

ദൃശ്യവും അദൃശ്യവുമായ രണ്ടു ലോകങ്ങളില്‍ ജീവിക്കുന്നവരാണ് മനുഷ്യര്‍. കാണുന്നതിനേക്കാള്‍ വലിയ സത്യം കാണപ്പെടാത്തവയ്ക്കാണെന്ന് നമുക്കറിയാം. കാണപ്പെടുന്ന കാര്യങ്ങളില്‍ തകര്‍ച്ചകള്‍ വരുമ്പോഴും വിശ്വസിക്കുന്നവര്‍ അവയെ അതിജീവിക്കും. വിശുദ്ധ ബൈബിളിലൂടെ കണ്ണോടിക്കുമ്പോള്‍ വിശ്വസിക്കുന്നവര്‍ പ്രവര്‍ത്തിക്കുന്ന രീതികള്‍ നമ്മെ വിജയഭരിതരാക്കും. ദൈവത്തില്‍ ദൃഢമായി വിശ്വസിക്കുന്നവരുടെ പ്രതികരണങ്ങള്‍ അത്ഭുതത്തോടെ നാം നോക്കികാണണം.
ഒന്നാമതായി, വിശ്വസിക്കുന്നവര്‍ ഏറ്റവും ചെറിയ കാര്യങ്ങളോട് വിശ്വസ്ഥരായിരിക് കും. ദേവാലയത്തിലെ കെടാവിളക്കില്‍ വിശ്വസ്ഥതയോടെ എണ്ണയൊഴിച്ചുകൊണ്ടിരിക്കുന്ന സാമൂവേലിനെ നാം കാണുന്നു. നാളയെക്കുറിച്ചു ഒന്നും വ്യക്തമല്ലാഞ്ഞിട്ടും വിളക്കില്‍ എണ്ണയൊഴിക്കുന്ന ദൗത്യം അദ്ദേഹത്തെ ശക്തനാക്കി. കാണപ്പെടാത്ത സമ്മാനം ദൈവം ഒരുക്കുമെന്ന പ്രത്യാശ സാമുവേലിനുണ്ടായിരുന്നു. പിതാവിന്‍റെ ആട്ടിന്‍പറ്റത്തെ ദിനരാത്രങ്ങള്‍ പരിപാലിക്കുന്ന ദാവീദാണ് മറ്റൊരു കഥാപാത്രം. വ്യക്തമായി ഒന്നും മുമ്പില്‍ ഇല്ലാഞ്ഞിട്ടും അദ്ദേഹം ആട്ടിന്‍പറ്റത്തെ നയിച്ചുകൊണ്ടിരുന്നു. ഉടനടി മറുപടികളൊന്നും കിട്ടുന്നില്ലെങ്കിലും ദൈവത്തില്‍ പ്രത്യാശവച്ചു നാം മുമ്പോട്ടു നീങ്ങണം. ഇത്തരത്തിലുള്ള വിശ്വസ്ഥത വിശ്വാസജീവിതത്തിന്‍റെ ഒന്നാമത്തെ പടിയാണ്.
