കണ്ണീരു തുടച്ചതു മറക്കത്തില്ലച്ചാ...
- ഫാ. ജോസ് വെട്ടിക്കാട്ട്

- Mar 7
- 4 min read
Updated: Mar 13

Key Takeaways:
This article narrates a story about helping a child of overseas parents struggling with emotional neglect.
The priest helped the boy and advised the parents to prioritize their children over wealth, which they followed.
കുറെ നാളു മുമ്പ് ഒരപ്പനും മകനുംകൂടെ മകന്‍റെ കല്യാണം വിളിക്കാന്‍ വന്നു. കല്യാണം വിളിക്കാനല്ല, കല്യാണത്തിന്‍റെ തീയതി എന്‍റെ സൗകര്യത്തിനു നിശ്ചയിക്കാന്‍. കുറച്ചുനാള്‍ സെമിനാരീല്‍ ഉണ്ടായിരുന്ന ആളാണ് അപ്പന്‍. സെമിനാരീന്നു പോയിക്കഴിഞ്ഞു ഡിഗ്രിക്കുതോറ്റ് ജോലിയില്ലാതെ നടന്നപ്പോള്‍ ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ചാന്‍സുകിട്ടി ഗള്‍ഫിനു പോയി. അവിടെച്ചെന്നിട്ട് വെറും മണ്ണും സിമന്‍റും ചുമക്കുന്ന പണിയാണുണ്ടായിരുന്നത്. അവന്‍റെ വീട്ടുകാരെ എനിക്കറിയാമായിരുന്നതുകൊണ്ട് എനിക്കവന്‍ എല്ലാ വിവരങ്ങളും എഴുതാറുണ്ടായിരുന്നു. മൂന്നാലുകൊല്ലം കഴിഞ്ഞ് ഗള്‍ഫില്‍തന്നെ ചെറിയ ജോലിയുണ്ടായിരുന്ന ഒരു പെണ്‍കുട്ടിയെ കല്യാണവും കഴിച്ചു. രണ്ടു കുട്ടികളുമായി. അതില്‍ മൂത്തവന്‍റെ കല്യാണ തീയതി തീരുമാനിക്കാനായിരുന്നു അവരു വന്നത്. ഞാന്‍തന്നെ അവന്‍റെ കല്യാണം ആശീര്‍വ്വദിക്കണമെന്നു നിര്‍ബ്ബന്ധം.
"അച്ചനന്നെന്നെ കെട്ടിപ്പിടിച്ച് എന്‍റെ കണ്ണുനീരു തുടച്ചതു മറക്കത്തില്ലച്ചാ, അതുകൊണ്ടാ."
അങ്ങു വടക്കെ മലബാറിലായിരുന്നെങ്കിലും ചെന്നു നടത്തിക്കൊടുത്തു. ഇപ്പോള്‍ അടുത്ത അപേക്ഷ വന്നിരിക്കുന്നു, അവന്‍റെ കൊച്ചിന്‍റെ മാമ്മോദീസകൂടെ നടത്തിക്കൊടുക്കണം പോലും. ചെല്ലാമെന്നു സമ്മതിച്ചിരിക്കുകയാണ്. എനിക്കങ്ങോട്ട് അത്രയൊന്നും അടുപ്പം അവരോടില്ലെങ്കിലും അവര്‍ക്ക് അത്രയും കടപ്പാടും സ്നേഹവും എന്നോടു തോന്നാന്‍ ഒരുകാരണമുണ്ട്. പണ്ടു ചെയ്ത ചേതമില്ലാത്ത ഒരുപകാരം. അപ്പോഴത്തെ അവന്‍റെ വിഷമം കണ്ടു മനസ്സലിഞ്ഞു, അവന്‍റെ കണ്ണുനീരൊന്നു തുടച്ചു, അത്രമാത്രം.
