

1
ഒരു കോളത്തിലും ചുരുങ്ങുന്നതല്ല മനുഷ്യന്‍ എന്ന് ദൈവത്തിനെങ്കിലുമറിയാം. സ്വന്തം ഛായയിലും സദൃശ്യതയിലും അവനെ ഉരുവാക്കിയെന്നാണ് ഉല്പത്തിയുടെ സാക്ഷ്യം. ലുത്തിനിയ പ്രാര്‍ത്ഥനപോലെ നീളുന്ന, എണ്ണിത്തീരാനാവാത്ത ദൈവത്തിന്‍റെ സദൃശ്യതകളില്‍ കവിഞ്ഞൊഴുകുന്ന അവന്‍റെ സത്തയും അടക്കം ചെയ്യതിട്ടുണ്ട്. പൊതുവെ ഉദ്ധരിക്കപ്പെടുന്ന വാള്‍ട്ട്മാന്‍റെ വരികള്‍ പോലെ: I am large.. I contain multitude
ദാവീദ് കാനേഷുമാരിയില്‍ ഏര്‍പ്പെടാന്‍ ആലോചി ക്കുന്ന നേരത്ത് അരുതെന്നു പറയാനായിട്ടാണ് അവിടുന്ന് ശ്രദ്ധിച്ചത്. അത്തരം ഒരു വിയോജിപ്പിന് ഓര്‍ത്തെടുത്താല്‍ അനവധിയായ കാരണങ്ങള്‍ ഉണ്ടാകാം. അളവുകളിലേക്ക് ഒരാളെ അടയാളപ്പെടുത്തുക എന്നതാണ് എല്ലാ കണക്കെടുപ്പുകളുടെയും ധര്‍മ്മം. ഓരോരോ കോളങ്ങളിലൂടെ നിങ്ങള്‍ ചുരുങ്ങിച്ചുരുങ്ങി വരികയാണ്. അതടയാളപ്പെടുത്തുന്ന കോളങ്ങളെക്കാള്‍ ചെറുതാവുകയാണ് ജീവിതം.
നോക്കു... തൊട്ടടുത്ത കാലം വരെ ഒരു ഓഫീസില്‍ പൂരിപ്പിച്ചു നല്‍കേണ്ടി വരുന്ന എല്ലാ കടലാസുകളിലും ആണ് /പെണ്ണ് എന്ന രണ്ട് കോളങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മൂന്നാം കരയില്‍ നില്‍ക്കുന്നവര്‍ക്ക് വേണ്ടി മറ്റൊരു ചതുരമുണ്ടായത് ഈയടുത്ത് മാത്രമാണ്. നിങ്ങളുടെ കുഞ്ഞുങ്ങളെ ഇതൊന്ന് ഏല്‍പ്പിച്ചു നോക്കു.
അവര്‍ LGBTQ (Lesbian, gay, bisexual, transgender and queer) എന്നെഴുതും. പിന്നെയൊരു അധികചിന്ഹം (+ )കൂടിയുണ്ട്. ഇനിയും നമുക്കറിയാത്ത ശാരീരിക ചായ്വുകളിലേക്കുള്ള മനുഷ്യര്‍ക്ക് വേണ്ടിയുള്ള സ്വാഗതമാണത്.
കാലത്തിന്‍റെ ഉടയവനായ അവിടുത്തേക്ക് ഈ കണക്കിലെ കളികളില്‍ ഒളിച്ചു പാര്‍ക്കുന്ന അപകടങ്ങളുമറിയാം. മനുഷ്യര്‍ ദൈവത്തിന് മാത്രം കപ്പം കൊടുക്കേണ്ടവരാണെന്ന സങ്കല്പത്തിന്‍റെ നിരാസമാണത്. ഒരു കാര്യത്തെ എണ്ണി തിട്ടപ്പെടുത്തുക വഴി നിങ്ങള്‍ അതിന്‍റെ അധിപനാവുകയാണ്. ആ വിനീത വിധേയരിലുടെ പിന്നീട് ഭരണകൂടങ്ങളുടെ മൂലധനമായി മാറേണ്ട നികുതിയെ സുഗമമാക്കുകയായിരുന്നു കണക്കെടുപ്പിന്‍റെ പ്രാഥമിക ലക്ഷ്യങ്ങളിലൊ ന്ന്.
