
സംശയിക്കുന്ന തോമ്മാ...

വി. മത്തായിയുടെ സുവിശേഷം 21-ാം അധ്യായത്തിൽ കർത്താവ് "അത്തിവൃക്ഷത്തെ ശപിച്ചു" എന്ന് വായിച്ചുകണ്ടു. അപ്പോൾ കായ് ഇല്ലാത്ത അവസരമാണ് എന്നു കണ്ടറിഞ്ഞ കർത്താവ് എന്തിനാണ് ആ വൃക്ഷത്തെ ശപിച്ചുണക്കിയത്? ഈ സുവിശേഷഭാഗത്തിന്റെ ദൈവശാസ്ത്രപരമായ അർഥത്തെപ്പറ്റി ഒരു വിശദീകരണം അസ്സീസി മാസികയിലൂടെ പ്രതീക്ഷിക്കുന്നു.
പി. ജെ. ജോസഫ് പുൽപറമ്പിൽ,
തൊടുപുഴ
പ്രിയപ്പെട്ട ജോസഫ്,
മനസ്സിലാക്കാൻ വിഷമമുള്ളതും ബൈബിൾ വ്യാഖ്യാതാക്കൾ തമ്മിൽ അഭിപ്രായവ്യത്യാസമുള്ളതുമായ ഒരു സുവിശേഷഭാഗത്തിന്റെ വ്യാഖ്യാനമാണ് ജോസഫ് ചോദിച്ചിരിക്കുന്നത്. എല്ലാവരുമല്ലെങ്കിലും പ്രമാണികരായ പല ബൈബിൾ പണ്ഡിതന്മാരും ഏറെക്കുറെ അംഗീകരിക്കുന്നതും കൂടുതൽ യുക്തിഭദ്രമെന്ന് തോന്നുന്നതുമായ വ്യാഖ്യാനം താഴെ കുറിക്കാം.
ബൈബിൾ വ്യാഖ്യാനത്തെക്കുറിച്ച് വത്തിക്കാൻ കൗൺസിൽ
വിഷയത്തിലേക്കു കടക്കുന്നതിനുമുമ്പ്, വി. ലിഖിതങ്ങളുടെ വ്യാഖ്യാനത്തെപ്പറ്റി രണ്ടാം വത്തിക്കാൻ കൗൺസിലിൻ്റെ സുപ്രധാനമായ ഒരു പ്രസ്‌താവനയിലേക്കു ശ്രദ്ധ തിരിക്കുന്നത് പ്രസക്തമായിരിക്കും :
"വി. ലിഖിതങ്ങളിൽ ദൈവം മനുഷ്യർ വഴി മാനുഷികമായ രീതിയിലാണ് സംസാരിച്ചിരിക്കുന്നത്. തന്മൂലം അവയുടെ വ്യാഖ്യാതാവ് ചിലതെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട് : എന്താണ് ദൈവം നമ്മോടു പറയാൻ ഉദ്ദേശിക്കുന്നതെന്ന് മനസ്സിലാക്കുവാൻ വേണ്ടി, വി. ഗ്രന്ഥകാരന്മാർ ഓരോന്നിനും എന്തർഥമാണ് യഥാർഥത്തിൽ കല്പിക്കുന്നതെന്നും അവരുടെ വാക്കുകളിലൂടെ ദൈവം എന്താണ് പ്രകാശിപ്പിക്കാൻ മനസ്സാകുന്നതെന്നും പരിശോധിക്കേണ്ടതുണ്ട്. വി. ഗ്രന്ഥകാരന്മാരുടെ ഉദേശ്യം ആരായുന്നവർ ഇതിനുവേണ്ടി മറ്റു പലതിന്റെയും കൂട്ടത്തിൽ പരിശോധിക്കേണ്ടത് അവരുടെ സാഹിത്യരൂപത്തെയാണ് (Genera litter aria). കാരണം വിവിധ രീതികളിലാണ് വി. ലിഖിതങ്ങളിൽ സത്യം ആവിഷ്ക്കരിച്ചു പ്രകാശിപ്പിച്ചിട്ടുള്ളത്. ഒരു സ്ഥലത്ത് ചരിത്രാനുസാരേണയാണെങ്കിൽ, മറ്റൊരിടത്ത് പ്രവചനപരമായിരിക്കും; വേറൊരിടത്ത് കവിതയിലൂടെയോ മറ്റേതെങ്കിലും സാഹിത്യരൂപത്തിലൂടെയോ ആകാം..." (ദൈവാവിഷ്ക്കരണം, 12).
