top of page

ഉദയംപേരൂരും കൂനൻകുരിശും

Apr 3, 1992

3 min read

പി. കെ. �മാത്യു ഏറ്റുമാനൂർ
udayam peroor synadal church

പോർട്ടുഗീസുകാരുടെ ആദ്യത്തെ കച്ചവട കപ്പൽ കോഴിക്കോട്ടു തുറമുഖത്തു വന്നു ചേർന്നത് 1498 മെയ് 31 -നാണ്. അവർ ഇന്നാട്ടിൽ വേരുറപ്പിച്ചു ഒരു നൂറ്റാണ്ടു പിന്നിട്ട ശേഷം 1599 മെയ് 20 മുതൽ 27 വരെയുള്ള തീയതികളിലാണ് ചരിത്ര പ്രസിദ്ധമായ ഉദയംപേരൂർ സുന്നഹദോസൂ നടന്നത്. ഈ സുന്നഹദോസിൻെറ സംഘാടകൻ ഗോവൻ മെത്രാപ്പോലീത്താ മെനെസീസ് ആയിരുന്നു. അന്നത്തെ സുന്നഹദോസു നിശ്ചയങ്ങളിൽ പെടുത്തി മാർത്തോമ്മാ നസ്രാണികളുടെ ആരാധനക്രമങ്ങളും സാമൂഹ്യക്രമങ്ങളും മൊത്തം നവീകരിക്കപ്പെട്ടു.


ഉദയംപേരൂർ സുന്നഹദോസിൻ്റെ കാനോനുകൾ സസൂഷ്‌മം പഠിക്കുന്നവർക്കു ഒരു കാര്യം വ്യക്‌തമാകും. ഈ പരിഷ്‌കരണം കേരളസഭക്കു ആവശ്യം വേണ്ട ഒന്നായിരുന്നു എന്ന്. അന്നു നിലവിലിരുന്ന ജാതിവ്യവസ്‌ഥയുടെ നീരാളിപ്പിടുത്തത്തിൽ യാഥാസ്‌ഥിതികത്വത്തിൻ്റെ തടവറയിൽ വഴിമുട്ടി മുരടിച്ചു നിന്നിരുന്ന കേരളസഭയുടെ മുന്നോട്ടുള്ള വളർച്ചക്കു ആവശ്യമായ ജലവും വളവും നൽകപ്പെടുന്നതിനു സുന്നഹദോസു നിശ്ചയങ്ങൾ ഉപകരിച്ചു. ഈ പിരിഷ്‌കരണ പ്രക്രിയയോടു മാർത്തോമ്മാ നസ്രാണികൾക്കു മതിപ്പും ആദരവുമാണ് ഉണ്ടായത്. സുന്നഹദോസിനു മുമ്പും അതിനു ശേഷവും മാർത്തോമ്മ നസ്രാണികൾ പോർട്ടുഗീസു മെത്രാനുമായി ഇടഞ്ഞിട്ടുണ്ടെങ്കിലും പരിഷ്ക്കരണത്തിനു വിധേയമായ ആരാധനക്രമങ്ങളോടൊ സാമുഹ്യക്രമങ്ങളോടൊ യാതൊരു വിധ എതിർപ്പുകളും പ്രകടിപ്പിച്ചിട്ടില്ല എന്ന ചരിത്രസത്യം നമ്മുടെ പൂർവീകരുടെ ഉയർന്ന ബൗദ്ധിക നിലവാരത്തെ എടുത്തുകാട്ടുന്നു. പരിഷ്ക്കരണ സംരംഭത്തിനുള്ള പ്രചോദനം ഇതിനു മുമ്പു കൽദായ മെത്രാന്‌മാരിൽ നിന്നും ഞങ്ങൾക്കു ലഭിച്ചിട്ടില്ലല്ലോ എന്ന പരാതിയായിരിക്കും അവർക്കുണ്ടായിരുന്നത് എന്നു അനുമാനിക്കുന്നതിൽ തെറ്റു കാണുകയില്ല.


