top of page

പത്രോസിന്‍റെ ഡയറി കുറിപ്പ്

  • Writer: ബ്ര. എഡിസണ്‍ പണൂര്‍
    ബ്ര. എഡിസണ്‍ പണൂര്‍
  • Dec 17, 2025
  • 1 min read

Child in cozy coat gazes at baby in a manger scene, surrounded by people in a cathedral-like setting with arches and a Christmas tree. Sketch.

2025 ഡിസംബര്‍ 25


ഈ ഇരുപത്തഞ്ചു ദിവസം പത്തുനാല്പതു വര്‍ഷത്തെ മറികടക്കുവോ? ഇതുപോലെ എത്ര ദിവസങ്ങള്‍ കടന്നു പോയി. വന്നവഴിയിലെ പരാജയങ്ങളുടെ നെടുവീര്‍പ്പില്‍നിന്ന് കുടിച്ചുകുടിച്ചു വീട് മുടിച്ച ഞാന്‍ അങ്ങനെ കുടി തല്ക്കാലം നിറുത്താന്‍ തീരുമാനിച്ചു. വഴിയില്‍ കണ്ടവരെല്ലാം ചോദിച്ചു ഇന്ന് ഇല്ലേ? ഓ! നോമ്പെടുത്തല്ലേ.


ഞാന്‍ പോലും അറിയാതെ എനിക്കൊരു പുണ്യ പരിവേഷം ആയിരുന്നു വീട്ടില്‍.

പതിയെ മാത്രം പോയ ദിവസങ്ങള്‍ക്കിടയില്‍ ഞെരുങ്ങിയ എന്നെ ഞാന്‍ മാത്രം മനസിലാക്കിയ ദിവസങ്ങള്‍. ഇടയ്ക്കു പിടിവിട്ട രാത്രിയില്‍ ഇരുട്ടില്‍ ആരും കാണാതെ ഒന്ന്.

പിന്നെ മൂന്നാല് ദിവസം കഴിഞ്ഞ് ഒന്ന്. പിന്നെ ഇന്നലെ 23 തിയതി ആരും അറിയാതെ ഒന്ന്.

24 രാത്രി പള്ളിപ്രസംഗത്തിനിടയില്‍ ഞങ്ങളുടെ യൂണിയനില്‍പെട്ടവരെ അച്ചന്‍ മെന്‍ഷന്‍ ചെയ്തു. ഞാന്‍ നന്നായി കാണും എന്നതോന്നലിലില്‍ പല സ്ഥിരം നോട്ടങ്ങളും എന്‍റെ നേരെ വന്നില്ല. എല്ലാം കഴിഞ് ഉണ്ണിയെ മുത്താറായി ആ ഇടക്കാലത്തു ഞാന്‍ കേട്ടാരുന്നു പുണ്യങ്ങള്‍ ചേര്‍ത്തുവച്ചു കമ്പിളിയും, തലവണയും മറ്റും ഉണ്ണിക്ക് സമ്മാനിക്കാമെന്ന്. തിക്കിലും തിരക്കിലും ഞാന്‍ ഒരുതരത്തില്‍ അവിടെ എത്തി. തീരെ പതിവില്ലാത്ത ആ കൂടി കാഴ്ച്ചയില്‍ ഞാന്‍ ആദ്യമായി നല്‍കിയത് ഈ ഇരുപത്തഞ്ചിനിടയിലെ മൂന്ന് മുറിവുകളാണ്.


ആദ്യമായി അവനെ ഞാന്‍ ഓര്‍മിപ്പിച്ചു ഈ മുറിവുകളെ ആണ് നീ നിന്‍റെ ജീവിതം കൊണ്ട് തിരുമുറിവാക്കി തരേണ്ടത്...

അള്‍ത്താര ബാലന്‍ നീട്ടിയ കേക്കും, ഹാപ്പി ക്രിസ്തുമസും കേട്ട് ഇറങ്ങിയപ്പോ ഒന്ന് മറന്നു പോയിരുന്നു. ഉണ്ണിക്കൊരു ഹാപ്പി ജന്മദിനം പറയാന്‍.....

bottom of page