

'സഹ-രക്ഷക' (Co-redemptrix), 'മദ്ധ്യസ്ഥ' (Mediatrix) എന്ന മരിയന്‍ വിശേഷണങ്ങള്‍ വത്തിക്കാന്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് നിലവിലെ ചര്‍ച്ചകള്‍. ചില കത്തോലിക്കര്‍ക്ക് ഈ മരിയന്‍ വിശേഷണങ്ങള്‍ പ്രിയപ്പെട്ടതാണ്, എന്നാല്‍ മിക്ക പ്രൊട്ടസ്റ്റന്‍റുകാര്‍ക്കും ഇത് അംഗീകരിക്കാനാവില്ല. വാസ്തവത്തില്‍ ഇത് വിശേഷണങ്ങളെക്കുറിച്ചുള്ള ഒരു തര്‍ക്കമല്ല. റോമിന്‍റെ സഭാഐക്യ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായ ഒരു നീക്കമാണ്. പ്രൊട്ടസ്റ്റന്‍റുകളുമായി നല്ല ബന്ധം സ്ഥാപിക്കുക, നൂറ്റാണ്ടുകളുടെ വൈരാഗ്യം ലഘൂകരിക്കുക, അവരെ അസ്വസ്ഥരാക്കുന്ന തീവ്രമായ മരിയന്‍ ഭക്തിയുടെ തീവ്രത കുറയ്ക്കുക.
ലളിതമായി പറഞ്ഞാല്‍: വത്തിക്കാന്‍ ആഗ്രഹിക്കുന്നത് എല്ലാ ക്രിസ്തീയ വിശ്വാസികളേയും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, എല്ലാ ക്രിസ്തീയ വിശ്വാസികള്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, ശാന്തമായ ഒരു മരിയന്‍ സങ്കല്പമാണ്. എല്ലാവരും ഒത്തുചേരാന്‍ ശ്രമിക്കുമ്പോള്‍ ആരെയും തീന്‍മേശയില്‍ നിന്ന് അകറ്റാത്ത ഒരു മറിയം.
ഈ മരിയന്‍ വിശേഷണങ്ങള്‍ ഒഴിവാക്കുന്നതില്‍ വത്തിക്കാന്‍ ശ്രദ്ധിക്കുന്നത്, കൃപയിലും രക്ഷയിലും ക്രിസ്തുവിന്‍റെ മധ്യസ്ഥതയുടെ അതീന്ദ്രിയപരമായ ഏകത്വം (metaphysical singularity) സംരക്ഷിക്കുന്നതിലാണ്. ഇത് വഴി, മറിയത്തിന്‍റെ പങ്ക് തന്‍റെ പുത്രന് തുല്യമാകാതെ കീഴ്പ്പെട്ടതായി നിലനിര്‍ത്തുന്നു. കൃപയുടെ സ്വഭാവത്തെക്കുറിച്ചുള്ള ഈ സൈദ്ധാന്തികമായ വ്യക്തത (Doctrinal Clarity) ദൈവകൃപയെ അലൗകീകവും അതീതവുമായ ദാനമായി നിലനിര്‍ത്തുന്നു.
ഇത് മറിയത്തെ അവളുടെ സ്വര്‍ഗ്ഗീയ പദവിയിലും (celestial status) കൃപയുടെ അമൂര്‍ത്തമായ വിതരണത്തിലും (abstract distribution) മാത്രം ഒതുക്കിക്കാണാന്‍ കാരണമാകുന്നു. തന്‍റെ ജീവിതത്തില്‍ അന്തര്‍ലീനമായ, പ്രയോഗാധിഷ്ഠിതമായ ശക്തിയെ - പ്രത്യേകിച്ച് അവളുടെ വിപ്ലവഗാനമായ സ്തോത്രഗീതത്തെ ((Magnificat, ലൂക്കാ 1:46-55) പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോകുന്നു.
ലോകത്തിന് മുകളിലുള്ള രക്ഷാകര കര്‍മ്മത്തില്‍ നിന്ന് അവളുടെ പങ്ക് മാറ്റപ്പെടുമ്പോള്‍, ലോകത്തിന് അകത്തുള്ള അവളുടെ ശിഷ്യത്വം ഊന്നിപ്പറയുന്നുണ്ടോ എന്നതാണ് പ്രസക്തം. കൃപകള്‍ വിതരണം ചെയ്യുകയും മേഘത്തില്‍ നിന്ന് പുഞ്ചിരിക ്കുകയും ചെയ്യുന്ന മധുരമുള്ള, നിരുപദ്രവകാരിയായ ഒരു സ്വര്‍ഗ്ഗീയ പരിചാരികയായി അവളെ സഭ മാറ്റിക്കളയാനുള്ള സാധ്യത അടയുമ്പോള്‍ മറ്റെന്ത് സാധ്യതയാണ് അവളില്‍ തെളിയുന്നത് എന്നത് പ്രസക്തമാണ്.