പണ്ട് അവരു ഗള്‍ഫില്‍ ജോലിചെയ്തിരുന്ന കാലം. രണ്ടു കുട്ടികളെ കൂടെ നിര്‍ത്താനും പഠിപ്പിക്കാനുമുള്ള വരുമാനമല്ലാതിരുന്നതു കൊണ്ട് സ്കൂളില്‍ വിടാറായപ്പോഴേക്കും കുട്ടികള്‍ രണ്ടുപേരെയും വീട്ടുകാരെ ഏല്‍പിക്കാതെ, നാട്ടില്‍ ബോര്‍ഡിംഗില്‍ നിര്‍ത്തി പഠിപ്പിക്കുകയായിരുന്നു. അവരു രണ്ടും ഗള്‍ഫില്‍തന്നെ ജോലി തുടര്‍ന്നു. വര്‍ഷങ്ങള്‍ കഴിഞ്ഞു. മൂത്തവന്‍ എട്ടില്‍. രണ്ടാമന്‍ നാലില്‍. ആ സമയത്ത് എനിക്കയാളുടെയൊരു കത്തുകിട്ടി. മൂത്തമകന്‍ പഠിക്കുന്ന സ്കൂളിലെ പ്രിന്‍സിപ്പലിന്‍റെയും ബോര്‍ഡിംഗ് വാര്‍ഡന്‍റെയും കത്തുകളുടെ കോപ്പികളും അതിലുണ്ടായിരുന്നു. എത്രയും വേഗം കുട്ടിയെ സ്കൂളില്‍നിന്നും ബോര്‍ഡിംഗില്‍ നിന്നും ഒഴിവാക്കിക്കൊണ്ടു പോകണം എന്നായിരുന്നു അവരുടെ കത്തുകളുടെ ഉള്ളടക്കം. കൂട്ടത്തില്‍ അയാളുടെ നെഞ്ചു പൊട്ടിയുള്ള കത്തും.
പണിതുണ്ടാക്കിയ പണംകൊണ്ട് ചെറിയ ഒരു സ്ഥലം വാങ്ങി വീടുവച്ചതും, വലിയ ചെലവുചെയ്ത് മക്കളെ നല്ലനിലയിലെത്തിക്കാന്‍ പഠിപ്പിക്കാന്‍ ബുദ്ധിമുട്ടുന്നതും. യാതൊരു ജീവിത സുഖവുമില്ലാതെ കൂലിപ്പണിചെയ്ത് വര്‍ഷങ്ങളായി മറുനാട്ടില്‍ ജീവിക്കുന്നതിന്‍റെ വേദനയും. മൂന്നുമാസത്തിലൊരിക്കല്‍ മാത്രമെ ഗള്‍ഫിലെ മറ്റൊരു രാജ്യത്ത് ജോലി ചെയ്യുന്ന ഭാര്യയെക്കാണാന്‍ പോലും സാധിക്കൂ. മക്കള്‍ കഷ്ടപ്പെടാതിരിക്കാന്‍ വേണ്ടി ഇത്രയും ചെയ്തിട്ടും മകന്‍ ഈ രീതിയിലായല്ലോ എന്നോര്‍ത്തുള്ള വേദന. ഞാന്‍ എത്രയും വേഗം അവിടെച്ചെന്ന് പ്രിന്‍സിപ്പലിനെയും വാര്‍ഡനെയും കണ്ട് സമാധാനിപ്പിക്കാനും, മകനെ എങ്ങനെയെങ്കിലും ഉപദേശിച്ചു നന്നാക്കാനുമുള്ള അപേക്ഷയായിരുന്നു കത്തില്‍! അത്യാവശ്യം പരിചയം മാത്രമുള്ള സ്കൂളായിരുന്നെങ്കിലും പറ്റാവുന്നതു ചെയ്യാമെന്നുറച്ച് അടുത്ത ദിവസം തന്നെ ഞാന്‍ ആ സ്കൂളിലെത്തി.
സ്വയം പരിചയപ്പെടുത്തി കഴിഞ്ഞ് ചെന്നതിന്‍റെ ഉദ്ദേശ്യം പറഞ്ഞപ്പോഴേക്കും പ്രിന്‍സിപ്പലച്ചന്‍റെ മുഖം വല്ലാതെ കനത്തു.
