top of page

അവയവദാനത്തിന്‍റെ ആത്മീയതലം

May 6, 2018

3 min read

ഡപ
organ donor

ശാസ്ത്രം അനുനിമിഷം മുന്നോട്ട് കുതിച്ചുകൊണ്ടിരിക്കുമ്പോള്‍ അവയവം മാറ്റിവയ്ക്കല്‍ അല്ലെങ്കില്‍ മറ്റൊരവയവം മനുഷ്യനില്‍ തുന്നിച്ചേര്‍ക്കല്‍ അത്ര അത്ഭുതകരമായ വാര്‍ത്ത അല്ലാതായിരിക്കുന്നു. മുന്‍കാലങ്ങളില്‍ കിഡ്നി, ഹൃദയം, കരള്‍ തുടങ്ങിയവ മാറ്റിവയ്ക്കല്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. എന്നാല്‍, ഇന്ന് രോഗങ്ങളുടെ വര്‍ദ്ധനയും സങ്കീര്‍ണ്ണതയും നാള്‍ക്കുനാള്‍ കൂടിവരുന്നു, അവയവസ്വീകരണവും 

ആധുനിക മനുഷ്യന്‍റെ ജീവിതസമ്മര്‍ദ്ദങ്ങളും ഭക്ഷിക്കുന്ന കലര്‍പ്പേറിയ ഭക്ഷണങ്ങളും മാരകരോഗങ്ങളുടെ എണ്ണവും ഗൗരവവും വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. കൂടുതല്‍ ഹോസ്പിറ്റലുകള്‍ ട്രാന്‍സ്പ്ലാന്‍റ് രംഗത്തേയ്ക്കു കടന്നുവരുന്നു. ഒപ്പം പുതിയ ഓപ്പറേഷന്‍ രീതികളും സാങ്കേതികതയും മുന്നേറുന്നു. സാധാരണ മനുഷ്യന് താങ്ങാനാകാത്ത ഉയരങ്ങളിലേക്ക് ഇത്തരം ചികിത്സകളുടെ ചെലവുകളും കടന്നുപോകുന്നു.

അവയവദാനങ്ങളുടെ കണക്കുപരിശോധിച്ചാല്‍ ഏറ്റവും കൂടുതല്‍ ശതമാനം കിഡ്നി മാറ്റിവയ്ക്കലാണ്. സ്രഷ്ടാവ് രണ്ടു കിഡ്നി മനുഷ്യനു നല്‍കിയിരിക്കുന്നത്, ഒന്ന് മറ്റൊരാള്‍ക്കു കൊടുക്കാന്‍ വേണ്ടിയാണ് എന്നു തോന്നിപ്പോകുന്നു. രണ്ടുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ എന്ന വചനം പോലെതന്നെ.

അമിതമായ രക്തസമ്മര്‍ദ്ദമോ, പഴക്കമേറിയ നിയന്ത്രിതമല്ലാത്ത പ്രമേഹം കൊണ്ടോ ഇവ രണ്ടുമോ ക്രോണിക് കിഡ്നി ഡിസീസിനു കാരണമാകുന്നു. 

ഒരാള്‍ കിഡ്നി രോഗിയാകുന്നതു മിക്കവാറും വളരെ വൈകിയേ അറിയുകയുള്ളൂ. കാരണം, ഏതെങ്കിലും ഒരു കിഡ്നി പത്തുശതമാനമെങ്കിലും പ്രവര്‍ത്തിച്ചാല്‍ ശരീരത്തിന്‍റെ പ്രവര്‍ത്തനം സാധാരണനിലയില്‍ നടക്കുന്നു. അതിലും താഴേയ്ക്കു വന്നാല്‍ പലതരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഘട്ടംഘട്ടമായി പ്രകടമാകാന്‍ തുടങ്ങുന്നു.

