

ശനിയാഴ്ചയായിരുന്നതുകൊണ്ട് ഏഴരമണിയായി നിത്യസഹായമാതാവിന്‍റെ നൊവേനയും കഴിഞ്ഞ് ആളുകള്‍ പള്ളിയില്‍നിന്നിറങ്ങുമ്പോള്‍. എട്ടുമണിക്ക് എനിക്ക് ആ പള്ളിയില്‍തന്നെ ഒരു മരണവാര്‍ഷിക കുര്‍ബ്ബാന അര്‍പ്പിക്കാനുണ്ടായിരുന്നുതു കൊണ്ട് ഞാനല്‍പം നേരത്തെ എത്തിയതായിരുന്നു. ആ കുര്‍ബ്ബാനയയ്ക്ക് എത്തിയവരും കുര്‍ബ്ബാന കഴിഞ്ഞിറങ്ങിയവരും പള്ളിമുറ്റത്തു കണ്ടുമുട്ടി പലയിടത്തായി വര്‍ത്തമാനം പറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. എല്ലാവരുംതന്നെ പരിചയക്കാരും ബന്ധുക്കളുമൊക്കെ ആയിരുന്നതുകൊണ്ട് അവരുടെ ഇടയിലൂടെ മിണ്ടിയുംപറഞ്ഞും നീങ്ങുന്നതിനിടയില്‍ എനിക്ക് അടുത്തറിയാമായിരുന്ന മൂന്നാലു മദ്ധ്യവയസ്ക്കരായ അദ്ധ്യാപകര്‍ വളരെ ആവേശത്തോടെ എന്തോ സംസാരിക്കുന്നതുകണ്ടു. അവരെല്ലാവരും മതാദ്ധ്യാപകരുമാണ്. പള്ളിക്കാര്യങ്ങളിലൊക്കെ വളരെ തീക്ഷ്ണമതികള്‍. എല്ലാവരും തിയോളജിയില്‍ ഡിപ്ലോമയുള്ളവര്‍. അതുകൊണ്ടുതന്നെ കണ്ടുമുട്ടുമ്പോഴൊക്കെ എന്തെങ്കിലും വിവാദവിഷയങ്ങള്‍ അവരെടുത്തിടാറുണ്ടായിരുന്നു. മിക്കപ്പോഴും ആശയപരമായി അവരുടെ തീവ്രനിലപാടുകളോട് വിയോജിക്കുകയും ഏറ്റുമുട്ടുകയും ചെയ്തിട്ടുള്ളതുകൊണ്ട് എന്നോടവര്‍ക്കത്ര മതിപ്പില്ല എന്നറിയാമായിരുന്നു. അതുകൊണ്ട് അവരെ ഒഴിവാക്കി മറ്റുപലരുമായി സംസാരിച്ചുനീങ്ങുമ്പോള്‍ അതു മനസ്സിലാക്കിയിട്ടോ എന്തോ അവര്‍ എന്‍റടുത്തേക്കുവരുന്നതു കണ്ടപ്പോഴേ മനസ്സുകൊണ്ടൊരുങ്ങി. എന്തുവന്നാലും ഒഴിവായിപ്പോകണം എന്നു മനസ്സിലുറപ്പിച്ച് സ്തുതി ചൊല്ലിയതൊക്കെ സ്വീകരിച്ചു.
"എന്തു പരിപാടിക്കുവന്നാലും തീരുന്നതിനുമുമ്പേ വിട്ടുപോകുന്നതാണല്ലോ പതിവ്. ഇന്നും മാറ്റം കാണുകേലായിരിക്കും."
എന്നെപ്പറ്റി പറഞ്ഞതു കേള്‍ക്കാത്തമട്ടില്‍ മുറ്റത്തുനില്‍ക്കുന്ന മാവു പൂത്തു തുടങ്ങയല്ലോ എന്നൊക്കെ പറഞ്ഞ് എന്‍റെ നിസ്സഹകരണം വ്യക്തമാക്കി.
"കുര്‍ബ്ബാന കഴിഞ്ഞു കാണാന്‍ സമയം കിട്ടുമോന്നറിയാനായിരുന്നു ചോദിച്ചത്."
"ഇല്ല, പോയിട്ട് എനിക്കത്യാവശ്യമുണ്ട്."
"ഇത്രയും പ്രായമായിട്ടും എപ്പോള്‍ വന്നാലും തെരക്കാണെന്നും പറഞ്ഞോടുന്നതാണു മനസ്സിലാകാത്തത്."