യേശുനാഥൻ്റെ ജീവചരിത്രമെഴുതുകയായിരുന്നില്ല സുവിശേഷകന്മാരുടെ ലക്ഷ്യമെന്ന് നമുക്കറിയാം. അവിടന്ന് ചെയ്തതും പറഞ്ഞതുമെല്ലാം അതേപടി സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല. സുവിശേഷങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം അതേപടി അവിടന്നു ചെയ്തതും പറഞ്ഞതുമാണെന്ന് സുനിശ്ചിതമായി പറയുവാൻ നമുക്ക് സാധിക്കയില്ല. ചിലതെല്ലാം ഉയിർപ്പിന്റെ വെളിച്ചത്തിലുള്ള വിശ്വാസത്തിന്റെ സാക്ഷ്യങ്ങളാണ്, അവയിലൂടെ വി. ഗ്രന്ഥകാരൻ പറയുന്നതെന്താണെന്ന് മനസ്സിലാക്കുവാൻ വത്തിക്കാൻ കൗൺസിൽ പറയുന്നതുപോലെ, അവർ ഉപയോഗിച്ച സാഹിത്യരൂപങ്ങളെ നാം പരിശോധിക്കേണ്ടിയിരിക്കുന്നു. ഉപമകളും പ്രതീകങ്ങളും അന്യാപദേശങ്ങളും സങ്കല്പകഥകളുമെല്ലാം ഇങ്ങനെ സത്യം പ്രകാശിപ്പിക്കാൻ വി. ഗ്രന്ഥകാരന്മാർ ഉപയോഗിക്കുന്ന സാഹിത്യരൂപങ്ങളാണ്. ഇവിടെ പരാമൃഷ്ടമായ സുവിശേഷഭാഗം മനസ്സിലാക്കാൻ ഈ വസ്തുത ഓർത്തിരിക്കുന്നത് ഉപകാരപ്രദമായിരിക്കും.
വിവരണങ്ങളിലെ വ്യത്യാസങ്ങൾ
വി. മത്തായിയുടെ സുവിശേഷം 21: 18-22 ലും വി. മർക്കോസിന്റെ സുവിശേ ഷം 11: 12-14-ലും 20-24-ലും മാത്രമാണ് ഫലം തരാത്ത അത്തിമരത്തെ യേശു ശപിച്ചതായി പറഞ്ഞിട്ടുള്ളത്. വി. മത്തായിയുടെ സുവിശേഷമനുസരിച്ച്, ജറുസലേമിലേക്കുള്ള രാജകീയപ്രവേശവും ദേവാലയശുദ്ധീകരണവും കഴിഞ്ഞ് യേശു ബഥാനിയായിലേക്കു പോയി അവിടെ താമസിച്ചു. പിറ്റേന്ന് പ്രഭാതത്തിൽ വീണ്ടും ജറുസലേമിലേക്കു പോകുമ്പോഴാണ് അവിടത്തേക്കു വിശന്നതും വഴിയരികിൽ കണ്ട അത്തിവൃക്ഷത്തിൻ്റെ അടുത്തുചെന്ന് പഴങ്ങളുണ്ടോയെന്ന് നോക്കിയിട്ട് കാണായ്കയാൽ, അതിനെ ശപിച്ചതും? ആ നിമിഷം തന്നെ അത്തിമരം ഉണങ്ങിപ്പോയി. ഇതുകണ്ട് അത്ഭുതപ്പെട്ട ശിഷ്യന്മാർ ഈ വൃക്ഷം ഇത്രപെട്ടെന്ന് ഉണങ്ങിപ്പോയതെങ്ങനെയെന്ന് അവിടത്തോടു ചോദിക്കുന്നു.
