top of page

അറിവും സ്വഭാവവും മാറ്റാം

Aug 9, 2025

2 min read

ടോം മാ��ത്യു

പ്രസാദത്തിലേക്ക് 14 പടവുകള്‍


വിഷാദരോഗ (depression)ത്തിനും അതിന്‍റെ അതീവ ഗുരുതര നിലയായ വിരുദ്ധ ധ്രുവ മാനസിക ചാഞ്ചാട്ട (bipolar disorder)ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് വികസിപ്പിച്ചെടുത്ത പതിനാലു ദിനം കൊണ്ട് പൂര്‍ത്തിയാകുന്ന മനോനില ചിത്രണ (mood mapping)ത്തിന്‍റെ പതിമൂന്നാം ദിനം ഈ ലക്കത്തോടെ പൂര്‍ത്തിയാവുകയാണ്. വിഷാദ മനോനില(depressive mood)യില്‍ നിന്നും ഉല്‍ക്കണ്ഠ(anxiety)യില്‍ നിന്നും ശാന്തത(calm)യിലേക്കും കര്‍മ്മോല്‍സുകത (action)യിലേക്കും ഉയരുന്നതിനുള്ള മാര്‍ഗങ്ങളാണ് പതിമൂനാം ദിനം നാം ചര്‍ച്ച ചെയ്യത്. അഭ്യസന പാഠത്തോടെ പതിമൂന്നാം ദിനം പരിസമാപിക്കുന്നു.
A hand places a smiling face pebble on a stack of three stones against a blue background. The mood is playful and balanced.
ദിനം പതിമൂന്ന്

അഭ്യസനം

വിഷാദത്തിനും (depression), ഉല്‍ക്കണ്ഠ(anxiety) യ്ക്കുമിടയില്‍ മനസ് ചാഞ്ചാടുമ്പോള്‍ നമ്മുടെ ജീവിതത്തില്‍ എന്താണ് സംഭവിക്കുക എന്നോര്‍ത്ത് നാം അതീവ ദുഃഖിതരാകുക സ്വാഭാവികമാണ്. നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ പരിഗണനയില്‍ എടുക്കുകയും ജീവിതം അല്‍പ്പമെങ്കിലും മെച്ചപ്പെടുത്താന്‍ ചെറിയ ചെറിയ പരിഹാര മാര്‍ഗങ്ങളെങ്കിലും കണ്ടെത്തുകയും ചെയ്താല്‍ ഈ ഉല്‍കണ്ഠയുടെയും വിഷാദത്തിന്‍റെയും വിഷമ ദുര്‍ഗത്തില്‍ നിന്ന് പുറത്തു കടക്കുന്നതിനുള്ള പ്രചോദനം നിങ്ങള്‍ക്ക് ലഭിക്കും.


നിങ്ങളുടെ പ്രതിസന്ധികളെയും വിഷമതകളും കണ്ടെത്തുന്നതിന് അവയെ അഭിമുഖീകരിക്കുക എന്നത് തല്‍ക്കാലത്തേക്ക് നിങ്ങളെ ബുദ്ധിമുട്ടിലാക്കിയേക്കാം. എന്നാല്‍, ഒന്നോ രണ്ടോ പ്രശ്നങ്ങള്‍ എങ്കിലും കണ്ടെത്തിക്കഴിഞ്ഞാല്‍ അത് നമ്മെ വലിയ അളവില്‍ ആശ്വാസം കണ്ടെത്തുന്നതിന് സഹായിക്കുകയും, മാറ്റത്തിലേക്കുള്ള പ്രക്രിയ തുടരുന്നതിനുള്ള ആത്മവിശ്വാസവും ഊര്‍ജവും സമ്മാനിക്കുകയും ചെയ്യും. ഈ അഭ്യസനം അഥവാ പരിശീലനം നമ്മുടെ ജീവിതപ്രശ്നങ്ങളെ പൂര്‍ണമായി പരിഹരിക്കുന്നതിന് ഉതകിയേക്കില്ല. എന്നാലത് മാറ്റത്തിലേക്ക് വഴിയില്‍ ഒരു ഊന്നുവടിയാകും.


