top of page

ആശാനിവാസ്

Writer:  ലിന്‍സി വര്‍ക്കി
ലിന്‍സി വര്‍ക്കി
Jun 10
5 min read
സൂര്യപ്രകാശമുള്ള പാടത്തിൽ കുഞ്ഞിനെ തോളിലേറ്റി നടക്കുന്ന അച്ഛൻ, അമ്മയും മകളും; പുഞ്ചിരിയോടെ, പുഷ്പങ്ങൾ നിറഞ്ഞ പശ്ചാത്തലം.

ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു യാത്രയിലായിരുന്നു ഞാന്‍. സ്വപ്നങ്ങളുടെ ചിതാഭസ്മവും പേറി, ഒരിക്കലും നടത്തേണ്ടിവരുമെന്നു ചിന്തിക്കുക പോലും ചെയ്യാത്ത ഒരു യാത്രയില്‍ ...


യാത്രയിലുടനീളം പ്രകൃതി കരയുകയായിരുന്നു. ആ കണ്ണീര്‍ വെള്ളച്ചാട്ടങ്ങളായി വഴികളിലേക്ക് ആര്‍ത്തലച്ചു നിപതിച്ചു. അരുവികളിലൂടെയും പുഴകളിലൂടെയും കരകവിഞ്ഞൊഴുകി.


പതിനേഴോ പതിനെട്ടോ വയസ്സ് പ്രായം തോന്നിക്കുന്ന, പലവര്‍ണ്ണങ്ങളിലുള്ള കുടകള്‍ വില്‍ക്കുന്ന ഒരു നാടോടി പെണ്‍കുട്ടി നിവര്‍ത്തിയതും നിവര്‍ത്തതുമായ കുടകളുമായി വഴിയരികില്‍ നില്‍ക്കുന്നുണ്ടായിരുന്നു. കാര്‍ നിര്‍ത്തിയപ്പോള്‍ മഴയെ വകവയ്ക്കാതെ അവള്‍ ഓടിവന്നു.


നനഞ്ഞൊട്ടിയ അവളുടെ ശരീരത്തിലൂടെ അലയാന്‍ ശ്രമിച്ച കണ്ണുകളെ നിര്‍ബന്ധിച്ചു തിരികെവിളിച്ചു കൊണ്ട് പലനിറങ്ങളിലുള്ള മൂന്നു കുടകള്‍ വിലപേശി വാങ്ങി. ഉദ്ദേശിച്ച ലാഭം കിട്ടാഞ്ഞതിനാലാവാം അവളുടെ മുഖം വാടി.


കാര്‍ മുന്നോട്ടെടുത്തപ്പോഴാണ് അടുത്തുള്ള മരച്ചോട്ടില്‍, നിവര്‍ത്തിവച്ചിരിക്കുന്ന കുടയുടെ അടിയില്‍ കിടന്നുറങ്ങുന്ന കുഞ്ഞിനെ കണ്ടത്. അവളോട് വിലപേശിയതില്‍ ഞാന്‍ ഖേദിച്ചു.


മൂടിക്കെട്ടിയ മനസ്സ് ഭൂതകാലങ്ങളില്‍ അലഞ്ഞു തിരിഞ്ഞു. നഷ്ടസ്വപ്നങ്ങളെയും വേദനകളേയും വീണ്ടും വീണ്ടും തിരികെ കൊണ്ടുവന്നു. ശൂന്യതയിലേയ്ക്ക് വലിച്ചു താഴ്ത്തി ശ്വാസം മുട്ടിച്ചു.


സ്വപ്നങ്ങള്‍ ഫലിക്കുമെന്ന് ഒരിക്കലും വിശ്വസിച്ചിരുന്നില്ല. ഒരു സ്വപ്നത്തിന്‍റെ തുടര്‍ച്ചയെന്നവണ്ണം അവളെ നഷ്ടപ്പെടുന്നതുവരെ...


നെറ്റുകൊണ്ടുണ്ടാക്കിയ വെളുത്ത നീളന്‍ ഉടുപ്പിട്ട് ശവപ്പെട്ടിയില്‍ നീണ്ടുനിവര്‍ന്നു കിടന്ന അവള്‍ക്കു ചുറ്റും ആളുകള്‍ തിന്നുകയും കുടിക്കുകയും ചിരിക്കുകയും ബഹളം വയ്ക്കുകയും ചെയ്തുകൊണ്ടിരുന്നു.