"അതു നാട്ടുകാരെ മുഴുവന്‍ ബോധ്യപ്പെടുത്തിക്കൊടുക്കേണ്ട കാര്യമെനിക്കില്ലല്ലോ. ഏതുപരിപാടിക്കു വന്നാലും തീരുന്നതിനു മുമ്പേ ഞാനോടാറുണ്ട് എന്ന് ഇയാള്‍ മുമ്പേ പറഞ്ഞില്ലേ. അതുശരിയാണ്, ഏതു പരിപാടിയായാലും അതു തീരുന്നതുവരെ നില്‍ക്കാനല്ല, ഞാനൊരിടത്തും പോകുന്നത്. ഞാന്‍ ചെയ്യാനേറ്റെടുത്തിട്ടുള്ളതു ചെയ്യാനാണ്. അതു ചെയ്തു തീര്‍ന്നാല്‍ പിന്നെ ഞാന്‍ സമയം കളയാറില്ല, അത്രതന്നെ. കുര്‍ബ്ബാനയ്ക്കു സമയമായി വരുന്നു." ഞാന്‍ പോകാന്‍ തിരിഞ്ഞു.
"എട്ടുമണിക്കല്ലേ കുര്‍ബ് ബാന, ഏഴര കഴിഞ്ഞതല്ലേയുള്ളു, ഒരഞ്ചുമിനിറ്റ്. മാര്‍പ്പാപ്പായുടെ പുതിയ പ്രഖ്യാപനം അറിഞ്ഞില്ലേ. മാതാവ് സഹരക്ഷകയല്ലെന്ന്. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ മാതാവ് സഹരക്ഷകയാണെന്നു പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. മാര്‍പ്പാപ്പാമാരിങ്ങനെ മാറ്റീംമറിച്ചും പറഞ്ഞാല്‍ ഞങ്ങളെപ്പോലെയുള്ള സാധാരണ വിശ്വാസികള്‍ എന്നാചെയ്യും."
"കുറച്ചുനാളുമുമ്പ് നിങ്ങളുടെ പ്രശ്നം ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞ അദ്ദേഹത്തിന്‍റെ ചില നിലപാടുകളെപ്പറ്റിയായിരുന്നു. ഇപ്പോള്‍ ലെയോ പാപ്പായെപ്പറ്റിയായി. നിങ്ങളു തിയോളജിയൊക്കെ പഠിച്ച് ഡിപ്ലോമാ ഒക്കെ ഉള്ളവരായതുകൊണ്ട് അത്രയും അറിവൊന്നും ഈ മാര്‍പ്പാപ്പാമാര്‍ക്കൊന്നുമില്ലെന്നേ. അതുകൊണ്ട് അവരോടങ്ങു ക്ഷമിക്ക ്. അല്ലെങ്കില്‍ മാര്‍പ്പാപ്പായ്ക്ക് റ്റ്യൂഷന്‍ കൊടുക്കാന്‍ വത്തിക്കാനില്‍ വല്ല വേക്കന്‍സിയുമുണ്ടോ എന്നന്വേഷിക്കാം."
"പറഞ്ഞു തുടങ്ങുന്നതിനു മുമ്പേ അച്ചനിങ്ങനെ ചൂടായാലെങ്ങനെയാ. ഞങ്ങള്‍ അത്മായര്‍ ദൈവശാസ്ത്രോം സഭാചരിത്രോം ഒക്കെ പഠിക്കുന്നത് അച്ചനു തീരെ ഇഷ്ടമില്ലെന്നറിയാം. അതുകൊണ്ടാണല്ലോ എപ്പോഴും ഈ കളിയാക്കല്."
"പഠനം ശരിയെങ്കില്‍ ശരിയെന്തെന്നറിയും. അതിന്‍റെ ഫലം, സ്വന്തം അറിവില്ലായ്മ തിരിച്ചറിഞ്ഞ് അതംഗീകരിക്കാന്‍ സാധിക്കുകയും 'തലക്കനം' കുറയുകയും ചെയ്യും എന്നതായിരിക്കും. പഠനം ശരിയല്ലെങ്കില്‍ പഠിക്കുംതോറും അറിയാം എന്ന ഭാവം ഏറും, 'തലക്കനം' കൂടുകയും ചെയ്യും. മാര്‍പ്പാപ്പായെവരെ കുരിശുവരയ്ക്കാന്‍ പഠിപ്പിക്കാനായിരിക്കും അങ്ങനെയുള്ളവര്‍ക്കു പിന്നെ തെരക്ക്."
"വാടോ, പാം. വെറുതെ ഉടക്കാന്‍ നിക്കണ്ടാ."