വര്‍ഷങ്ങള്‍ക്കപ്പുറം കപ്പം കൊടുക്കുന്നതിന്‍റെ സാധുതയെക്കുറിച്ച് ഒരു തര്‍ക്കമുണ്ടാകുമ്പോള്‍ സീസറിനുള്ളത് സീസറിന്, ദൈവത്തിനുള്ളത് ദൈവത്തിന് എന്ന് പറഞ്ഞൊരാള്‍ തീര്‍പ്പ് കല്‍പ്പിക്കും. കപ്പം കൊടുക്കുന്ന നാണയത്തിലെ മേലെഴുത്തും സ്വരൂപവും ആരുടേതാണെന്ന് ആരാഞ്ഞുകൊണ്ടാണത്. അതില്‍ പതിഞ്ഞ മുദ്ര അത് കമ്മട്ടത്തിലടിച്ച രാജാവിന്‍റേതാണെങ്കില്‍ നിങ്ങളില്‍ തെളിയുന്ന മുദ്ര ആ പരമചൈതന്യത്തിന്‍റേതാണെന്ന ഓര്‍മ്മപ്പെടുത്തലായിരുന്നു അത്. നര ജീവിതത്തിന്‍റെ തോളില്‍ വീണ മറ്റൊരു നുകത്തിന്‍റെ മുക്തിഭാഷണം! ആരുടെയൊക്കെയോ ആഡംബരത്തിന് നിങ്ങളുടെ ജീവിതം നികുതിയാകുന്നു എന്ന് വൈകാതെ മനുഷ്യര്‍ക്ക് പിടുത്തം കിട്ടും. അത് മനസ്സിലാക്കിയ ഒരു മനുഷ്യന്‍ ഏതാണ്ട് ഇരുന്നൂറ്റിയന്‍പത് മൈലോളം കാല്‍നടയായി സഞ്ചരിച്ച് ദണ്ഡി കടപ്പുറത്തെത്തി ഉപ്പു കാച്ചും.
എപ്പോള്‍ വേണമെങ്കിലും സംഭവിക്കാവുന്ന യുദ്ധമെന്ന ചെല്ലപ്പേരുള്ള സോദരഹത്യയിലേക്കുള്ള വീഥി ഒരുങ്ങുകയാണ്. പോരാടാന്‍ ശക്തിയുള്ള മനുഷ്യരെ എണ്ണിത്തിട്ടപ്പെടുത്തുകയായിരുന്നു മറ്റൊരു ലക്ഷ്യം. സംഘടിതമായ മനുഷ്യരെ സൃഷ്ടിക്കുന്നത് വഴി അറിഞ്ഞുകൊണ്ട് തന്നെ ഹിംസയുടെ ഒരു ഹാച്ചറി (Hatchery) രൂപപ്പെടുകയാണ്. അന്ധമായ ചില ദേശിയബോധം കൊണ്ട് നേരാനേരം ഊട്ടിയൂട്ടി, നമ്മള്‍ നിര്‍ണ്ണയിച്ചിട്ടുള്ള എല്ലാ അതിരുകള്‍ക്കും അപ്പുറത്തുള്ളവര്‍ ഇനി ശത്രുക്കളെന്ന് ചാപ്പ കുത്തപ്പെടും. ഒരേ പാര്‍പ്പിടത്തിലെ മനുഷ്യര്‍ തന്നെ നാളെ പലവിധ പരിഗണനകള്‍ കൊണ്ട് അകന്നുപോകുമ്പോള്‍ ഇപ്പോള്‍ ശേഖരിക്കപ്പെടുന്ന അറിവുകളൊക്കെ ഒറ്റുകാര്‍ക്കുള്ള ചൂട്ടുകറ്റയാകും. നാസികളുടെ കാലത്ത് യഹൂദര്‍ മതമെന്ന കോളം പൂരിപ്പിക്കാതെ കുഴങ്ങി നില്‍ക്കുന്നത് കണ്ടില്ലേ? നാസി പീഡനകാലത്ത് ജ്ഞാനസ്നാന ചീട്ടുപോലും അപകടത്തില്‍പ്പെട്ട യഹൂദര്‍ക്ക് നല്‍കാന്‍ രഹസ്യാനുവാദം നല്‍കിയ ഒരു പാപ്പയുണ്ടായിരുന്നു - പയസ് പന്ത്രണ്ടാമാന്‍. പലപ്പോഴും അത് ഫലം ചെയ്തില്ലെങ്കില്‍ പോലും. അത്തരം നേരങ്ങളില്‍ മതമല്ല പാരമ്പര്യത്തിന്‍റെ വേരുകള്‍ തെളിയിക്കുക എന്നതായി പീഡകരുടെ അടുത്ത വഴി. ഹിംസയ്ക്ക് എത്രയെത്ര യുക്തികളാണ്!
