top of page

സൗധങ്ങൾ

Dec 14, 2025

2 min read

George Valiapadath Capuchin
Aerial view of a mosque with turquoise domes and intricate patterns. Surrounded by greenery and pathways, evokes a serene and grand mood.

യേശു ഒരു മനുഷ്യൻ മാത്രമായിരുന്നു എന്നും, തൻ്റെ വിശുദ്ധ ജീവിതം വഴി ദൈവം തനിക്കടുത്തേക്ക് അവനെ വിളിച്ചു ചേർത്തതാണെന്നും ഈജിപ്റ്റിലെ അലക്സാൻഡ്രിയൻ സഭയിലെ ആരിയുസ് എന്നൊരു വൈദികൻ വാദിച്ചു. അപ്പസ്തോലന്മാരുടെ കാലം മുതൽ ഉള്ള വിശ്വാസത്തെയാണ് ഏതാണ്ട് രണ്ടര നൂറ്റാണ്ടിനുശേഷം ആരിയൂസ് തിരസ്കരിച്ചു പറഞ്ഞത്. ആദിമസഭയും വിശ്വാസവും അപകടത്തിലാകുന്ന ഘട്ടത്തിൽ അന്നത്തെ റോമൻ ചക്രവർത്തിയായിരുന്ന കോൺസ്റ്റൻ്റൈൻ ഒന്നാമൻ സഭാ പിതാക്കന്മാരെ എല്ലാം നൈസിയയിൽ വിളിച്ചു ചേർത്തു. പാശ്ചാത്യ-പൗരസ്ത്യ ലോകങ്ങളിൽ അക്കാലത്ത് അറിയപ്പെടുന്ന എല്ലാ നാടുകളിലെയും സഭകളിൽ നിന്നായി ഇരുന്നൂറോളം മെത്രാന്മാരും നൂറിലധികം ദൈവശാസ്ത്രജ്ഞരും ഒത്തുചേർന്ന ആദ്യത്തെ എക്യുമെനിക്കൽ സൂന്നഹദോസിൽ രണ്ടു മാസത്തിലധികം നീണ്ട ചർച്ചകൾക്കും ധ്യനങ്ങൾക്കും ശേഷമാണ് അപ്പസ്തോലന്മാരുടെ വിശ്വാസപ്രമാണത്തെ കൂടുതൽ വിശദീകരിച്ചും വിപുലീകരിച്ചും കൊണ്ട് പൊതുവർഷം 325-ൽ നൈസിയൻ വിശ്വാസപ്രമാണം ഉണ്ടാകുന്നത്. അതേ സൂന്നഹദോസാണ് ഉയിർപ്പുതിരുന്നാളിൻ്റെ ദിവസം ഏകീകരിച്ചത്. അതുപോലെ കാനൻ നിയമങ്ങളുടെ അടിസ്ഥാന രൂപവും നിർമ്മിച്ച് പ്രഖ്യാപിച്ചത്.


കോൺസ്റ്റൻ്റൈൻ ചക്രവർത്തിയാണ് എല്ലാവരെയും ക്ഷണിക്കുകയും സൂന്നഹദോസിൻ്റെ ചെലവുകൾ വഹിക്കുകയും ചെയ്തത് എങ്കിലും അദ്ദേഹം ഒരു ദിവസം പോലും സുന്നഹദോസിൽ ആധ്യക്ഷ്യം വഹിക്കുകയുണ്ടായില്ല. സഭാപിതാക്കന്മാരായ മെത്രാന്മാരെയും വൈദികരെയും ദൈവശാസ്ത്ര ചിന്തകരെയും അങ്ങേയറ്റം ആദരവോടെ കണ്ട ഒരു മാമ്മോദീസാർത്ഥി മാത്രമായിരുന്നു അക്കാലത്തയാൾ.