കൂനൻകുരിശു സത്യം പിന്നെ എന്തിനുവേണ്ടി


മാർത്തോമ്മാ നസ്രാണികളുടെ പൈതൃകമെന്നനിലയിൽ അവർ കയ്യടക്കി വച്ചിരിക്കു സഭാഭരണത്തിലുള്ള സജീവമായ ജനപങ്കാളിത്തത്തെ കാറ്റിൽ പറത്തികൊണ്ട് പോർച്ചുഗീസ് മെത്രാൻ സർവ്വാധിപതിയാകാൻ ശ്രമിച്ചതിനെതിരെ വിശ്വാസികൾ ഒന്നടങ്കം നടത്തിയ ഒരു കലാപം എന്നതിനപ്പുറമുള്ള കാരണങ്ങളൊന്നും കൂനൻ കുരിശു കലാപത്തിനു ഉന്നയിക്കാൻ ചരിത്രം പഠിച്ചിട്ടുള്ളവർക്കാർക്കും സാദ്ധ്യമല്ല. കൂനൻ കുരിശു സത്യത്തിനു മുമ്പോ പിമ്പോ ഉദയം പേരൂർ സുന്നഹദോസിനാൽ പരിഷ്ക്കരിക്കപ്പെട്ട ഏതെങ്കിലും ആരാധനാക്രമങ്ങളോ സാമൂഹ്യക്രമങ്ങളോ റദ്ദാക്കി കിട്ടണമെന്ന ഒരാവശ്യം അവർ ഉന്നയിക്കുകയോ, സ്വയം അതിനുവേണ്ടി പരിശ്രമിക്കുകയോ ചെയ്തതായി ഒരു രേഖയെങ്കിലും ഹാജരാക്കാൻ ആർക്കും സാധ്യമാകുകയില്ല.


പത്തു നൂറ്റാണ്ടകളിലധികമായി കൽദായ മെത്രന്‌മാരുടെ കീഴിൽ കഴിഞ്ഞുകൂടിയ മാർത്തോമ്മാ നസ്രാണികൾക്കു സായിപ്പു മെത്രാനോടു തികഞ്ഞ ആദരവും ബഹുമാനവുമായിരുന്നു. അവർ നി‌ൽക്കേണ്ടിടത്തു നില്ക്കാതെ വന്നപ്പോൾ മാത്രമേ നമ്മുടെ പിതാമഹൻമാർ അവരോടു കയർത്തിട്ടുള്ളൂ. കാതുകുത്തിയവൻ പോയപ്പോൾ കടുക്കനിട്ടവൻ വന്നു എന്നതിനപ്പുറമുള്ള പ്രതികരണമൊന്നും ഇക്കാര്യത്തിൽ വന്നു പെടാൻ ന്യായമില്ല എന്ന വസ്തു‌ത മനസ്സിലാക്കാൻ യുക്തി ബോധം മാത്രം മതി. ചരിത്രലക്ഷ്യങ്ങൾ വേണമെന്നില്ല. പോരാഞ്ഞിട്ട് ചരിത്ര ലക്ഷ്യങ്ങൾ വേണ്ടുവോളം ഉണ്ടുതാനും.


സഭാ ഭരണത്തിൽ മാർത്തോമ്മാ ക്രൈസ്തവർ അനുഭവിച്ചു വന്നിരിക്കുന്ന സജീവമായ ജനപങ്കാളിത്തത്തിൽ കൈകടത്താതിരുന്ന കൽദായ മെത്രാന്മാരുടെ സ്‌ഥാനത്തു ആ ജനപങ്കാളിത്തത്തെ അവഗണിച്ചു കളഞ്ഞ മെത്രാനെന്ന നിലയിൽ മാത്രമേ സായിപ്പു മെത്രാന്‌മാരോടവർക്കു അമർഷം ഉണ്ടായിട്ടുള്ളു. സായിപ്പുമെത്രാൻ സ്ഥാനത്തു ഇതേ പ്രകൃതക്കാരായ നാട്ടു മെത്രാന്മാർ വന്നിരുന്നെങ്കിൽ പോലും കൂനൻ കുരിശുസത്യം നടക്കുമായിരുന്നു. സത്യവാക്യത്തിനു മാത്രമേ മാറ്റം ഉണ്ടാകുമായിരുന്നുള്ളൂ.