ഇത് മനോഹരമായ ലത്തീന്‍ സ്ഥാനപ്പേരുകളെക്കുറിച്ചല്ല ആശങ്കയല്ല, മറിയത്തിന്‍റെ വിപ്ലവാത്മക വിശ്വാസവും കാഴ്ചപ്പാടുകളും നിലപാടും പുനരവതരിപ്പിക്കാന്‍ സഭയ്ക്ക് കഴിയുമോ എന്നതാണ് ചോദ്യം. മറിയത്തില്‍ നിന്ന് സ്തോത്രഗീതത്തിലെ തീവ്രനിലപാടുകള്‍ എടുത്തുമാറ്റിയാല്‍, ക്രിസ്തീയതയില്‍ നിന്ന് വിപ്ലവം എടുത്തുമാറ്റുന്നു. പെട്ടെന്ന് 'സമാധാനവും ഐക്യവും' എന്നത് 'നിലവിലെ സാഹചര്യത്തെ മാറ്റാന്‍ ശ്രമിക്കരുത്' (status quo) എന്നതിന് തുല്യമായി തോന്നാന്‍ തുടങ്ങും.
റോമിന്‍റെ 'അമ്മദൈവ' (Mother Goddess) സങ്കല്‍പ്പത്തിലേയ്ക്ക് കുടിയേറുന്നതിന് മുന്‍പുള്ള ഒരു നസ്രത്തുകാരി മറിയത്തെ വീണ്ടെടുക്കേണ്ട കാലത്തിലാണ് ക്രിസ്തീയ ദൈവശാസ്ത്രം ഇന്ന്. 'സ്വര്‍ല്ലോക രാജ്ഞി...' എന്ന് പുകഴ്ത്തി റോമന്‍ അമ്മദൈവത്തെക്കുറിച്ച് പാടിയത് റോമന്‍ എഴുത്തുകാരന്‍ അല്‍ഫെയൂസാണ്. അതുമുതല്‍ ഇങ്ങോട്ട് 'അമ്മദൈവ'ത്തിന്‍റെ വാഴ്ത്തുക്കള്‍ (ലുത്തിനിയകള്‍) ഒക്കെ മറിയത്തിന്‍റെ ലുത്തിനിയകളായി മാറി. ഉണ്ണിയെ കൈകളില്‍ പേറുന്ന ദേവതയായും (Isis with Child Horus) അവള്‍ മാറി. അവളുടെ ദൈവമാതൃത്വത്തെക്കുറിച്ച് തര്‍ക്കിച്ചപ്പോഴൊക്കെ ചോര്‍ന്നുപോയ അവളുടെ മനുഷ്യത്വവും ക്രിസ്തുശിക്ഷ്യത്വവും വീണ്ടെടുക്കപ്പെടേണ്ട കാലമായിരിക്കുന്നു.
ചരിത്രത്തിലെ നസ്രറത്തുകാരി മറിയത്തില്‍ നിന്ന് ക്രിസ്തീയഭക്തിയുടെ ആള്‍രൂപമായ മറിയത്തില്‍ എത്തിപ്പെടുമ്പോള്‍ നഷ്ടപ്പെട്ടത് സ്ത്രീ വിമോചനത്തിന്‍റെ മരിയന്‍ സത്വാര്‍ത്തയാണ്. കീര്‍ത്തിയില്ലാത്ത ഒരു നാട്ടിലെ സെറ്റില്‍മെന്‍റില്‍ ജനിച്ചുവളര്‍ന്നവള്‍, റോമന്‍ അധിനിവേശത്തിന്‍റെ ദുരന്തങ്ങള്‍ കണ്ടവള്‍, ഒരു ദരിദ്രമരപ്പണിക്കാരന്‍റെ ഭാര്യയായിരുന്നവര്‍, അവളാണ് ഈ കീര്‍ത്തനം പാടിയത്:
'...ഹൃദയവിചാരത്തില്‍ അഹങ്കാരിച്ചവരെ അവന്‍ ചിതറിച്ചു.
ശക്തരെ സിംഹാസനങ്ങളില്‍ നിന്ന് മറിച്ചിട്ടു; താഴ്ന്നവരെ അവന്‍ ഉയര്‍ത്തി.
വിശക്കുന്നവരെ വിശിഷ്ടവിഭവങ്ങള്‍ കൊണ്ട് സംതൃപ്തരാക്കി;
സമ്പന്നരെ അവന്‍ വെറുംകൈയ്യോടെ പറഞ്ഞയച്ചു.'