"ഇന്നും അവനെ ക്ലാസ്സിനു പുറത്തു നിര്‍ത്തിയിരിക്കുകയാണ് ക്ലാസ്സിലിരുന്നു പുകയില ചവച്ചതിന്. അവന്‍റെ കൈയിലില്ലാത്ത വികൃതിയൊന്നുമില്ല. പഠിക്കാന്‍ നല്ലകഴിവുണ്ട്. പക്ഷേ പഠിക്കില്ല. ക്ലാസ്സില്‍ മറ്റു കുട്ടികളെ വല്ലാതെ ശല്യം ചെയ്യും. ബോര്‍ഡിങ്ങില്‍ ശുദ്ധ അലമ്പാണ്. തമ്പാക്കു ചവയ്ക്കും. അതെവിടെനിന്നു കിട്ടുന്നെന്നറിഞ്ഞ് സ്കൂളിലെ ബസ് ഡ്രൈവറെ പിരിച്ചുവിട്ടു. കഴിഞ്ഞദിവസം മോഷണത്തിനും അവനെ പിടികൂടി. ഏതായാലും സ്കൂളില്‍ ഒരു ചാന്‍സുകൂടെ അച്ചന്‍വന്നു പറഞ്ഞതുകൊണ്ടു തരാമെന്നു ഞാന്‍ സമ്മതിച്ചാലും, ബോര്‍ഡിങ്ങില്‍ ഇനി അവനെ നിര്‍ത്തുന്നകാര്യം സംശയമാണ്."
അവനെപ്പറ്റി ഒരുപാടുകാര്യങ്ങള്‍ അദ്ദേഹത്തിനു പറയാനുണ്ടായിരുന്നു. അതുകഴിഞ്ഞു ഹോസ്റ്റല്‍ വാര്‍ഡന്‍റെയടുത്തേക്കാണു ഞാന്‍ പോയത്. ഞാന്‍ കാര്യം പറഞ്ഞപാടെ അപ്പോള്‍തന്നെ അവനെ വിളിച്ചിറക്കി കൊണ്ടുപൊയ്ക്കൊള്ളാനാണു വാര്‍ഡന്‍ പറഞ്ഞത്. എന്തായാലും പയ്യനെ ഒന്നുകാണാന്‍ അനുവദിക്കുമോ എന്നു ചോദിച്ചു. സ്കൂളില്‍ ചെന്നു പ്രിന്‍സിപ്പലിനോടു ചോദിക്കാന്‍ പറഞ്ഞു. തിരിച്ചു സ്കൂളില്‍ ചെന്ന് പയ്യനെയൊന്നു കാണാന്‍ പ്രിന്‍സിപ്പലിനോട് അനുവാദം ചോദിച്ചു.
"ക്ലാസ്സിനു വെളിയില്‍ നിര്‍ത്തിയിരിക്കയാണ്. വിളിപ്പിക്കാം, പക്ഷെ അച്ചന്‍ കണ്ടതുകൊണ്ടും വലിയ ഫലമുണ്ടാകുമെന്നു പ്രതീക്ഷിക്കണ്ട. എന്തായാലും ഇന്നുതന്നെ ഇതിനൊരു തീരുമാനമുണ്ടാക്കിയിട്ടേ അച്ചന്‍ പോകാവൂ." പ്രിന്‍സിപ്പലിന്‍റെ താക്കീത്.
അവനെ ഓഫീസിലേക്കു വിളിപ്പിച്ചു. അവനെയുംകൂട്ടി ബോര്‍ഡിംഗിന്‍റെ പാര്‍ലറില്‍ പോയിരുന്നു സംസാരിച്ചുകൊള്ളാന്‍ അനുവദിച്ചു. അങ്ങോട്ടു നടക്കുന്ന വഴി ഞാന്‍ പലതും അവനോടു ചോദിച്ചു. ഒന്നിനും മറുപടിയില്ല. മുമ്പ് എത്രയോ പ്രാവശ്യം അവന്‍റെ മാതാപിതാക്കന്മാര് അവധിക്കു വരുമ്പോള്‍ അവരുടെ കൂടെ എന്നെക്കാണാന്‍ അവന്‍ വന്നിട്ടുള്ളതാണ്. എന്നിട്ടും യാതൊരു പരിചയവുമില്ലാത്ത ഭാവം. ഞാനെന്നെ ഒന്നുകൂടെ പരിചയപ്പെടുത്തിയിട്ടും യാതൊരു പ്രതികരണവുമില്ല. പാര്‍ലറിലെത്തിക്കഴിഞ്ഞും ഞാന്‍ പലവഴിയും ശ്രമിച്ചു അവനെയൊന്നു മിണ്ടിക്കാന്‍. അവസാനം ഒരു പൊട്ടിത്തെറിയായിരുന്നു.
