
ദൈവശാസ്ത്രവേദി

അപ്പോൾ നരകമില്ലേ?
നരകവും ശിക്ഷയുമൊന്നുമില്ലെന്നല്ല ഈ പറഞ്ഞതിന്റെ അർത്ഥം. നരകവും ശിക്ഷയുമില്ലെങ്കിൽ, അവയെപ്പറ്റി മുന്നറിയിപ്പു നല്കിക്കൊണ്ട് മാനസാന്തരത്തിലേക്കും രക്ഷയിലേക്കും വരേണ്ടതിന്റെ ആവശ്യകതയെയും ഉത്തരവാദിത്വത്തെയും ഊന്നിപ്പറയുന്നതിൽ അർത്ഥമില്ലല്ലോ. നരകം യഥാർത്ഥമായ ഒരു സാധ്യത തന്നെയാണ്. ഒരുവനു തന്റെ ജീവിതത്തിന്റെ ആത്യന്തികമായ ലക്ഷ്യം തെറ്റാം; അർത്ഥം നഷ്ടപ്പെടാം. അനന്തനന്മയും അനന്തസ്നേഹവുമായ ദൈവം തന്നെയാണ് മനുഷ്യന്റെ ആത്യന്തികമായ അർത്ഥവും ലക്ഷ്യവും. ഈ അർത്ഥവും ലക്ഷ്യവും നഷ്ടപ്പെടുകയാണ് അവനു സംഭവിക്കാവുന്ന ഏറ്റവും വലിയ ദുരന്തം. ഈ ദുരന്തത്തിനാണ് നരകമെന്നു പറയുന്നത്. മനുഷ്യൻ സ്വതന്ത്രനാണ്. ദൈവം നല്‌കുന്ന സ്നേഹവും രക്ഷയും നിരസിക്കാനുള്ള സ്വാതന്ത്ര്യം അവനുണ്ട്. സ്നേഹത്തിൻറെ തിരസ്ക്കരണമാണ് പാപം. ഈ തിരസ്ക്‌കരണത്തിൽ തന്നെ മരണംവരെ നിർണ്ണായകമായി നിലനില്ക്കാനും അങ്ങനെ ഗൗരവമേറിയ പാപത്തിൽ തന്നെ മരിക്കാനുമുള്ള സാധ്യത മനുഷ്യസ്വാതന്ത്ര്യത്തിന്റെ ഭയാനകമായ മറുവശമാണ്. അതിനാൽ നരകം മനുഷ്യൻറെ ഭയാനകമായ ഒരു സാധ്യതയത്രേ. നരകത്തെപ്പറ്റിയുള്ള യേശുവിൻ്റെ വാക്കുകളുടെയും സഭയുടെ പ്രബോധനത്തിന്റെ യഥാർത്ഥമായ അർത്ഥം ഈ സാധ്യതയാണ്.
പാപത്തിൽ തന്നെ ഉൾപ്പെട്ടിട്ടുള്ള ശിക്ഷ
നരകം ഒരു സ്ഥലമാണെന്നും പാപത്തിനുള്ള ശിക്ഷയായി ദൈവം മനുഷ്യനെ അവിടേക്ക് അയയ്ക്കുന്നുവെന്നുമുള്ള ധാരണ ശരിയല്ല. നരകം ഒരു സ്ഥലമല്ല, പ്രത്യുത ഒരു അവസ്ഥയാണത്രെ പ്രമുഖ ദൈവശാസ്ത്രജ്ഞന്മാരുടെയെല്ലാം അഭിപ്രായം. ദൈവത്തിൽനിന്ന് എന്നേയ്ക്കുമായി അകന്നിരിക്കുന്ന അവസ്ഥയാണത്. ഈ അവസ്ഥയിൽ ആരെങ്കിലും എത്തിച്ചേരുന്നെങ്കിൽ, ദൈവം അവനെ അങ്ങോട്ട് അയയ്ക്കുന്നതു കൊണ്ടല്ല, പിന്നെയോ സ്വതന്ത്രമായ തീരുമാനത്തോടെ അവൻ ദൈവത്തിന്റെ സ്നേഹം തിരസ്ക്കരിച്ചുകൊണ്ട് ദൈവത്തിൽ നിന്ന് അകന്നു പോകുകയും ആ അകൽച്ചയിൽ തന്നെ സ്വമനസ്സാ നിലകൊള്ളുകയും ചെയ്യുന്നതു കൊണ്ടാണ്. ദൈവം മനുഷ്യനെ സ്വതന്ത്രനായി സൃഷ്ടിച്ചിരിക്കുന്നതുകൊണ്ട് അവൻ തന്നെ തീരുമാനിക്കാതെ ആ അവസ്ഥയ്ക്ക് ഒരിക്കലും മാറ്റമുണ്ടാകയില്ല. അതിനാൽ ദൈവത്തിൽ നിന്നുള്ള നിത്യമായ അകൽച്ച അഥവാ നരകം, ദൈവം വെളിയിൽ നിന്നു കൊടുക്കുന്ന ശിക്ഷയല്ല. പ്രത്യുത, പാപത്തിലൂടെ, അനുതപിക്കാനുള്ള മനസ്സില്ലായ്മയിലൂടെ, ദൈവത്തിൻ്റെ ഇഷ്‌ടത്തിനെതിരായി സ്വന്തം ഇഷ്ടത്തിൽ തന്നെ ഉറച്ചു നില്ക്കുന്നതിലൂടെ ഒരുവൻ സ്വയം ആയിത്തീരുന്ന അവസ്ഥയാണ്. അങ്ങനെ പാപത്തിൽതന്നെ ഉൾക്കൊണ്ടിട്ടുള്ള ശിക്ഷയാണ് നരകം
നിത്യനരകമോ?