രണ്ടാമതായി, നാം വിശ്വാസ യാത്രയില്‍ കാണുന്നത് സാഹസികതകള്‍ ഏറ്റെടുക്കുവാനുള്ള സന്നദ്ധതയാണ്. വ്യക്തമായ പദ്ധതികളൊന്നുമില്ലാത്ത മോശ ദൈവത്തിലാശ്രയിച്ചുകൊണ്ട് മുന്നോട്ടു നീങ്ങുന്നു. ഇരമ്പുന്ന കടലും അലറുന്ന തിരമാലകളുമൊന്നും മോശയെ തളര്‍ത്തിയില്ല. ഫറവോന്‍റെ സൈന്യം പിന്നാലെ വന്നപ്പോഴും മോശ ഭയചകിതനായില്ല. ദൈവം കാത്തുകൊള്ളുമെന്ന വിശ്വസ്തതയോടെ കാല്‍പ്പാദങ്ങള്‍ കടലിലേക്കു വച്ചു. ഓരോ അടിയും മോശ മുന്നോട്ടു നീങ്ങിയപ്പോള്‍ തിരമാലകള്‍ പിന്നോട്ട് മാറി. ഇസ്രായേല്‍ മക്കള്‍ ചെങ്കടല്‍ കടന്നു. ഒന്നാമത്തെ ചുവട് മോശ മുന്നോട്ടു വച്ചപ്പോള്‍ അടുത്ത ചുവടു വയ്ക്കുവാന്‍ ദൈവം അവസരം കൊടുത്തു. വള്ളത്തില്‍ ഭദ്രമായി കടലില്‍ നടന്ന പത്രോസിനെ വള്ളം കൂടാതെ വെള്ളത്തിനു മീതെ നടത്തുന്ന കര്‍ത്താവിനെ ബൈബിള്‍ കാണിച്ചു തരുന്നു. ഒന്നുമില്ലായ്മയിലേക്ക് എടുത്തു ചാടിയ മദര്‍ തെരേസായുടെ ജീവിതം ഒരു വെല്ലുവിളിയായി മുന്നില്‍ നില്‍പ്പുണ്ട്. യേശുവിന്‍റെ ഉത്ഥാനത്തിനുശേഷം സാഹസികരായ യാത്ര നടത്തിയ അപ്പസ്തോലന്മാര്‍ ഒരു അത്ഭുതമായി ലോകചരിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നു. പത്രോസും, പൗലോസുമെല്ലാം വിശ്വാസയാത്രയില്‍ തിളങ്ങുന്ന മാണിക്യംപോലെ പ്രത്യക്ഷപ്പെടുന്ന ദൗത്യത്തിലേക്ക് ഈ സാഹസികയാത്ര നടത്തിയ തോമാശ്ലീഹായെ ജൂലൈ മാസത്തില്‍ നാം ധ്യാനിക്കുന്നുണ്ടല്ലോ.
മൂന്നാമതായി, കാലതാമസത്തെ ഭയപ്പെടാത്തവരാണ് വിശ്വാസികള്‍. ഒരു കുഞ്ഞിന്‍റെ ജനനത്തിനായി 100 വയസ്സുവരെ കാത്തിരുന്നവനാണ് അബ്രാഹം. താന്‍ വൃദ്ധനാണെന്നും തന്‍റെ ഭാര്യ വന്ധ്യയാണെന്നും തിരിച്ചറിവുള്ള അദ്ദേഹം ദൈവത്തിന്‍റെ പദ്ധതിക്കും ഇടപെടലിനുമായി പ്രതീക്ഷയോടെ കാത്തിരുന്നു. ഒരു ജനതയുടെ വിമോചനത്തിനായി ദൈവം വേര്‍തിരിച്ച മോശ 80 വയസ്സുവരെ നിര്‍ഭയനായി നടന്നുകൊണ്ടിരുന്നു. വന്ധ്യയായ സാറായും, ഹന്നായുമൊക്കെ ഈ കാത്തിരിപ്പിന്‍റെ പ്രതീകങ്ങളാണല്ലോ. 3 വര്‍ഷത്തെ ദൗത്യജീവിതത്തിനായി 30 വര്‍ഷം കാത്തിരുന്ന യേശു നമ്മുടെ ശക്തിയാണ്. ഇപ്രകാരമുള്ള കാത്തിരിപ്പിനെ ബൈബിള്‍ വന്ധ്യതയെന്നാണു വിളിക്കുന്നത്. സാറായും, ഹന്നായുമൊക്കെ വന്ധ്യകളായിരുന്നല്ലോ. എല്ലാക്കാര്യങ്ങളും പെട്ടെന്നു നടക്കണമെന്നത് സാത്താന്‍റെ പ്രലോഭനമാണ്. പെട്ടെന്ന് കല്ലിനെ അപ്പമാക്കാനും, ദേവാലയഗോപൂരത്തില്‍ നിന്നും വേഗത്തില്‍ താഴോട്ടു ചാടാനുമൊക്കെയുള്ള പിശാചിന്‍റെ പ്രലോഭനങ്ങളെ ശാന്തതയോടെ നാം നേരിടണം. ഓരോന്നിനും അതതിന്‍റേതായ ഒരു സമയമുണ്ട്. ആ തിരിച്ചറിവാണ് നമുക്കാവശ്യം. എന്തെങ്കിലും കാര്യങ്ങള്‍ നമ്മള്‍ ഓര്‍ക്കുന്ന സമയത്തു നടന്നു കിട്ടിയില്ലെങ്കില്‍ തളരരുത്. ദൈവത്തിന്‍റെ സമയമായിട്ടില്ലെന്ന ബോധ്യത്തില്‍ പിടിച്ചു നില്‍ക്കണം. ഈ കാത്തിരിപ്പ് വിശ്വാസ ജീവിതത്തിന്‍റെ അവിഭാജ്യ ഭാഗമാണ്.