ആ കാഴ്ചകണ്ട് ഹൃദയം തകര്‍ന്ന് അവരെ ശകാരിച്ചുകൊണ്ട് ഞാന്‍ അവള്‍ക്കരികിലേയ്ക്ക് ഓടിയടുത്തു. വഴിനീളെ പലരും എന്നെ തടഞ്ഞു. പക്ഷേ ഞാന്‍ ഓടിക്കൊണ്ടേയിരുന്നു. മരുഭൂമിയും കടലും താണ്ടി. പുഴയും പുല്‍മേടുകളും താണ്ടി...


പള്ളിമണികള്‍ നിര്‍ത്താതെ ഒറ്റയും പെട്ടയും അടിച്ചു. ഓടുന്നതനുസരിച്ച് മണിമുഴക്കങ്ങള്‍ കൂടുതല്‍ കൂടുതല്‍ ഉച്ചത്തിലായി. ഒടുവില്‍ ആ ശബ്ദം എന്‍റെ തലയ്ക്കല്‍ നിന്നായി മാറി.


അതൊരു സ്വപ്നമായിരുന്നു എന്നറിഞ്ഞ് തല്ക്കാലം ആശ്വസിച്ചെങ്കിലും അത് അധികം നീണ്ടുനിന്നില്ല. അന്നു വൈകിട്ട് അമ്മയില്‍നിന്ന് അവളുടെ വിവാഹമാണെന്ന് അറിഞ്ഞപ്പോള്‍ ആദ്യം മനസ്സിലേക്കോടിയെത്തിയത് ആ ദുസ്വപ്നമാണ്.


അന്നു മുതല്‍ സ്വപ്നങ്ങള്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കി. ഓരോ സ്വപ്നങ്ങളെയും പേടിച്ചു തുടങ്ങി.


വര്‍ഷങ്ങള്‍ക്കു ശേഷം അതേ വെള്ള ഉടുപ്പിട്ട് എന്‍റെയൊപ്പം പള്ളിയില്‍ നില്‍ക്കുന്ന അവളെ കണ്ടതിന്‍റെ പിറ്റേന്നാണ് ആ മരണവാര്‍ത്ത സുഹൃത്തുക്കളുടെ വാട്ശ് പ്പ് സന്ദേശങ്ങളായി പ്രവഹിച്ചത്.


എന്നാണ് അവളെ അവസാനമായി കണ്ടത്?


ബാധ്യതകളൊക്കെ ഒഴിച്ച്, ഒരുപാട് ആഗ്രഹിച്ചു പണിത വീടിന്‍റെ പാലുകാച്ചിനോ, അതോ ആ വര്‍ഷത്തെ സെബാസ്ത്യാനോസ് പുണ്യാളന്‍റെ പെരുന്നാളിനോ? ഏതായിരുന്നു ആദ്യം? ഏതായിരുന്നു അവസാനം?


വര്‍ഷങ്ങളുടെ മരുഭൂമിവാസം ഓര്‍മ്മകളെ പൊടിക്കാറ്റില്‍ പറത്തിത്തുടങ്ങിയിരിക്കുന്നു. പലതും ഒരു പുകമറയ്ക്കപ്പുറത്തെന്ന പോലെ തെളിച്ചമില്ലാതായി മാറിയിരിക്കുന്നു.


എങ്കിലും വീടിന്‍റ പാലുകാച്ചല്‍ ചടങ്ങിന് ഒരു കയ്യില്‍ വലിയൊരു സമ്മാനപ്പൊതിയും ഒക്കത്ത് ഇളയമകനുമായി അവള്‍ കടന്നുവന്നത് ഇന്നലെയെന്നപോലെ ഓര്‍മ്മയുണ്ട്.


മകനെ അമ്മയെ ഏല്‍പ്പിച്ച്, വളരെ സൂക്ഷിച്ച് സാരി ഒരല്‍പം പൊക്കി വലതുകാല്‍ വച്ച് അകത്തുകയറി, ആരെയും ശ്രദ്ധിക്കാതെ നേരെ തിരുഹൃദയത്തിന്‍റെ മുന്‍പില്‍ ചെന്ന് ഏതാനും നിമിഷങ്ങള്‍ കണ്ണടച്ചു നിന്നു.


പിന്നെ എന്‍റെ നേരെ അര്‍ത്ഥഗഭമായ ഒരു നോട്ടമയച്ച് നിഷയ്ക്ക് ആ സമ്മാനപ്പൊതി കൈമാറി. വര്‍ഷങ്ങള്‍ക്കു ശേഷം അവള്‍ നോക്കിയ ആ നോട്ടത്തിന് ഇന്നും നിര്‍വ്വചിച്ചു തീരാത്തത്ര അര്‍ത്ഥങ്ങളുണ്ടായിരുന്നു.