2
എന്നിട്ടും ഒരു കാനേഷുമാരിയുടെ പശ്ചാത്തലത്തിലാണ് അവന്‍റെ വരവ്. മനുഷ്യര്‍ രൂപപ്പെടുത്തിയ എല്ലാ ചതുരങ്ങളിലേക്കും അപാരത പരിമിതപ്പെട്ടു എന്നൊക്കെ കവിത പറയുമ്പോളും അതിന് അനവധിയായ ദൈവിക ധ്വനികളുണ്ട്. ലൂക്കാ ഇങ്ങനെ എഴുതിത്തുടങ്ങും. അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറില്‍നിന്ന് കല്‍പന പുറപ്പെട്ടു. ക്വിരിനിയോസ് സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്കുപോയി. ചരിത്രകാരനായ അയാള്‍ തങ്ങള്‍ ഒരു സങ്കല്പ കഥ മെനയുകയല്ല എന്നു വ്യക്തമാക്കാന്‍ ഒരു കാ ലബിന്ദുവില് നിന്ന് പറഞ്ഞു തുടങ്ങണം.
ബേത്ലെഹെം-എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുന്‍പേ, ഉള്ളവനാണ്, എന്ന പ്രവാചക വചനവും പൂര്‍ത്തിയാവണം. എത്ര സ്വാഭാവികമായിട്ടാണ് ദൈവിക കല്പനകളുടെ ചുരുളഴിയുന്നത്. യേശുവില്‍ രൂപപ്പെടാന്‍ പോകു ന്ന ഒരു പുതിയ ലോകവീക്ഷണത്തിന്‍റെ സൂചനകളും കാണാതെ പോകരുത്. സകല ജനങ്ങള്‍ക്കുഉള സന്തോഷമായും, മുഴുവന്‍ ലോകത്തിന്‍റെ പരിഹാര ബലിയായിട്ടും അതിനി വികാസം പ്രാപിക്കും. അവിടുന്ന് കടന്നു പോയാലും അപ്പോഴും ആ സ്നേഹദൂത് പറയാന്‍ ഭൂപടത്തിന്‍റെ അതിരുകളോളം മനുഷ്യര്‍ സഞ്ചരിച്ചു കൊണ്ടേയിരിക്കും. ഒരു ചക്രവര്‍ത്തിയുടെ പ്രതാപത്തിനെതിരെ ദരിദ്രരുടെയും കൂലിപ്പണിക്കാരുടെയുമൊക്കെ യാനപാത്രങ്ങള്‍ ഒഴുകിത്തുടങ്ങുകയാണ്. യുഗാന്ത്യ ജീവിതത്തിന്‍റെ പ്രകാശമുള്ള നിഴലും പിന്നീട് നമ്മള്‍ ഇതില്‍ വായിച്ചെടുക്കും. പുസ്തകത്തില്‍ ആരുടെ പേരുകളൊക്കെ എഴുതപ്പെട്ടിട്ടുണ്ടാവും ?