ദൈവം മനുഷ്യനു കൊടുത്തിരിക്കുന്ന സ്വാതന്ത്ര്യം അവിടുന്ന് ഒരിക്കലും തിരിച്ചെടുക്കുകയില്ല. തിരിച്ചെടുത്താൽ മനുഷ്യനായി തുടർന്നു ജീവിക്കാൻ അവന് ഒരിക്കലും ആവില്ല. സ്വാതന്ത്ര്യമുള്ളതുകൊണ്ട് നിർണ്ണായകമായ തീരുമാനമെടുക്കാൻ മനുഷ്യനു കഴിയും. ഗൗരവമേറിയ ഒരു കാര്യത്തിൽ, ദൈവത്തിനെതിരേ ഒരുവൻ നിർണ്ണായകമായ തീരുമാനമെടുക്കുകയും മരണംവരെ ആ തീരുമാനത്തിൽ ഉറച്ചുനിൽക്കുകയും അങ്ങനെ മരിക്കുകയും ചെയ്താൽ അവന്റെ തീരുമാനത്തിനു നിത്യത കൈവരുന്നു. മരണശേഷം ആ തീരുമാനത്തെ മാറ്റുവാൻ അവനോ മാറ്റാർക്കെങ്കിലുമൊ സാധ്യമല്ല. അതിനാൽ, നിത്യമായി ദൈവത്തിനെതിരെ നിലപാടെടുക്കുക, അങ്ങിൽ നിന്നും നിത്യമായി അകന്നു നിൽക്കുക എന്നത് മനുഷ്യന്റെ യഥാർത്ഥമായ ഒരു സാധ്യതയാണ്. നിത്യനരകം എന്ന വിശ്വാസസത്യം സൂചിപ്പിക്കുന്നത് ഈ സാധ്യതതന്നെയാണ്. ഈ സാധ്യതയെ നിഷേധിക്കുന്നത് മനുഷ്യന്റെ സ്വാതന്ത്രത്തെതന്നെ നിഷേധിക്കയായിരിക്കും.
ആരെങ്കിലും നിത്യനരകത്തിൽ?
ഈ സാധ്യത ഒരു യഥാർഥ്യമായിത്തീരുന്നുണ്ടോ? ആരെങ്കിലും ദൈവത്തിനെതിരെ നിർണായകമായ തീരുമാനമെടുത്ത് അദ്ദേഹത്തിൽനിന്ന് നിത്യമായി അകലുന്നുണ്ടോ? ഉത്തരം നമുക്കാർക്കും അറിഞ്ഞുകൂടാ. അതു ദൈവത്തിനു മാത്രം അറിയാവുന്ന രഹസ്യമാണ്. ആരെങ്കിലും നിത്യമായ ശിക്ഷ അനുഭവിക്കുന്നുണ്ടെന്നു ബൈബിളിൽ എങ്ങും പറഞ്ഞിട്ടില്ല, സഭാ പഠനത്തിലുമില്ല. മരിച്ചുപോയ ചില വിശുദ്ധരായ വ്യക്തികൾ രക്ഷിക്കപ്പെട്ട് സ്വർഗത്തിലാണെന്നു സഭ പഠിപ്പിക്കുന്നുണ്ട്. എന്നാൽ ആരെങ്കിലും ശിക്ഷിക്കപ്പെട്ട് നരകത്തിലാണെന്ന് സഭ ഒരിക്കലും പഠിപ്പിക്കുന്നില്ല, പഠ ിപ്പിക്കാൻ സഭയ്ക്ക് കഴിവൊ അധികാരമോ ഇല്ല.
