
വിശുദ്ധ ഫ്രാന്‍സിസിന്‍റെ എണ്ണൂറാം ചരമവാര്‍ഷിക ആചരണത്തിന്‍റെ തുടക്ക വേളയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഫ്രാന്‍സിസ്കന്‍ സഭകളുടെ ജനറല്‍ മിനിസ്റ്റേഴ്സിന് എഴുതുന്ന കത്ത്

Key takeaways:
A letter from Pope Leo XIV on the 800th death anniversary of St. Francis.
The letter reflects on St. Francis' life and calls for universal peace and reconciliation.
ഫ്രാന്‍സിസ്കന്‍ കുടുംബത്തിലെ ജനറല്‍ മിനിസ്റ്റര്‍മാര്‍ക്ക്,
1226 ഒക്ടോബര്‍ മൂന്നിന് പോര്‍സ്യുന്‍കുലയില്‍ മരണത്തെ മുഖാമുഖം ദര്‍ശിക്കുമ്പോള്‍, ആത്യന്തിക സമാധാനം കണ്ടെത്തിയ മനുഷ്യനെന്നോണം, 'മരണമേ സോദരീ', എന്ന് വിശുദ്ധ ഫ്രാന്‍സിസ് അഭിസംബോധന ചെയ്തു. ക്രിസ്തുവിന്‍റെ രക്ഷാകര വചനങ്ങള്‍ തന്‍റെ സമകാലീനരുടെ ഹൃദയങ്ങളില്‍ ആഴത്തില്‍ വരഞ്ഞിട്ട അസ്സീസിയിലെ ദരിദ്രന്‍ മരിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ പിന്നിടുന്നു.
സമാധാനത്തിന്‍റെ ഈ സന്ദേശം സഭയിലും സമൂഹത്തിലും ഇപ്പോള്‍ ആഴത്തില്‍ പ്രതിധ്വനിക്കട്ടെ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. വിശുദ്ധ ഫ്രാന്‍സിസിന്‍റെ എണ്ണൂറാം ചരമവാര്‍ഷികം ആചരിക്കുന്ന ഫ്രാന്‍സിസ്കന്‍ കുടുംബത്തോടും അതില്‍ പങ്കെടുക്കുന്ന എല്ലാവരോടുമൊപ്പം ആത്മീയമായി ഞാനും പങ്കുചേരുന്നു.
'കര്‍ത്താവ് നിങ്ങള്‍ക്ക് സമാധാനം തരുമാറാകട്ടെ', എന്ന ആശംസ കണ്ടുമുട്ടുന്ന ഏവരുമായി പങ്കുവയ്ക്കണമെന്ന്, സുവിശേഷ ജീവിതത്തിന്‍റെ പ്രാരംഭത്തില്‍ ദൈവം തനിക്കു വെളിപ്പെടുത്തി എന്ന് അദ്ദേഹം തന്‍റെ ടെസ്റ്റമെന്‍റില്‍ എഴുതി. പരിമിതമായ ഈ വാക്കുകളില്‍, സുവിശേഷം തന്‍റെ ജീവിതത്തിനു സമ്മാനിച്ച ആന്തരിക അത്ഭുതത്തെ അവന്‍ തന്‍റെ സഹോദരര്‍ക്കും ഓരോ വിശ്വാസികള്‍ക്കും വെളിപ്പെടുത്തി. സമാധാനമാണ് ദൈവിക വരങ്ങളുടെ ആകത്തുക. ഉന്നതങ്ങളില്‍ നിന്നുള്ള ദൈവിക വരം. മനുഷ്യപ്രയത്നത്താല്‍ മാത്രം സമാധാനം സാധ്യമാകുമെന്നത് എത്ര വലിയ ഭോഷ്കാണ്. ഓരോ ദിനവും ജീവിക്കുന്നതിന് സദാ ലഭ്യമായ ദൈവിക വരമത്രെ സമാധാനം.
