

ഒഴുകുന്ന നദികളോടൊപ്പം നമ്മളും കടന്നുപോകും. നമ്മള്‍ നാമമില്ലാത്തവരായിത്തീരും. ഒഴുക്കിന്‍റെ പകുതിയില്‍ വച്ച് അവനെ കണ്ടുമുട്ടിയവര്‍ അക്കാരണത്താല്‍ തന്നെ ഓര്‍മ്മിക്കപ്പെടും.
- ഖലീല്‍ ജിബ്രാന്‍ - മനുഷ്യപുത്രനായ യേശു
യേശുവിനെ കണ്ടവരും അവന്‍ കണ്ടവരും അക്കാരണത്താല്‍ ഓര്‍മ്മിക്കപ്പെടുന്ന ഭൂമിയില്‍ ആണ് നമ്മളും ജീവിക്കുന്നത്. മനുഷ്യന്‍റെ ചിന്തകള്‍ക്കും ഭാവനകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഉപരിയായി, പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടു അനുഭവിക്കാവുന്ന വിധം ദൈവം ഭൂമിയെ തൊട്ടതിന്‍റെ തിരുനാള്‍ ആഘോഷത്തിന് ലോകം മുഴുവനും ഒരുങ്ങുന്ന സമയം - ക്രിസ്തുമസ് . അതുവരെയുണ്ടായിരുന്ന എല്ലാ ദൈവാനുഭവങ്ങളെയും ദൈവസങ്കല്പങ്ങളെയും ഒക്കെ മാറ്റി മറിച്ചു കൊണ്ട് ദൈവം യേശുവെന്ന വ്യക്തിയായി ഈ മണ്ണിനു മീതെ നടന്നു പോയി (God walked on the earth through the person of Jesus). അവന്‍റെ യാത്രയില്‍ അവനെ കണ്ടവരും അവന്‍ കണ്ടവരും ചരിത്രത്തിന്‍റെ ഭാഗമാണ്. അവന്‍റെ യാത്ര രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് അവസാനിച്ച ഒന്നല്ല; നിത്യതയോളം തുടരുന്ന ഒന്നാണ്. ആ യാത്രയില്‍ ഒരു കണ്ടുമുട്ടല്‍ സംഭവിച്ചാല്‍ അത് നമ്മുടെ ജീവിത സാഫല്യം. അല്ലെങ്കില്‍ തന്നെ അവന്‍ എപ്പോഴാണ്, ആരെയാണ് കാണാത്തത്. ഞാന്‍ കാണുന്നുണ്ടോ എന്നതാണ് ചോദ്യം?
അവനെ കണ്ട മറ്റനേകര്‍ കൂടി ആ ചരിത്രത്തിന്‍റെ ഭാഗമാണ്. ഉദാഹരണത്തിന്, ന്യായാന്യായങ്ങളുടെ തുലാസില്‍ താന്‍ ഏതു തട്ടിലാണെന്നു പോലും തിരിച്ചറിയാന്‍ കഴിയാത്ത പീലാത്തോസ് അവന്‍റെ ചരിത്രത്തിലൂടെ മാത്രം നിലനില്ക്കുന്നു. ഒരുപാടു സാമ്രാജ്യങ്ങളും ചക്രവര്‍ത്തിമാരും കടന്നു പോയ ഈ ഭൂമിയില്‍ റോമാ സാമ്രാജ്യം ഓര്‍ക്കപ്പെടുന്നത് അവന്‍റെ ജീവിതത്തില്‍ ഇടപ്പെട്ടതുകൊണ്ടാണ്.
ഇന്നോളം ഭൂമിയില്‍ അവനുമായി കണ്ടുമുട്ടിയവരുടെ ജീവിതങ്ങള്‍ പ്രകാശം ചൊരിയുന്ന ഓര്‍മ്മയായി നിലനില്‍ക്കുന്നു. പ്രകാശത്തെ കണ്ടുമുട്ടിയ അവര്‍ തങ്ങളുടെ ജീവിതം, ആ പ്രകാശം പരക്കാനുള്ള ഒരു ചാലായി സമര്‍പ്പിച്ചു.
മൂന്നു കൂട്ടം ആളുകള്‍ അവന്‍റെ ജീവിതത്തില്‍ ഉണ്ടായിരുന്നു. അവനുവേണ്ടി ജീവിച്ചവര്‍, അവനോടൊപ്പം ജീവിച്ചവര്‍ , അവനെ കൂടാതെ ജീവിക്കുവാന്‍ ശ്രമിച്ചവര്‍. അവനുമായുള്ള കണ്ടുമുട്ടലും ആ കണ്ടുമുട്ടലിനോടുള്ള അവരുടെ പ്രതികരണവുമാണ് അവരുടെ ജീവിതങ്ങളെ വ്യത്യസ്ഥമാക്കുന്നത്.