"മക്കളെ ഒണ്ടാക്കിയിട്ടേച്ചു പോയിരിക്കയല്ലേ രണ്ടുംകൂടെ സുഖിക്കാന്‍."
അവന്‍റെ പ്രായത്തിനു ചേരാത്ത വാക്കുകള്‍. ഞാനാകെ ചൂളിപ്പോയി. ചുറ്റുംനോക്കി. ഏതായാലും മറ്റാരും കേട്ടില്ലെന്നാശ്വാസം തോന്നി. അവരവിടെ കഷ്ടപ്പെടുന്നതിനെപ്പറ്റി പറഞ്ഞ്, അവരു സുഖിക്കാന്‍ പോയതല്ല എന്നു സ്ഥാപിക്കാന്‍ ഞാനൊന്നു ശ്രമിച്ചുനോക്കി. അതു ഫലിച്ചില്ല. അതവനെ ഒന്നുകൂടെ ചൊടിപ്പിച്ചതേയുള്ളു.
"ആണ്ടിലൊന്നുവരും അന്വേഷിക്കാന്‍. വന്നാലും അവര്‍ക്കു തിരക്ക് വേറെഎല്ലാരേം കാണാന്‍ പോകാനാ. ഞങ്ങളെക്കൂടെ കൊണ്ടുപോകാന്‍ പറഞ്ഞാലും ക്ലാസ്സു കളയണ്ടാന്നു പറഞ്ഞ് കൊണ്ടുപോകത്തില്ല."
പിന്നെയും ഞാന്‍ മയത്തിന് ഇടപെട്ടുനോക്കി. അവരുടെ സാമ്പത്തിക ബുദ്ധിമുട്ടിനെപ്പറ്റി. മറുനാട്ടിലെ അലച്ചിലിനെപ്പറ്റി. ഒന്നും ഏശിയില്ല.
"അവര്‍ക്കു വേറേം മക്കളുകാണും. പപ്പയ്ക്കു വേറെ ഭാര്യേമൊണ്ട്. മമ്മിക്കു വേറെ ഭര്‍ത്താവും കാണും."
ഭ്രാന്തു പിടിച്ചതുപോലെ അവന്‍ നിന്നു ജ്വലിക്കുകയാണ്. കൈയ്യിലിരുന്ന നോട്ടുബുക്ക് ചുരുട്ടി ഞെരിച്ചു താഴെയിട്ടു ചവിട്ടി. പിന്നെ പോക്കറ്റില്‍ കിടന്ന പേനയെടുത്തു കൈയ്ക്കകത്തെല്ലാം കുത്തിവരയ്ക്കാന്‍ തുടങ്ങി. എല്ലാവഴിയും മുട്ടിയ അവസ്ഥയിലായി ഞാന്‍. എന്തുപറഞ്ഞാലും അവന്‍റെയുള്ളില്‍ മുഴുവന്‍ കലിയും അമര്‍ഷവുമാണ്. സ്നേഹം കിട്ടാത്തതിന്‍റെ പ്രതിഷേധം.
"എന്നിട്ടങ്ങനിരിക്കുമ്പം ഓരോ എഴുത്തും ഫോണ്‍ വിളീം. ഇനീം ഞാന്‍ ഫോണ്‍ അറ്റന്‍റു ചെയ്യില്ല."
"നീ അങ്ങോട്ട് എഴുത്തെഴുതിയിട്ടെത്രനാളായി?"
"ഞാനെഴുതാറില്ല. വരുന്നകത്തിലെല്ലാം വഴക്കും ഉപദേശോം മാത്രം. അതുകൊണ്ടു ഞാനതു വായിക്കാതെ കീറിക്കളഞ്ഞേക്കും."
അതു പറഞ്ഞപ്പോളാണ് അവനറിയാതെ ഒന്നു ചിരിച്ചത്. അത്രയും പ്രതികാരം ചെയ്യാന്‍ സാധിച്ചതിലെ സന്തോഷം!