അവള്‍ കണ്ട ദൈവികദര്‍ശനം ഇതായിരുന്നു, ഇത്രകണ്ട് വിപ്ലവകരമായിരുന്നു. അതൊരു സാംസ്കാരിക-രാഷ്രീയ-സാമ്പത്തിക വിപ്ലവത്തെ ഉള്‍ക്കൊണ്ടിരുന്നു. നിലനില്‍ക്കുന്ന മൂല്യക്രമങ്ങളും സാമൂഹ്യ-രാഷ്ട്രീയ ഘടനകളും കീഴ്മേല്‍ മറയുന്ന ഒരുപുതുലോകത്തിന്‍റെ ഉദയമാണ് അവള്‍ വിഭാവനം ചെയ്തത്. അതുതന്നെയാണ് ദൈവരാജ്യസങ്കല്പമായി ക്രിസ്തു പഠിപ്പിച്ചതും. മേരിയുടെ സങ്കീര്‍ത്തനവും ക്രിസ്തുവിന്‍റെ 'ഗിരിപ്രഭാഷണ'വും തമ്മില്‍ വളരെ അടുത്ത സമാതനകള്‍ കാണാന്‍കഴിയും.
റോമന്‍ ഭരണത്തിന് കീഴില്‍ പലായനത്തിന്‍റെ ദുരന്തം പേറിയവളാണവള്‍. യൗവ്വനത്തില്‍ തന്നെ വൈധവ്യം അനുഭവിച്ചവളാണവള്‍. മകന് ഭ്രാന്താണെന്ന് സമൂഹം പറയുമ്പോള്‍ ആവലാതിപ്പെട്ട് ഓടി നടന്നവളാണവള്‍ (മര്‍ക്കോ 3:21). ബന്ധുവിന്‍റെയും (സ്നാപകയോഹന്നാന്‍) പിന്നീട് സ്വന്തം മകന്‍റെയും രാഷ്ട്രീയകൊലപാതകങ്ങള്‍ കണ്ടവളാണവള്‍. മധ്യവയസ്സില്‍ തന്നെ അനാഥയായവളാണവള്‍. അവളില്‍ നിന്ന് അപ്രാപ്യമായ സ്വര്‍ഗ്ഗീയ മഹത്വത്തില്‍ വസിക്കുന്ന സര്‍വ്വാലങ്കാരവിഭൂഷിണിയായ ഒരു രാജ്ഞിയിലേയ്ക്ക് മതഭാവനകള്‍ ചേക്കേറാന്‍ തുടങ്ങി. ഒപ്പം സംഭവിച്ചത് സഹവിമോചികയില്‍ നിന്ന് അവള്‍ 'അമ്മ ദൈവ'ത്തിലേയ്ക്കും, ഒരു തൊഴിലാളി വീട്ടമ്മയില്‍ നിന്ന് മൃദുല ചര്‍മ്മമുള്ള, വിനയത്താല്‍ കുനിഞ്ഞ മുഖമുള്ള, ഒരു യൂറോപ്യന്‍ സ്ത്രീയിലേക്കും പരിവര്‍ത്തനപ്പെടുകയായിരുന്നു. വിമോചനത്തിന്‍റെ സങ്കീര്‍ത്തനം പാടിയ ഒരു സ്ത്രീയില്‍ നിന്ന് പുരുഷകേന്ദ്രീകൃത ലോകത്തിന്‍റെ അമ്മസങ്കല്‍പ്പങ്ങളില്‍ അവള്‍ തളയ്ക്കപ്പെടുകയാണ് ഉണ്ടായത്. ഭക്തിയുടെ ആകാശമേഘങ്ങളില്‍ നിലയുറപ്പിച്ച അവള്‍ക്ക് പിന്നീട് ഭൂമിയുടെ തലതിരിഞ്ഞ വ്യവസ്ഥകളെയൊന്നും ചോദ്യംചെയ്യാന്‍ കഴിയാതെ പോയി. അങ്ങനെ നസ്രത്തിലെ മറിയത്തില്‍ നിന്ന് നമുക്കു വേണ്ടി നമ്മള്‍ ഒരു ഭക്തവിഗ്രഹത്തെ സൃഷ്ടിച്ചു. ഇനി നമ്മള്‍ തിരിച്ചുമടങ്ങേണ്ടത് നസ്രത്തിലേക്കാണ്.
പൌരാണീക റോമന്‍ 'അമ്മ ദൈവങ്ങളു'ടെ ചരിത്രമുള്ള റോമിലെ മരിയ മജോരെക്കുന്നിലും സ്പെയിനിലെ എബ്രോ നദിയിലെ തീരത്തുമൊഴികെ മരിയന്‍ ദര്‍ശനവുമായി ബന്ധപ്പെട്ട കഥകളൊന്നും ആദ്യ പത്തുനൂറ്റാണ്ടുകളില്‍ ക്രിസ്തിയന്‍ സഭാചരിത്രത്തില്‍ കേട്ടിരുന്നില്ല. യൂറോപ്പില്‍ വ്യവസായവത്ക്കരണവും അതിന്‍റെ ഫലമായുണ്ടായ കോളനിവത്ക്കരണവും മുതലാണ് മരിയന്‍ ദര്‍ശനങ്ങളുടെ കഥകള്‍ കേട്ടുതുടങ്ങുന്നത്. മന:ശാസ്ത്രം ഒരു ശാസ്ത്രമായി വികസിക്കാത്ത കാലത്ത് ഉണ്ടായ ഈ ദര്‍ശനങ്ങളെ ഇന്നും നമ്മള്‍ വേണ്ടവിധം മന:ശാസ്ത്ര വിശകലനങ്ങള്‍ക്ക് വിധേയമാക്കിയിട്ടില്ല. കൂടാതെ ഈ ദര്‍ശങ്ങള്‍ക്ക് പ്രത്യക്ഷത്തില്‍ ഭക്തിയുടെ നിരുപദ്രവകരമായ പുറംചട്ടയാണുള്ളത്. എന്നാല്‍ ആ ഭക്തിയ്ക്ക് നിലനില്‍ക്കുന്ന സാമൂഹ്യ-രാഷ്ട്രീയ ഘടനയെ കൊട്ടങ്ങളില്ലാതെ നിലനിര്‍ത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന ഒരു രാഷ്ട്രീയവശമുണ്ട്.