മരിച്ചവരോടുള്ള ഐക്യദാർഢ്യവും സ്നേഹവും
ലോകത്തിന്റെ ആരംഭം മുതൽ ജീവിച്ചിരുന്നവരും അവസാനം വരെ ജീവിക്കാൻ പോകുന്നവരുമായ എല്ലാ മനുഷ്യരും നമ്മുടെ സഹോദരീ-സഹോദരങ്ങളാണ്, നമുക്ക് ബന്ധപ്പെട്ടവരും വേണ്ടപ്പെട്ടവരുമാണ്. മരിച്ചുപോയ ഓരോ വ്യക്തിയെയും കുറിച്ച് നമുക്കുണ്ടായിരിക്കേണ്ട നിലപാട് അവർ രക്ഷിക്കപെടണമെന്ന പ്രാർത്ഥനയും, രക്ഷിക്കപ്പെട്ടുവെന്ന പ്രത്യാശായുമാണ്. അവരിലരെങ്കിലും നിത്യ ശിക്ഷ അനുഭവിക്കുന്നുണ്ടെങ്കിൽ, അതു നമ്മുടെ ഓരോരുത്തരുടെയും വിരഹവും വേദനയുമാണ്. നമ്മുടെ സഹോദരങ്ങളിലാർക്കും ഈ ദുരന്തമുണ്ടാകരുതേയെന്നു പ്രാർത്ഥിക്കാനും, പ്രത്യാശിക്കാനും നമുക്ക് അവകാശവും കടമയുമുണ്ട്. അങ്ങനെ പ്രാർത്ഥനയിലും പ്രത്യാശയിലും സ്നേഹത്തിലും അവരോടൊപ്പം ഐക്യദാർഢ്യത്തോടെ ദൈവത്തിരു മുൻപിൽ നാം നിലകൊള്ളുന്നുവെങ്കിൽ, സ്നേഹത്തിലും കാരുണ്യത്തിലും ദൈവം ഒട്ടും പിന്നിലാകയില്ലലോ.
എന്നാൽ മരിച്ചവരോടുള്ള ഈ ഐക്യദാർഢ്യവും സ്നേഹവും ആത്മാർത്ഥമെങ്കിൽ, ആദ്യമായിത്തന്നെ ജീവിച്ചിരിക്കുന്ന നമ്മുടെ സഹോദരീ-സഹോദരങ്ങളോടുള്ള ബന്ധത്തിൽ അതു പ്രകടമാകണം. അവർ അനുഭവിക്കുന്ന കഷ്ടപ്പാടുകളിലും വേദനകളിലും ദാരിദ്ര്യത്തിലും മറ്റു നരകയാതനകളിലും നിന്ന് അവരെ മോചിപ്പിക്കാൻ നം സന്നദ്ധരാകുന്നുവെങ്കിൽ മാത്രമേ മരിച്ചുപോയ സഹോദരീസഹോദരന്മാരുടെ നേർക്കു സ്നേഹവും ഐക്യദാർഢ്യവുമുണ്ടാകയുള്ളു. ജീവിച്ചിരിക്കുന്ന സഹോദരങ്ങളുടെ മോചനത്തിനും, രക്ഷക്കും വേണ്ടി പ്രത്യാശിക്കയും പ്രാർത്ഥിക്കുകയും ചെയ്യുന്നർക്ക് മരിച്ചുപോയ സഹോദരങ്ങളുടെ നിത്യരക്ഷക്കു വേണ്ടി പ്രാർത്ഥിക്കാനും പ്രത്യാശിക്കാനും ദൈവത്തിന്റെ കാരുണ്യത്തിൽ ആശ്രയിക്കാനും സാധിക്കും. അങ്ങനെയുള്ളവ രുടെ പ്രാർത്ഥനയും പ്രത്യാശയും ഒരിക്കലും നിരർത്ഥമാകയില്ല.
അതെസമയം ദൈവം കാരുണ്യവാനായതുകൊണ്ട് എനിക്കു ഭയപ്പെടാനൊന്നുമില്ല, അവസാനം എങ്ങനെയെങ്കിലും രക്ഷ കിട്ടും എന്ന കണക്കുകൂട്ടലിൽ, അനുതപിക്കയോ മനസാന്തരപ്പെടുകയോ ചെയ്യാതെ ജീവിക്കുന്നത് അപകടകരമത്രേ. നമ്മുടെ സഹോദരീസഹോദരങ്ങളായ എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കു വേണ്ടി പ്രാർത്ഥിക്കയും പ്രത്യാശിക്കയും അവരെ ദൈവത്തിന്റെ കാരുണ്യത്തിന് ഏല്പിച്ചുകൊടുക്കുകയും ചെയ്യുന്നത്തോപ്പം, നമ്മുടെ ഓരോരുത്തരുടെയും രക്ഷയുടെ കാര്യത്തിൽ " പൂർവാധികം ഭയത്തോടും വിറയലോടും കൂടി നിങ്ങളുടെ സ്വന്തം രക്ഷക്കുവേണ്ടി അധ്വാനിക്കുവിൻ" (ഫിലി. 2:10) എന്ന പൗലോസ് അപ്പോസ്തൊലന്റെ വാക്കുകൾ വേണം നമുക്ക് മാർഗദർശനം നൽകുവാൻ.
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പുച്ചിൻ
അസ്സീസി മാസിക, ഫെബ്രുവരി 2007