"മോനോടാരാ പറഞ്ഞത് പപ്പായ്ക്കു വേറെ ഭാര്യയൊണ്ടെന്നൊക്കെ?"
"എന്‍റെ കൂടെ പഠിക്കുന്ന മോന്‍സി. അവന്‍റെ പപ്പേം ഗള്‍ഫിലാ. അയാള്‍ക്കവിടേം ഭാര്യേം കുട്ടികളുമുണ്ട്. അവന്‍റെ മമ്മി ഇവിടാ, പാവമാ. മോന്‍സിനെ കാണാന്‍ ഇവിടെ വരുമ്പോഴൊക്കെ കരയും. മോന്‍സി വലുതാവുമ്പം അവന്‍റെ പപ്പേ കൊല്ലാനിരിക്കുവാ."
"അവന്‍റെ പപ്പാ അങ്ങനെയായതു കൊണ്ട് മോന്‍റെ പപ്പാ അങ്ങനെയാകണമെന്നില്ലല്ലോ."
"പപ്പേം അങ്ങനെയാ, മമ്മീം അങ്ങനെയാ, അല്ലെങ്കില്‍ പിന്നെന്തിനാ ഞങ്ങളെ ഇവിടിട്ടേച്ച് അവരവിടെത്തന്നെ കിടക്കുന്നത്?"
മേശപ്പുറത്തിരുന്ന ഒരു മാസികയെടുത്തവന്‍ പിച്ചിക്കീറി. അവനൊന്നു ശാന്തനാകാന്‍ വേണ്ടി ഞാന്‍ ഒന്നും മിണ്ടാതെയിരുന്നു.
"ഞങ്ങളെത്ര പറഞ്ഞിട്ടും ഞങ്ങളെക്കൂടെ അവരങ്ങോട്ടു കൊണ്ടുപോകാത്തതെന്താ? വിളിക്കുമ്പഴൊക്കെ വഴക്കു പറച്ചിലേ ഉള്ളു. പ്രിന്‍സിപ്പലച്ചനെ വിളിച്ച് എനിക്കിട്ടു തല്ലുതരാന്‍ പറയുന്നതെന്തിനാ?" അവന്‍റെ സ്വരം കുറഞ്ഞുകുറഞ്ഞു വന്നു, അവസാനം അവന്‍ വിങ്ങി വിങ്ങിക്കരയാന്‍ തുടങ്ങി.
എന്‍റെ ഉള്ളിലും വല്ലാത്ത വിങ്ങല്‍. ഞാന്‍ സാവകാശം അടുത്തുചെന്നുനിന്ന് 'മോനെ'ന്നു വിളിച്ച് തോളില്‍ കൈവച്ച് അവന്‍റെ കണ്ണനീരൊന്നു തുടച്ചു. അവന്‍ ഏങ്ങിക്കരഞ്ഞുകൊണ്ടെന്നെ കെട്ടിപ്പിടിച്ചു. എത്രനേരം അവന്‍ ആ നില്പുനിന്നു കരഞ്ഞു എന്നെനിക്കോര്‍മ്മയില്ല. വാര്‍ഡന്‍ വന്നുകയറിയപ്പോഴാണ് ഞാനറിഞ്ഞത്. അവനെയും കൂട്ടിക്കൊണ്ടു ഞാന്‍ കോമ്പൗണ്ടിന്‍റെ മൂലക്കൊരു മരത്തണലിലേക്കു പോയി. അവിടെയിരുന്നു ഞങ്ങള്‍ സമാധാനമായിട്ടു സംസാരിച്ചു. കുറച്ചുസമയം കഴിഞ്ഞപ്പോള്‍ അവന്‍ചോദിച്ചു:
"ഞാന്‍ അടുത്തുവന്നിരുന്നോട്ടെ?"
"അതിനെന്താ വായോ."