മരിയന്‍ ദര്‍ശനത്തിലെ വെളിപാട് സന്ദേശങ്ങള്‍ ഓരോ കാലഘട്ടത്തിന്‍റെ ആവശ്യങ്ങളെയാണ് സംബോധന ചെയ്യുന്നത്. പടിഞ്ഞാറന്‍ യൂറോപ്പില്‍ വ്യാവസായിക മുതലാളിത്തത്തിന്‍റെ കാലത്ത് ഫ്രാന്‍സിലെ ലൂര്‍ദ്ദില്‍ ബെനഡിറ്റെയ്ക്ക് പ്രത്യക്ഷപ്പെട്ട മാതാവ് താന്‍ 'അമലോത്ഭവ'യാണെന്ന് വെളിപ്പെടുത്തി. എന്നാല്‍ വ്യാവസായിക മുതലാളിത്തത്തിന്‍റെ ദൂഷ്യഫലങ്ങള്‍ അനുഭവിച്ചുകൊണ്ടിരുന്ന ഫ്രാന്‍സിലെ തൊഴിലാളികളുടെ ദാരുണമായ ജീവിതാവസ്ഥയെക്കുറിച്ചോ അതിനോട് സഭ സ്വീകരിക്കേണ്ട ക്രിസ്തീയനിലപാടുകളെക്കുറിച്ചോ ഒന്നും വെളിപ്പെടുത്തിയുമില്ല, അതും ചരിത്രത്തില്‍ ഒരു തൊഴിലാളികുടുംബത്തിലെ അമ്മയും ഭാര്യയുമായിരുന്ന മറിയം. ഒപ്പം ഈ കാലയളവില്‍ ഫ്രഞ്ച് സൈന്യം ആഫ്രിക്കയില്‍ ചെയ്തുകൊണ്ടിരുന്ന ഹിംസാത്മകമായ കോളനിവത്ക്കരണത്തെക്കുറിച്ച് റോമന്‍ കോളനിവത്ക്കരണത്തിന്‍റെ തിക്താനുഭവങ്ങള്‍ ജീവിതത്തില്‍ പേറിയ ആ മറിയം ഒന്നും പറയുന്നില്ല.
അതേസമയം പോര്‍ച്ചുഗല്ലിലെ ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട മറിയം റഷ്യയിലെ കമ്മ്യൂണിസത്തിന്‍റെ ഉദയത്തിനെതിരെ 'വെളിപാടുകള്‍' നല്‍കിയിരുന്നു. ഫാത്തിമ മറിയം നിരീശ്വരവാദ കമ്മ്യൂണിസം ലോകത്തിന് തന്നെ വിനാശമാണെന്ന് വെളിപ്പെടുത്തുമ്പോള്‍ പോര്‍ച്ചുഗീസ് ഭരണകൂടം ആഫ്രിക്കയിലെ അങ്ഗോളയിലും മൊസംബിക്കിലും നടത്തിക്കൊണ്ടിരുന്ന മനുഷ്യത്വരഹിതമായ ചൂഷണത്തെക്കുറിച്ച് ഒന്നും മിണ്ടുന്നില്ല. സൗത്തമേരിക്കയിലെ കോളനിവത്ക്കരണത്തിന് മുന്നോടിയായി സ്പാനിയാഡ്സിനൊപ്പം പോയ മതചിഹ്നം 'വിജയ മാതാ' (Our Lady of Victory) യായിരുന്നു.
കോളനിവത്ക്കരണക്കാര്‍ തദ്ദേശീയ ജനതയോട് കാട്ടിയ കൊടിയ ക്രൂരതയെക്കുറിച്ച് അടിമ ജനതയുടെ ഇടയില്‍ ഒരാളായി പലസ്തീനായില്‍ ജീവിച്ച, റോമന്‍ പടയോട്ടങ്ങളാല്‍ സ്വന്തം ജീവിതഗതി തന്നെ സ്വാധീനിക്കപ്പെട്ട അവള്‍ ഒന്നും പറയുന്നില്ല.