ഉദയം പേരൂർ സുന്നഹദോസു കഴിഞ്ഞ നീണ്ട 54 വർഷങ്ങൾക്കുശേഷം 1653 ജനിവരി 3-ാ0 തീയതിയാണ് മലങ്കരയിലെ സർവ്വമാനപള്ളികളിൽ നിന്നും ജനപ്രതിനിധികൾ മട്ടാംഞ്ചേരി പള്ളിയുടെ അങ്കണത്തു സമ്മേളിച്ചത്. "മേലിൽ ഞങ്ങൾ ജസ്വീത്തന്മാർക്കു കീഴ് വഴങ്ങുകയില്ല. അർക്കിയാദിക്കോനുമാത്രമെ കീഴ്‌വഴങ്ങുകയുള്ളൂ." എന്നതായിരുന്നു പ്രതിജ്ഞാ വാക്യം. ഉദയംപേരൂർ തീരുമാനങ്ങളെ തിരസ്ക്കരിക്കുന്നു എന്ന രീതിയിലുള്ള വാചകം പ്രതിജ്ഞാവാചകങ്ങളിൽ ഉൾപ്പെട്ടിരുന്നില്ല. സുന്നഹദോസു നിശ്ചയാടിസ്ഥാനത്തിൽ മട്ടാഞ്ചേരിപള്ളിയിലെ ബലിപീഠത്തിൽ സ്‌ഥാപിതമായ നമ്മുടെ കർത്താവിൻ്റെ ക്രൂശിതരൂപത്തിനു മുമ്പിൽ തിരി കത്തിച്ചു വച്ച് അതിനു മുമ്പിൽ ജനം സംഘംസംഘമായി കയറി സത്യം ചെയ്യുകയായിരുന്നു. (Ref. Travancore State Manual Vol. 2, 1906 P.P 184. 185 op eit തിരുസഭാചരിത്രം കൂടപ്പുഴ P. 773 Note 57)


നേരം വൈകിയിട്ടും ഈ പ്രതിജ്ഞാ ചടങ്ങ് അവസാനിക്കുന്നില്ല എന്നു കണ്ടപ്പോൾ അവശേഷിക്കുന്നവർ പള്ളി അങ്കണത്തിൽ നിന്നിരുന്ന കുരിശിൽ കയറുകെട്ടി അതിൽ പിടിച്ചു സത്യം ചെയ്‌തു പിരിഞ്ഞു എന്നേയുള്ളൂ. ആ സത്യപ്രതിജ്ഞയുടെ അന്തസത്ത പൂർത്തീകരിക്കാൻ കഴിയാതെ പോയത്, കത്തോലിക്കരായി നിലനിന്നവർക്കാണ് എന്ന ചരിത്രസത്യം അവശേഷിക്കുകയാണ്.


അന്നത്തെ സത്യപ്രതിജ്ഞ‌യോടുള്ള അമർഷമെന്നു തോന്നുമാറ് ക്രൂശിതരൂപങ്ങൾ നമ്മുടെ പള്ളികളിൽ നിന്നും നീക്കം ചെയ്യുന്ന പ്രക്രിയയിൽ കൽദായ സ്നേഹികൾ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. ഇവർ മനസ്സിലാക്കേണ്ട ഒരു വസ്തുതയുണ്ട്. കൽദായ നാട്ടിൽ എന്നല്ല ലോകത്തൊരിടത്തും ക്രൂശിതരൂപങ്ങളും തിരുസ്വരൂപങ്ങളും നീക്കം ചെയ്യപ്പെട്ടുകൊണ്ട് ആരാധനാക്രമങ്ങൾക്കു രൂപം നൽകിയിട്ടുള്ള ഒരു കത്തോലിക്കാ സഭാവിഭാഗം നിലവിലില്ല. പിന്നെ നാമമാത്രമായി ഒറ്റപ്പെടുന്നതെന്തിനുവേണ്ടിയാണെന്നു മനസ്സിലാകുന്നില്ല.