അവന്‍ എഴുന്നേറ്റ് എന്‍റെയടുത്തുവന്നിരുന്നു. അല്‍പം കഴിഞ്ഞപ്പോള്‍ അവന്‍ എന്‍റെ ദേഹത്തേക്കു ചാരിയിരുന്നു. ഞാനവന്‍റെ തോളില്‍കൈയ്യിട്ടു ചേര്‍ത്തുപിടിച്ചപ്പോള്‍ അവന്‍റെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീരു ഞാന്‍ തുടച്ചു. ശൈശവം നഷ്ടപ്പെട്ട ബാലന്‍. മാതാപിതാക്കന്മാരുണ്ടെങ്കിലും അനാഥനായ കുട്ടി. ഒരപ്പന്‍റെ തലോടലിനുവേണ്ടി ദാഹിക്കുന്ന അവന്‍റെ മനസ്സ്. അവസാനം നിര്‍ബ്ബന്ധിച്ചു ഞാന്‍ പോകാനെഴുന്നേറ്റപ്പോള്‍ അവന്‍റെ അടുത്ത ചോദ്യം:
"ഇനിയും കാണാന്‍ വരാമോ?"
"ഉറപ്പായിട്ടും. പക്ഷെ അതിനിയും പ്രിന്‍സിപ്പലിന്‍റെയോ വാര്‍ഡന്‍റെയോ കത്തുകിട്ടിയാലെ വരൂ."
മനസ്സിലാകാതെ അവനെന്‍റെ മുഖത്തേക്കു നോക്കി.
"ക്ലാസ്സിലും ബോര്‍ഡിങ്ങിലു നീയാണു ബെസ്റ്റ് എന്നറിയിച്ചുകൊണ്ടുള്ള കത്ത്."
അതുകേട്ടപ്പോള്‍ അവനു സന്തോഷമായി.
"ഐ പ്രോമിസ്."
"ഐ ബിലീവ് യു ക്യാന്‍ ഡു ഇറ്റ്."
അതുകൂടെ കേട്ടപ്പോള്‍ അവന്‍റെ മുഖത്തെ സന്തോഷം! അന്നവന്‍റെ തലയില്‍ കൈവച്ചനുഗ്രഹിച്ചതു വെറുതെയായില്ല. പ്രിന്‍സിപ്പല്‍ കത്തെഴുതാതെതന്നെ പലപ്രാവശ്യം ഞാന്‍ ചെന്നു. അവന്‍ വാക്കു പാലിച്ചു. പ്രിന്‍സിപ്പല്‍ കത്തെഴുതിയില്ലെങ്കിലും ഒരിക്കല്‍ എന്നോടു ചോദിച്ചു:
"ഈ ടൈപ്പ് നാലെഞ്ചെണ്ണംകൂടിയുണ്ട് കൈകാര്യം ചെയ്യാമോ?"
"ഒരിക്കല്‍ ചക്കയിട്ടപ്പോള്‍ മുയലുചത്തെന്നു കരുതി.....?" അച്ചനും ചിരിച്ചു, ഞാനൊഴിഞ്ഞുമാറി.
ആരാണുത്തരവാദി? ആരാണു പ്രതി? എല്ലാവരുടെയുംമുമ്പില്‍ കുറ്റംമാത്രം ചെയ്യുന്നെങ്കിലും കുറ്റമില്ലാത്ത ഈ കുട്ടിയോ? അതോ ആരുടെയും ദൃഷ്ടിയില്‍ ഒരുകുറ്റവും ചെയ്യാതെതന്നെ കുറ്റക്കാരായ മാതാപിതാക്കളോ? അപ്പനേം അമ്മയേം 'അനുഭവിച്ചി'ട്ടില്ലാത്ത മക്കളെ, എവിടെത്തൊട്ടു കാണിച്ചാണ് അപ്പനും അമ്മയ്ക്കും സ്നേഹമുണ്ടന്നു ബോദ്ധ്യപ്പെടുത്തിക്കൊടുക്കുക?
അന്നൊക്കെ ഗള്‍ഫിലേക്കു ഫോണ്‍ചെയ്യുന്നതിനു വലിയ ചെലവായിരുന്നുതുകൊണ്ട് തിരിച്ചു ചെന്നയുടനെ ഞാനയാള്‍ക്കെഴുതി:
'മക്കള്‍ക്കുവേണ്ടി സ്വത്തു സമ്പാദിച്ചാല്‍ മതിയെങ്കില്‍ രണ്ടുപേരും അവിടെത്തന്നെ തുടരുക. ഇനിയും സമ്പാദിച്ചുകൊണ്ടിരിക്കുക. നിങ്ങള്‍ക്കു മക്കളെയാണു വേണ്ടതെങ്കില്‍ ഇവിടെയെത്തുക. മക്കളുടെ കൂടെയാവുക. മക്കള്‍ക്കുവേണ്ടി സമ്പാദിച്ചാല്‍ മാത്രംപോരാ. മക്കളെയും സമ്പാദിക്കണം.'