ചുരുക്കത്തില്‍ ദര്‍ശനങ്ങളില്‍ എത്തുന്ന മേരി ചരിത്രത്തിലെ വിമോചകയായ മറിയമല്ല, നിലനില്‍ക്കുന്ന ചൂഷിതഘടനകളെ സാധൂകരിക്കുന്ന സ്ത്രീയാണ്. അവള്‍ ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തില്‍ സ്ത്രീ അനുഭവിക്കുന്ന ചൂഷണങ്ങളെക്കുറിച്ചോ വിവേചനത്തെക്കുറിച്ചോ അവളുടെ അവകാശത്തെക്കുറിച്ചോ ഒന്നും മിണ്ടുന്നില്ല; അവള്‍ സംസാരിക്കുന്നത് പാപത്തെക്കുറിച്ചും പ്രാര്‍ത്ഥനയെക്കുറിച്ചും മാത്രമാണ്. ക്രിസ്തുവിനൊപ്പം ദൈവരാജ്യ സംസ്ഥാപനത്തില്‍ പങ്കുകൊണ്ട മറിയത്തെ കണ്ടുമുട്ടാന്‍ വീണ്ടും നമുക്കു ചരിത്രത്തിലെ മറിയത്തില്‍ എത്തണം. ഭക്തിയില്‍ മെരുക്കിയെടുത്ത അമ്മദൈവമല്ല (domesticated Mother Goddess) ചരിത്രത്തിലെ മറിയം. അവള്‍ വിമോചനത്തിന്‍റെ സങ്കീര്‍ത്തനം ആലപിക്കുന്നവളാണ് (ലൂക്കാ 1:46-55). തനിയെ മലവഴികള്‍ താണ്ടി നടന്നുപോയവളാണ് (ലൂക്കാ 1:39). ചിന്താശക്തിയുള്ളവളാണ് (ലൂക്കാ 2:19). വ്യാകുലതകളുടെ കണ്ണീര്‍ക്കടല്‍ ധീരമായി നീന്തിക്കയറുന്നവളാണ് (ലൂക്കാ 2:35). അവളെയാണ് പിന്നീട് നാം ക്രിസ്തുവിന്‍റെ മരണശേഷം സ്വന്തം മതനേതൃത്വത്താലും സാമ്രാജ്യശക്തികളാലും വേട്ടയാടപ്പെടുന്ന ഒരു ചെറുകൂട്ടം ആദിമക്രൈസ്തവ സമൂഹത്തില്‍ കണ്ടുമുട്ടുന്നത് (നടപടി 1:14). ഈയൊരു മറിയത്തെ വീണ്ടെടുക്കുകയാണ് വരുംകാലം വിമോചനം ആഗ്രഹിക്കുന്ന ക്രിസ്തീയ സഭകള്‍ ചെയ്യേണ്ടത്.
സ്ത്രീപക്ഷ ദൈവശാസ്ത്രജ്ഞര്‍ മരിയന്‍ വിജ്ഞാനീയത്തിന് (Mariology) എതിരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് നിര്‍ണ്ണായകമായ പ്രചോദനം ലഭിച്ചത് 1973-ല്‍ മേരി ഡാലി എഴുതിയ 'ബിയോണ്ട് ഗോഡ് ദ ഫാദര്‍' (Beyond God the Father) എന്ന പുസ്തകത്തില്‍ നിന്നാണ്. പ്രാചീന ദേവതകളും മറിയവും തമ്മിലുള്ള അന്തരം ചൂണ്ടിക്കാണിച്ച സിമോണ്‍ ദ് ബൊവറുടെ (Simone de Beauvoir) ചിന്തകളാണ് ഡാലിയെ സ്വാധീനിച്ചത്.
പുരാതന ദേവതകള്‍ സ്വയംഭരണാധികാരമുള്ളവരും പുരുഷന്മാരെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നവരുമായിരുന്നു. എന്നാല്‍ മറിയത്തിന്‍റെ കാര്യത്തില്‍, അവള്‍ പൂര്‍ണ്ണമായും ദൈവത്തിന്‍റെ ദാസിയാണ്: 'ഇതാ കര്‍ത്താവിന്‍റെ ദാസി' എന്ന് അവള്‍ പറയുന്നു. ഡാലി ഈ വിമര്‍ശനത്തെ കൂടുതല്‍ മൂര്‍ച്ചയുള്ളതാക്കുകയും വിശാലമായ ഒരര്‍ത്ഥത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്നു: ക്രിസ്തുമതത്തില്‍ 'ദൈവമാതാവ്' (Mother of God) എന്ന പേരില്‍ ചങ്ങലയ്ക്കിടപ്പെട്ടതും കീഴ്പ്പെടുത്തപ്പെട്ടതുമായ 'അമ്മദൈവം' എന്ന പുരാതന സങ്കല്‍പ്പത്തിന്‍റെ ബാക്കിപത്രമാണ് മറിയം. മാതൃദേവതാ സങ്കല്‍പ്പത്തെ 'മെരുക്കിയെടുക്കാനുള്ള' ഒരു ശ്രമമാണിത്.