മറിയവും ജോസഫും അവനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചവരാണ്. അവന്‍ വിളിച്ച, അവന്‍റെ വിളികേട്ട് അവനെ അനുഗമിച്ച ശിഷ്യഗണം പിന്നീട് അവനു വേണ്ടി മാത്രം ജീവിച്ചവരാണ്. അവനെ കണ്ടുമുട്ടിയതിന്‍റെ, തങ്ങളുടെ ഇന്ദ്രിയങ്ങളിലൂടെ അവനെ അറിഞ്ഞതിന്‍റെ ദീപ്തമായ ഓര്‍മ്മ മാത്രം മതിയായിരുന്നു അ വര്‍ക്ക്, അവനു വേണ്ടി ലോകത്തിന്‍റെ ഏതറ്റം വരെയും പോകാന്‍. മരണം പോലും അവര്‍ക്ക് ഒരുതരത്തിലുമുള്ള വെല്ലുവിളി ഉയര്‍ത്തുന്ന ഒരു കാര്യമായിരുന്നില്ല . അവനുമായുള്ള അവരുടെ കണ്ടുമുട്ടല്‍ അത്ര അഗാധമായിരുന്നു. "ആദിമുതല്‍ ഉണ്ടായിരുന്നതും ഞങ്ങള്‍ കേട്ടതും സ്വന്തം കണ്ണുകൊണ്ടു കണ്ടതും സൂക്ഷിച്ചുവീക്ഷിച്ചതും കൈകൊണ്ടു സ്പര്‍ശിച്ചതുമായ ജീവന്‍റെ വചനത്തെപ്പറ്റി ഞങ്ങള്‍ അറിയിക്കുന്നു"(1 യോഹന്നാന്‍ 1 : 1) എന്ന യോഹന്നാന്‍റെ വചനം ഓര്‍ക്കാം. വാക്കുകള്‍ക്ക് ഉപരിയായ അത്തരം ഒരു അനുഭവത്തിലൂടെ കടന്നുപോയ, ഇന്നും കടന്നുപോകുന്ന അവന്‍റെ പ്രിയ സ്നേഹിതര്‍ അവനു വേണ്ടി എത്ര ത്യജിക്കാനും മടിക്കത്തവരാണ്; മരിക്കാന്‍ പോലും.
അവനോടൊപ്പം ജീവിച്ചവര്‍ ഉണ്ടായിരുന്നു. കാനായിലെ കല്യാണ വീട്ടില്‍ അവന്‍ വര്‍ദ്ധിപ്പിച്ച വീഞ്ഞ് അവരും നുകര്‍ന്നിരുന്നു. അവനൊപ്പം അവര്‍ സഞ്ചരിച്ചിരുന്നു. അവന്‍റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ വേണ്ടി കാതങ്ങള്‍ താണ്ടി അവര്‍ യാത്ര ചെയ്തു. അവന്‍ പ്രവര്‍ത്തിക്കുന്ന അത്ഭുതങ്ങള്‍ കാണാന്‍ അവര്‍ കൊതിച്ചു. ചിലപ്പോഴൊക്കെ അതിനായി അവന്‍റെ അടുക്കലേക്ക് രോഗികളെ അവര്‍ എടുത്തു കൊണ്ടുവന്നു. അവന്‍ വര്‍ദ്ധിപ്പിച്ച അപ്പകഷണങ്ങള്‍ അവരെ ആകര്‍ഷി ച്ചിരുന്നു. അവനെ തങ്ങളുടെ രാജാവാക്കാന്‍ ബലമായി പിടിച്ചുകൊണ്ടു പോകാന്‍ അവര്‍ ശ്രമിച്ചു. അവരെ ചലഞ്ചു ചെയ്യുന്ന കാര്യങ്ങള്‍ പഠിപ്പിച്ചപ്പോള്‍ അവരില്‍ പലരും എന്നേക്കുമായി അവനെ വിട്ടുപോയി. ഓശാന പാടി എതിരേറ്റവരില്‍ അവര്‍ ഉണ്ടായിരുന്നു ക്രൂശിക്കാനായി മുറവിളി കൂട്ടിയവരില്‍ ഉണ്ടായിരുന്നിരിക്കാം. അവന്‍റെ മഹത്വത്തില്‍, സമൃദ്ധിയില്‍ താത്പര്യപൂര്‍വ്വം പങ്കുചേരുകയും കുരിശെടുക്കേണ്ടി വരുമ്പോള്‍ പിന്‍വാങ്ങുകയും ചെയ്യുന്നവരൊക്കെ ആ കൂട്ടത്തില്‍പ്പെടുന്നവരാണ്. എന്നാല്‍ അവരോട് (ജനക്കൂട്ടത്തോട്) യേശുവിന് എപ്പോഴും അനുകമ്പയായിരുന്നു. അവനോടൊപ്പം ജീവിച്ചിട്ടും അവനെ കണ്ടുമുട്ടാതെ മടങ്ങിപ്പോകേണ്ടി വന്നാല്‍ വല്ലാത്ത ദുര്യോഗം ആയിരിക്കുമത്.