കോൺസ്റ്റൻ്റൈൻ തൻ്റെ സാമ്രാജ്യം ഇന്നത്തെ ഇറ്റലി, പോർച്ചുഗൽ, സ്പെയ്ൻ, ഫ്രാൻസ്, ബ്രിട്ടൻ, ജർമ്മനി, ബൽജിയം, നെതർലൻ്റ്, സ്വിറ്റ്സർലൻ്റ്, ഓസ്ട്രിയ, ക്രൊയേഷ്യ, സ്ലോവേനിയ, സെർബിയ, ബൾഗേറിയ, മാസിഡോണിയ, ഗ്രീസ്, ടർക്കി, എന്നീ യൂറൊപ്യൻ രാജ്യങ്ങളിലേക്കും ഏതാണ്ട് അത്രയും തന്നെ ഭൂപ്രദേശം ഏഷ്യയിലെ മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും വടക്കൻ ആഫ്രിക്കയിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇറ്റലിയിലെ റോം എന്നത് യൂറോപ്പിൻ്റെ ഒരു മൂലയായിരുന്നു. സാമ്രാജ്യത്തിൻ്റെ തലസ്ഥാനം അവിടെ തുടരുന്നത് തന്ത്രപരവും പ്രായോഗികവുമല്ലാത്തതിനാലാണ് യൂറോപ്പിൻ്റെ അവസാന പട്ടണം തൻ്റെ സാമ്രാജ്യത്തിൻ്റെ തലസ്ഥാനമായി പുതുക്കിപ്പണിയാൻ അദ്ദേഹം തീരുമാനിച്ചത്. അവിടെയാകുമ്പോൾ യൂറൊപ്പും ഏഷ്യയും കൂട്ടിമുട്ടുന്ന സ്ഥലമാണ്. ഏഷ്യവഴി ആഫ്രിക്കയിലെ തനിക്ക് അധീനമായ പ്രദേശങ്ങളിലും തൻ്റെ സ്വാധീനവും നിയന്ത്രണവും എളുപ്പത്തിൽ നിലനിർത്താം. അങ്ങനെയാണ് അദ്ദേഹം താൻ പണിത പുതിയ തലസ്ഥാന നഗരത്തിന് സ്വന്തം പേര് ചേർത്ത് കോൺസ്റ്റാൻ്റിനോപ്പിൾ എന്ന് പേരിട്ടത്. കാലം പോകെ അന്നാട്ടുകാർ കോൺസ്റ്റാൻ്റിനോപ്പിൾ എന്ന നീണ്ടപേരിനെ 'നഗരമധ്യം' എന്ന അർത്ഥത്തിൽ ചുരുക്കി വിളിച്ചതായിരുന്നു 'ഈസ്റ്റാൻബൂൾ'.


കോൺസ്റ്റൻ്റൈൻ ചക്രവർത്തി, താൻ പണികഴിപ്പിച്ച കോൺസ്റ്റാൻ്റിനോപ്പിളിൽ നഗരമധ്യത്തിലായി രണ്ട് വൻ സൗധങ്ങളാണ് നിർമ്മിച്ചത്. മെഡിറ്ററേനിയൻ കടലിനും കരിം കടലിനും മധ്യേയുള്ള ഉൾക്കടലായ മർമ്മര കടലിൽ നിന്ന് സുന്ദരമായ ദൃശ്യഭംഗി പ്രദാനം ചെയ്യും വിധം തൻ്റെ വലിയ കൊട്ടാരവും കൊട്ടാരത്തിന് ഇടതുവശത്ത് ഏതാണ്ട് മുന്നൂറ് മീറ്റർ മാറി ഹാഗിയ സോഫിയ അഥവാ "മെഗലേ എക്ളേസിയ" (വലിയ പള്ളി) എന്ന കൂറ്റൻ ദേവാലയവും. അക്കാലത്തും പിന്നീടും യൂറൊപ്പിലെ ദേവാലയങ്ങൾ പലതും പൂർണ്ണമായും തടിയിൽ നിർമ്മിച്ചവയായിരുന്നു. പ്രസ്തുത ദേവാലയം 404-ൽ അഗ്നിക്കിരയായി.