 

ക്ഷീണം, ഉറക്കക്കുറവ്, കാലിലും മുഖത്തും നീരുവീക്കം, ശരീരത്തില്‍ ചൊറിച്ചില്‍, വിശപ്പില്ലായ്മ, നാവിനു രുചിക്കുറവ്, ഇടയ്ക്കിടെ ഛര്‍ദ്ദി, ശ്വാസം മുട്ടല്‍ ഇവയില്‍ പലതും പല ഘട്ടത്തില്‍ പ്രകടമാകുന്നു. ക്രോണിക് കിഡ്നി ഡിസീസ് 1-5 വരെ ഘട്ടങ്ങളിലായി അറിയപ്പെടുന്നു. ഓരോ ഘട്ടവും കടക്കുന്നതനുസരിച്ച് ക്രിയാറ്റിന്‍ എന്ന രക്തത്തിലെ ഘടകം കൂടിക്കൊണ്ടിരിക്കുന്നു. സാധാരണയായി 0.7 - 1.3 എന്ന റേഞ്ചില്‍ നില്‍ക്കുന്ന ക്രിയാറ്റിന്‍ റീഡിംഗ് ഏകദേശം 5 കടക്കുമ്പോള്‍ രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങും. പലപ്പോഴും ഇത് 10 - 12 റേഞ്ചില്‍ എത്തുമ്പോള്‍ രോഗലക്ഷണങ്ങള്‍ വര്‍ദ്ധിക്കുകയും ഗൗരവരോഗാവസ്ഥയിലേക്ക് രോഗി എത്തുകയും ചെയ്യുന്നു. പ്രധാന കാര്യം മേല്പറഞ്ഞ ലക്ഷണങ്ങളും കാര്യങ്ങളും പലരിലും പലതരത്തിലാണ് പ്രകടമാകുന്നത് എന്നാണ്. 

 

 

രോഗം മൂര്‍ച്ഛിക്കുമ്പോള്‍ പലരും പലതരത്തിലുള്ള ചികിത്സാരീതികള്‍ രോഗിയോടു നിര്‍ദ്ദേശിക്കുകയും ഒരു കച്ചിത്തുരുമ്പെന്ന പോലെ ഹോമിയോ, ആയുര്‍വ്വേദം, യുനാനി, കാന്തചികിത്സ, പ്രകൃതിചികിത്സ ഇവ പലതും പരീക്ഷിക്കാന്‍ രോഗി തയ്യാറാവുകയും ചെയ്യുന്നു. അങ്ങനെ രോഗം കൂടുതല്‍ വഷളാകുന്നു, ഗൗരവാവസ്ഥയിലേക്ക് രോഗിയുടെ ശരീരം എത്തുന്നു. തത്ഫലമായി ഡോക്ടറെ കാണുകയും ഉടനെ ഡയാലിസിസ് തുടങ്ങാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. ഡയാലിസിസ് തുടങ്ങിയാല്‍ അത് ആഴ്ചകള്‍ തുടരുകയും പിന്നെ ഡോക്ടര്‍ ട്രാന്‍സ്പ്ലാന്‍റ് നിര്‍ദ്ദേശിക്കുകയും ചെയ്യുന്നു. അതല്ലാതെ വേറെ പോംവഴിയൊന്നും ഇല്ല തന്നെ.

അങ്ങനെ നിസ്സഹായനായി, മറ്റൊരു കിഡ്നി ഇല്ലാതെ ജീവിതം അസാധ്യമെന്നു തിരിച്ചറിഞ്ഞു വിഷമിച്ചു നില്‍ക്കുന്ന രോഗി, പലപ്പോഴും കിഡ്നി മധ്യവര്‍ത്തികളുടെ കയ്യില്‍ ചെന്നുപെടുന്നതും പലപ്പോഴും കബളിപ്പിക്കപ്പെടുന്നതും സ്വാഭാവികം.

രോഗതീവ്രതകൊണ്ടും ഹീമോഗ്ലോബിന്‍ വളരെ കുറഞ്ഞതുകൊണ്ടുണ്ടാകുന്ന കഠിനമായ ശാരീരിക ക്ഷീണംകൊണ്ടും വരാന്‍പോകുന്ന സാമ്പത്തികബാധ്യതയോര്‍ത്തും, കുടുംബജീവിതത്തില്‍ വരുന്ന താളംതെറ്റലുകളോര്‍ത്തും ഏകനായി വിഷമിക്കുന്ന രോഗിയുടെ അവസ്ഥ അതനുഭവിക്കാത്തവര്‍ക്കു ചിന്തനീയമാണെന്നു തോന്നുന്നില്ല. 