വിധി തട്ടിപ്പറിച്ചെടുത്ത സമയത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചു കൊണ്ട് അവളുടെ ആ സമ്മാനം അന്നുമുതല്‍ എന്‍റെ സ്വപ്നസൗധത്തിന്‍റെ ചുവരില്‍ ഇരുന്ന് മിടിച്ചു. എന്നും നിലയ്ക്കാതെ മിടിയ്ക്കാന്‍ എന്നെ ഏല്പിച്ച അവളുടെ ഹൃദയമായിരുന്നു അത് എന്ന് അറിയാന്‍ വളരെ വൈകിപ്പോയി.


അവള്‍ എനിക്കാരായിരുന്നു? വെറും ബാല്യകാല സഖിയോ? അതോ സുഹൃത്തിന്‍റെ ഭാര്യയോ?


മറ്റുള്ളവരുടെ മുന്‍പില്‍ അവള്‍ അതൊക്കെയായിരുന്നു. പക്ഷെ ആരുമറിയാതെ ഉള്ളിന്‍റെ ഉള്ളില്‍ ഞങ്ങള്‍ പരസ്പരം സ്നേഹിച്ചിരുന്നു. നോട്ടങ്ങളിലൂടെ അത് കൈമാറിയിരുന്നു. ഹൃദയങ്ങള്‍ പരസ്പരം സംസാരിച്ചിരുന്നു.


അവളുടെ മരണവാര്‍ത്ത അറിഞ്ഞ ദിവസമായിരുന്നു ജീവിതത്തിലെ ഏറ്റവും ദുഖകരമായ ദിവസം. ഒന്നും കഴിച്ചില്ല, കുളിച്ചില്ല, ഉറങ്ങിയില്ല. അവള്‍ക്കൊപ്പം വേറേതോ ലോകത്തിലായിരുന്നു. ചുറ്റും നടക്കുന്നതൊന്നും അറിയാത്ത മറ്റൊരു ലോകത്തില്‍. അവിടെ സങ്കടങ്ങള്‍ ഉണ്ടായിരുന്നില്ല, വിശപ്പ് ഉണ്ടായിരുന്നില്ല, ഹൃദയവേദന ഉണ്ടായിരുന്നില്ല. എങ്ങും അവള്‍ മാത്രം. വിവിധ പ്രായങ്ങളില്‍, വിവിധ ഭാവങ്ങളില്‍, വിവിധ രൂപങ്ങളില്‍ അവള്‍ എനിക്കു ചുറ്റും പറന്നു കളിച്ചു.


നേരം വെളുത്തപ്പോള്‍ മനസ്സ് യാഥാര്‍ഥ്യത്തെ മെല്ലെ അംഗീകരിച്ചു തുടങ്ങി. കഞ്ചാവിന്‍റെ കെട്ടു വിടുന്നതു പോലെ മറഞ്ഞിരുന്നവയെല്ലാം പതിയെ തിരിച്ചു വന്നു. ഹൃദയം അലമുറയിട്ടു കരഞ്ഞു.


പിന്നീടെന്നും സ്വപ്നം കണ്ടത് ഒരു കല്ലറയാണ്. ഓരോ ഉറക്കത്തിലും നിറയെ പൂക്കളുമായി ആ കല്ലറ സന്ദര്‍ശിച്ചു. സ്ലാബുകള്‍ വലിച്ചുമാറ്റി അതിനുള്ളിലേയ്ക്ക് എത്തിനോക്കി. പക്ഷെ അതിനകം എപ്പോഴും ശൂന്യമായിരുന്നു .


സൈക്കിളോടിക്കുന്ന രണ്ടു വലിയ കണ്ണുകളും, ആയത്തില്‍ ഊഞ്ഞാലാടുന്ന നടുവില്‍ വിടവുള്ള പല്ലുകളുടെ നിരയും, തനിയെ നടക്കുന്ന ഒരു പഴയ നീലച്ചുരിദാറും, കുനിഞ്ഞിരിക്കുന്ന ഒരു നിഴലുമൊക്കെ സ്വപ്നങ്ങളായി വന്ന് നിരന്തരം ശല്യപ്പെടുത്തി. എന്‍റെ ഉറക്കം കെടുത്തി .


നാട്ടിലെത്തിയിട്ട് ആഴ്ചകളായിരിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ തിരിച്ചുപോകാറാകും. അതിനു മുന്‍പ് ഈ അതിവിചിത്ര സ്വപ്നങ്ങളുടെ കുരുക്കഴിക്കണം. അതിന് ആ വീട്ടില്‍ ചെല്ലണം.