അവനെ കൂടാതെ ജീവിക്കാന്‍ ശ്രമിച്ചവരും ഉണ്ടായിരുന്നു. തങ്ങളുടെ യുക്തിക്കു നിരക്കാത്ത കാര്യങ്ങള്‍ അവന്‍ പഠിപ്പിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതായിരുന്നു അതിന് കാരണം. പരമ്പരാഗതമായി കിട്ടിയ അറിവിലും നിയമത്തിലും മാത്രം ആശ്രയിച്ച് ജ്ഞാനത്തിന്‍റെ വഴികളെ അടച്ചു കളഞ്ഞവര്‍. നിയമസംവിധാനങ്ങള്‍ ഉറപ്പു നല്കിയിരുന്ന അധികാരസ്ഥാനങ്ങള്‍ നഷ്ടപ്പെടുമോ എന്ന പേടി അവര്‍ക്കുണ്ടായിരുന്നു. ശിശുഹത്യക്ക് ഉത്തരവിട്ട ഹെറോദേസ് അവരില്‍പ്പെടുന്നു. സിനഗോഗിലും തെരുവീഥിയിലും അവനെ പിടിക്കാന്‍ പഴുതുനോക്കി നടന്ന പുരോഹിതരും പ്രമാണിമാരും അവരില്‍പ്പെടുന്നു. അവന്‍റെ മാര്‍ഗത്തില്‍ ചരിക്കുന്നവരെ ഇല്ലാതാക്കാന്‍ ശ്രമിച്ചിട്ടുള്ള, ശ്രമിക്കുന്ന എല്ലാവരും അതില്‍പ്പെടുന്നു. യേശുവിനോടുള്ള ഒരു കണ്ടുമുട്ടല്‍ അവര്‍ ബോധപൂര്‍വ്വം ഒഴിവാക്കുന്നു. തങ്ങളുടെ അറിവും യുക്തിയും ബുദ്ധിയും വിവേകത്തോടെ അവനിലേക്ക് തുറന്നിരുന്നു എങ്കില്‍, ഭൂമിയിലേക്കും വച്ച് മനുഷ്യനു ലഭ്യമായ ഏറ്റവും വലിയ അനുഭവത്തിലേക്ക് - ക്രിസ്താനുഭവത്തിലേക്ക്- അവര്‍ക്കും പ്രവേശിക്കാമായിരുന്നു. കിളിവാതിലിൻ്റെ പാളി ഒരല്‍പ്പം തുറക്കുന്നതു പോലും സൂര്യ പ്രകാരവും ശുദ്ധവായുവും പ്രവേശിക്കാന്‍ ഇടയാകുന്ന പോലെ.
പ്രിയ ചങ്ങാതി നമ്മളെങ്ങനെയോ ആ ചരിത്രത്തിന്‍റെ ഭാഗമാണ്. അവനുമായി കണ്ടുമുട്ടിയവരുടെ ജീവിതമാണോ നമ്മള്‍ നയിക്കുന്നത് എന്ന ചോദ്യം വളരെ പ്രസക്തമാണ്. അവനെ കണ്ടവരുടെയൊക്കെ ജീവിതം അതിനു മുമ്പും ശേഷവും എന്നു രണ്ടു ഭാഗങ്ങളുണ്ട്. അവന്‍റെ മാതാപിതാക്കള്‍ക്കും ശിഷ്യര്‍ക്കും തുടങ്ങി പിന്നീട് അവന്‍റെ വഴിയുടെ ഭാഗമായ എല്ലാവര്‍ക്കും അത്തരമൊരു ചരിത്രം ഉണ്ട്. ഇഹലോകവാസക്കാലത്ത് നമ്മുടെ വലിയ വെല്ലുവിളി അവന്‍ കണ്ടുമുട്ടിയ നമ്മുടെ ജീവിതങ്ങള്‍ അവനുമായി കണ്ടുമുട്ടിയവരുടെ ജീവിതമാണോ എന്നതാണ്.
അസ്സീസി കുടുംബത്തിന്‍റെ ഭാഗമായ നിങ്ങള്‍ക്കും ക്രിസ്തുമസ് ആശംസകള്‍ നേരുന്നു !
കണ്ടുമുട്ടല്‍,
റോണി കിഴക്കേടത്ത്
അസ്സീസി മാസിക, ഡിസംബർ 2025
























