top of page

അത്രമേല്‍ സ്നേഹിക്കയാല്‍...

Dec 7

3 min read

ജോയി മാത്യു
St Joseph, Mary and Child Jesus

സ്നേഹത്തിന് അളവുപാത്രങ്ങളില്ല. കണക്കു കളും തോതുകളും ഇല്ല. സ്കെയിലുകളും മീറ്റ റുകളും ഇല്ല. അളക്കപ്പെടാന്‍ സ്നേഹം ആഗ്രഹി ക്കുന്നുമില്ല. അതു കൊണ്ടാകണം ആരെങ്കിലു മൊക്കെ സ്നേഹിച്ചതിനെക്കുറിച്ച് കണക്കു പറഞ്ഞു തുടങ്ങുന്നിടത്തു നിന്നും സ്നേഹം നിശബ്ദമായി ഇറങ്ങിപ്പോകുന്നത്.


അളക്കാനാവാത്ത ദൈവസ്നേഹത്തെ കുറി ച്ചുള്ള ഓര്‍മ്മയാണ് ക്രിസ്തുമസ്. 'തന്‍റെ ഏക ജാതനെ നല്‍കാന്‍ തക്കവിധം അത്രമാത്രം ലോക ത്തെ സ്നേഹിച്ചു' എന്നാണ് പ്രസ്തുത സ്നേഹ ത്തെക്കുറിച്ച് സുവിശേഷത്തില്‍ യോഹന്നാന്‍ ആലേഖനം ചെയ്യുന്നത്. തനിക്കുള്ളത് മുഴുവനും നല്‍കാനുംമാത്രം സ്നേഹിച്ചു എന്നു ചുരുക്കി വായിച്ചാല്‍ എത്ര മനോഹരമാകുന്നു അത്. തനിക്കായി ഒന്നും പിടിച്ചു വയ്ക്കാതെ മുഴുവനായി നല്‍കുന്ന സ്നേഹം.


നല്‍കലാണ് സ്നേഹം. സത്രം സൂക്ഷിപ്പു കാരന്‍ നല്‍കാതിരുന്നത് നല്‍കാന്‍ ഒരു കാലി ത്തൊഴുത്തിനായി. ഒരു ചെറിയ പരിമിതമായ ഇടം. പക്ഷേ, അതു സ്നേഹപൂര്‍വം നല്‍കപ്പെട്ടതാണ്. ഒരു സൂതികര്‍മിണിയുടെ ശുശ്രൂഷയ്ക്കു പകരമായി യൗസേപ്പ് നല്‍കിയ ശുശ്രൂഷയും സ്നേഹമാണ്. ഭര്‍ത്താവ് എന്ന വാക്കിന്‍റെയും അപ്പന്‍ എന്ന വാക്കി ന്‍റെയും പര്യായപദങ്ങളായി സ്വന്തം പേരു രൂപാ ന്തരപ്പെടാനും മാത്രം ഗാഢമായ സ്നേഹം.


ശ്രദ്ധിച്ചിട്ടുണ്ടോ, വളര്‍ത്തു മൃഗങ്ങളുടെ പ്രസ വങ്ങളിലേറെയും നടക്കുന്നത് രാത്രിയുടെ വൈകിയ യാമങ്ങളിലാണ്. അവയെ ജന്തുക്കള്‍ ആക്രമിക്കു ന്നതും ഇരുട്ടിലാണ്. അതു കൊണ്ടു തന്നെ കാതു തുറന്നു വച്ച് ഉറങ്ങുന്നവനാണ് ഇടയന്‍. ദീര്‍ഘ നിദ്രയില്‍ പോലും അയാളുടെ മനസ് ഏതൊരു നേര്‍ത്ത ശബ്ദത്തിലേക്കു തുറന്നാണിരിക്കുന്നത്. ബോധം കെട്ടുറങ്ങാന്‍ കഴിയാത്ത വിധം പരുവപ്പെട്ട കരുതലുള്ള സ്നേഹമാണത്. അതു കൊണ്ടാണ് തിരുജനനത്തെ കുറിച്ചുള്ള മാലാഖമാരുടെ സംഗീതം കേള്‍ക്കാന്‍ അവര്‍ക്കായത്. ഉടനെ തന്നെ ഇരുളും മഞ്ഞും വകവയ്ക്കാതെ ഓടിയെത്തുന്ന അവരും സ്നേഹത്തിന്‍റെ മനുഷ്യരായി തങ്ങളെ രേഖപ്പെടുത്തുകയാണ്. 'ഞാന്‍ നല്ല ഇടയനാണ്' എന്ന ക്രിസ്തുവാക്യം രൂപപ്പെടുന്നതിന്‍റെ പശ്ചാത്തലവും മറ്റൊന്നല്ലല്ലോ. നിന്നിലേക്ക് ഓടിയെത്തുന്ന ഞാന്‍ എന്നതില്‍ കവിഞ്ഞ് സ്നേഹത്തിന് മറ്റെന്തു നിര്‍വചനമാണുള്ളത്!