"എനിക്കും അതാ ഇഷ്ടം. വിട്ടു പൊയ്ക്കോളൂ. വേണമെങ്കില്‍, ഇനീം ഇത്തരം മണ്ടത്തരം പറയാതിരിക്കാന്‍ ഒരു ക്ലാരിഫിക്കേഷന്‍ തരാം. അതുകൂടെ കേട്ടിട്ടു പോ. നിങ്ങളുമുമ്പേ പറഞ്ഞില്ലേ, 'മാര്‍പ്പാപ്പാമാരിങ്ങനെ മാറ്റീംമറിച്ചും പറഞ്ഞാല്‍ ഞങ്ങളെപ്പോലെയുള്ള സാധാരണ വിശ്വാസികള്‍ എന്നാ ചെയ്യുമെന്ന്. 'സാധാരണ വിശ്വാസികള്‍ക്ക്' നിങ്ങളീ പറഞ്ഞതൊന്നും ഒരു പ്രശ്നമേയല്ല. ഫ്രാന്‍സിസ് പാപ്പാ പറഞ്ഞ പലതിനെപ്പറ്റിയും ഇന്നാളു നിങ്ങള്‍ പ്രതിഷേധിച്ചു, ഇപ്പോള്‍ മാതാവിനെപ്പറ്റി ലിയോ പാപ്പാ പറഞ്ഞതും നിങ്ങള്‍ക്കു പിടിച്ചില്ല. മാര്‍പ്പാപ്പായെക്കാളും അറിവും കാര്യവിവരവും നിങ്ങള്‍ക്കുണ്ടെന്നു വിശ്വസിക്കുന്നതുകൊണ്ടാണല്ലോ പ്രശ്നം. അതായതു നിങ്ങള്‍ 'സാധാരണ വിശ്വാസികള്‍' അല്ല എന്നു നിങ്ങള്‍ പറയാതെ പറയുകയാണ്. നിങ്ങള്‍ അവരെക്കാള്‍ അറിവുള്ളവരാണെന്ന്. അതിനെയാണ് 'തലക്കനം' എന്നു മുമ്പേ ഞാന്‍ പറഞ്ഞത്. പരിശുദ്ധ അമ്മയെ സഹരക്ഷക എന്നു വിളിക്കരുതെന്നു പാപ്പാ പറഞ്ഞപ്പോള്‍ നിങ്ങടെ ഭാഷേല്‍ 'കുരുപൊട്ടിയ'താര്‍ക്കാണ്? സാധാരണ വിശ്വാസിക്കല്ലല്ലോ, നിങ്ങളെപ്പോലെയുള്ള അറിവുണ്ടെന്നു ചിന്തിക്കുന്നവര്‍ക്കും എന്തെങ്കിലും വീണു കിട്ടാന്‍ നോക്കിയിരിക്കുന്ന കുറെ സഭാ വിരോധികള്‍ക്കും മാത്രമല്ലേ? അവരല്ലേ യൂട്യൂബിലും ചാനലുകളിലുമൊക്കെ കോലാഹലമുണ്ടാക്കിയത്?
കട്ടളേം കതകുമില്ലാത്ത ആകാശമോക്ഷത്തിന്‍റെ വാതിലാണോ മാതാവ്? സ്വര്‍ണ്ണം കണ്ടിട്ടുപോലുമില്ലാത്ത മാതാവ് സ്വര്‍ണ്ണാലയമാകുന്നതെങ്ങനയാണ്? രാജാവും രാജ്ഞിയുമൊന്നുമില്ലാത്ത സ്വര്‍ഗ്ഗത്തില്‍ മാതാവ് എങ്ങനെ സ്വര്‍ഗ്ഗീയരാജ്ഞിയാകും? ഇതൊന്നുമല്ല പരിശുദ്ധമാതാവ് എന്ന് നമുക്കെല്ലാമറിയാം. അതുകൊണ്ട് ഇനിയും അതൊന്നും ലുത്തിനിയായില്‍ ചൊല്ലേണ്ട എന്നു പരിശുദ്ധ പിതാവു പ്രഖ്യാപിച്ചില്ലല്ലോ. കാരണം സാധാരണ വിശ്വാസിക്കും അറിയാം അതൊന്നുമല്ല മാതാവ് എന്ന്. എന്നാല്‍ അമ്മയോടുള്ള സ്നേഹം ഏറുമ്പോള്‍ അതൊന്നു വിളിച്ചുപറയാന്‍ നമ്മളു വളരെ വിലപ്പെട്ടതായി കരുതുന്ന ആകാശമോക്ഷവും, സ്വര്‍ണ്ണവും, രാജ്ഞിയുമൊക്കെയാണ് നമുക്കു മാതാവു എന്നു നാം പറയുന്നു എന്നുമാത്രം.