അവളുടെ കുഴിമാടവും അവളില്ലാത്ത ആ വീടും നേരില്‍ കാണണം. ഇനിയും വിശ്വസിക്കാത്ത മനസ്സിനെ വിശ്വസിപ്പിക്കണം. പിന്നെ അവിടെ എന്നേയ്ക്കുമായി നിഷയെ കുടിയിരുത്തണം.


സോജന്‍റെ വാക്കുകളില്‍ അവള്‍ ഒരു നല്ല ഭാര്യയായിരുന്നു. പരാതിയും പരിഭവങ്ങളുമില്ലാത്ത വീട്ടമ്മയായിരുന്നു. അമ്മായിഅമ്മയെ അമ്മയായി കരുതുന്ന മരുമകളായിരുന്നു.


അവളും ഒരു നല്ല അഭിനേത്രി ആയിരുന്നുവോ ? ആ വീട് ഒരു നാടകശാലയും. പാതി വഴിയില്‍ തിരശീല വീഴ്ത്തി മടങ്ങിപ്പോകുന്നതു വരെ ഓരോ വേഷങ്ങളും ഭംഗിയായി അഭിനയിക്കുകയായിരുന്നുവോ?


അവിടെ ചെല്ലുമ്പോഴുള്ള രംഗങ്ങള്‍ മുന്‍കൂട്ടി വിഭാവനം ചെയ്തു. അവളില്ലാത്ത ആ വീട് പൊടിയും മാറാലയും പിടിച്ചിട്ടുണ്ടാകും. ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങള്‍ കരഞ്ഞുവറ്റിയ കണ്ണുകളുമായി എവിടെയെങ്കിലും ഇരിക്കുന്നുണ്ടാകും . സോജന്‍റെ രോഗിയായ അമ്മച്ചി ശുശ്രുഷിക്കാനാരുമില്ലാതെ കുഴമ്പും മരുന്നും മണത്തു കിടക്കും. അവന്‍ ഷേവ് ചെയ്യാത്ത മുഖവും മുഷിഞ്ഞ വസ്ത്രങ്ങളുമായി ഇറങ്ങിവരും..


സ്വീകരണമുറിയിലെ വലിയ ചിത്രത്തിലിരുന്ന് അവളെന്നെ നോക്കും. കണ്‍കോണില്‍ എനിക്കായി എന്നോ കരുതിയ, ഇറ്റുവീഴാനിരിക്കുന്ന ഒരു നീര്‍തുള്ളി എന്‍റെ നോട്ടമേറ്റു തിളങ്ങും. പിന്നെ എന്‍റെ കണ്ണിലൂടെ വാര്‍ന്നൊഴുകും.


'വീടെത്തി ചേട്ടാ ...' ടാക്സി ഡ്രൈവര്‍ മൂരി നിവര്‍ത്തിക്കൊണ്ടു പറഞ്ഞു. മൂന്നു മൂന്നര മണിക്കൂറുകള്‍ നീണ്ട യാത്ര അയാളെ മുഷിപ്പിച്ചിരുന്നു.


ഞാന്‍ ചുറ്റും നോക്കി.


വൃത്തിയായി അടിച്ചിട്ടിരിക്കുന്ന മുറ്റം, വെട്ടി നിര്‍ത്തിയ ചെടികള്‍, പച്ചപ്പുല്ലുകള്‍ തഴച്ചു വളരുന്ന വലിയ ലോണ്‍. അതിനു നടുവില്‍ വലിയ പൂക്കളുമായി, തുളുമ്പിനില്‍ക്കുന്ന ഒരു ചെറിയ ആമ്പല്‍ക്കുളം.


വീട്ടമ്മ മരിച്ച വീടിന്‍റെ മുറ്റത്തിന് ഇത്ര വൃത്തിയോ? ഞാന്‍ അത്ഭുതപ്പെട്ടു.


കാളിങ് ബെല്ലില്‍ വിരലമര്‍ത്തുന്നതിനു മുന്‍പേ സോജന്‍ ഇറങ്ങിവന്നു. എന്നെക്കണ്ട് ഒന്നു ശങ്കിച്ചുനിന്നശേഷം മുന്നോട്ടാഞ്ഞ് കെട്ടിപ്പിടിച്ചു . അവന്‍റെ മുഖത്ത് നിന്ന് ഷേവിങ്ങ് ലോഷന്‍റെ ഗന്ധം പ്രസരിച്ചു. വസ്ത്രം, പ്രതീക്ഷിച്ചതു പോലെ വിയര്‍പ്പുമണക്കുന്നുണ്ടായിരുന്നില്ല.


