? മാനിക്കേയൻ മതക്കാരും മാർത്തോമാ ക്രൈസ്‌തവരും തമ്മിലുണ്ടായിരുന്ന സമ്പർക്കത്തിൻ്റെ സ്വഭാവം എന്തായിരുന്നു? മൈലാപൂരിലെ മാർതോമാ കബറിടത്തിൻെറ പ്രാന്തപ്രദേശത്തു ഈ കുരിശ് കുഴിച്ചു മൂടപ്പെടാൻ കാരണമെന്ത്?കബറിടം സംരക്ഷിച്ചവർ എന്തുകൊണ്ടു പ്രതീകസമ്പന്നമെന്ന് അവകാശപ്പെടുന്ന ഈ കുരിശിനെ സംരക്ഷിച്ചില്ല?
വിവാദം കൂടാതെ സ്വീകരിക്കാൻ ശ്രീ റോയ് ആവശ്യപ്പെട്ടിരിക്കുന്ന മറ്റൊരു കാര്യം കുരിശിൻ ചുവട്ടിലെ താമര ഭാരത സംസ്ക്കാരത്തെയും പൈതൃകത്തെയും സൂചിപ്പിക്കുന്നു എന്നതിനാലാണ്. ഈ അവകാശവാദം നമ്മുടെ ദേശിയ പുഷ്‌പത്തെ അവഹേളിക്കുന്നതും ഭാരതസംസ്ക്കാരത്തെ പരിഹസിക്കുന്നതുമാണ് . ഈ കുരിശിൻ ചുവട്ടിൽ കാണുന്നതായ താമര ഏതായാലും ഭാരതമണ്ണിൽ ഇന്നുവരേയും വളർന്നു കണ്ടിട്ടില്ലാത്ത തരം താമരയാണ്. ഇക്കാലത്ത് കേരളത്തിലെ ഏതു കൊച്ചുകൂട്ടിക്കും അറിയാം നമ്മുടെ ദേശീയ പുഷ്‌പത്തിൻ്റെ രൂപം എന്താണെന്ന്. ഒരു ദേശീയ പുഷ്പത്തിൻ്റെ അംഗീകൃത മാതൃകയെ ഇത്രയും വികൃതമായി അവതരിപ്പിച്ച്
വ്യാഖ്യാനിക്കുന്നതിൽപരം ദേശീയ പുഷ്‌പത്തെ അവഹേളിക്കാനാകുമോ?
ശ്രീ റോയിയുടെ മറ്റൊരു അവകാശവാദം പാശ്ചാത്യസഭ ക്രിസ്തുവിൻ്റെ കുരിശിലെ മരണത്തിനു പ്രാമുഖ്യം നല്‌കുമ്പോൾ പൗരസ്ത്യസഭ ക്രിസ്‌തുവിൻ്റെ ഉത്‌ഥാനത്തിനു പ്രാമുഖ്യം കല്‌പിക്കുന്നു എന്നാണ്. അതുകൊണ്ട് വിവക്ഷിക്കുന്നത് ക്രൂശിതനില്ലാത്തതും മോടിപിടിപ്പിച്ചതുമായ മാർത്തോമാ സ്ലീവായെ ക്രിസ്തുവിൻ്റെ പ്രതീകമായി വിവാദം കൂടാതെ എല്ലാവരും അംഗീകരിക്കണം.
റോമാ സാമ്രാജ്യത്തിനുള്ളിൽ മുളച്ചു വളർന്ന സഭകളെയാണ് സഭാ ചരിത്രത്തിൽ പാശ്ചാത്യ സഭകളെന്നും പൗരസ്ത്യസഭകളെന്നും വ്യവഹരിച്ചിട്ടുള്ളത്. ഈ സഭകളെ മാത്യസഭകളായി സ്വീകരിച്ചിട്ടുള്ളതും എന്നാൽ റോമാസാമ്രാജ്യത്തിനു വെളിയിൽ വളർന്നിട്ടുള്ളതുമായ സഭകളും ഈ വേർതിരിവിനു കീഴിൽ വരും. റോമാസാമ്രാജ്യത്തിനു പുറത്ത് സ്വതന്ത്രമായി, റോമാസാമ്രാജ്യത്തിലെ സഭകളുടെ ആശ്രിത സഭകളാകാതെ വളർന്നു വന്ന സഭകളെ ഈ വകുപ്പിൽ ഉൾപ്പെടുത്താൻ സാധിക്കുകയില്ല. പാശ്ചാത്യ-പൗരസ്‌ത്യ സഭകളിൽനിന്നും വ്യത്യസ്ത്‌തമായ, അവയിൽ ഒന്നിൻ്റെയും ആശ്രിത സഭകളാകാതെ, തനതായ വ്യക്തിത്വത്തോടുകൂടി ജനിച്ചു വളർന്ന സഭയാണ് മാർത്തോമാ സ്‌ഥാപിച്ച ഭാരതത്തിലെ സഭ. അതിനാൽ സഭാചരിത്രത്തിൽ പൗരസ്ത്യസഭകൾ എന്നു വ്യവഹരിച്ചിട്ടുള്ള സഭകളിൽപ്പെട്ടതല്ല മാർത്തോമാ കേരളത്തിൽ സ്ഥാപിച്ച സഭ. അവരുടെ ദൈവശാസ്ത്രം നമ്മൾ പകർത്തിയെടുക്കേണ്ടതുമില്ല. കൂടാതെ പാശ്ചാത്യ-പൗരസ്ത്യ സഭാപിതാക്കൻമാർ ആരുംതന്നെ "മാർത്തോമ സ്ലീവായെ കർത്താവിൻ്റെ ഉത്ഥാനത്തിൻ്റെ പ്രതീകമായി അവതരിപ്പിച്ചിട്ടുമില്ല കുരിശിലെ ഉത്‌ഥാന ദൈവശാസ്ത്രം സഭാപിതാക്കൻമാർക്ക് അജ്ഞാതമാണ്.