എന്നാൽ, വി. മർക്കോസിന്റെ വിവരണത്തിൽ ചില വ്യത്യാസങ്ങൾ നാം കാണുന്നുണ്ട്. ഒന്നാമതായി, ജറുസലേമിലേക്കുള്ള രാജകിയപ്രവേശം കഴിഞ്ഞും ദേവാലയ ശുദ്ധീകരണത്തിനു മുമ്പുമാണ് ഫലമില്ലാത്തതിന്റെ പേരിൽ യേശു അത്തിമരത്തെ ശപിച്ചത്. ആ നിമിഷം തന്നെ അത്തിമരം ഉണങ്ങിപ്പോകുന്നില്ല. പിറ്റേന്നു പ്രഭാതത്തിൽ യേശുവും ശിഷ്യന്മാരും കൂടി വീണ്ടും ആ വഴി വരുമ്പോഴാണ് അത്തിമരം ഉണങ്ങി നില്ക്കുന്നതായി കാണുന്നതും അതെപ്പറ്റി അത്ഭുതപ്പെട്ട് പത്രോസ് യേശുവിനോട് സംസാരിക്കുന്നതും മത്തായിയുടെ സുവിശേത്തിൽ ശിഷ്യന്മാരാണ് അത്തിമരത്തെപ്പറ്റി യേശുവിനോട് സംസാരിക്കുന്നത്. ഇങ്ങനെ വ്യത്യസ്തങ്ങളായ ഈ രണ്ടു വിവരണങ്ങളും അക്ഷരാർഥത്തിൽ അതുപോലെ സംഭവിച്ചതാകാൻ സാധ്യതയില്ലല്ലോ.
യേശുവിന്റെ സ്വഭാവത്തിന് ചേരാത്ത കാര്യം
യേശുവിന്റെ അത്ഭുതങ്ങൾ ഒരിക്കലും ഒരു മാന്ത്രികനോ ഐന്ദ്രജാലികനോ കാണിക്കുന്ന ജാലവിദ്യകൾ പോലെയുള്ള പ്രവൃത്തികൾ ആയിരുന്നില്ല. ഒരു അത്തിമരത്തെ ശപിച്ച് ഉണക്കിക്കളയുകയെന്നത് ഇങ്ങനെയുള്ള ഒരു ജാലവിദ്യയാണെന്നു പറയാം. യേശുവിന്റെ അത്ഭുതങ്ങൾ എപ്പോഴും മറ്റുള്ളവരെ സഹായിക്കാനോ സുഖപ്പെടുത്താനോ ഉദ്ദേശിച്ചുള്ളവയായിരുന്നു. സ്വന്തം ആവശ്യങ്ങളോ താത്പര്യങ്ങളോ സാധിച്ചുകിട്ടാൻ വേണ്ടി അവിടന്ന് ഒരിക്കലും അത്ഭുതങ്ങൾ പ്രവർത്തിച്ചിരുന്നില്ല. മരുഭൂമിയിൽ നാല്പതുപകലും നാല്പതുരാവും ഉപവസിച്ചു കഴിഞ്ഞപ്പോൾ അവിടത്തേക്കു വിശന്നു. അപ്പോൾ പ്രലോഭകൻ അവിടത്തെ സമീപിച്ചു പറഞ്ഞു : "നീ ദൈവപുത്രനാണെങ്കിൽ ഈ കല്ലുകൾ അപ്പമാകാൻ പറയുക" (മത്താ. 4,3) എന്നാൽ, തൻ്റെ വിശപ്പടക്കാൻ വേണ്ടി ഒരത്ഭുതം പ്രവർത്തിക്കാൻ അവിടന്ന് വിസമ്മതിക്കുന്നു.
