
പ്രസാദത്തിലേക്ക് 14 പടവുകള്‍

വിഷാദരോഗ (depression) ത്തിനും അതിന്‍റെ അതി തീവ്രനിലയായ വിരുദ്ധ ധ്രുവ മാനസിക വ്യതിയാന (bipolar disorder) ത്തിനും മരുന്നില്ലാ ചികില്‍സയായി സ്വാനുഭവത്തില്‍ നിന്ന് ഡോക്ടര്‍ ലിസ് മില്ലര്‍ രൂപപ്പെടുത്തിയ പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാവുന്ന മനോനില ചിത്രണം (mood mapping) അവസാന ദിവസ ചിന്തകളാണ് നാം ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. പ്രസാദാല്‍മക ഊര്‍ജം (Positive energy) കൈവരിക്കുന്നതിനുള്ള മാര്‍ഗങ്ങളാണ് ഈ ദിനത്തില്‍ നാം ചര്‍ച്ച ചെയ്യുക. ശാന്തവും അതേ സമയം കര്‍മ്മോന്‍മുഖവുമായ മനോനില കൈവരിക്കുന്നതിന് നമുക്ക് പ്രസാദാല്‍മക ഊര്‍ജം ഉണ്ടാകേണ്ടതുണ്ട്.
പ്രസാദാല്‍മക ഊര്‍ജം പ്രസാദാല്‍മക മനോനില (Positive mood) യിലാണ് ലഭ്യമാകുക അതിലേക്കുള്ള വാതില്‍ തുറക്കുന്നതിനുള്ള അഞ്ചു താക്കോലുകളായ നമ്മുടെ ചുറ്റുപാട് , ശാരീരികാരോഗ്യം, ബന്ധങ്ങള്‍, അറിവ്, സ്വഭാവം എന്നിവയില്‍ മാറ്റം വരുത്തുന്നതിനുള്ള മാര്‍ഗങ്ങളാണ് ഇവിടെയും നാം പ്രയോഗിക്കുക. മികച്ച ചുറ്റുപാടിലേക്ക് മാറുന്നതിനും, ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നതിനും അതുവഴി മനോനില (mood) മാറ്റുന്നതിനുമുള്ള മാര്‍ഗങ്ങള്‍ കഴിഞ്ഞ ലക്കത്തില്‍ നാം പഠിച്ചു. ഉറച്ച ബന്ധങ്ങള്‍ കൈവരിക്കുന്നതിനും നല്ല അറിവു നേടുന്നതിനുമുള്ള മാര്‍ഗങ്ങളാണ് ഈ ലക്കം നാം ചര്‍ച്ച ചെയ്യുക
മൂന്നാം താക്കോല്‍: നമ്മുടെ ബന്ധങ്ങള്‍
1 കര്‍മ്മോല്‍സുകര്‍ക്കൊപ്പം ആയിരിക്കുക
പ്രചോദിതരായ, ഊര്‍ജസ്വലരായ ആള്‍ക്കാര്‍ക്കൊപ്പം മടിപിടിച്ച് ഇരിക്കാന്‍ നമുക്ക് ആവില്ല. ഊര്‍ജസ്വലരായവര്‍ 'അധിക ദൂരം' പോവാന്‍ അടുത്തുള്ളവരെ സഹായിക്കുന്നു. ആ സംയുക്ത ഊര്‍ജം പ്രചോദനമായി മാറുന്നു. അത് നമ്മെ കര്‍മ്മത്തിലേക്ക് ആനയിക്കുന്നു.
2 നല്ല മേലധികാരിയെ തിരഞ്ഞെടുക്കുക
നല്ല മേലധികാരി സഹപ്രവര്‍ത്തകര്‍ക്ക് പ്രചോദനം പകരുന്നു. തൊഴിലിടത്ത് പ്രസാദാല്‍മക ഊര്‍ജത്തിന്‍റേതായ മനോനില സാധ്യമാക്കുന്നു. പുതിയൊരു ജോലി തിരഞ്ഞെടുക്കുമ്പോള്‍ നിങ്ങളിലെ ഏറ്റം മികച്ച പ്രകടനം പുറത്തു കൊണ്ടുവരാന്‍ കെല്‍പ്പുള്ളയാളാണ് നിങ്ങളുടെ മേലാള്‍ എന്ന് ഉറപ്പു വരുത്തുക അല്ലായെങ്കില്‍ ഒരു പക്ഷേ ജോലിയില്‍ നിങ്ങള്‍ ശരാശരിക്കാരനായേക്കാം. കര്‍ക്കശക്കാരനല്ലാത്ത ഒരു മേലധികാരിക്കൊപ്പം ജോലി ചെയ്യുക സുഖകരമായിരിക്കാം. പക്ഷേ നിങ്ങളില്‍ നിന്ന് പരമാവധി പ്രയത്നം പ്രതീക്ഷിക്കുന്നയാള്‍ക്കു കീഴിലാവും നിങ്ങള്‍ നന്നായി ശോഭിക്കുക. അവരുടെ പ്രസാദാല്‍മക ഊര്‍ജം നിങ്ങള്‍ക്ക് ഏറെ പ്രയോജനം ചെയ്യും , സംശയമില്ല.