ഭാര്യ മരിച്ചയാളിന്‍റെ വസ്ത്രത്തിന് അലക്കിത്തേച്ച ഗന്ധമോ? ഞാന്‍ വീണ്ടും ശങ്കിച്ചു.


ഹാളില്‍ അവളുടെ മാലയിട്ട വലിയ ചിത്രം ഉണ്ടായിരുന്നില്ല. പകരം അവരുടെ കല്യാണ ചിത്രത്തില്‍ അവള്‍ ചിരിക്കാതെ നിന്നു. ഞാന്‍ ചുറ്റും നോക്കി. അവള്‍ അവിടെ എവിടെയോ ഉണ്ടെന്ന് മനസ്സ് പറഞ്ഞു.


സോജന്‍റെ രോഗിയായ അമ്മ കടന്നുവന്നു. കോളേജില്‍ പഠിക്കുമ്പോള്‍ ആ വീട്ടില്‍ സ്ഥിരമായി ചെന്നുകണ്ട പരിചയം ആ കണ്ണുകളില്‍ തിളങ്ങി. അവരുടെ തൂവെള്ള ചട്ടയും മുണ്ടും പൂമുഖത്തെ പ്രകാശിപ്പിച്ചു. നടുവില്‍ നിന്നു പകുത്ത് ചീകി കെട്ടിയ നരച്ചു വെളുത്ത മുടി സൂര്യപ്രകാശത്തില്‍ തിളങ്ങി.


അവള്‍ അവിടെ എവിടെയോ ഉണ്ട്. ഒന്നു കൂടി കാണാനുള്ള ത്വരയോടെ ഞാന്‍ വീടിനുള്ളിലേക്ക് കണ്ണോടിച്ചു. പിന്നെ എന്നെത്തന്നെ നിയന്ത്രിക്കാനാവാതെ മൊബൈല്‍ ഫോണ്‍ ബെല്‍ കേട്ട് അകത്തേയ്ക്കു പോയ സോജന്‍റെ ഒപ്പം അവരുടെ കിടപ്പുമുറിയിലേക്ക് നടന്നു .


വിരിച്ചിട്ട ചുളിയാത്ത ബെഡ്ഷീറ്റും മടക്കിയിട്ട വസ്ത്രങ്ങളും വീണ്ടും എന്നെ അത്ഭുതപ്പെടുത്തി. നീലക്കുറിഞ്ഞി പൂത്ത മലനിരകള്‍ പശ്ചാത്തലമായെടുത്ത കുടുംബ ചിത്രത്തില്‍ സോജന്‍റെ തോളില്‍ ചാരിയിരുന്ന് അവള്‍ എന്നെ നോക്കി ചിരിച്ചു.


ഒരു ട്രെയില്‍ കാപ്പിക്കപ്പുകളുമായി അവരുടെ മകള്‍ കടന്നുവന്നു . എന്‍റെ ഹൃദയം കുതിച്ചു ചാടി.


ദിവസങ്ങളായി എന്നെ വിഷമത്തിലാക്കിയ സ്വപ്നത്തിലെ, നടുവില്‍ വിടവുള്ള പല്ലുകളുടെ നിരയുമായി അവള്‍ എന്നെ നോക്കി ചിരിച്ചു.


'ആശേ ... ' എന്നുറക്കെ വിളിച്ച് അവളെ കെട്ടിപ്പിടിച്ചേനെ. അതിനു മുന്‍പ് ' അങ്കിള്‍ കാപ്പി 'എന്നു പറഞ്ഞ് അവളെന്നെ നിയന്ത്രിച്ചു.


ഞാന്‍ അവളെ ഉറ്റുനോക്കി. ആശയുടെ കുഞ്ഞു പതിപ്പ്. അതെ ചിരിയും രൂപവും. ഇടത്തെ കവിളിലെ താടിയോടു ചേര്‍ന്നുള്ള കാക്കപ്പുള്ളിപോലും അവള്‍ക്കുണ്ടായിരുന്നു. ആശ വീണ്ടും ഒരു കൗമാരക്കാരി ആയതുപോലെ. എന്‍റെ ഹൃദയം ഉരുകിയൊലിച്ചു .


"മോള് ഏതു ക്ലാസ്സിലാ?" ഞാന്‍ സ്നേഹത്തോടെ ചോദിച്ചു.


"എട്ടില് ' അവള്‍ ചിരിമായാതെ മറുപടി പറഞ്ഞു.


"ഭാവിയിലെ കലക്ടറാ...ഞാന്‍ സല്യൂട്ട് ചെയ്യേണ്ടിവരും." സോജന്‍ ചെറുചിരിയോടെ എന്നെ നോക്കി കണ്ണിറുക്കി.