വിശപ്പടക്കാനുള്ള പഴങ്ങൾ കാണാഞ്ഞതിനാൽ, ഒരു അത്തിമരത്തെ യേശു ശപിച്ചുണക്കിക്കളഞ്ഞുവെന്ന് പറയുന്നത് അവിടത്തെ ഗുരുതരമായി തെറ്റിദ്ധരിക്കയായിരിക്കും. മാത്രമല്ല, "അത് അത്തിപ്പഴങ്ങളുടെ കാലമല്ലായിരുന്നു"വെന്ന് വി മർക്കോസ് വ്യക്‌തമായി പറയുന്നുമുണ്ട് (മർക്കോ. 11, 13). സാധാരണബുദ്ധിയുള്ള ഒരു മനുഷ്യൻ പോലും പഴങ്ങളുടെ കാലമല്ലാത്തപ്പോൾ പഴം തരാത്തതിന്റെ പേരിൽ ഒരു മരത്തെ ശപിക്കാറില്ലല്ലോ. പുഷ്പലതാദികളെയും മരങ്ങളെയും പക്ഷിമൃഗാദികളെയുമെല്ലാം ദൈവത്തിൻ്റെ സൃഷ്ടിജാലങ്ങളായി കണ്ടാനന്ദിച്ച ഒരു പ്രപഞ്ചസ്നേഹിയായിരുന്നു യേശുവെന്ന് അവിടത്തെ ഉപമകൾ തന്നെ വ്യക്തമാക്കുന്നു.
സ്വർഗസ്ഥനായ പിതാവിൻ്റെ മക്കളുടെ സ്വഭാവമാണ് ശത്രുക്കളെ സ്നേഹിക്കുന്നതും തങ്ങളെ പീഡിപ്പിക്കുന്നവർക്കു വേണ്ടി പ്രാർഥിക്കുന്നതുമെന്ന് ഉപദേശത്തിലും മാതൃകയിലും കൂടി യേശു കാണിച്ചുതന്നു (മത്താ. 5, 44-45; ലൂക്കാ 23, 24) ഏഴ് എഴുപതു പ്രാവശ്യം (- പരിധിയില്ലാതെ) ക്ഷമിക്കാനും കടക്കാരോടു കാരുണ്യം കാണിക്കാനും അവിടന്നു പഠിപ്പിച്ചു (മത്താ. 18, 21-35). "നിങ്ങളെ പീഡിപ്പിക്കുന്നവരെ അനുഗ്രഹിക്കുവിൻ; അനുഗ്രഹിക്കുകയല്ലാതെ ശപിക്കരുത്" (റോമാ 12, 14) എന്ന് പൗലോസ്ശ്ലീഹാ പറയുമ്പോൾ യേശുവിന്റെ യഥാർഥമായ അരൂപിയാണ് അദ്ദേഹം വെളിപ്പെടുത്തുക. അങ്ങനെ ക്ഷമയും ശത്രുസ്നേഹവും കാരുണ്യവുമെല്ലം വാക്കിലൂടെയും പ്രവൃത്തിയിലൂടെയും പഠിപ്പിക്കയും ജീവിക്കയും ചെയ്ത ആ യേശു പഴങ്ങളുടെ കാലം പോലുമല്ലാത്ത ഒരു സമയത്ത് തന്റെ വിശപ്പടക്കാൻ പഴങ്ങളില്ലാഞ്ഞതിന്റെ പേരിൽ ഒരത്തിമരത്തെ ശപിച്ചുണക്കിക്കളഞ്ഞുവെന്ന് കരുതുന്നത് അവിടത്തെ വ്യക്തിത്വവും സ്വഭാവവുമായി തീർത്തും ചേരാത്ത ഒരു കാര്യമത്രേ.