എന്നാല്‍ 'സഹരക്ഷക' എന്നു പറയുമ്പോള്‍ അങ്ങനെയല്ലല്ലോ. രക്ഷകനുമായി ബന്ധപ്പെടുത്തി മാത്രമല്ലെ സഹരക്ഷക എന്നു പറയാനാവൂ. ഇവിടെ നമ്മുടെ വിശ്വാസത്തിന്‍റെയും ദൈവവചനത്തിന്‍റെയും അടിസ്ഥാനത്തില്‍ പൊരുത്തക്കേടുണ്ട്. അതുകൊണ്ട് ശ്രദ്ധിച്ചു വേണം വാക്കുകളുപയോഗിക്കാന്‍ എന്നുമാത്രമേ പരിശുദ്ധപിതാവു പറഞ്ഞുള്ളു. യോഹന്നാന്‍റെ സുവിശേഷം പതിനേഴാം അദ്ധ്യായം നാലും അഞ്ചും വാക്യങ്ങള്‍ ശ്രദ്ധിക്കുക. 'അവിടുന്ന് എന്നെ ഏല്‍പിച്ച ജോലി പൂര്‍ത്തിയാക്കിക്കൊണ്ട് ഭൂമിയില്‍ അവിടുത്തെ ഞാന്‍ മഹത്വപ്പെടുത്തി. ആകയാല്‍ പിതാവേ ലോകസൃഷ്ടിക്കു മുമ്പ് എനിക്ക് അവിടുത്തോടു കൂടെയുണ്ടായിരുന്ന മഹത്വത്താല്‍ ഇപ്പോള്‍ അവിടുത്തെ സന്നിധിയില്‍ എന്നെ മഹത്വപ്പെടുത്തണമെ.' പിതാവ് പുത്രനെ ഏല്‍പിച്ച ദൗത്യമാണ് മനുഷ്യരക്ഷ. 'എന്നെ ഏല്‍പിച്ച ജോലി ഞാന്‍ പൂര്‍ത്തിയാക്കി' എന്നാണ് കര്‍ത്താവു പറഞ്ഞിരിക്കുന്നത്. 'ഞാനും എന്‍റെ അമ്മയും കൂടെ' പൂര്‍ത്തിയാക്കി എന്നല്ല. ആകയാല്‍ അവിടുത്തെ സന്നിധിയില്‍ 'എന്നെ മഹത്വപ്പെടുത്തണമെ' എന്നാണ്, അല്ലാതെ 'ഞങ്ങളെ മഹത്വപ്പെടുത്തണമെ' എന്നല്ലല്ലോ ഈശോ അന്ത്യത്താഴം കഴിഞ്ഞ് പിതാവിനോടു പ്രാര്‍ത്ഥിച്ചത്.
ഈ ദൗത്യനിര്‍വ്വഹണത്തിനായി പുത്രനു ജന്മമേകിയതും വളര്‍ത്തിയതും ഗാഗുല്‍ത്താവരെ എത്തിച്ചതുമെല്ലാം അമ്മയുടെ ദൗത്യമായിരുന്നു. അത് അമ്മയും ചെയ്തു. അത്രമാത്രം. അതുകൊണ്ടാണല്ലോ കാനായിലെ കല്യാണത്തിന് പരിചാരകരോട് 'ഞാന്‍ അവനെക്കൊണ്ടു ചെയ്യിക്കാം' എന്ന് അമ്മ പറയാതിരുന്നത്. 'അവന്‍ പറയുന്നതു ചെയ്യുവിന്‍' എന്ന് വേലക്കാരോടു പറഞ്ഞത്.
ഞാനീ പറഞ്ഞതു നിങ്ങടെ ദൈവശാസ്ത്രവുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ അങ്ങേരു മുമ്പേ പറഞ്ഞപോലെ ഉടക്കാന്‍ നിക്കണ്ടാ, പോ പോയി പള്ളീച്ചെന്നു പറ. ഞാനും പോകുവാ പള്ളീലേക്ക്."
അവരു പോയോന്നു നോക്കാതെ ഞാന്‍ പള്ളീലേക്കു നടന്നു.
ഇടിയും മിന്നലും
പോയി പള്ളീച്ചെന്നു പറ.. ?
ഫാ. ജോസ് വെട്ടിക്കാട്ട്
അസ്സീസി മാസിക, ഡിസംബർ 2025