നമ്മുടെ പിതാമഹന്മാർ സമ്മാനിച്ചു തന്ന സുന്നഹദോസ്


പോർട്ടുഗീസുകാരുടെ സൈനികബലത്തിനു മുമ്പിൽ മുട്ടുമടക്കി ഓഛാനിച്ചു നിന്നു നമ്മുടെ പിതാമഹന്മാർ സുന്നഹദോസു നിശ്ചയങ്ങൾക്കു ഒപ്പു ' പോടുക' യായിരുന്നു എന്നൊരു ആരോപണം ഇക്കാലത്തു ചിലർ ഉയർത്തുന്നുണ്ട്. ഇത് ചരിത്ര വസ്തുതകൾക്ക് നിരക്കുന്നതല്ല. നാം നമ്മുടെ നട്ടെല്ലിനോടു നീതികാണിക്കാൻ ഇപ്പോൾ മടികാണിക്കുന്നു എന്നതു ശരിയായിരിക്കാം. നമ്മുടെ പിതാമഹന്മാരുടെ നട്ടെല്ലിന്റെ ദൃഢതയെ വിലകുറച്ചു കാണിക്കുന്നത് ശരിയല്ല. മാർത്തോമ്മാ സഭയിലെ ചരിത്രപണ്ഡിതനും എഴുത്തുകാരനുമായ ശ്രീ കെ .എം. ഡാനിയേൽ ഉദയംപേരൂർ സുന്നഹദോസിൻ്റെ കാനോനുകൾ എന്ന പേരിൽ 1952 ൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിൻ്റെ ആമുഖത്തിൽ സുന്നഹദോസു വിളിച്ചുകൂട്ടിയ പ്രാരംഭപ്രക്രിയയെ ഇങ്ങനെ വിവരിക്കുന്നു. പോർട്ടുഗീസു മെത്രാപ്പോലിത്ത മെനേസീസ് കേരളത്തിൽ വന്നു സുന്നഹദോസിൻ്റെ ക്രമീകരണങ്ങൾ ചെയ്യുന്ന ഭാഗം ഇപ്രകാരമാണ്.


"1599 ഫെബ്രുവരി 1-ാം തീയതി അദ്ദേഹം കൊച്ചിയിൽ വന്നിറങ്ങി. കേരളത്തിലെ നസ്രാണികളുടെ പരമാധിപതിയായ ഗീവറുഗീസ് അർക്കദിയാക്കോനെ ഒരു അഭിമുഖ സംഭാഷണത്തിനായി ക്ഷണിക്കുന്ന ഓല അയച്ചു. [മെനേസിസു തൻ്റെ യാത്രാവിവരം മുഴുവൻ വിസ്താരമായി എഴുതിവച്ചിരുന്ന ഗൊവെയാ എന്നൊരു പാദ്രിയെ ഏല്പിച്ചു നോക്കി അദ്ദേഹം ഒരു പുസ്‌തകം എഴുതി 1606-ൽ പ്രസിദ്ധം ചെയ്‌തു. അതിൻ്റെ ഒരു കോപ്പി ഇരുനൂറ്റി അമ്പതു രൂപാ കൊടുത്തു തിരുവിതാംകൂർ സർവ്വകലാശാല വിലയ്ക്കു വാങ്ങി സൂക്ഷിച്ചിട്ടുണ്ട്. ആ പുസ്‌തകത്തിൽ നിന്നാണ് താഴെപ്പറയുന്ന വിവരങ്ങൾ എടുത്തിട്ടുള്ളത്] അർക്കദിയാക്കോൻ തൻ്റെ സഭയിലെ പ്രമുഖന്മാരെ ഓല അയച്ചു വരുത്തി ആലോചിച്ചതിൽ സഭയുടെ സ്വാതന്ത്യത്തെയും ഉപദേശാചാരങ്ങളെയും എന്തു വന്നാലും അണുവോളമെങ്കിലും നഷ്ടപ്പെടുത്താൻ പാടില്ലെന്നും എന്നാൽ നിവൃത്തി ഉണ്ടെങ്കിൽ രക്ത‌ച്ചൊരിച്ചിൽ കൂടാതെ കഴിക്കണമെന്നും അവർ എകകണ്ഠമായി അഭിപ്രായപ്പെട്ടു. ആർച്ചുബിഷോപ്പു പള്ളികളിൽ സഞ്ചരിക്കാൻ അനുവദിക്കാമെന്നും മേല്പട്ട സ്ഥാനത്തിൻ്റെ കർമ്മങ്ങളൊന്നും നടത്തുകയില്ലെന്നു അദ്ദേഹം വാഗ്ദാനം ചെയ്യണമെന്നും തീരുമാനിച്ചു. കൊച്ചിയിലെക്കു പോകുന്നതു വേണ്ട കരുതലോടുകൂടെ വേണമെന്നു നിശ്ചയിച്ചതനുസരിച്ച് ആയുധ പാണികളായ മൂവായിരം സൈനികരുടെയും