ഉയിര്‍പ്പു നാളില്‍ ഉത്ഥിതനായ കര്‍ത്താവ്, ഭയന്നു വിറച്ച് മാളികമുറിയില്‍ അടച്ചിട്ടിരുന്ന ശിഷ്യരെ അഭിസംബോധന ചെയ്തതും ഈ ആശംസാ വചനങ്ങളാലാണ്, 'നിങ്ങള്‍ക്ക് സമാധാനം'. ഔപചാരികമായ ഒരു അഭിവാദ്യ വാചകമല്ല അത്. മരണത്തിനു മേല്‍ ക്രിസ്തു വരിച്ച വിജയത്തിന്‍റെ വിളംബരമത്രേ. 'അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം , ഭൂമിയില്‍ മനുഷ്യര്ക്ക ് സമാധാനം', എന്ന് തിരുപ്പിറവി രാവില്‍ മലാഖാമാര്‍ ആലപിച്ച ആശംസാ ഗീതവും അതുതന്നെ. സ്വര്‍ഗത്തിനും ഭൂമിക്കുമിടയില്‍ ക്രിസ്തു വിളംബരം ചെയ്ത സമാധാനം തന്നെയാണ് അതിനാല്‍ 'സെറാഫിക് വിശുദ്ധനായ ' ഫ്രാന്‍സിസും വാഗ്ദാനം ചെയ്യുന്നത്.
അവിശ്വാസവും ഭയവും സൃഷ്ടിച്ച ആന്തരികവും സാമൂഹികവുമായ വിഭജനങ്ങള്‍ മൂലമുണ്ടായ എണ്ണമറ്റ യുദ്ധങ്ങള്‍ കണ്ട ഈ കാലത്തും അവന്‍ തന്‍റെ സമാധാനത്തിന്‍റെ സന്ദേശം ഉരുവിട്ടുകൊണ്ടേയിരിക്കുന്നു. അശാന്തിക്ക് സാങ്കേതികമായ എന്തെങ്കിലും പരിഹാരം നിര്‍ദേശിക്കുകയല്ല അവന്‍ ചെയ്യുന്നത്. മറിച്ച് ആധികാരികമായ സമാധാനത്തിന്‍റെ ഉറവയിലേക്ക് വിരല്‍ ചൂണ്ടുന്ന തന്‍റെ ജീവിതം കാണിച്ചു തരികയാണ് ചെയ്യുക.
മനുഷ്യ ബന്ധങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല സമാധാനത്തെക്കുറിച്ചുള്ള ഫ്രാന്‍സിസ്കന്‍ ദര്‍ശനം. അത് സൃഷ്ട പ്രപഞ്ചത്തെയാകെ ആശ്ലേഷിക്കുന്ന ഒന്നാണ്. സൃഷ്ടികളിലോരോന്നിലും ദൈവിക സൗന്ദര്യം ദര്‍ശിച്ച് , സൂര്യനെ സഹോദരന്‍ എന്നും ഭൂമിയെ സഹോദരി എന്നും അഭിസംബോധന ചെയ്ത ഫ്രാന്‍സിസ് സൃഷ്ട പ്രപഞ്ചത്തിലാകെ സമാധാനം സ്ഥാപിതമാകണമെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ പൊതു ഭവനം ചൂഷണത്താല്‍ നാശത്തിന്‍റെ ഭീഷണിയിലാവുകയും വിലപിക്കുകയും ചെയ്യുന്ന ഇക്കാലത്ത് ഈ ഉള്‍ക്കാഴ്ച അടിയന്തിര പ്രാധാന്യത്തോടെ നാം ഉള്‍ക്കൊള്ളേണ്ടതുണ്ട്. ദൈവത്തിലെ സമാധാനവും മനുഷ്യര്‍ക്കിടയിലെ സമാധാനവും സൃഷ്ടപ്രപഞ്ചത്തിലെ സമാധാനവും, സാര്‍വത്രിക അനുരജ്ഞനത്തിനായുള്ള ഒരൊറ്റ ക്ഷണത്തിന്‍റെ അവിഭാജ്യ തലങ്ങളത്രെ.
