top of page

മിണ്ടാട്ടങ്ങള്‍

Dec 7

2 min read

ഫാ. ഷാജി CMI
Elizabeth and Mary Greets each other

ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധിശേഖരം തുറക്കാനുള്ള താക്കോല്‍ക്കൂട്ടങ്ങളാണ് മിണ്ടാട്ട ങ്ങള്‍. നേരും നന്മയുമുള്ള ആ ഭാഷയ്ക്ക് കാഴ്ചയെ ഉള്‍ക്കാഴ്ചയാക്കാനുള്ള വിരുതുണ്ട്. മുല്ലവള്ളിയെ അടുത്തുകാണാന്‍ അത് പടരുന്ന നാട്ടുമാവില്‍ ഏണി ചാരുന്ന വിരുതാണ് മിണ്ടാട്ടം.


ക്രിസ്മസ്കാലം മിണ്ടാട്ടങ്ങളുടേതാണ്. ദൈവമനുഷ്യ മിണ്ടാട്ടങ്ങളുടെ ഓര്‍മ്മചെരാതുകള്‍ മണ്ണില്‍ തെളിയുന്ന മാസമാണ് ഡിസംബര്‍. അത് കേട്ടവരും പറഞ്ഞവരും സന്തോഷചിത്തരായി. ദൈവമനുഷ്യമിണ്ടാട്ടങ്ങളുടെ മഞ്ഞുപോലെ സാന്ദ്രമായ അനുഭവങ്ങളുടെ മേഘത്തുണ്ടുകള്‍ നമ്മെ പൊതിഞ്ഞ് നമ്മോടും കിന്നാരം പറയുന്നു. കിന്നാരം കേട്ട നമ്മളാകട്ടെ പൂമുഖത്ത് നക്ഷത്രങ്ങളുടെ മിന്നാരം പണിയുന്നു.


ദൈവദൂതന്‍റെ കിന്നാരം കേട്ട രണ്ട് സ്ത്രീകള്‍. ദൈവത്തിന്‍റെ പ്രത്യേക ഇടപെടലിലൂടെ അമ്മമാരാകാന്‍ പോകുന്നു. എലിസബത്തും മറിയവും. അവരുടെ കൂടിക്കാഴ്ചയും മിണ്ടാട്ടങ്ങളും ദൈവാനുഗ്രത്തോട് എങ്ങനെ രണ്ട് വ്യക്തികള്‍ പ്രത്യുത്തരിക്കുന്നു എന്ന് വ്യക്തമാക്കപ്പെടുന്നു. വന്ദ്യവയോധികയായ എലിസബത്തും പ്രായപൂര്‍ത്തിയിലെത്തുന്ന മേരിയും തമ്മില്‍ കണ്ടുമുട്ടുമ്പോള്‍ പ്രകടമാകുന്ന ദൈവാനുഭവത്തിന്‍റെ പാരസ്വര്യം നാം അറിയുന്നു.


മറിയം എലിസബത്തിനെ സന്ദര്‍ശിച്ച് അഭിവാദനം ചെയ്തു. എലിസബത്ത് മറിയത്തെ പ്രകീര്‍ത്തിച്ചു. ഇരുവുരും ദൈവസ്തുതികള്‍ ആലപിച്ചു. ദൈവത്തിന് പ്രിയപ്പെട്ടവരുടെ ജീവിതശൈലി ഇതാണ്. അനുഗ്രഹങ്ങളില്‍ മതിമറക്കാതെ, അവ നല്‍കിയ ദൈവത്തെ വാഴ്ത്തുക. മനുഷ്യരെ അംഗീകരിക്കുക. ഒരാള്‍ മറ്റേയാള്‍ക്ക് ലഭിച്ച അനുഗ്രഹങ്ങളില്‍ സന്തോഷിക്കുക. എലിസബത്തിന്‍റെ മരിയന്‍ കീര്‍ത്തനങ്ങള്‍ ശ്രദ്ധിക്കുക: "നീ സ്ത്രീകളില്‍ അനുഗ്രഹീതയാണ്." പഴയനിയമത്തില്‍ യൂദത്തിനോട് ഇതേ അനുഗ്രഹവാക്കുകള്‍ ഉനസിയാ പറയുന്നുണ്ട് - "മകളേ, ഭൂമിയിലെ സ്ത്രീകളില്‍ വെച്ച് അത്യുന്നതനാല്‍, ദൈവത്താല്‍ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവളാണ് നീ" (യൂദിത്ത് 13:18).