റോസ്മേരി റാഡ്ഫോര്‍ഡ് റൂതര്‍ ആകട്ടെ രണ്ടു തരം മരിയന്‍ വിജ്ഞാനീയത്തെക്കുറിച്ച് സംസാരിക്കുന്നുണ്ട്:
1. ഔദ്യോഗിക മരിയന്‍ വിജ്ഞാനീയം: സന്യാസിമാരാല്‍ രൂപപ്പെട്ടതും സഭയുടെ ഔദ്യോഗിക നിലപാടുമാണിത്. ഇത് മറിയത്തെ പിതാവായ ദൈവത്തിന്‍റെ ഹിതത്തിന് പൂര്‍ണ്ണമായി വിധേയ പ്പെടുന്ന, അലൈംഗിക കന്യകയായി വണങ്ങുന്നു.
2. ജനകീയ മരിയന്‍ വിജ്ഞാനീയം: സാധാരണ വിശ്വാസികള്‍ മറിയത്തെ ദൈവത്തിന്‍റെ ഭൗതിക രൂപമായും സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ മനസ്സിലാക്കുന്നവളായും കാണുന്നു.
സഭയ്ക്കുള്ളിലെ മരിയന്‍ അനുഭവങ്ങള്‍ കൂടുതലും ഈ രണ്ടാമത്തെ വിഭാഗത്തില്‍പ്പെടുന്നതാണ്. ഇവിടെ യഥാര്‍ത്ഥത്തില്‍ മാതൃത്വത്തെ ദൈവീകവല്‍ക്കരിക്കുകയാണ് ചെയ്യുന്നത്. പ്രത്യേകിച്ചും, 'ദൈവമാതാവ്' എന്ന പദവി പലപ്പോഴും വിശദീകരിക്കപ്പെടുന്നത് ഒരു ദേവതയെ ആരാധിക്കാനുള്ള സാധാരണക്കാരുടെ ആവശ്യമായിട്ടാണ്. ജനങ്ങളുടെ ആന്തരികമായ ആഗ്രഹങ്ങള്‍ പ്രതിഫലിപ്പിക്കുന്ന ഒരു ഉപാധിയായി ഡാലി മറിയത്തെ കാണുമ്പോള്‍, റോസ്മേരി റൂതര്‍ ക്രിസ്തുമതത്തിനുള്ളില്‍ ഈ മാനം വളര്‍ത്തിയെടുക്കുന്നതിനെ അനുകൂലിക്കുന്നു. ഇതില്ലെങ്കില്‍ ക്രിസ്തുമതം കടുത്ത പുരുഷമേധാവിത്വത്തിന് അടിപ്പെടുമെന്ന് അവര്‍ കരുതുന്നു.
റോസ്മേരിയുടെ അഭിപ്രായത്തില്‍, 'ദൈവവും മനുഷ്യനും തമ്മിലുള്ളതടക്കമുള്ള അധികാരശ്രേണികളില്‍ (Hierarchical power relations) നിന്ന് മോചിപ്പിക്കപ്പെട്ട ഒരു പുതിയ മനുഷ്യരാശിയുടെ പ്രതീകമായി കാണുമ്പോള്‍ മാത്രമേ മരിയന്‍ വിജ്ഞാനീയം സ്ത്രീകള്‍ക്ക് വിമോചനം നല്‍കുന്ന ഒന്നായി മാറുകയുള്ളൂ.' ജനാധിപത്യപരമായ ലോകവീക്ഷണത്തിന് അനുസൃതമായി, മനുഷ്യര്‍ തമ്മിലുള്ള അസമത്വം മാത്രമല്ല, മനുഷ്യന്‍ ദൈവത്തിന് കീഴ ്പ്പെടുക എന്ന ആശയവും ഇവിടെ നിരാകരിക്കപ്പെടുന്നു.
കാതറിന ഹാല്‍ക്സ് കുറച്ചുകൂടി ജാഗ്രതയോടെയാണ് ഈ വിഷയത്തെ സമീപിക്കുന്നത്. 'സ്തോത്രഗീതത്തില്‍' മറിയം നല്‍കുന്ന അനുകൂലമായ മറുപടി, സൃഷ്ടി എന്ന നിലയിലുള്ള സ്വീകാര്യതയുടെ(Creaturely receptivity) ക്രിയാത്മകമായ പ്രകടനമാണെന്ന് അവര്‍ സമ്മതിക്കുന്നു. എന്നാല്‍ യേശുവിന്‍റെ പുരുഷത്വത്തിനും മറിയത്തിന്‍റെ സ്ത്രീത്വത്തിനും അമിത പ്രാധാന്യം നല്‍കുന്നത് സ്ത്രീകള്‍ക്ക് ഭീഷണിയാണ്. പുരുഷന്മാരേക്കാള്‍ സ്ത്രീകള്‍ക്ക് 'സ്വീകാര്യതാമനോഭാവം' (Receptivity) കൂടുതലുണ്ട് എന്നത് ശരിയല്ല.