മലയും പുഴയും കാനനവും മണല്‍ക്കാടും കട ന്ന് അവരെത്തുകയാണ്, ജ്ഞാനികള്‍. എപ്പോഴെ ങ്കിലും വന്ന് ശിശുവിനെ കണ്ടു പോയാല്‍ മതിയെ ന്നല്ല, സമയത്ത് എത്തി കാണുക എന്നതാണ് സ്നേഹം. ദൂരമോ, മോശം കാലാവസ്ഥയോ, ദുര്‍ ഘടം പിടിച്ച വഴിയോ, ശാരീരികാസ്വാസ്ഥ്യമോ എന്തുമാകട്ടെ, അതിനെയെല്ലാം മറി കടന്ന് സമ യത്ത് ഒപ്പമുണ്ടായിരിക്കുവാന്‍ അവരെടുക്കുന്ന പരിശ്രമത്തിന്‍റെ പേര് സ്നേഹമെന്നാണ്. പകരം വയ്ക്കാത്ത സ്നേഹം. 'വേണ്ട സമയത്ത്' കൂടെയു ണ്ടായിരുന്നു എന്നതു കൊണ്ടാണല്ലോ, ചില സ്നേ ഹങ്ങളെ നാം ഹൃദയഭിത്തിയില്‍ തന്നെ അടയാള പ്പെടുത്തി കൊണ്ടു നടക്കുന്നത്.


ക്രിസ്തുമസ് മുന്നോട്ടു വയ്ക്കുന്ന ചോദ്യം ലളിതമാണ്. നീ എത്രമാത്രം സ്നേഹിക്കുന്നുണ്ട് എന്നാണത്. നിന്‍റെ ജീവിതത്തിന്‍റെ ചെറിയ ചുറ്റു വട്ടത്തിന് മുഴുവനായും നിന്‍റെ സ്നേഹം നീ നല്‍കു ന്നുണ്ടോ? തനിക്കായി ഒന്നും കരുതി വയ്ക്കാതെ മുഴുവനായും ലോകത്തിനു കൊടുത്ത ദൈവത്തെ പോലെ? ഇത്തിരിപ്പോന്ന ജീവിതത്തിന്‍റെ പരി സരത്തില്‍ ഒരല്‍പ്പമിടം മറ്റുള്ളവര്‍ക്കു മാറ്റിവ യ്ക്കുന്ന കാലിത്തൊഴുത്തെന്ന പോലെ, നിന്‍റെ ഹൃദ യത്തിന്‍റെ പരിസരത്ത് ഒരല്‍പ്പമിടം മറ്റുള്ളവര്‍ക്കായി കരുതുന്നുണ്ടോ? സൗകര്യപൂര്‍വം ആരെയും ഒഴിവാക്കാത്ത സ്നേഹമാണ് നിന്‍റേത് എന്ന് ഉറപ്പുണ്ടോ? ഏതിരുട്ടിലും ഒപ്പമുണ്ടാകുന്ന, ചേര്‍ത്തു പിടിക്കുന്ന കരമാണോ? സമയം നോക്കാതെ ഓടിയെത്തുന്ന സ്നേഹമാണോ?


സ്നേഹിക്കാന്‍ ഏറ്റവും വേണ്ടത് സ്നേഹം സ്നേഹമെന്ന് വിളിച്ചു കൂവുന്ന നാവല്ല. നിശബ്ദ തയിലും വാചാലമായ കരുണ നിറഞ്ഞ ഒരു ഹൃദയ മാണ്. നാമൊക്കെ നിശബ്ദരാകുന്നത് പിണക്കം നിറഞ്ഞ നിമിഷങ്ങളിലാണെങ്കില്‍ യൗസേപ്പ് എന്ന മനുഷ്യന്‍റെ നിശബ്ദതയില്‍ നിറഞ്ഞു നില്‍ക്കുന്നത് പൂര്‍ണമായ സ്നേഹമാണ്. ഇരുട്ടിനും തണുപ്പിനു മിടയില്‍ അയാള്‍ തന്‍റെ കുഞ്ഞിനും അമ്മയ്ക്കു മായി ഒരു മറവ് ഒരുക്കുന്നു. ഒരു റാന്തല്‍ കൊളു ത്തുന്നു. കുഞ്ഞിനു താരാട്ടും അമ്മയ്ക്കു കരുതലു മാകുന്നു. സ്നേഹത്തിന്‍റെ കമ്പളം കൊണ്ട് അവരെ പൊതിയുന്നു. ഹേറോദേസിന്‍റെ വാളിനെതിരെ കവചമാകുന്നു. അയാളുടെ സ്നേഹം മുഴുവന്‍ പ്രവൃത്തികളിലാണ്. വാക്കുകളിലല്ല. നിന്‍റെയോ?


