മൂന്നിലൊന്ന്


നാല് സുവിശേഷങ്ങളിൽ രണ്ടെണ്ണം എടുക്കാൻ പറഞ്ഞാൽ ലൂക്കായും യോഹന്നാനുമാവും ഞാൻ എടുക്കുക. എന്നുകരുതി മത്തായിയും മർക്കോസും ഇഷ്ടമല്ല എന്നല്ല. ആദ്യം പറഞ്ഞവയോട് കൂടുതൽ ഇഷ്ടമുണ്ടെന്നാണ്. എന്നിരിക്കിലും മത്തായിയുടെ 5, 6, 7 അദ്ധ്യായങ്ങളാണ് മലയിലെ പ്രസംഗം എന്നറിയപ്പെടുന്നത്. മലയിലെ പ്രസംഗത്തെ സുവിശേഷത്തിൻ്റെ കാതൽ എന്ന് വിളിക്കാറുണ്ട്. അതിൽത്തന്നെ 5-ാം അദ്ധ്യായം എന്നിക്കേറെ പ്രിയരെമാണ്. കാരണം, അഷ്ടഭാഗ്യങ്ങളോടെയാണ് 5-ാം അദ്ധ്യായം ആരംഭിക്കുന്നത്. അഷ്ടഭാഗ്യങ്ങൾ എന്നത് പുതിയൊരു ലോകക്രമത്തിൻ്റെ മാനിഫെസ്റ്റോ ആണെന്ന് നമുക്കറിയാം.
അതുകഴിഞ്ഞുടനെ, 'നിങ്ങൾ ഭൂമിയുടെ ഉപ്പും ലോകത്തിൻ്റെ പ്രകാശവുമാണ് ' എന്നു പറഞ്ഞ് അനുവാചകരെ ഉന്നതമായ ഒരു അവബോധത്തിലേക്കും ധർമ്മത്തിലേക്കും ഉയർത്തി പ്രതിഷ്ഠിക്കുകയാണ്. ഒരു ഉണർത്തലിൻ്റെയും ഉയർത്തലിൻ്റെയും സ്ഥായിയാണവിടെ കേൾക്കുന്നത്. 'ശത്രുക്കളെ സ്നേഹിക്കുകയും നിങ്ങളെ പീഡിപ്പിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുവിൻ. നിങ്ങൾ നിങ്ങളുടെ സ്വർഗ്ഗസ്ഥനായ പിതാവിനെപ്പോലെ പരിപൂർണ്ണരായിരിക്കുവിൻ' എന്ന ആഹ്വാനത്തോടെയാണ് അദ്ധ്യായം അവസാനിക്കുന്നത്.
ഇതിനിടയ്ക്ക് പറയുന്ന കുറേ കാര്യങ്ങളുണ്ട്. പഴയ നിയമത്തിൽ നല്കപ്പെട്ട പത്ത് കല്പനകളിൽ എട്ടിനെയും വ്യാഖ്യാനിച്ച് ആഴപ്പെടുത്തലാണ് അവിടെ ചെയ്യുന്നത്. കൊല്ലരുത് എന്ന 5-ാം കല്പനയിലാണ് തുടങ്ങുന്നത്. സഹോദരനെ ഭോഷാ എന്നോ വിഡ്‌ഢീ എന്നോ വിളിക്കരുത് - എന്നിടം വരെ "കൊല്ലരുത്" എന്ന കല്പന എത്തിച്ചേരണം.
ദൈവാരാധനയെ കുറിക്കുന്നതാണ് 2-ാം കല്പന. അത് വ്യാഖ്യാനിക്കുന്ന എത്രയോ ഉപാധികൾ പഴയനിയമത്തിൽ കാണാം. ദൈവാരാധനയുടെ ഒരേയൊരു മുന്നുപാധി - ആർക്കെങ്കിലും നിന്നോട് എന്തെങ്കിലും വിരോധം ഉണ്ടെന്നാൽ അയാളുമായി അനുരഞ്ജനപ്പെടുക എന്നത് മാത്രമാണ്. അത്രയും സെൻസിറ്റിവിറ്റിയിലേക്ക് ദൈവാരാധനയെ ഉയർത്തുന്നു.
"വ്യഭിചാരം ചെയ്യരുത്" എന്നത് 6-ാം പ്രമാണമാണ്. നിൻ്റെ ഹൃദയത്തിൽ നിന്നുതന്നെ ആസക്തികളെ നിർമൂലനം ചെയ്യുന്നിടം വരെ വ്യഭിചാരത്തിൻ്റെ നിയമം എത്തണം.
"അന്യൻ്റെ ഭാര്യയെ മോഹിക്കരുത്" എന്നാണ് 9-ാം പ്രമാണം. വിവാഹമോചനത്തെ വരെ ഈ പ്രമാണവുമായി ബന്ധിപ്പിച്ച് വായിക്കണം.
"കള്ളസാക്ഷ്യം പറയരുത്" എന്നതാണ് 8-ാം പ്രമാണം. സ്വർഗ്ഗവും ഭൂമിയും ദേവാലയവും പോലെതന്നെ നീയും പവിത്രമാണ്. ആ പവിത്രതയെ ആദരിച്ചുകൊണ്ട് നേരായ വാക്കുകൾ മാത്രം ഉച്ചരിക്കണം.