ഒരേസമയം കന്യകയും മാതാവുമായ മറിയത്തിന്‍റെ സ്ഥാനം സവിശേഷമായ ഒന്നായതുകൊണ്ട്, മറിയം ഒരു സ്ത്രീയാണെന്നതുകൊണ്ട് മാത്രം സ്ത്രീകള്‍ക്ക് അനുകരിക്കാവുന്ന ഒരു മാതൃകയാകുന്നില്ലെന്ന് എലിസബത്ത് ഗോസ്മാന്‍ കരുതുന്നു.
മേരി ഡാലിയുടെ തീവ്രമായ നിലപാടുകള്‍ പില്‍ക്കാല സ്ത്രീപക്ഷ മരിയന്‍ വിജ്ഞാനീയത്തിന് വ്യക്തമായ ദിശാബോധം നല്‍കി. ഇതില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചില സ്ത്രീ ദൈവശാസ്ത്രജ്ഞര്‍ മറിയം എന്ന വ്യക്തിത്വത്തെ തന്നെ ഉപേക്ഷിക്കേണ്ടതുണ്ടെന്ന് വാദിക്കുന്നു. നോര്‍വീജിയന്‍ കത്തോലിക്കാ ദൈവശാസ്ത്രജ്ഞയായ കാരി ബോറന്‍സെന്‍റെ അഭിപ്രായത്തില്‍, ദൈവത്തിന്‍റെ പുരുഷരൂപത്തോടുള്ള പ്രതികരണമാണ് മരിയന്‍ വണക്കം, അതിനാല്‍ അത് അനാവശ്യമാണ്.
എലിസബത്ത് മോള്‍ട്ട് മാന്‍-വെന്‍ഡലും സമാനമായ സംശയമാണ് പ്രകടിപ്പിക്കുന്നത്: ആധുനിക സ്ത്രീകള്‍ക്ക് നസ്രത്തിലെ മറിയത്തേക്കാള്‍ ജീവിതത്തോട് കൂടുതല്‍ അടുത്ത് നില്‍ക്കുന്നത് യേശുവിന്‍റെ ഉയിര്‍പ്പിന് സാക്ഷികളായ മൂന്ന് സ്ത്രീകളും, പ്രത്യേകിച്ച് മഗ്ദലന മറിയവുമാണ്. കൂടുതല്‍ സ്വതന്ത്രരാകുന്ന സ്ത്രീകളെ സംബന്ധിച്ചിടത്തോളം, അവരുടെ മാതൃക മാതാവായ മറിയമല്ല, മറിച്ച് മഗ്ദലന മറിയമാണ്.
സ്ത്രീപക്ഷ ദൈവശാസ്ത്രജ്ഞര്‍ പൊതുവില്‍ മറിയത്തിന്‍റെ പരമ്പരാഗതമായ മാതൃകയെ നിരാകരിക്കുന്നുണ്ട്. ഫ്യൂഡലിസത്തിനും പിന്നീട് മുതലാളിത്തത്തിനും ഇണങ്ങുന്ന രീതിയില്‍ നിര്‍മ്മിക്കപ്പെട്ട മറിയത്തിന്‍റെ സാധാരണ ചിത്രീകരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ എതിര്‍പ്പ് സ്വാഭാവികമാണ്.
പ്രതിമകളിലും ചിത്രങ്ങളിലും മറിയത്തെ പലപ്പോഴും അതീവ സൗമ്യയായും, ലോലയായും, കണ്ണുകള്‍ വിനയത്തോടെ താഴ്ത്തിയോ അല്ലെങ്കില്‍ സ്വര്‍ഗ്ഗത്തിലേക്ക് നോക്കുന്നതായോ ആണ് (യാഥാര്‍ത്ഥ്യ ലോകത്തോട് ബന്ധമില്ലാത്തതുപോലെ) ചിത്രീകരിക്കുന്നത്. സ്ത്രീകളെയും മറ്റ് അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങളെയും 'മെരുക്കിയെടുക്കാനുള്ള' ഒരു ഉപാധിയായിട്ടാണ് മറിയത്തിന്‍റെ ഇത്തരം അവതരണങ്ങള്‍ ഉപയോഗിക്കപ്പെടുന്നത്. 'ഞാന്‍ കര്‍ത്താവിന്‍റെ ദാസിയാണ്, നിന്‍റെ വാക്ക് എന്നില്‍ നിറവേറട്ടെ' എന്ന് മറിയം പറഞ്ഞിട്ടുണ്ടല്ലോ? എന്നാണ് ന്യായം.
പരമ്പരാഗതമായി, സ്ത്രീകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും മറിയത്തെ അനുകരിക്കണമെന്നാണ് പഠിപ്പിക്കപ്പെട്ടിരുന്നത്. എപ്പോഴും ഒരു പുരുഷനായി (അതും പ്രായമായ പുരുഷനായി) ചിത്രീകരിക്കപ്പെടുന്ന ദൈവത്തില്‍ നിന്ന് കൃപകള്‍ ലഭിക്കാന്‍ കാരണം മറിയത്തിന്‍റെ വിധേയത്വം നിറഞ്ഞ 'സ്ത്രീ സഹജമായ' പെരുമാറ്റമാണെന്ന് ഇവര്‍ വാദിക്കുന്നു.