അസംഭവ്യത, അനീതി
ഗലീലിയിൽനിന്ന് ജറൂസലേമിലേക്കു വരുമ്പോൾ യേശു സാധാരണമായി അടുത്ത ഗ്രാമമായ ബഥാനിയായിലെ ലാസറിൻ്റെയും മറിയത്തിൻ്റെയും മർത്തായുടെയും വീട്ടിലാണ് ആതിഥ്യം സ്വീകരിച്ചിരുന്നത്. ജറൂസലേമിലേക്കുള്ള രാജകീയപ്രവേശം കഴിഞ്ഞ് ബഥാനിയായിലേക്കു പോയ യേശു അവിടത്തെ ഈ ഉറ്റമിത്രങ്ങളുടെ വീട്ടിൽ തന്നെ ആയിരുന്നിരിക്കണം താമസിച്ചത്. പിറ്റേന്ന് വീണ്ടും ജറുസലേമിലേക്കു പോയപ്പോൾ, അവർ അവിടത്തെ വിശക്കുന്നവനായി പറഞ്ഞയച്ചുവെന്ന് വിശ്വസിക്കാൻ വിഷമമാണ്. വഴിയോരങ്ങളിലുള്ള മരങ്ങളിൽനിന്ന് പഴങ്ങൾ പറിച്ചു തിന്നുന്നതും അയൽക്കാരന്റെ മുന്തിരിത്തോട്ടത്തിൽ നിന്ന് മുന്തിരിപ്പഴങ്ങൾ പറിച്ചുതിന്നുന്നതും വയലുകളിൽനിന്ന് കൈകൊണ്ട് കതിരുകൾ പറിച്ചുതിന്നുന്നതുമൊക്കെ പഴയനിയമമനുസരിച്ച് നിയമാനുസൃതം തന്നെയായിരുന്നു. പഴങ്ങൾ പാത്രത്തിൽ ശേഖരിക്കുയോ ധാന്യക്കതിരുകൾ അരിവാൾകൊണ്ട് കൊയ്തെടുക്കയോ ചെയ്യുന്നത് നിയമ വിരുദ്ധമായിരുന്നുവെന്നുമാത്രം (നിയ. 23, 24-25). എന്നാൽ, വഴിയോരങ്ങളിൽ നില്ക്കുന്ന മരങ്ങളോ, മുന്തിരിത്തോട്ടങ്ങളിലോ വയലുകളിലോ നില്ക്കുന്ന ചെടികളോ നശിപ്പിച്ചുകളയുന്നത് നിയമവിരുദ്ധമെന്ന് മാത്രമല്ല, അവയുടെ ഉടമസ്‌ഥരോടു ചെയ്യുന്ന ഗൗരവമേറിയ ഒരു അനീതി കൂടിയായിരുന്നു. യേശു ഇപ്രകാരം മറ്റാരുടെയോ ഉടമസ്ഥതയിലുള്ള ഒരത്തിമരത്തെ ശപിച്ചുണക്കി അതിന്റെ ഉടമസ്‌ഥനോട് അനീതി ചെയ്തുവെന്ന് കരുതാനാവില്ലല്ലോ. ഇവയെല്ലാം അക്ഷരാർഥത്തിലുള്ള ഒരു ചരിത്രസംഭവ വിവരണമായിട്ടല്ല ഈ സുവിശേഷഭാഗത്തെ മനസ്സിലാക്കേണ്ടതെന്നതിനുള്ള സൂചനകളാണെന്നു പറയാം.