അത്രമേല്‍ സ്നേഹം കൊണ്ട് നനഞ്ഞ കണ്ണു കളോടെ ഒരു ബലിയര്‍പ്പണം, സ്നേഹിക്കാന്‍ മറന്നു പോയി എന്ന ഏറ്റു പറച്ചില്‍, നിന്‍റെ ഇഷ്ടം നിറവേറട്ടെയെന്ന് കീഴടങ്ങല്‍, എല്ലാ ജോലിക ളിലും ഒരിറ്റു സ്നേഹത്തിന്‍റെ നിറം ചേര്‍ക്കല്‍, സ്നേഹത്തിന്‍റെ ഭംഗി നഷ്ടപ്പെടുമെന്നുറപ്പു ള്ളപ്പോള്‍ നാവിനു മുദ്ര വയ്ക്കല്‍, പ്രലോഭനങ്ങ ള്‍ക്കും പ്രകോപനങ്ങള്‍ക്കുമെതിരെ സ്വയം സൃഷ്ടിക്കുന്ന പരിചകള്‍, ദുര്‍ഘടമായ വഴി കടന്നി ട്ടായാലും ദൈവത്തെ ചെന്നു കാണണമെന്ന നിശ്ചയ ദാര്‍ഢ്യം, പൊന്നും മീറയും കുന്തിരിക്ക വുമായി എന്നെത്തന്നെ കാഴ്ചവയ്ക്കുന്നുവെന്ന പ്രാര്‍ത്ഥന - നോക്കൂ, ഇരുപത്തഞ്ച് നോമ്പുകാലം ആവശ്യപ്പെടുന്നത് അനുഷ്ഠാനങ്ങളെയല്ല. സ്നേഹം കൊണ്ട് നിറഞ്ഞ നിന്നെത്തന്നെയാണ്.


കിട്ടാതെ പോയ സ്നേഹത്തെക്കുറിച്ച് നിരാശ പ്പെടേണ്ടതില്ല. നിരസിക്കപ്പെട്ട സ്നേഹത്തെക്കുറിച്ച് വിലപിക്കേണ്ടതുമില്ല. അന്വേഷിച്ചു കണ്ടെത്താത്ത സ്നേഹത്തെ കുറിച്ച് പരിതപിക്കേണ്ടതുമില്ല. ഞാന്‍ എന്നും, എല്ലായ്പോഴും, എല്ലായിടത്തും സ്നേഹം മാത്രമായിരിക്കുമെന്ന് ഉറപ്പിച്ചു മുന്നോട്ടു യാത്ര ചെയ്താല്‍ മാത്രം മതി. ലോകം എങ്ങനെയൊക്കെ കലങ്ങി മറിഞ്ഞാലും സ്നേഹമല്ലാത്തത് ഒന്നും എന്നില്‍ നിന്നും പുറപ്പെടില്ല എന്ന് തീര്‍ച്ച ചെയ്താ ല്‍ മതി.


ലോകമൊരു കാലിത്തൊഴുത്ത് വച്ചു നീട്ടിയതു കൊണ്ട് മറിയം കയ്പ്പു കൊണ്ട് നിറഞ്ഞില്ല. എന്തൊരു നാടെന്ന് യൗസേപ്പ് രോഷം കൊണ്ടില്ല. ഹേറോദേസിന്‍റെ നീതികേടില്‍ വെറുപ്പു കൊണ്ടു നിറഞ്ഞില്ല. യാത്രാ ദുരിതത്തെ കുറിച്ച് പൂജ്യ രാജാക്കള്‍ കണക്കു പറഞ്ഞില്ല. മറ്റെയാളുടെ കുറ വിനെ ആരും ഗൗനിച്ചതേയില്ല. പക്ഷേ, എല്ലാ അസൗകര്യങ്ങള്‍ക്കും തിരസ്കരണ ങ്ങള്‍ക്കുമിടയില്‍ സ്നേഹമായി തന്നെ തുടരും എന്നു തീര്‍ച്ചപ്പെടുത്തി. അവരെല്ലാം ചേര്‍ന്നാണ് ഓര്‍മിക്കാന്‍ നമുക്കൊരു ക്രിസ്തുമസ് നല്‍കിയത്. ഒരു പുഞ്ചിരിയോടെയല്ലാതെ ക്രിസ്തുമസ് എന്ന വാക്കു പറയാന്‍ നമുക്കാകുമോ?


സ്നേഹത്തിന്‍റെ അടയാളമാകാന്‍ ക്രിസ്തുമസ് നമ്മെ വെല്ലുവിളിക്കുന്നു. സ്കെയിലുകളും മീറ്ററുകളും കൊണ്ട് അളക്കാന്‍ കഴിയാത്ത സ്നേഹമാകാന്‍. സ്നേഹത്തിന്‍റെ പര്യായപദ മാകാന്‍. ഹോ! എന്തൊരു വെല്ലുവിളിയാണത് !


ഹാപ്പി ക്രിസ്മസ് !


അത്രമേല്‍ സ്നേഹിക്കയാല്‍...

ജോയ് മാത്യു പ്ലാത്തറ

അസ്സീസി മാസിക -ഡിസംബർ 2025

Recent Posts

bottom of page