പരമ്പരാഗത മരിയന്‍ വിജ്ഞാനീയത്തെ വിമര്‍ശനാത്മകമായി സമീപിക്കുന്ന സ്ത്രീപക്ഷ ദൈവശാസ്ത്രജ്ഞര്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ഉന്നയിക്കുന്നത്: അനുകരണത്തിനുള്ള ആഹ്വാനം: മറിയത്തെ അനുകരിക്കുക എന്നത് പ്രസംഗങ്ങളിലൂടെ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നത് പ്രധാനമായും വിധേയരായിരിക്കാന്‍ സമൂഹം ആഗ്രഹിക്കുന്ന ചില പ്രത്യേക വിഭാഗങ്ങളോട് മാത്രമായിരുന്നു. യഥാര്‍ത്ഥ അനുസരണവും വിധേയത്വവും: ദൈവത്തോടുള്ള വിധേയത്വവും (മറിയത്തിന്‍റെ സമ്മതം അഥവാ Fiat), മനുഷ്യരോടുള്ള വിധേയത്വവും (അധികാരത്തിന്‍റെ തിന്മ) തമ്മിലുള്ള ധാര്‍മ്മികവും ദൈവശാസ്ത്രപരവുമായ വലിയ വ്യത്യാസം നാം തിരിച്ചറിയണം. ദൈവഹിതത്തിന് മുന്നിലുള്ള മറിയത്തിന്‍റെ വിധേയത്വം, വേറെ വഴികളില്ലാത്ത ഒരു അടിമയുടെ വിധേയത്വമല്ല. മറിച്ച്, അത് പൂര്‍ണ്ണ സ്വതന്ത്രയായ ഒരു വ്യക്തിയുടെ സര്‍ഗ്ഗാത്മകമായ സമര്‍പ്പണമാണ്. മറ്റൊരു മനുഷ്യനും കീഴ്പ്പെടാത്ത, എന്നാല്‍ ദൈവത്തെ ശുശ്രൂഷിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമുള്ള ഒരു വ്യക്തിയുടെ തീരുമാനമാണത്.
ആത്യന്തികമായി, മറിയത്തിന്‍റെ യഥാര്‍ത്ഥ വ്യക്തിത്വം ഒരു സ്വര്‍ഗ്ഗീയ രാജ്ഞിയായുള്ള ചിത്രീകരണത്തിലല്ല, സ്തോത്രഗീതത്തിന്‍റെ അമ്മ എന്ന നിലയിലുള്ള അവളുടെ വിപ്ലവാത്മക ആത്മീയ ദര്‍ശനത്തിലാണ്. വിമോചനപരമായ കാഴ്ചപ്പാട് സ്വീകരിക്കുന്നതിലൂടെ, ശക്തര്‍ താഴ്ത്തപ്പെടുകയും വിശക്കുന്നവര്‍ക്ക് സംതൃപ്തി ലഭിക്കുകയും ചെയ്യുന്ന നീതിയുടെ സമൂലമായ ദര്‍ശനത്തിന് ഊര്‍ജ്ജം നല്കിയ ഒരു ദരിദ്രയും പലസ്തീനിയന്‍ ജൂതവനിതയുമായ വിപ്ലവകാരിയായി ക്രിസ്ത്യാനികള്‍ മറിയത്തെ വീണ്ടെടുക്കേണ്ടതുണ്ട്. ഈ വ്യാഖ്യാനം പരമ്പരാഗതമായ ആരാധനയെ ചോദ്യം ചെയ്യുകയും, വ്യവസ്ഥാപരമായ അടിച്ചമര്‍ത്തലിനെതിരായ പ്രവര്‍ത്തനത്തിന് പ്രചോദനം നല്‍കുന്ന പ്രവാചക മാതൃകയായി മറിയത്തെ പുനഃസ്ഥാപിക്കുകയും ചെയ്യുന്നു. അങ്ങനെ, അവള്‍ നിഷ്ക്രിയമായ ആദരവില്‍ നിന്ന് വഴിമാറി ഭൂമിയിലെ ദൈവത്തിന്‍റെ വിമോചന പ്രവൃത്തിയുടെ സജീവ പങ്കാളിയായി രൂപാന്തരപ്പെടുന്നു. അവളുടെ പൈതൃകം അരികുവല്‍ക്കരിക്കപ്പെട്ടവരുമായുള്ള ഐക്യദാര്‍ഢ്യത്തിനായി സഭയെ വിളിക്കുകയും, സ്വന്തം വിമോചനപരമായ മാര്‍ഗ്ഗങ്ങള്‍ പിന്തുടരാന്‍ അവരെ ശാക്തീകരിക്കുകയും ചെയ്യുന്നു.
ചരിത്രത്തിലെ മറിയം
ജിജോ കുര്യന്‍
അസ്സസി മാസിക,ഡിസംബർ 2025