ആദിമസഭയുടെ ഒത്തിരി ചരിത്രം ഉറങ്ങുന്ന മണ്ണായതിനാലാണ് അടുത്തകാലത്തെ മാർപ്പാപ്പാമാർക്കെല്ലാം തുർക്കിയിൽ പോകേണ്ടിവരാറുള്ളത്. ജോൺ XXIII പാപ്പാ പത്തു വർഷം തുർക്കിയിലെ അപ്പസ്റ്റോലിക് ഡെലിഗേറ്റ് ആയിരുന്നു. 1967-ൽ പോൾ VI പാപ്പായും 1979-ൽ ജോൺ പോൾ II പാപ്പായും 2006-ൽ ബെനഡിക്റ്റ് XVI പാപ്പായും 2014-ൽ ഫ്രാൻസിസ് പാപ്പായും ഈ വർഷം 2025-ൽ ലിയോ IX പാപ്പായും തുർക്കി സന്ദർശിച്ചു. നൈസീയൻ വിശ്വാസപ്രമാണത്തിൻ്റെ 1700-ാം വാർഷികമായതിനാൽ കാലംചെയ്ത ഫ്രാൻസിസ് പാപ്പാ തന്നെ തുർക്കിയിലെ നൈസിയയിലേക്ക് രണ്ടാം യാത്ര പ്ലാൻ ചെയ്തിരുന്നതാണ്. അദ്ദേഹത്തിൻ്റെ മരണത്തെത്തുടർന്ന് പുതിയ പാപ്പായുടെ തെരഞ്ഞെടുപ്പിനു ശേഷമാണ് പുതിയ സന്ദർശനത്തിയ്യതി നിശ്ചയിക്കപ്പെട്ടത്. കത്തോലിക്കാ - ഓർത്തഡോക്സ് - പ്രോട്ടസ്റ്റൻ്റ് സഭകൾ അംഗീകരിച്ച് പിന്തുടർന്നു പോരുന്ന ക്രിസ്തീയ വിശ്വാസപ്രമാണത്തിൻ്റെ 2025-ലെ 1700 -ാം വാർഷികം പ്രമാണിച്ച് ലിയോ പാപ്പായുടെ ആദ്യത്തെ വിദേശ സന്ദർശനംതന്നെ സംഗതിവശാൽ തുർക്കിയിലേക്ക് ആവുകയായിരുന്നു.


ആദ്യ ഹാഗിയ സോഫിയ ദേവാലയം 404-ലും, 415-ൽ പുനർനിർമ്മിക്കപ്പെട്ട ദേവാലയം 532-ലും ആയി രണ്ടുതവണ തീവച്ച് നശിപ്പിക്കപ്പെട്ടതായാണ് ചരിത്രം. രണ്ടു തവണ നശിപ്പിക്കപ്പെട്ട സാഹചര്യത്തിലാണ് ജസ്റ്റീനിയൻ I ചക്രവർത്തി 537-ൽ പഴയ ഹാഗിയ സോഫിയയുടെ അതേ ഇടത്ത് പുതിയ ഹാഗിയ സോഫിയ കല്ലിൽ പടുത്തുയർത്തിയത്. അതിന് ആയിരത്തിലധികം വർഷങ്ങൾക്കു ശേഷമാണ് 1609-ൽ ഓട്ടോമൻ ശ്രേണിയിലെ ആദ്യ ചക്രവർത്തി സുൽത്താൻ അഹമ്മദ് I കോൺസ്റ്റൻ്റൈൻ ചക്രവർത്തിയുടെ കൊട്ടാരം നിലനിന്നിരുന്ന ഇടത്ത് ഹാഗിയ സോഫിയയെക്കാൾ തലയെടുപ്പോടെ അതിഗംഭീരമായ 'ബ്ലൂ മോസ്ക്' പടുത്തുയർത്തുന്നത്. മാർപാപ്പായുടെ ബ്ലൂ മോസ്ക് സന്ദർശനവുമായി ബന്ധപ്പെട്ട് കുറേ വിവാദങ്ങൾ നിർമ്മിക്കപ്പെട്ടെങ്കിലും കൃത്യമായ ദിശാസൂചനകൾ നല്കുന്നവയായി മാറി പ്രസ്തുത സന്ദർശനം.

(തുടർന്നെഴുതാം)


Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page