പ്രിയ സഹോദരീ സഹോദരന്മാരെ, വിശ്വാസത്തില്‍ കരുത്താര്‍ജിക്കുന്നതും, പ്രത്യാശയില്‍ സ്ഥൈര്യം പ്രാപിക്കുന്നതും, അയല്‍ക്കാരനോടുള്ള സജീവമായ കാരുണ്യത്തില്‍ തീക്ഷ്ണമാകുന്നതുമായ, വിശുദ്ധ ഫ്രാന്‍സിസിന്‍റെ ജീവിതവും ആത്മീയപാരമ്പര്യവും നിങ്ങളില്‍ ഏവരിലും കര്‍ത്താവിലുള്ള വിശ്വാസത്തിന്‍റെ പ്രാധാന്യത്തെയും സുവിശേഷത്തോട് വിശ്വസ്തത പുലര്‍ത്തുന്ന ജീവിതത്തോടുള്ള പ്രതിബദ്ധതയെയും ജീവിതത്തിലെ എല്ലാ സാഹചര്യങ്ങളെയും വിശ്വാസത്തോടും പ്രാര്‍ത്ഥനയോടും കൂടി സ്വീകരിക്കാനും പ്രകാശിപ്പിക്കാനുമുള്ള സന്നദ്ധതയെയും പ്രചോദിപ്പിക്കട്ടെ.
അനുഗൃഹീതമായ ഈ വര്‍ഷത്തില്‍, നമ്മില്‍ തികഞ്ഞ ആനന്ദവും തികവാര്‍ന്ന ഐക്യവും പ്രദീപ്തമാക്കുന്നതിന് ഉതകുന്ന വിശുദ്ധ ഫ്രാന്‍സിസിനോടുള്ള ഒരു പ്രാര്‍ത്ഥന നിങ്ങള്‍ക്ക് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
എണ്ണൂറ് ആണ്ടുകള്‍ക്ക് മുന്‍പ്, സമാധാനത്തിന്‍റെ മനുഷ്യനായി സോദരി മരണത്തെ പുല്‍കിയ സഹോദരന്‍ ഫ്രാന്‍സിസ്, ഞങ്ങള്‍ക്കായി ദൈവതിരുമുമ്പില്‍ മധ്യസ്ഥം വഹിക്കാന്‍ അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
സാന്‍ഡാമിയാനോയിലെ ക്രൂശിത രൂപത്തിനുമുന്‍പില്‍ സമാധാനം കണ്ടെത്തിയ അങ്ങ് എല്ലാ മതിലുകളും തകര്‍ക്കുന്ന അനുരജ്ഞനത്തിന്‍റെ ഉറവയിലേക്കുള്ള വഴി ഞങ്ങളെയും പഠിപ് പിക്കണമെന്ന് ഞങ്ങള്‍ അങ്ങയോട് പ്രാര്‍ത്ഥിക്കുന്നു.
യുദ്ധത്തിന്‍റെയും അവിശ്വാസത്തിന്‍റെയും അതിരുകളെ നിരായുധനായി മുറിച്ചു കടന്ന വിശുദ്ധാ, ലോകം അതിരുകള്‍ കീറുന്നിടത്ത് പാലങ്ങള്‍ പണിയാന്‍ ഞങ്ങള്‍ക്ക് ധൈര്യം തരണമെന്ന് അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു.
ഇക്കാലത്തിന്‍റെ വിഭജനങ്ങളിലും സംഘര്‍ഷങ്ങളിലും നിരായുധരായി , ക്രിസ്തുവില്‍ നിന്നുള്ള സമാധാനത്തിന്‍റെ നിരായുധ സാക്ഷികളായി, സമാധാനസ്ഥാപകരാകാന്‍, ഞങ്ങളുടെ മധ്യസ്ഥനാകണമെന്ന് അസീസിയിലെ വിശുദ്ധാ അങ്ങയോട് ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ആമേന്‍
ഏവര്‍ക്കും, പ്രത്യേകമായി അസീസിയിലെ ദരിദ്രന്‍റെ ആത്മീയ പാത പിന്തുടരുന്നവര്‍ക്കും അവന്‍റെ ഓര്‍മ്മ പലവിധത്തില്‍ ആചരിക്കുന്നവര്‍ക്കും അപ്പസ്തോലിക ആശീര്‍വാദത്തോടൊപ്പം എല്ലാ ദൈവിക നന്മകളും ആശംസിക്കുകയും ചെയ്യുന്നു. (വത്തിക്കാന്‍ 7ജനുവരി 2026)
വിവ. ടോം മാത്യു.
വി.ഫ്രാന്‍സിസിന്‍റെ വര്‍ഷം (Year of St. Francis)
അസ്സീസി മാസിക, ഫെബ്രുവരി 2026
Related Posts

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.

Add a Title
Add a Title
Add a Title
Add a Title
Change the text and make it your own. Click here to begin editing.



