"കൊല്ലരുത്" എന്ന കല്പന നീതിയുടെ മേഖലയിലേക്ക് എത്തുമ്പോൾ "കണ്ണിന് കണ്ണ്, പല്ലിന് പല്ല് " എന്ന് പഴയനിയമം അനുശാസിച്ചിരുന്നു. അതായത് എതിരാളി നിൻ്റെ ഒരു കണ്ണ് അടിച്ചു പൊട്ടിച്ചാൽ അവനെ കൊല്ലുകയോ അവൻ്റെ കുടുംബത്തെ നശിപ്പിക്കുകയോ ചെയ്യുന്ന തരത്തിൽ പകവീട്ടരുത്. തത്തുല്യമായി അവൻ്റെ ഒരു കണ്ണ് അടിച്ചുപൊട്ടിക്കാൻ മാത്രം നിനക്ക് അവകാശമുണ്ട് എന്നതായിരുന്നു പഴയ നിയമത്തിൻ്റെ വ്യാഖ്യാനം. എന്നുപറയുമ്പോൾ നിൻ്റെ അപ്പനെ കൊന്നവൻ്റെ അപ്പനെ നിനക്ക് കൊല്ലാം എന്നും വരും. "വലത്തുകരണത്തടിക്കുന്നവന് മറ്റേ കരണം കൂടി കാട്ടിക്കൊടുക്കും" എന്നുവരുന്നിടത്തേ അഹിംസയുടെ കല്പന പൂർണ്ണമാകൂ. അതാണ് ദൈവരാജ്യ-സാമൂഹിക ക്രമത്തിൻ്റെ രീതി.
ഒരേകാര്യം തൻ്റെ പ്രബോധനങ്ങളിൽ യേശു പലപ്പോഴും ആവർത്തിച്ച് പറഞ്ഞിട്ടുണ്ടാവണം. അതുകൊണ്ടുതന്നെ, ആവർത്തനങ്ങൾ ഒഴിവാക്കാൻ വേണ്ടിയാവണം, ഈ പശ്ചാത്തലത്തിലും പറഞ്ഞിട്ടുണ്ടാകാനിടയുള്ള ഒന്നുരണ്ട് കാര്യങ്ങൾ - ഒരു ഭാഗം 12-ാം അധ്യായത്തിലും മറ്റൊരു ഭാഗം 15-ാം അധ്യായത്തിലും (4 മുതൽ 20 വരെ വാക്യങ്ങൾ) സുവിശേഷകൻ കൊണ്ടുപോയി വച്ചത് എന്നാണ് എനിക്കു തോന്നുന്നത്.
സാബത്താചരണത്തെക്കുറിക്കുന്നതാണ് 3-ാം പ്രമാണം. അത് പ്രതിപാദിക്കുന്നത് 12: 6-8 വരെയാണ്.
"മാതാപിതാക്കളെ ബഹുമാനിക്കുക" എന്നതാണ് 4-ാം പ്രമാണം. അത് വരുന്നത് 15: 4-6 അതുപോലെ 7-ാം പ്രമാണമായ "മോഷ്ടിക്കരുത്" എന്നതിനെക്കുറിച്ചുള്ളസൂചന വരുന്നത് 15: 19-ൽ ആണ്. ഇന്നയിന്ന വസ്തുകൾ ഭക്ഷിക്കരുത് എന്നും കല്പനകൾ ഉണ്ടായിരുന്നു. അത്തരം ശുദ്ധാശുദ്ധ നിയമങ്ങളെ ഇല്ലാതാക്കുന്നതും അതിന് തൊട്ടു മുമ്പായാണ്. അവ കൂടി ഈ അധ്യായത്തിൽ സ്ഥാപിച്ചിരുന്നെങ്കിൽ പത്ത് കല്പനകളെയും ശുദ്ധാശുദ്ധ നിയമങ്ങളെയും പാരമ്പര്യങ്ങളെയും കുറിച്ചുമുള്ള പുതിയ ലോകത്തിൻ്റെ വ്യാഖ്യാനങ്ങൾ ഒറ്റ ഖണ്ഡമായി വന്നേനേ എന്നു തോന്നുന്നു.
" ആകുന്നവൻ ആകുന്നു ദൈവം. അവനല്ലാതെ വേറെ യാതൊന്നിനെയും നീ ആരാധിക്കരുത്" എന്നതാണ് 1-ാം പ്രമാണം. ആ ദൈവം നിൻ്റെ അപ്പനാണ്. അതിനാൽത്തന്നെ മനുഷ്യരെല്ലാം നിൻ്റെ സഹോദരരാണ്. എല്ലാവരെയും സ്നേഹിക്കുകയും നിൻ്റെ അപ്പനായ ദൈവത്തെ പോലെ പൂർണ്ണത നേടുക എന്നിടത്താണ് ഒന്നാം പ്രമാണം പൂർത്തിയാകുന്നത് എന്നു പറഞ്ഞാണ് 5-ാം അദ്ധ്യായം മത്തായി അവസാനിപ്പിക്കുന്നത്.

















































































