"വാശി പിടിപ്പിക്കല്ലേ... ചിലപ്പോള്‍ പ്രസിഡന്‍റും ആയെന്നു വരും." അവള്‍ മുഖം കോട്ടി.


ഒരു അഞ്ചുവയസ്സുകാരന്‍ ഒരുകൈയില്‍ നിറയെ കളര്‍ പെന്‍സിലുകളും മറുകയ്യില്‍ ഒരു ചിത്രരചനാ പുസ്തകവുമായി വന്ന് അപ്പനോട് ചേര്‍ന്നു നിന്നു. അവനും അമ്മയുടെ ചെറിയ പതിപ്പായിരുന്നു. പക്ഷെ രണ്ടുപേര്‍ക്കും അവളുടെ കണ്ണുകള്‍ കിട്ടിയിട്ടുണ്ടായിരുന്നില്ല.


എനിക്ക് വിഷമം തോന്നി. തിളങ്ങുന്ന ആ കണ്ണുകള്‍ ഒന്നുകൂടി കാണാന്‍ ഞാന്‍ ആഗ്രഹിച്ചു. ദിവസവും സ്വപ്നത്തിലെത്തിയിരുന്ന വലിയ കണ്ണുകള്‍ എങ്ങുനിന്നോ വീണ്ടും എന്നെ പേരുചൊല്ലി വിളിച്ചു.


'ബ്രേക് ഫാസ്റ്റ് കഴിക്കാം' അമ്മച്ചി വന്നു വിളിച്ചു. ഞാന്‍ ഭക്ഷണം കഴിച്ചിരുന്നത് കൊണ്ട് സ്നേഹപൂര്‍വ്വം നിരസിച്ചു.


'നിനക്കിഷ്ടമുള്ള പൊറോട്ടയും ബീഫുമുണ്ട് ' അമ്മച്ചി എന്നെ കൊതിപ്പിക്കാനെന്നവണ്ണം പറഞ്ഞു.


നല്ല ഭക്ഷണം കഴിക്കാന്‍ വേണ്ടി ഹോസ്റ്റലില്‍ നിന്ന് ആ വീട്ടില്‍ ചെന്നിരുന്ന നാളുകള്‍ വീണ്ടും ഓര്‍മ്മയിലെത്തി. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും അമ്മച്ചി അതൊന്നും മറന്നുപോകാഞ്ഞതില്‍ അത്ഭുതം കൂറി.


ഞങ്ങള്‍ ഡൈനിങ് റൂമിലേയ്ക്ക് നടന്നു. കറുത്ത ചില്ലിട്ട തടിമേശയുടെ മുകളില്‍ ഒരു പൂപ്പാത്രത്തില്‍ പുതിയ പൂക്കള്‍ ചിരിച്ചു നിന്നു. തേക്ക് കൊണ്ടുണ്ടാക്കിയ വലിയ ഷോ കേസിന്‍റെ ചിത്രപ്പണി ചെയ്ത തിളങ്ങുന്ന ചില്ലുകളില്‍ നിന്ന് ചെരിഞ്ഞ തലയും പതിഞ്ഞ മൂക്കും വലിയ വായ്കളും ഉള്ള കുറെ മനുഷ്യര്‍ ഞങ്ങളെ നോക്കി. മാര്‍ബിള്‍ പതിപ്പിച്ച തറയില്‍ നിന്നും അല്‍പം മുന്‍പ് തുടച്ചു പോയതിന്‍റെ ചെറിയ നനവ് കാലില്‍ പറ്റി.


മേശമേല്‍ ചൂട് പറക്കുന്ന ബീഫ് കറിയും ഒരു കാസറോളില്‍ പൊറോട്ടയും ഉണ്ടായിരുന്നു. പൊറോട്ടയുടെ രുചിയും മയവും, വിശപ്പ് ഉണ്ടാക്കുന്ന തരത്തിലുള്ളതായിരുന്നു.


'പൊറോട്ട വാങ്ങിയതാണോ?' ചാറില്‍ മുക്കിയ പൊറോട്ടയുടെ രുചി ആസ്വദിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു .


'അല്ല സോന ഉണ്ടാക്കിയതാ' മോള്‍ മറുപടി പറഞ്ഞു .