കിഡ്നിയുടെ Erythropoietin  ഉല്പാദനം കുറയുക വഴി ഹീമോഗ്ലോബിന്‍ രക്തത്തില്‍ കുറയുകയും ഭയങ്കരമായ ക്ഷീണം ഉണ്ടാവുകയും ചെയ്യുന്നു. തുടര്‍ച്ചയായ ഡയാലിസിസ് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകളും ഭീമമായ ചികിത്സാച്ചെലവും ഇവ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദങ്ങളുമേറെ. സാമൂഹ്യ, ലൗകിക മേഖലകളില്‍ നിന്നും അറിഞ്ഞോ അറിയാതെയോ ഉള്ള ഒറ്റപ്പെടലും ഒറ്റപ്പെടുത്തലുകളും രോഗിയെ വിഷാദാവസ്ഥയിലേക്ക് തള്ളിവിടാം. കുടുംബത്തിന്‍റെ മുന്നോട്ടുള്ള പോക്ക്, കുട്ടികളുടെ പഠനം ഇവയെല്ലാം മറ്റ് സാമ്പത്തിക ഭാരങ്ങള്‍തന്നെ. 

ഈയവസരത്തില്‍ മനസ്സാന്നിദ്ധ്യം കൈവിടാതെ മുന്നേറാന്‍ ആഴത്തിലുള്ള ദൈവവിശ്വാസം തീര്‍ച്ചയായും സഹായിക്കുന്നു. എന്‍റെ നല്ല ദൈവം ഏതു പ്രതിസന്ധിയിലും എന്‍റെ കൂടെ ഉണ്ടാവുമെന്ന ഉത്തമവിശ്വാസം എന്തിനെയും നേരിടാന്‍ പ്രാപ്തമാക്കും. 

ഈ സാഹചര്യത്തില്‍, കിഡ്നി കൊടുക്കാന്‍ തയ്യാറായി വരുന്ന ഒരാള്‍ രോഗിക്കു ദൈവതുല്യനാണ്. ബന്ധുവിന്‍റെ അല്ലെങ്കില്‍ 

സ്നേഹിതന്‍റെ ബന്ധത്തിന്‍റെ ആഴം, തീവ്രത, ആത്മാര്‍ത്ഥത എല്ലാം മാറ്റുരയ്ക്കപ്പെടുന്ന സമയം.

സമാനമായ സാഹചര്യത്തിലൂടെതന്നെയാണ് ഡോണറും മുന്നോട്ടു പോകുന്നത്. പ്രത്യേകിച്ചും അടുത്തബന്ധുവാണ് സ്വീകര്‍ത്താവെങ്കില്‍. ദാനം ചെയ്യുന്നതുവഴി യാതൊരു പ്രശ്നവും ഭാവിയില്‍ ഉണ്ടാവില്ലെന്നുള്ള വ്യക്തമായ ബോധ്യവും തനിക്കു ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ദാനമാണ് ഇതെന്നുമുള്ള ഉറച്ച വിശ്വാസവും സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സഹായിക്കും. ദൈവികമായ ഒരു കൊടുക്കലായതിനാല്‍ യാതൊരുവിധ സമ്മര്‍ദ്ദവും തോന്നേണ്ടതില്ല എന്ന ഉത്തമബോധ്യം ധൈര്യം പകരും എന്നു തീര്‍ച്ച.   

കാര്യങ്ങള്‍ സത്യമാണെങ്കിലും എത്ര ആത്മാര്‍ത്ഥമാണെങ്കിലും സാഹചര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കി സഹായിക്കാന്‍ തയ്യാറാകുന്ന എത്ര ആളുകളെ നമുക്ക് കാണാനായിട്ടുണ്ട്!! 

അടുത്തകാലത്ത് ജയിലില്‍ നിന്ന് പ്രത്യേക അനുമതിയോടെ പുറത്തുവന്ന് ഒരു കിഡ്നി ഒരു സഹോദരിക്കു(ബന്ധുവല്ലാത്ത) കൊടുത്തിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ ജയിലിലേക്കു മടങ്ങിയ ഒരു സഹോദരനെപ്പററി കേള്‍ക്കുകയുണ്ടായി. യാതൊരു പ്രശ്നവും ഇല്ലാതിരുന്നിട്ടും എന്തുകൊണ്ട് നമുക്കത് കഴിയാതെ പോകുന്നു, ശാസ്ത്രം ഇത്രയും മുന്നോട്ടു പോയിട്ടും എന്നതു വ്യക്തമല്ല.