നാലാമതായി നാം ധ്യാനിക്കേണ്ടത് നിരാശ നിറഞ്ഞ ജീവിതാനുഭവങ്ങളെക്കുറിച്ചാണ്.
പ്രതീക്ഷ തകര്‍ക്കുന്ന പലതും ജീവിതത്തില്‍ സംഭവിക്കാം. അതിനെയെല്ലാം അതിജീവിച്ചു നമ്മുടെ ജീവിത നൗക മുമ്പോട്ടു നിങ്ങണം. ഈജിപ്തില്‍ നിന്ന് വിളിച്ചിറക്കി വാഗ്ദത്ത ഭൂമിയിലേക്കു നയിക്കുമ്പോള്‍ ജനത്തിന്‍റെ പിറുപിറുപ്പ് കേട്ട് മോശ തളര്‍ന്നു പോയി. മാനുഷികമായുണ്ടായ ഈ തളര്‍ച്ചയില്‍ ദൈവം ശക്തി നല്‍കി ആനയിച്ചു എന്നും ഒരേ മന്ന കഴിച്ച ജനം മോശയോടു കോപിച്ചു. മോശയ്ക്ക് ആശ്രയിക്കുവാന്‍ ദൈവം മാത്രമേയുണ്ടായിരുന്നുള്ളൂ. ഒരു രാത്രിയില്‍ മുഴുവന്‍ വലയെറിഞ്ഞിട്ടും ഒന്നും ലഭിക്കാതെ തളര്‍ന്നുപോയ പത്രോസും സംഘവും യോഹന്നാന്‍റെ സുവിശേഷത്തില്‍ 21-ാമധ്യായത്തിലുണ്ട്. അവരുടെ നിരാശയുടെ മധ്യത്തിലേക്ക് ഉത്ഥിതന്‍ കടന്നുവന്നു. നിരാശയുടെ അന്ധകാരത്തില്‍ നിന്ന് പ്രതീക്ഷയുടെ പ്രഭാതത്തിലേക്ക് അവരെ കര്‍ത്താവു തിരിച്ചു നടത്തി.
നാം ഓരോരുത്തരുടെയും അനുദിന ജീവിതത്തില്‍ നിരാശ നിറഞ്ഞ അനുഭവങ്ങളുണ്ടാവും. വീഴ്ചകളിലും തകര്‍ച്ചകളിലും നമ്മെ തളര്‍ത്താതെ നടത്തുന്ന കര്‍ത്താവു കൂടെയുണ്ട്. ഇരുണ്ടും വെളുത്തും കടന്നുപോകുന്ന ദിനരാത്രങ്ങള്‍ക്കിടയില്‍ കര്‍ത്താവു കടന്നുവന്നു പ്രവര്‍ത്തിക്കുമെന്ന് ഉറച്ചുവിശ്വസിക്കാം. വിശ്വാസത്തിന്‍റെ ഈ പടവുകളില്‍ ഉത്ഥിതന്‍ നമ്മെ ബലപ്പെടുത്തട്ടെ.
ധ്യാനം, വിശ്വാസത്തിന്‍റെ പടവുകള്‍
ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍,
അസ്സീസി മാസിക, ജൂലൈ 2025
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.






