അന്ന് എന്ന പോലെ ഇന്നും കുരിശ് വേദനയുടെയും നിന്ദയുടെയും പരാജയത്തിൻ്റെയും അടയാളമായി നിലകൊള്ളുന്നു. കുരിശിൻ്റെ മഹത്വം അടങ്ങിയിരിക്കുന്നത് അതിൻ്റെ അപമാനവും നിന്ദ്യതയും പരാജയത്വവും മറച്ചുവച്ച് അലങ്കാരഭൂഷിതമാക്കുന്നതിലല്ല. പ്രത്യുത, ദുസ്സഹമായി അനുഭവപ്പെട്ടിട്ടും, ക്രിസ്‌തു അതിനെ എല്ലാ നിന്ദകളോടും കൂടി ആശ്ലേഷിക്കുകയും മനുഷ്യരക്ഷ എന്ന വൻനേട്ടം കൊയ്തെടുത്ത് പരാജയത്തിൻ്റെയും ശിക്ഷയുടെയും അടയാളമായിരുന്നതിനെ രക്ഷാകരവും വിജയത്തിനുള്ള മാർഗ്ഗവും ആക്കി മാറ്റിയെടുത്തു. ജീവിതത്തിലെ വേദനകളെയും പരാജയങ്ങളെയും ധീരമായി ഏറ്റുവാങ്ങി തന്നിൽ വിശ്വാസം അർപ്പിച്ചവർക്ക് രക്ഷയുടെ നിമിത്തമാക്കി മാറ്റാൻ പ്രചോദനവും കരുത്തും ഏകുന്നു എന്നതിലും അങ്ങനെ പരിഹാസത്തിൻ്റെയും ശാപത്തിൻ്റെയും ചിഹ്നമായി കരുതിപ്പോന്നിരുന്ന കുരിശിനെ ദൈവഹിതത്തോടുള്ള വിധേയത്വത്തിൻ്റെയും സ്നേഹത്തിൻ്റെയും അദ്യശ്യവും അജയ്യവുമായ ചിഹ്നമായി ഉയർത്തി എന്നതിനാലുമാണ്. അതുകൊണ്ടാണ് വിജാതീയർക്കു മൗഢ്യവും യഹൂദർക്ക് ഇടർച്ചയുമായ കുരിശിൽ - ക്രൂശിതനിൽ - പൗലോസ് അപ്പസ്തോലൻ തൻ്റെ അഭിമാനത്തിൻ്റെ അടിസ്‌ഥാനവും ദൈവത്തിൻ്റെ ശക്‌തിയും വിജ്ഞാനവും കണ്ടെത്തിയത്.