അജ്ഞതയോ, തികഞ്ഞ സ്വാര്‍ത്ഥതയോ, കരുണയില്ലായ്മയോ, വേദനിക്കുന്നവരെ തിരിഞ്ഞുനോക്കേണ്ട എന്ന സ്വാര്‍ത്ഥചിന്തയോ മറ്റെന്തെങ്കിലുമോ ആകാം. ആധുനികലോകത്തിന്‍റെ ഭാഷ മിക്കപ്പോഴും സ്വാര്‍ത്ഥതയുടെതാണല്ലോ. 

ട്രാന്‍സ്പ്ലാന്‍റിനു ശേഷം നിരവധി വിലകൂടിയ മരുന്നുകള്‍ മുടക്കംവരാതെയും സമയംതെറ്റാതെയും കഴിക്കേണ്ടതായിട്ടുണ്ട്. പുതുതായി പിടിപ്പിച്ച കിഡ്നിയുടെ ആരോഗ്യകരമായ നിലനില്പ്പിന് ഇവ അത്യാവശ്യമാണ്. മരുന്നുകളോട് പ്രതികരിക്കുന്നതനുസരിച്ച് അളവില്‍ ക്രമേണ വ്യത്യാസങ്ങള്‍ വരുത്തുന്നു. എങ്കിലും ജീവിതാവസാനം വരെ ഇവയില്‍ പല മരുന്നുകളും കഴിക്കേണ്ടിയിരിക്കുന്നു എന്നതാണ് സത്യം. ഇവ നമ്മുടെ ശരീരത്തിന്‍റെ ഇമ്യുണിറ്റിയെ  കുറയ്ക്കുന്നതിനാല്‍ അണുബാധയ്ക്ക് സാധ്യതയുണ്ട്. ഇതെല്ലാം മനസ്സിലാക്കിയുള്ള ജീവിതശൈലിയായിരിക്കണം സ്വീകര്‍ത്താവിന്‍റേത്.

അടുത്തകാലത്തെ കണക്കുകള്‍ കാണിക്കുന്നത് കേരളത്തില്‍ മാത്രം വൃക്കദാതാക്കളെ കാത്തിരിക്കുന്നവര്‍ 1676 പേര്‍. സ്വാഭാവികമരണാനന്തരം (അപകടമല്ലാത്ത) ദാനം ചെയ്യാന്‍ കഴിഞ്ഞവരുടെ കണക്കുകളും വളരെ താഴ്ന്ന നിലയിലാണ്. 2016ല്‍ അങ്ങനെ ദാനം ചെയ്തവരുടെ എണ്ണം 72. 2017ല്‍ അത് വെറും 18 പേരാണ്. മരിച്ചവര്‍ കൊടുത്തത് സര്‍ക്കാരിന്‍റെ മൃതസജ്ജീവിനി പദ്ധതിപ്രകാരം (KNOS, Kerala Network for Organ Sparing), 2012 മുതല്‍ 2018 ഫെബ്രുവരി വരെ 269 പേര്‍. ഇങ്ങനെ കൊടുത്തതും അപകടമരണങ്ങള്‍ മൂലവും മാറ്റിവയ്ക്കപ്പെട്ട മൊത്തം അവയവങ്ങള്‍ 743. 

ഈ കണക്കുകളെല്ലാം കാണിക്കുന്നത് മനുഷ്യസ്നേഹമുള്ള വ്യക്തികള്‍ അവയവദാനത്തിന് അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കി അതിനു തയ്യാറായി മുന്നോട്ടു വരണമെന്നാണ്. സാമൂഹ്യഘടകങ്ങള്‍ ഈ സന്ദേശം വേണ്ട ഗൗരവത്തില്‍ ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു.

കര്‍ത്താവ് ലോകത്തിനുവേണ്ടി പീഡനങ്ങളനുഭവിച്ചു മരിച്ച സാഹചര്യങ്ങള്‍ ആഴത്തില്‍ ഓര്‍മ്മിക്കുന്ന, ധ്യാനിക്കുന്ന ഈ നാളുകളില്‍ ദൈവം സൃഷ്ടിച്ച സ്വന്തം സഹജീവിക്കുവേണ്ടി രണ്ടിലൊരവയവം നല്‍കുന്നതില്‍ ആധുനിക വൈദ്യശാസ്ത്രം ഒരു പ്രശ്നവുമില്ലെന്ന് തറപ്പിച്ചു പറയുമ്പോഴും എന്തുകൊണ്ട് ആരും ധൈര്യമായി മുന്നോട്ടു വരുന്നില്ല എന്നത് കാലഘട്ടത്തിന്‍റെ ചിന്തനീയമായ വിഷയം തന്നെയാണ്. 