ചരിത്രരൂപത്തിലുള്ള സങ്കല്പകഥ
ചരിത്രപരമായ ഒരു സംഭവമായിട്ടെന്നതിനെക്കാൾ രക്ഷാകരസന്ദേശം നല്കുന്ന പ്രതീകാത്മകമായ ഒരു കഥയായിട്ടു വേണം അത്തിമരത്തിന്റെ ശാപത്തെ സംബന്ധിച്ച സുവിശേഷ വാക്യങ്ങളെ മനസ്സിലാക്കുവാൻ രക്ഷയുടെ സുവിശേഷം പ്രസംഗിച്ചുകൊണ്ടും വിശ്വാസത്തിലേക്കും അനുതാപത്തിലേക്കും ശ്രോതാക്കളെ ആഹ്വാനം ചെയ്തുകൊണ്ടുമാണ് യേശു വന്നത്. രണ്ടുമൂന്നുകൊല്ലം സുവിശേഷം പ്രസംഗിക്കയും അത്ഭുതങ്ങൾ പ്രവർത്തിക്കയുമെല്ലാം ചെയ്തിട്ടും പലരും - വിശിഷ്യ സമൂഹത്തിലെ ഉന്നതന്മാരും നേതാക്കളും - ഫലം തരാത്ത അത്തിവൃക്ഷംപോലെ, അനുതാപത്തിന്റെയും വിശ്വാസത്തിൻ്റെയുമായ ഫലങ്ങൾ പുറപ്പെടുവിക്കാതെ, അനീതിയിലും സ്വാർഥതയിലുമുള്ള, പാപത്തിലുള്ള തങ്ങളുടെ ജീവിതം തുടർന്നുപോന്നു. അങ്ങനെ പോയാൽ അപകടത്തിലേക്കായിരിക്കും അവർ നീങ്ങുന്നതെന്ന് യേശു പല പ്രാവശ്യം മുന്നറിയിപ്പു നല്‌കുകയുണ്ടായി.
പഴയനിയമത്തിൽ ദൈവത്തിൻ്റെ രക്ഷാകരസന്ദേശത്തിന്റെ പ്രകാശനത്തിന് പല പ്രാവശ്യം അത്തിമരവും അത്തിപ്പഴങ്ങളും പ്രതീകങ്ങളായിത്തീർന്നിട്ടുണ്ടല്ലോ (ജെ 3. 8, 13, 24, 1-10, 29, 17, മിക്കാ. 7. 1; ഹോസി. 9, 10). അതുപോലെതന്നെ യേശുനാഥനും ഫലം തരാത്ത ഒരത്തിവൃക്ഷത്തിന്റെ ഉപമയിലൂടെ ഈ അപകടം വ്യക്‌തമാക്കുവാൻ ശ്രമിക്കുന്നത് വി. ലൂക്കായുടെ സുവിശേഷം 13, 6-9-ൽ നാം വായിക്കുന്നുണ്ട് : "അവൻ ഈ ഉപമ പറഞ്ഞു : ഒരുവൻ മുന്തിരിത്തോട്ടത്തിൽ ഒരു അത്തിവ്യക്ഷം നട്ടുപിടിപ്പിച്ചു. അതിൽ പഴമുണ്ടോ എന്നുനോക്കാൻ അവൻ വന്നു; എന്നാൽ ഒന്നും കണ്ടില്ല. അപ്പോൾ അവൻ കൃഷിക്കാരനോട് പറഞ്ഞു : മൂന്നുവർഷമായി ഞാൻ ഈ അത്തിവൃക്ഷത്തിൽ നിന്നും ഫലം അന്വേഷിച്ചുവരുന്നു. ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക എന്തിന് നിലം പാഴാക്കണം?..." ഈ ഉപമയും ഇതു സൂചിപ്പിക്കുന്ന രക്ഷാകരസന്ദേശവും ആദിമക്രൈ സ്‌തവസമൂഹങ്ങളുടെ ഓർമയിൽ സജീവമായി നിലനിന്നിരുന്നു.