നിങ്ങളുടെ നോട്ടുബുക്കില്‍ നാലു കോളങ്ങള്‍ വരയ്ക്കുക. ആദ്യ കോളത്തില്‍ പ്രധാന പ്രതിസന്ധികള്‍, പ്രശ്നങ്ങള്‍ രേഖപ്പെടുത്തുക. രണ്ടാമത്തെ കോളത്തില്‍ അവയുടെ ഫലങ്ങള്‍ എഴുതുക. മൂന്നാമത്തെ കോളത്തില്‍ ആരോട് അതെക്കുറിച്ച് സംസാരിക്കാം എന്നു കുറിക്കുക. നാലാമത്തേതില്‍ അടുത്ത ചുവടുവയ്പ് എന്ത് എന്നും ചേര്‍ക്കുക.


നിങ്ങളുടെ ഏറ്റവും ഗുരുതമായ മൂന്ന് പ്രശ്നങ്ങള്‍ വേണം ആദ്യ കോളത്തില്‍ രേഖപ്പെടുത്താന്‍. അടിയന്തിരമായി പരിഹാരം കാണേണ്ട മൂന്ന് ഗുരുതര പ്രശ്നങ്ങള്‍ കണ്ടെത്താന്‍ പല തവണ പരിശ്രമിക്കേണ്ടതായി വന്നേക്കാം . ഉദാഹരണത്തിന്, വീട് മാറണം എന്ന് നിങ്ങള്‍ക്ക് ആഗ്രഹം ഉണ്ടാകാം. പക്ഷേ അതിന് നിങ്ങള്‍ക്ക് പുതിയ ജോലി കണ്ടെത്തേണ്ടതുണ്ടാവാം. വേണ്ടപ്പെട്ടവരുമായി അക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുക.


ഒന്നാം പട്ടിക

പ്രധാന വെല്ലുവിളികള്‍

ഫലം

ആരുമായി ചര്‍ച്ച ചെയ്യാം

അടുത്ത ചുവട്

ക്രെഡിറ്റ് കാർഡ് കടം




ബന്ധങ്ങളിലെ പ്രശ്നം




ജോലിയിലെ പ്രശ്നം






ഓരോ പ്രശ്ന മേഖലയിലും എന്ത് സംഭവിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്ന് ആലോചിച്ചുറപ്പിക്കുക. അതാണ് പ്രശ്നത്തിന്‍റെ പരിണതി അഥവാ ഫലങ്ങള്‍ എന്ന കോളത്തില്‍ രേഖപ്പെടുത്തേണ്ടത്. എന്ത് സംഭവിക്കണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? പ്രശ്നം ഏതു വിധത്തില്‍ പരിഹരിക്കപ്പെടണമെന്നാണ് നിങ്ങള്‍ കാംക്ഷിക്കുന്നത്? നമ്മുടെ സാഹചര്യങ്ങള്‍ക്കനുസരിച്ച്, നിങ്ങളുടെ കഴിവും സമയവും ഉപയോഗിച്ച് സാധ്യമായ, യുക്തിസഹമായ പരിഹാരം എന്തായിരിക്കും?


അടുത്തതായി ഇക്കാര്യങ്ങളൊക്കെ ആരുമായി ചര്‍ച്ച ചെയ്യാമെന്ന് ചിന്തിക്കുക. സഹായിക്കാന്‍ കഴിയുന്ന വ്യക്തിയെ തന്നെ വേണം തിരഞ്ഞെടുക്കാന്‍. ഒന്നുകില്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ ആവശ്യമായ വിഭവശേഷി അയാള്‍ക്കുണ്ടാകണം. അല്ലെങ്കില്‍, മാറ്റം സാധ്യമാക്കുന്നതിനുള്ള കഴിവോ അറിവോ പകര്‍ന്നു തരാന്‍ കഴിയുന്ന ആളാവണം.