അവയവദാനത്തിന്‍റെ പ്രാധാന്യം സ്വന്തം ജീവിതത്തില്‍ അല്ലെങ്കില്‍ പ്രിയപ്പെട്ടവരുടെ ജീവിതത്തില്‍ ബോധ്യപ്പെട്ടവര്‍ക്ക് അതിനുള്ള പ്രചോദനം മറ്റുള്ളവര്‍ക്ക് കൊടുക്കാന്‍ ധാര്‍മ്മിക ഉത്തരവാദിത്വമുണ്ട്. 

ഇന്ന് അവയവദാനത്തെപ്പറ്റി നിരവധി തെറ്റിദ്ധാരണകളും ചിന്താക്കുഴപ്പങ്ങളും നിലനില്‍ക്കുന്നു എന്നത് സത്യമാണ്. അജ്ഞതയും ഭയവും പ്രസിദ്ധീകരണങ്ങളിലൂടെ പ്രചരിക്കുന്ന അവ്യക്തമായ പഠനങ്ങളും ഇതിനു കാരണങ്ങളാകാം. പക്ഷേ ഒരു ബന്ധപ്പെട്ട ഡോക്ടറും കിഡ്നി കൊടുക്കുന്നതിനാല്‍ അതിനുമുമ്പുള്ള അവസ്ഥ ഉണ്ടാകുന്നില്ല എന്ന് ശാസ്ത്രീയമായി പറഞ്ഞു കേട്ടിട്ടില്ല. 

കൂടാതെ പല നിയമങ്ങളും സാമ്പത്തിക സഹായങ്ങളും ഗവ. ചെയ്യുന്നുണ്ടെങ്കിലും പലപ്പോഴും അപര്യാപ്തമാണ് എന്ന് കൂടുതല്‍ പഠിക്കുമ്പോള്‍ മനസ്സിലാകും. നിലവിലുള്ള കാര്യങ്ങളെ ചെറുതായി കാണുകയല്ല. 

അടുത്തനാളില്‍ വന്ന ഗവണ്‍മെന്‍റ് വിജ്ഞാപനത്തില്‍ പറയുന്നത് സ്വീകര്‍ത്താവ് ദാതാവിന് 50,000 രൂപ വീതം  മൂന്നുവര്‍ഷത്തേക്ക് കൊടുക്കുക, ടെസ്റ്റുകള്‍,  ഓപ്പറേഷന്‍, ആശുപത്രി വാസം തുടങ്ങിയ ചെലവുകള്‍ കൂടാതെ രണ്ടുലക്ഷം രൂപ ഇന്‍ഷ്വറന്‍സിനുവേണ്ടി അടയ്ക്കുക തുടങ്ങിയ ഭാരിച്ച സാമ്പത്തിക ബാധ്യതകള്‍ സ്വീകര്‍ത്താവിന്‍റെ ചുമതലായാണ്.

 

" അവയവദാനത്തിനു തയ്യാറായി മുന്നോട്ടുവരുന്നവരെ സമൂഹം അര്‍ഹിക്കുന്ന രീതിയില്‍ ആദരിക്കുന്നില്ല എന്നതും വളരെ പ്രധാനകാരണമാണ്. സമൂഹങ്ങളും മതങ്ങളും പൊതുവേദികളില്‍ ഇങ്ങനെയുള്ളവര്‍ക്ക് വരുന്ന അനുഭവങ്ങള്‍ പങ്കുവയ്ക്കാന്‍ അവസരമൊരുക്കുക, അര്‍ഹമായ അംഗീകാരം ഇവ മറ്റുള്ളവര്‍ക്ക് പ്രചോദനമാകും. അവര്‍ക്ക് ജോലിസംവരണം, യാത്രാസൗജന്യം തുടങ്ങിയ പ്രോത്സാഹനകരമായ കാര്യങ്ങള്‍ സര്‍ക്കാര്‍ തലത്തില്‍ ചെയ്യാവുന്നതാണ്. "

 

ദാതാക്കള്‍ സ്വന്തം അനുഭവം വേദികളില്‍ പങ്കിടുന്നത് തെറ്റിദ്ധാരണകള്‍ മാറാനും വ്യക്തികള്‍ സ്വയം മുന്നോട്ടുവന്ന് അവയവദാനത്തിന് തയ്യാറാകാനും കാരണമാകുന്നു.


ഡപ

0

0

Featured Posts