അവരുടെ നായകന്മാരായ രണ്ടു പണിക്കർമാരുടെയും അകമ്പടിയോടുകൂടെ അർക്കദിയാക്കോൻ കൊച്ചിയിലേക്കു തിരിച്ചു. ഗവർണ്ണർ പടിവാതിൽവരെ ഇറങ്ങിച്ചെന്നു അർക്കദിയാക്കോനെ ബഹുമാനപൂർവ്വം സ്വീകരിച്ചു ആർച്ചുബിഷോപ്പിൻ്റെ അടുത്തേക്ക് ആനയിച്ചു. ആർച്ചുബിഷപ്പ് അദ്ദേഹത്തെ ബഹുമാനിച്ചിരുത്തി. പറങ്കികൾ വല്ല ചതിവും ചെയ്യാൻ മുതിരുന്നപക്ഷം പ്രതികാരത്തിനു തയ്യാറായി രണ്ടു പണിക്കർമാരും ഊരിപ്പിടിച്ച വാളോടുകൂടെ ആർച്ചുബിഷോപ്പിൻ്റെ കസേരയോടു ചേർന്നിനിന്നു. വെളിക്കുള്ളവർ അകത്തേക്കു ഇരച്ചുകയറാതിരിക്കാനായി ഇതിനിടയിൽ ആരോ വാതിൽ ഒന്നടച്ചു. അർക്കറിയാക്കോനെ അറസ്റ്റു ചെയ്തെന്നു ശങ്കച്ചിട്ടു അദ്ദേഹത്തിൻ്റെ സൈനികന്മാർ കതകു ഇടിച്ചു പൊളിക്കാനായി ഓടി അടുത്തു. അപ്പോൾ കതക് തുറക്കുകയും യാതൊരാപത്തും ഇല്ലെന്നു അവരെ ബോധപ്പെടു ത്തുകയും ചെയ്തു.


ആർച്ചുബിഷോപ്പു തൻ്റെ പള്ളികളിൽ സഞ്ചരിക്കുന്നതിനു അനുവദിക്കാമെന്നും മേല്‌പട്ട സ്ഥാനത്തിൻ്റെ കർമ്മങ്ങളൊന്നും നടത്തുകയില്ലെന്നും വാഗ്ദാനം ചെയ്യണമെന്നും അർക്കദിയാക്കോൻ പറയുകയും അതു ആർച്ചുബിഷോപ്പു സമ്മതിക്കുകയും ചെയ്തു".


ഇതിൽ നിന്നെല്ലാം വ്യക്‌തമാകുന്ന ചിത്രം ഇതാണ്. നമ്മുടെ പിതാമഹൻമാർക്കു പോർട്ടുഗീസ് അധികാരികളുടെ മുമ്പിൽ ഓഛാനിച്ചു ഭയപ്പെട്ടു നില്‌ക്കേണ്ട യാതൊരും സാഹചര്യവും ഇല്ലായിരുന്നു. അതിനവർ ഒരിക്കലും തയ്യാറയിട്ടില്ല. മറിച്ചുള്ള പ്രചാരണം നമ്മുടെ പിതാമഹന്മാരെ അപമാനിക്കുന്നതിനു തുല്യമാണ്. പ്രചരണക്കാരുടെ ഉദ്ദേശ്യം മറ്റൊന്നാണെങ്കിലും ഫലത്തിൽ അതു പിത്യനിന്ദയാണ്. അത് അക്ഷന്തവ്യമാണ്.


Apr 3, 1992

0

Related Posts

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page