രണ്ടാമത്തെ മരിയന്‍ കീര്‍ത്തനം "എന്‍റെ കര്‍ത്താവിന്‍റെ അമ്മ" എന്നതാണ്. യേശു ജനിക്കുന്നതിന് മുമ്പേ മറിയത്തെ അങ്ങനെയാണ് വിളിക്കുന്നത്. സഭാകൗണ്‍സിലുകള്‍ പ്രഖ്യാപിച്ച പ്രഥമ മരിയന്‍ സിദ്ധാന്തത്തിന്‍റെ വേരുകള്‍ ഈ പരാമര്‍ശങ്ങളിലുണ്ട്.


ദൈവം മനുഷ്യനെ സന്ദര്‍ശിച്ച മനുഷ്യാവതാര രഹസ്യത്തിന്‍റെ ഓര്‍മ്മത്തിരുന്നാളല്ലോ ക്രിസ്മസ്. അതിനുള്ള ഒരുക്കനാളുകളില്‍ മനുഷ്യ-മനുഷ്യ സമാഗമങ്ങള്‍ എങ്ങനെ സുവിശേഷമായി പരിവര്‍ത്തനം ചെയ്യാമെന്ന് രക്ഷകന്‍റെ അമ്മയും രക്ഷകന്‍റെ മുന്നോടിയായി അവതാരം ചെയ്യേണ്ടവന്‍റെ അമ്മയും തമ്മിലുള്ള കൂടിക്കാഴ്ച നമ്മെ പഠിപ്പിക്കും. ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ടവരായ ഇവര്‍, വിശേഷവിധിയായി ദൈവികദൂത് ലഭിച്ചവരുമാണ്. ദൈവഹിതത്തിന് തങ്ങളെത്തന്നെ സമര്‍പ്പിച്ചവരുമാണിവര്‍.


ഇന്നത്തെപ്പോലെ യാത്രാസൗകര്യങ്ങളോ, വാര്‍ത്താവിനിമയ സൗകര്യങ്ങളോ ഇല്ലാതിരുന്ന ഒരു സമയത്ത് ഒരു യുവതി ഒറ്റക്ക് നടത്തിയ സാഹസികയാത്രയാണ് എലിസബത്ത് സന്ദര്‍ശനം. ഇന്നത്തെ രാഷ്ട്രീയ ഭൂപടത്തില്‍ അയീന്‍കരീം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന സ്ഥലത്തേക്കാണ് മറിയം യാത്ര ചെയ്തത്. നസ്രത്തില്‍ നിന്ന് 120 കിലോമീറ്റര്‍ ദൂരമുണ്ട്. ചുരുങ്ങിയത് നാല് ദിവസത്തെ യാത്ര. ദൈവത്തില്‍ മാത്രം ആശ്രയം വെച്ചുകൊണ്ടുള്ള യാത്ര. മറിയത്തെ കണ്ടുമുട്ടിയ എലിസബത്തും അവളുടെ ഗര്‍ഭസ്ഥ ശിശുവും പരിശുദ്ധാത്മാവിനാല്‍ പൂരിതരായി. എലിസബത്ത് മറിയത്തെ പ്രകീര്‍ത്തിച്ചു. ഇരുവരും ദൈവസ്തുതികള്‍ ആലപിച്ചു. ദൈവാരൂപി നിറഞ്ഞവരുടെ ജീവിതശൈലി ഇങ്ങനെയാണ്. ദൈവത്തെ സ്തുതിക്കുക, മനുഷ്യരെ അംഗീകരിക്കുക. ഈ അമ്മമാരുടെ മക്കളും പരസ്പരം കണ്ടുമുട്ടിയപ്പോള്‍ സ്വര്‍ഗ്ഗം തുറന്ന് പരിശുദ്ധാത്മാവിന്‍റെ അഭിഷേകം പ്രാപിച്ചു. ജോര്‍ദ്ദാന്‍ നദിയില്‍ സ്നാപകന്‍ നടത്തിയ മിണ്ടാട്ടങ്ങള്‍ അവരുടെ അമ്മമാരുടെ ജീവിതത്തിലെ സാക്ഷ്യപ്പെടുത്തലിന്‍റെ പിന്‍തുടര്‍ച്ചയായി മാറി.


മിണ്ടാട്ടങ്ങള്‍ കെട്ടുപോകുന്ന കാലങ്ങളാണ്. കെട്ടുക്കാഴ്ചകള്‍ പെരുകുന്ന കാലങ്ങളും. കൃപയുള്ള വചനങ്ങള്‍ പറയുന്ന വചനം മാംസമായ ഒരു കാലത്തിന്‍റെ ദൂതുകള്‍ അന്തരീക്ഷത്തില്‍ ഉയരുന്ന വിശുദ്ധ ദിനങ്ങള്‍. മാംസം വചനം ധരിക്കട്ടെ. മംഗളവാര്‍ത്തകള്‍.

മിണ്ടാട്ടങ്ങള്‍

ഫാ. ഷാജി സി എം ഐ

അസ്സീസി മാസിക, ഡിസംബർ 2025

Recent Posts

bottom of page