അരയെപ്പെഗാസിൽ ഉത്ഥാനത്തിനു ഊന്നൽ കൊടുത്തു നടത്തിയ പ്രേക്ഷിത വേലയുടെ പരാജയത്തിൽ നിന്നും പഠിച്ച പാഠമാണല്ലോ പിന്നീടുള്ള തൻ്റെ പ്രേക്ഷിതവേല ക്രൂശിക്കപ്പെട്ടവനെ കേന്ദ്രമാക്കി നടത്താൻ അപ്പസ്തോലനു പ്രേരകമായി തീർന്നത്. മാത്രമല്ല ക്രൂശിക്കപ്പെട്ട ക്രിസ്‌തുവിനെ കുറിച്ചല്ലാതെ മറ്റൊന്നിനെക്കുറിച്ചും തനിക്ക് അറിയില്ലെന്നുവരെ അപ്പസ്തോലൻ കോറിന്തോസ് സഭയെ ഓർമ്മിപ്പിക്കുന്നു. ക്രൂശിക്കപ്പെട്ടവനെ മാറ്റിനിറുത്തിയാൽ കുരിശ് ഒന്നും അല്ലാതാകും. ക്രൂശിക്കപ്പെട്ട ക്രിസ്‌തുവാണ്, കുരിശിൽ ഉയർത്തപ്പെട്ടവനാണ്, എല്ലാവരെയും തന്നിലേയ്ക്ക് ആകർഷിക്കുന്നത്. പക്ഷേ ഫുൾട്ടൻ ജെ ഷീൻ പറയും പോലെ കുരിശില്ലാത്ത ക്രിസ്‌തുവിനെയാണ് ഇന്നുപലർക്കും ആവശ്യം; അഥവാ വേദനയുടെ മുള്ള് മറയ്ക്കപ്പെട്ട കുരിശ്. അതാണ് ഉത്ഥാനത്തിൽ പൊതിഞ്ഞ കുരിശിൻ്റെ ദൈവശാസ്ത്രം പകർത്തിയെടുക്കുന്നവരുടെ മനസ്സിലിരിപ്പ്: ക്രിസ്തുവാകട്ടെ പീഡാനുഭവത്തിൽ ആവരണം ചെയ്‌ത ഉത്ഥാനമാണ് പ്രഘോഷിച്ചത്. രണ്ടു പീഡാനുഭവ പ്രവചനങ്ങളുടെ ഇടയിലാണ് ക്രിസ്‌തുവിൻ്റെ രൂപാന്തരീകരണം സുവിശേഷകർ അവതരിപ്പിക്കുന്നത് എന്നത് ഏറെ സ്മരണീയമായിരിക്കുന്നു. കുരിശിൽ സ്വയം ശൂന്യനാക്കിയ ക്രിസ്‌തുവിൻ നാമത്തിൽ പണിതുയർത്തിയിട്ടുള്ള അംബരചുംബികളായ കത്തീഡ്രലുകളിലും ബൃഹത്തായ സ്ഥാപന ശൃംഖലകളിലും സുവിശേഷത്തെ തളച്ചിടുന്ന ലൗകിക പ്രതാപത്തിൽ അഭിമാനപുളകിതയായി പ്രൗഢിയോടും തലയെടുപ്പോടും കൂടി ലോകത്തിൻ്റെ മുമ്പിൽ നില്ക്കാൻ വെമ്പൽ കൊള്ളുന്ന സഭയ്ക്ക് പച്ചയായ ക്രൂശിതരൂപം അരോചകമായിരിക്കാം. ശൂന്യവല്ക്കരണത്തെ പ്രതാപത്തിൻ്റെ കൂട്ടിലാക്കി അവതരിപ്പിക്കുക ആവശ്യകവുമായിരിക്കാം.സകല ഭാഗ്യങ്ങളും നിറഞ്ഞ് മുടിചൂടി നില്ക്കുന്ന സഭയ്ക്ക് മുൾമുടി ചൂടിയവൻ ദുശ്ശകുനവുമാകാം. പക്ഷേ ഈ മാർത്തോമാ സ്ലീവാ ചുമക്കാൻ നമ്മുടെ പിതാവ് മാർ തോമ തയ്യാറാവുകയില്ല എന്ന കാര്യം നാം മറക്കരുത്. അതിൻ്റെ ഉടമസ്ഥാവകാശം പോകട്ടെ, കൈവശാവകാശം പോലും നമുക്കും പോയി അവനോടുകൂടെ മരിക്കാം എന്ന് ഉത്ഘോഷിച്ച ധീരനായ മാർ തോമാ തള്ളിപ്പറയും. മാർത്തോമയ്ക്കും നമുക്കും കുരിശിനെ വിശുദ്ധീകരിക്കുന്നത് ക്രൂശിതനാണ്. പിറന്നു വീഴാൻ പോലും ഒരിടം നിഷേധിക്കപ്പെട്ട് ജനനത്തിൻ്റെ ആരംഭം മുതലേ തിരസ്ക്കരണത്തിലൂടെ കടന്നുപോരുകയും കുരിശിൽ ആ തിരസ്ക്കരണത്തിൻ്റെ കയ്‌പു നീരിൽ മുങ്ങിത്തുടിക്കുകയും ചെയ്ത ക്രിസ്തുവിൻ്റെ, ക്രൂശിതൻ്റെ രൂപത്തിൽ ദൃഷ്ടികൾ ഉറപ്പിക്കാതെ, കുരിശു മരണത്തോളം തൻ്റെ കൂടെ വരുവാൻ അനുഗാമികളെ വിളിച്ച ക്രിസ്‌തുവിൻ്റെ വിളിയെ പിൻചൊല്ലാൻ നമുക്കു കഴിയുകയില്ല.

















































































