ഞാന്‍ അടുക്കളയിലേയ്ക്ക് കണ്ണെറിഞ്ഞു. വെളുത്തുതുടുത്ത, അംഗഭംഗി കൊണ്ട് അനുഗ്രഹീതയായ സോന എന്ന ഹിന്ദിക്കാരി സുന്ദരിയെ ഒരു നോക്കു കാണാന്‍ മനസ്സ് കൊതിച്ചു. അതിനായി ഞാന്‍ വീണ്ടും പൊറോട്ട ആവശ്യപ്പെട്ടു.


'അല്ല ... സോന ബീഹാറിയാണ്. മഠത്തിലെ കന്യാസ്ത്രിയമ്മ വഴി കിട്ടിയതാ.' മോള്‍ വിവരിച്ചു.


'അവള്‍ടെ ചേച്ചി വര്‍ഷങ്ങളായി ആ മഠത്തിലാ. രണ്ടും നല്ലപെണ്ണുങ്ങളാ കേട്ടോ, എല്ലാ പണീം നോക്കീം കണ്ടും ചെയ്തോളും' അമ്മച്ചി വാചാലയായി.


ചൂട് പൊറോട്ടയുമായി കറുത്തുമെലിഞ്ഞ ഒരു പെണ്‍കുട്ടി കടന്നുവന്നു. ഒട്ടും പാകമാകാത്ത ഒരു ചുരിദാര്‍ ആണ് അവള്‍ ധരിച്ചിരുന്നത്. കുറെ ദിവസങ്ങളായി ഞാന്‍ സ്വപ്നത്തില്‍ കണ്ട ഇളം നീല നിറമുള്ള ചുരിദാര്‍.


തോളില്‍ നിന്ന് ഊര്‍ന്നു പോകുന്ന ആ വസ്ത്രം ഒരു കൈ കൊണ്ട് വലിച്ചുയര്‍ത്തി, ആരെയും നോക്കാതെ കാസറോള്‍ നിറച്ച് സോന അടുക്കളയിലേയ്ക്ക് അപ്രത്യക്ഷയായി.


'പതിമൂന്ന് ആയതേ ഉള്ളൂ. പക്ഷെ പതിനെട്ടെന്നാ പറഞ്ഞേക്കുന്നെ...അല്ലേല്‍ ബാലവേലയ്ക്ക് കേസാകും '.


അമ്മച്ചി ഒരു രഹസ്യം പോലെ പറഞ്ഞു. പിന്നെ സോജനെ നോക്കി തുടര്‍ന്നു.


'കേസും പുക്കാറുമൊന്നും ഇവന്‍ ഈ സ്റ്റേഷനിലെ എസ് ഐ ആയിരിക്കുന്നടത്തോളം ഉണ്ടാകില്ലെന്ന് വയ്ക്കാം. പക്ഷെ കമ്മീഷന്‍കാരറിഞ്ഞാ പ്രശ്നമാകും...'


എനിക്ക് ആശയോട് ദേഷ്യം തോന്നി. സ്വന്തം ഹൃദയം പ്രവര്‍ത്തിക്കുന്നില്ലെന്നു മനസ്സിലാക്കാന്‍ കഴിയാതെപോയ അവളോടുള്ള ദേഷ്യത്തോടെ പൊറോട്ട വലിച്ചു കീറി.


"അവടൊക്കെ ഭയങ്കര പട്ടിണിയാ കേട്ടോ. ഇവള്‍ടെ എളേത്തുങ്ങള്‍ നാലോ അഞ്ചോ ഒണ്ട് . പട്ടിണി കൊണ്ടാ ഇതുങ്ങളെ ഇങ്ങനെ വല്ലനാട്ടിലും വിടുന്നത്'. അമ്മച്ചി ബീഫിന്‍റെ കൊഴുത്ത ചാറ് എന്‍റെ പത്രത്തിലേയ്ക്ക് കോരിയൊഴിച്ചു കൊണ്ട് പറഞ്ഞു.


'ഇങ്ങനെയുള്ള പല കുട്ടികളും ട്രാഫിക്കിങ്ങിന് ഇരയാകാറുണ്ട്. പോറ്റാനും കെട്ടിച്ചയക്കാനും പണമില്ലാത്തതുകൊണ്ട് മാതാപിതാക്കള്‍ തന്നെ ചെറിയ തുകയ്ക്ക് അവരെ വില്‍ക്കും' സോജന്‍ പൂരിപ്പിച്ചു.


ആശയോടുള്ള ദേഷ്യം മാഞ്ഞു മാഞ്ഞുപോയി. അവിടെ വീണ്ടും അളവില്ലാത്ത സ്നേഹം നിറഞ്ഞു. പണ്ടും അവളങ്ങനെ ആയിരുന്നു. മറ്റുള്ളവരെ പരിഗണിക്കുന്നവള്‍. അവര്‍ക്ക് വേണ്ടി മാറിനില്‍ക്കുന്നവള്‍.