3 സുഹൃത്തിനെ കണ്ടെത്തുക
പരസ്പരം സഹായിക്കാന്‍ സന്നദ്ധതയുള്ള സുഹൃത്തുക്കള്‍ പ്രചോദനാല്‍മക ഊര്‍ജം പ്രസരിപ്പിക്കുന്നു. സംഘമായി പ്രവര്‍ത്തിക്കുമ്പോള്‍ നന്നായി പ്രവര്‍ത്തിക്കാനുള്ള പ്രവണതയുണ്ടാവും എന്നു മാത്രമല്ല ഒരല്‍പ്പം മല്‍സരബുദ്ധി നിങ്ങളുടെ മനോനില (mood) മെച്ചപ്പെടാന്‍ സഹായിക്കുകയും ചെയ്യും. വിജയത്തിലേക്ക് മുന്നേറാന്‍ പരസ്പരം പ്രചോദിപ്പിക്കുക. പുതിയ ആശയങ്ങളിലേക്ക് മനസ് തുറക്കാന്‍ പരസ്പരം താക്കോലാകുക. പൊതു ലക്ഷ്യം പങ്കിടുമ്പോള്‍ നമ്മുടെ ഊര്‍ജം പതിന്മടങ്ങ് വര്‍ധിക്കുന്നത് നമുക്ക് കാണാനാകും.
നാലാം താക്കോല്‍ : നമ്മുടെ അറിവ്
1 സ്വയം സംസാരിച്ചു കൊണ്ടേയിരിക്കുക
പ്രസാദാല്‍മകമായ, പ്രചോദിപ്പിക്കുന്ന ആത്മ ഭാഷണങ്ങള്‍ തണുപ്പുറഞ്ഞ ശൈത്യകാലത്തും അതിരാവിലെ ഉണര്‍ന്നെണീക്കാന്‍, ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാന്‍ നിങ്ങളെ പ്രാപ്തരാക്കും. കര്‍മ്മോന്മുഖതയിലേക്ക് ഉണരാന്‍ സ്വയം ആവശ്യപ്പെടുക. അചിരേണ ബുദ്ധി അത് ശ്രദ്ധിക്കും ശരീരം അനുസരിക്കും.
2 പ്രോല്‍സാഹനം കണ്ടെത്തുക
സ്വയം പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗം നാം കണ്ടെത്തിയേ മതിയാകൂ. ക്ഷീണിക്കുമ്പോള്‍, മറ്റു വല്ലതിലേക്കും വഴുതിപ്പോകുമ്പോള്‍ പ്രവര്‍ത്തിയിലേക്ക് മടങ്ങിവരാന്‍ നാം സ്വയം പ്രോല്‍സാഹിപ്പിക്കേണ്ടതുണ്ട്. നിങ്ങള്‍ തീരെ ക്ഷീണിച്ചുവെന്നും പണി ഒരു പാട് തീരാന്‍ ബാക്കിയുണ്ടെന്നും നിങ്ങള്‍ വിചാരിച്ചുവെന്ന് വയ്ക്കുക. ശരീരത്തെ ശ്രദ്ധിക്കുകയും വിശ്രമിക്കുകയും ചില സമയങ്ങളില്‍ വേണ്ടതു തന്നെ. എന്നാല്‍ പലപ്പോഴും ക്ഷീണമൊന്നും വകവെക്കാതെ മുന്നോട്ടു പോകേണ്ടതുമുണ്ട്. പഴയ വിജയങ്ങളെ സ്വയം ഓര്‍മ്മിപ്പിക്കുക. പൂര്‍ത്തിയാക്കിയ ലക്ഷ്യം പകര്‍ന്നു നല്‍കിയ സംതൃപ്തി ഓര്‍മ്മിക്കുക. നന്നായി ജീവിക്കണമെങ്കില്‍ നന്നായി പണിയെടുക്കേണ്ടതുണ്ടെന്ന് മറക്കാതിരിക്കുക.
3 വഴിതെറ്റലുകള്‍ ഒഴിവാക്കുക
എന്താണ് നിങ്ങളുടെ ശ്രദ്ധയെ വഴി തിരിക്കുന്നതെന്ന് മനസിലാക്കുക. അത് ഒഴിവാക്കുക. പ്രവര്‍ത്തിയിലേക്ക് മടങ്ങിപ്പോകുക അടിയന്തിരമായി തീര്‍ക്കേണ്ട ജോലിയുള്ളപ്പോള്‍ ഫോണ്‍ ആന്‍സറിങ്ങ് മോഡിലിട്ട് മാറ്റി വയ്ക്കുക. ഇ മെയില്‍ അടയ്ക്കുക. കാര്യക്ഷമതയും പ്രചോദനവും പൂര്‍ണ ഏകാഗ്രത ആവശ്യപ്പെടുന്നു.
4 പ്രചോദനാല്‍മക പ്രഭാഷണങ്ങള്‍ ശ്രവിക്കുക
പ്രചോദനം പകരുന്ന പല ഗുരുക്കന്മാരുമുണ്ട്. അവരുടെ പ്രഭാഷണങ്ങള്‍ പതിവായി കേള്‍ക്കുക. ഗുരുക്കന്മാരുടെ പ്രഭാഷണത്തിന്‍റെ ശ്രവണം മാത്രം മതി നമ്മുടെ ഊര്‍ജനില ഉയര്‍ത്താന്‍. നമ്മെ മുന്നോട്ടു നയിക്കാന്‍ പ്രാപ്തമായ പല ആശയങ്ങളുമുണ്ട്, അവരുടെ പക്കല്‍. (തുടരും)
ശാന്തവും കര്‍മ്മോല്‍സുകവുമായ മനോനിലയിലേക്കുള്ള വാതില്‍
ടോം മാത്യു
അസ്സീസി മാസിക, നവംബർ,2025





