എന്‍റെ നിര്‍ദ്ദേശത്തിന് അവരു വിലകൊടുക്കുമെന്നു പ്രതീക്ഷിച്ചല്ലായിരുന്നു ഞാനന്നതെഴുതിയത്. പക്ഷേ ഒരുമാസത്തിനുള്ളില്‍ അയാള്‍ ജോലിയുപേക്ഷിച്ച് നാട്ടില്‍ തിരിച്ചുവന്നു. ഒരു വര്‍ഷംകൂടെ കഴിഞ്ഞ് അയാളുടെ ഭാര്യയും. അവരെ വിളിച്ചിരുത്തി ഞാന്‍ പറഞ്ഞുകൊടുത്തു:
"മക്കള്‍ക്ക് അര്‍ഹതപ്പെട്ടതു കൊടുത്തതുകൊണ്ടു മാത്രമായില്ല, അവര്‍ക്ക് അവകാശപ്പെട്ടത് നിഷേധിക്കാനും പാടില്ല. നിങ്ങളുടെ സമ്പത്ത്, അതായത് സംരക്ഷണവും, സുരക്ഷിതത്വവും അതൊക്കെ അവര്‍ക്ക് അര്‍ഹതപ്പെട്ടതാണ്. പക്ഷേ അവര്‍ക്ക് അവകാശപ്പെട്ട മറ്റൊന്നുണ്ട്, അതു നിങ്ങളറിഞ്ഞില്ല, അറിയുന്നില്ല, നിങ്ങളെന്നല്ല, മാതാപിതാക്കളൊത്തിരിയും....."
അന്ന് ആ സ്കൂള്‍ഗ്രൗണ്ടിലെ മരത്തണലില്‍ എന്‍റെനെഞ്ചോടു ചേര്‍ന്നിരുന്നു തേങ്ങിയ അവന്‍റെ കണ്ണീരു ഞാനൊപ്പിയപ്പോള്‍ ഒരപ്പന്‍റെ തലോടല്‍ അവനനുഭവിച്ച കാര്യമൊക്കെ വിശദീകരിച്ചുകൊടുത്തപ്പോള്‍, അറിയാതെ അവരവനു നിഷേധിച്ചതെന്താണെന്നവരു മനസ്സിലാക്കി. അതുവരെ അവരു സമ്പാദിച്ചതുചേര്‍ത്തുവച്ച് അവരൊരു ചെറിയ ബിസിനസുതുടങ്ങി. മക്കളെ കൂടെനിര്‍ത്തി. രണ്ടുമൂന്നുവര്‍ഷത്തേക്ക് അവരുമായി നല്ല അടുപ്പം കാത്തു. പിന്നീട് സൗഹൃദവും.
അവന്‍ വാക്കുപാലിച്ചു. സ്കൂളിലെ ടോപ്പറും, ബോര്‍ഡിങ്ങിലെ ബെസ്റ്റ് പെര്‍ഫോര്‍മറുമായി. ഇന്ന് ആരും കൊതിക്കുന്ന ഒരു നല്ല പൊസിഷനിലായ അവന്‍ മകന്‍റെ മാമ്മോദീസയ്ക്കു നിര്‍ബ്ബന്ധിച്ചപ്പോഴും അവന്‍റെ ഓര്‍മ്മപ്പെടുത്തല്‍: "അച്ചനന്നെന്നെ കെട്ടിപ്പിടിച്ചു കണ്ണുനീരു തുടച്ചില്ലാരുന്നേല്‍..."
കണ്ണീരു തുടച്ചതു മറക്കത്തില്ലച്ചാ...
ഫാ. ജോസ് വെട്ടിക്കാട്ട്
അസ്സീസി മാസിക മാർച്ച് 2026

























