അവരുടെ സഹായത്തോടെ അടുത്ത ചുവടെന്തെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. അപ്പോള്‍ നമ്മുടെ ടേബിള്‍ ഏതാണ്ട് ഇങ്ങിനെയായിരിക്കും.


രണ്ടാം പട്ടിക

പ്രധാന പ്രശ്നങ്ങള്‍

പരിഹാരം

ആരോട്

ചര്‍ച്ച ചെയ്യാം

അടുത്ത ചുവട്

ക്രഡിറ്റ് കാര്‍ഡ് കടം

കടം തീര്‍ക്കുക

സഹോദരന്‍

കാര്‍ഡിലെ കടം

പലിശ കുറഞ്ഞ വായ്പ എടുത്ത് വീട്ടുക

ബന്ധങ്ങളിലെ പ്രശ്നങ്ങള്‍

ബന്ധങ്ങള്‍ നേരെയാക്കുക

ബന്ധുക്കള്‍

ബന്ധുക്കളുമായി സംസാരിക്കുക

ജോലിയിലെ പ്രശ്നങ്ങള്‍

കൈകാര്യം ചെയ്യാവുന്ന

ജോലി നേടുക

സുഹൃത്ത്

പുതിയ മാനേജരുമായി സംസാരിക്കുക.


ആദ്യ പ്രശ്നത്തില്‍ മുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഓരോന്ന് ഓരോന്നായി പരിഗണിക്കുക, പരിഹാരം കണ്ടെത്തുക. മൂന്ന് പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടാല്‍ അത് മുന്നോട്ടു പോകാനുള്ള വലിയ ഊര്‍ജവും പ്രചോദനവും ആകും.


ഈ ടേബിളിനെ മാറ്റത്തിലേക്കുള്ള ഒരു മാതൃകയാക്കുക. മുന്നോട്ടു പോകുന്നതിനനുസരിച്ച് ആവശ്യമായ പുതുക്കലുകള്‍ വരുത്തുക. പുരോഗതി പരിശോധിക്കുന്നതിനും, വിഷാദത്തില്‍ നിന്ന് ഉല്‍ക്കണ്ഠയിലേക്കും, തിരിച്ചും നിങ്ങളുടെ മനസ് ചാഞ്ചാടുന്നത് മനസിലാക്കുന്നതിനും മനോനില ചിത്രണ(mood mapping)വും ഉപയോഗപ്പെടുത്താവുന്നതാണ്.


വിഷാദവും ഉല്‍ക്കണ്ഠയും കൈകാര്യം ചെയ്യുന്നതിന് നാം സ്വീകരിച്ച മാര്‍ഗങ്ങള്‍ ഒന്നു കൂടി പരിശോധിക്കുക. ഏതാണ് നിങ്ങളുടെ മനോനില (mood) മെച്ചപ്പെടുത്താന്‍ ഉപകരിക്കുകയെന്ന് ആലോചിക്കുക.


ഇതോടെ മനോനില ചിത്രണത്തിന്‍റെ പതിമൂന്നാം ദിനം അവസാനിക്കുന്നു. പ്രസാദാല്‍മക ഊര്‍ജം അഥവാ പോസിറ്റീവ് എനര്‍ജി കൈവരിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആരായുന്ന പതിനാലാം ദിനം അടുത്ത ലക്കം മുതല്‍.


(തുടരും)


"മനോനില അനുകൂലമാക്കാന്‍

അറിവും സ്വഭാവവും മാറ്റാം"

ടോം മാത്യു,

അസ്സീസി മാസിക, ഓഗസ്റ്റ് 2025


Recent Posts

bottom of page