3
രണ്ടു പദങ്ങള്‍ക്കിടയിലുള്ള അകലം പാതിരാ കുര്‍ബാന കഴിഞ്ഞ് മടങ്ങിവരുമ്പോള്‍ ഓര്‍ത്തെടുത്താല്‍ നല്ലതാണ്- യേശുവിലുള്ള വിശ്വാസം / യേശുവിന്‍റെ വിശ്വാസം. നിര്‍ഭാഗ്യവശാല്‍, കഴിഞ്ഞ രാത്രിയിലും പുള്‍പിറ്റില്‍ നിന്നു കേട്ടത് "യേശുവിലുള്ള വിശ്വാസത്തെ നവീകരിക്കാനാവും". അതിപ്പോള്‍ സാച്ചുറേറ്റഡല്ലേ? അങ്ങനെയൊരു വിശ്വാസം ഉള്ളതുകൊണ്ടാണ് ഈ തണുപ്പത്ത് കുഞ്ഞുങ്ങളുമായി പള്ളിയിലേക്കു പോയത്. ഒരിഞ്ച് വികാസം അതിനകത്ത് ഇനി സാധ്യമല്ല.
അപ്പോഴാണ് രണ്ടാമത്തെ പദം - faith of Christ മുഴങ്ങുന്നത്. യേശുവിനെ ഒരു ബോധമായും പാതയായും തിരിച്ചറിയാനുള്ള ക്ഷണമാണത്. പുല്‍ത്തൊഴുത്തിന്‍റെ പഞ്ഞത്തിലൂടെ പ്രവേശിച്ച് ഒറ്റമുറിവായി നിലവിളിച്ചു മടങ്ങിയ ഒരാളെ അതിനു പ്രേരിപ്പിച്ച വിശ്വാസം എന്തായിരിക്കണം? അതൊരു സാധ്യതയാണ്. ആ സാധ്യതയെക്കുറിച്ച് കാര്യമായ വീണ്ടുവിചാരങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് 'ഒരേയൊരു ക്രിസ്ത്യാനിയേ ഉണ്ടായിരുന്നുള്ളു, അയാള്‍ കൊല്ലപ്പെടുകയും ചെയ്തു' എന്ന കറുത്ത ഫലിതമുണ്ടായത്. പൂക്കാത്ത മാവു പൂക്കാനും കാനഡയില്‍ പി ആര്‍ കിട്ടാനും ക്രിസ്മസ് പരീക്ഷയ്ക്ക് A+ കിട്ടാനും വേണ്ടിയുള്ള ഒരാളായി അവിടുന്ന് ചുരുങ്ങിപ്പോയി എന്നതാണ് യഥാര്‍ത്ഥ പ്രശ്നം.
യേശു ഒരു വിത്തിന്‍റെ പേരാണ്. തെല്ലു പരിചരണം കിട്ടിയാല്‍, ഒരു കോപ്പ വെള്ളം തളിച്ചാല്‍, ജാലകപ്പടിയിലേക്കു നീക്കി സൂര്യവെളിച്ചത്തിന്‍റെ ഒരു ചീള് സ്വീകരിച്ചാല്‍, ഇലയായും പൂവായും പഴമായും മാറാവുന്ന ഒരാള്‍- പച്ചപ്പും സുഗന്ധവും മധുരവുമുള്ള ഒരാള്‍. നിങ്ങള്‍ നമസ്ക്കരിക്കുന്നതെന്തോ അത് നിങ്ങളുടെ തന്നെ സാധ്യതയാണ്.
മുതിര്‍ന്നാല്‍ സ്വന്തമായൊരു ക്വട്ടേഷന്‍ സംഘം രൂപപ്പെടുത്തുവാന്‍ ഭാവിയുള്ള ഒരു ചങ്ങാതിയുണ്ടായിരുന്നു പള്ളിക്കൂടത്തില്‍. അങ്ങനെയിരിക്കെ ഒരു ദിവസം അവന്‍ മാലയിട്ടു, കന്നി അയ്യപ്പനായി. അതോടുകൂടി ഇത്രയും കാലം കരുതിവച്ച പകവീട്ടാനുള്ള നേരമായെന്ന് സതീര്‍ത്ഥ്യര്‍ക്ക് ബോധ്യപ്പെട്ടു. ഒറ്റയായും സംഘമായും അവനെ ഇടിച്ചുതുടങ്ങി. മലയ്ക്കു പോകാന്‍ മാലയിട്ടുവെന്ന ഒറ്റകാരണം കൊണ്ട് നൂറ്റൊന്നു ശതമാനം അവന്‍ കുഞ്ഞാടായി. നാലപ്തു ദിവസമൊക്കെ അങ്ങനെ മുന്നോട്ടു പോയാല്‍ ഏതൊരാളും ലോക്കല്‍ ഗാന്ധിയാവും. അതവന്‍റെ കാര്യത്തില്‍ സംഭവിച്ചു. ഇങ്ങനെയായിരുന്നു എല്ലായിടത്തും സംഭവിക്കേണ്ടിയിരുന്നത്.