കൂട്ടുകാരിയുടെ യൂണിഫോം പാവാട കീറിയപ്പോള്‍ എനിക്കു പലതുണ്ടെന്നു പറഞ്ഞ് സ്വന്തം പാവാട ഊരിനല്കിയവള്‍. അത് ആരോടും പറയരുതെന്ന് ശട്ടം കെട്ടിയവള്‍. ആ ഹൃദയം നിറയെ നന്മയായിരുന്നു . നിറഞ്ഞ സ്നേഹമായിരുന്നു.


'ഇപ്പോഴും പശുക്കളുണ്ടോ അമ്മച്ചി?'


ഞാന്‍ ഭക്ഷണം മതിയാക്കി, തൊഴുത്ത് കാണാനെന്ന വ്യാജേന അടുക്കളയിലേയ്ക്ക് നടന്നു.


'വീട്ടാവശ്യത്തിന് ഒരെണ്ണം ഒണ്ട്. പുല്ലൊക്കെ പറമ്പിപ്പണിക്കാര് ചെത്തിയിടും. ബാക്കി ഈ പെണ്ണ് നോക്കിക്കോളും.'


അമ്മച്ചി വിളിച്ചു പറഞ്ഞു.


സംസാരം കേട്ട് സോന പൊറോട്ട അടിക്കുന്നത് നിര്‍ത്തി എന്നെ പരിഭ്രമത്തോടെ നോക്കി. ആ കണ്ണുകളില്‍ പേടി നിഴലിച്ചു.


ഞാന്‍ സൗഹൃദത്തോടെ അവളെ നോക്കി ചിരിച്ചു. പിന്നെ ഒരു അഞ്ഞൂറ് രൂപ നോട്ടെടുത്ത് അവളുടെ മാവു പുരണ്ട കയ്യില്‍ വച്ച് കൊടുത്തു. ആ കൈകളുടെ പരുപരുപ്പ് എന്നെ നോവിച്ചു.


'സോനാ... പാനി...'


ഒരു കുഞ്ഞു ശബ്ദം കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ഒരു എട്ടുവയസ്സുകാരന്‍ അടുക്കളയിലേയ്ക്ക് ഓടിക്കയറി വന്നു കിതച്ചുനിന്നു. അപ്രതീക്ഷിതമായി അപരിചിതനെ കണ്ടപ്പോള്‍ വേഗം സോനയുടെ പിന്നിലൊളിച്ചു. പിന്നെ തലമാത്രം നീട്ടി അത്ഭുതത്തോടെ എന്നെ നോക്കി. ഞാന്‍ അവനെയും.


അവന്‍റെ വലിയ കണ്ണുകള്‍ ഞാന്‍ കാണാന്‍ കൊതിച്ചവ ആയിരുന്നു . ദിവസങ്ങളായി സ്വപ്നത്തിലെത്തിയിരുന്ന കണ്ണുകള്‍. ആ കണ്ണുകളിലൂടെ ആശ വീണ്ടും എന്നെ നോക്കിനിന്നു.


അവള്‍ എങ്ങും പോയിട്ടില്ല എന്നെനിക്കുറപ്പായി. തന്നെത്തന്നെ പലര്‍ക്ക് പകുത്തു കൊടുത്ത് അദൃശ്യയായി അവള്‍ ഈ വീടിനുള്ളില്‍ നിറഞ്ഞു നില്‍പ്പുണ്ട്. ഒന്നു ശ്രദ്ധിച്ചാല്‍ അവളുടെ ശ്വാസോഛ്വാസം കേള്‍ക്കാം .


ആറുമാസങ്ങളായി പിടിച്ചുവച്ച കണ്ണീര്‍തുള്ളികള്‍ എന്‍റെ അനുവാദമില്ലാതെ പുറത്തുചാടി. തൊഴുത്തിന്‍റെ പുറകില്‍ ചെന്നു നിന്ന് ഞാന്‍ എനിക്കു വേണ്ടി കരഞ്ഞു. ആശയെ നഷ്ടപ്പെട്ട ആ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി കരഞ്ഞു. സോജനും അമ്മച്ചിക്കും വേണ്ടി കരഞ്ഞു. സോനക്ക് വേണ്ടി കരയണോ ചിരിക്കണോ എന്ന് എനിക്കറിയില്ലായിരുന്നു.


ആശാനിവാസ്

ലിന്‍സി വര്‍ക്കി

അസ്സീസി മാസിക ജൂൺ 2026

bottom of page