പൗലോസ് അതീവഹൃദ്യമായ ഒരു കാര്യം പറഞ്ഞുതരുന്നുണ്ട്. യുഗയുഗാന്തരങ്ങളായി മറച്ചുവച്ച ഒരു നിഗൂഢത അവസാനകാലങ്ങളില്‍ തന്‍റെ വിശുദ്ധര്‍ക്ക് വെളിപ്പെടുത്തിക്കൊടുക്കാന്‍ അവിടുന്ന് തിരുവുള്ളമായി, മഹത്വത്തിന്‍റെ ആദികാരണമായ ക്രിസ്തു നിന്‍റെ ഉള്ളിലുണ്ട് എന്നതുതന്നെ!
ക്രിസ്തുമസിനെ രണ്ടു തരത്തില്‍ വീക്ഷിക്കാവുന്നതാണ്. ഒന്ന്, ദൈവപുത്രന്‍ മനുഷ്യപുത്രനായതിന്‍റെ ഓര്‍മ്മ- പിള്ളക്കച്ചയില്‍ പൊതിഞ്ഞ് പുല്‍ത്തൊട്ടി യില്‍ കിടത്തിയിരുന ്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും എന്ന മാലാഖമാരുടെ ദൂത് ഉയര്‍ത്തുന്ന അഭൂതവിസ്മയം. ബലൂണുകള്‍ നാളെ ഉച്ചയ്ക്കകം ചൊട്ടിയിട്ടുണ്ടാവും. നക്ഷത്രവിളക്കുകള്‍ ഏതാനും ദിനങ്ങള്‍ കൂടി ഉണ്ടായേക്കും. കണക്കനുസരിച്ച് ജനുവരി ഏഴിനാണ് അതഴിച്ചു മാറ്റുന്നത്. കിഴക്കു നിന്നുള്ള ശാസ്ത്രികള്‍ക്ക് പുല്‍ത്തൊഴുത്തില്‍ എത്താനുള്ള നേരം കൊടുത്തുകൊണ്ടാണത്. എന്നാല്‍ അതിനുശേഷം എന്തു ചെയ്യും; ഉത്സവപ്പിറ്റേന്ന്?
അവിടെയാണ് രണ്ടാമത്തേതിന്‍റെ പ്രസക്തി- ദീര്‍ഘമായ അലച്ചിലുകളിലൂടെയും അന്വേഷണങ്ങളിലൂടെയും അപമാനങ്ങളിലൂടെയും പ്രലോഭനങ്ങളിലൂടെയും പീഡകളിലൂടെയും ഒരു മനുഷ്യപുത്രന്‍ പതുക്കെപ്പതുക്കെ താന്‍ ദൈവപുത്രനാണെന്ന് തിരിച്ചറിഞ്ഞ സത്യാന്വേഷണപരീക്ഷകളുടെ ആദ്യ അങ്കം എന്ന നിലയി ല്‍-Son of Man Becomes Son of God. രണ്ടാമത്തേതായിരിക്കും നമ്മുടെ വര്‍ത്തമാനകാലത്തെ ഭാസുരമാക്കാനുള്ള നക്ഷത്രവിചാരം.
I want to wish you a Merry Christmas
From the bottom of my heart
മനുഷ്യപുത്രന്‍
ബോബി ജോസ് കട്ടികാട്
അസ്സീസി മാസിക, ഡിസംബർ 2025