പ്രബോധകരും പ്രസംഗകരുമൊക്കെ അതു പലപ്പോഴും ഉപയോഗിക്കാറുമുണ്ടായിരുന്നു. അവരിൽ ചിലർ ഈ ആശയത്തിന് കൂടുതൽ തന്മയത്വവും നാടകീയതയും നല്‌കി, ക്രൈസ്തവ വിശ്വാസികൾക്കു തന്നെയുള്ള ഒരു സന്ദേശവും മുന്നറിയിപ്പുമായി അതിനെ ചരിത്രരൂപത്തിൽ അവതരിപ്പിക്കയുണ്ടായി. പൗരാണിക ജനതകളെ സംബന്ധിച്ചിടത്തോളം ഒരു സത്യമോ സന്ദേശമോ തന്മയത്വത്തോടെ അവതരിപ്പിക്കാൻ ഇങ്ങനെ ഭാവനാസൃഷ്ടങ്ങളായ ചരിത്രരൂപങ്ങളും കഥകളുമൊക്കെ ഉപയോഗിക്കുന്നതിൽ യാതൊരു അസ്വാഭാവികതയും അവർ കണ്ടിരുന്നില്ല. ചരിത്രരൂപത്തിലുള്ള ഈ സന്ദേശവും ചില ക്രൈസ്‌തവ സമൂഹങ്ങളിൽ യേശുവിനെ സംബന്ധിച്ച പാരമ്പര്യമായി തുടർന്നുപോന്നു. യേശുവിനെപ്പറ്റി വിവിധ ക്രൈസ്‌തവ സമൂഹങ്ങളിൽ നിലനിന്നിരുന്ന ഓർമകളും പാരമ്പര്യങ്ങളുമെല്ലാം ശേഖരിച്ച്, സമന്വയിപ്പിച്ച് ക്രി. വ. 70-ാ മാണ്ടോകൂടി തൻ്റെ സുവിശേഷം രചിച്ച വി. മാർക്കോസും ക്രി. വ. 85-ാം ആണ്ടോടുകൂടി തൻ്റെ സുവിശേഷം രചിച്ച വി. മത്തായിയും അത്തിമരത്തെ സംബന്ധിച്ച് ചരിത്രരൂപത്തിൽ നിലനിന്നിരുന്ന പാരമ്പര്യമാണ് ഉൾക്കൊണ്ടതും ഉപയോഗിച്ചതും. ക്രി. വ. 80-നും 90-നുംമിടക്ക് സുവിശേഷമെഴുതിയ വി. ലൂക്കാ ഉൾക്കൊണ്ടതും ഉപയോഗിച്ചതുമാകട്ടെ ഉപമാരൂപത്തിലുള്ള പാരമ്പര്യവും രണ്ടു പാരമ്പര്യങ്ങളും നല്‌കുന്ന രക്ഷാകര സന്ദേശം ഒന്നുതന്നെയാണെന്ന് വ്യക്തമാണല്ലോ.
വിശ്വാസത്തിന്റെയും പ്രാർഥനയുടെയും ശക്തി
ദൈവത്തിൽ വിശ്വസിച്ചുകൊണ്ട് പ്രാർഥിക്കുന്നതെന്തും നമുക്ക് ലഭിക്കുമെന്നതിനുള്ള ഉറപ്പായിട്ടാണ് അത്തിമരത്തിനു സംഭവിച്ച ദുരന്തം വി. മത്തായിയും വി. മർക്കോസും ചൂണ്ടിക്കാണിക്കുന്നത്. വിശ്വാസമുണ്ടെങ്കിൽ അത്തിമരത്തെ ഉണക്കിക്കളയാനും മലയെ മാറ്റാനും വേണ്ടി പ്രാർഥിച്ചാൽ, അതുപോലെ സംഭവിക്കുമെന്നതാണ് ഈ ഉറപ്പ്, വിശ്വാസത്തിൻ്റെയും പ്രാർഥനയുടെയും ശക്‌തിയെപ്പറ്റി യേശുനാഥൻ നല്‌കുന്ന ഉറപ്പ് മത്താ. 17. 20-ലും ലൂക്കാ 17, 6 -ലും നാം വായിക്കുന്നുണ്ട്. അവിടെയും മലയെ മാറ്റുന്നതിനും സിക്കമീൻ വൃക്ഷത്തെ ചുവടോടെ ഇളക്കി കടലിൽ പതിപ്പിക്കുന്നതിനും വിശ്വാസത്തിനുള്ള കഴിവിനെപ്പറ്റിയാണ് യേശു പറയുന്നത്. ഇവ രണ്ടു അക്ഷരാർഥത്തിൽ മനസ്സിലാക്കേണ്ട കാര്യങ്ങളല്ല. അസാധ്യമായത് സാധ്യമാക്കുകയെന്ന ആലങ്കാരികമായ അർഥമാണ് ഈ വാക്യങ്ങൾക്കുള്ളത് ഈ ആലങ്കാരികമായ അർഥത്തിൽത്തന്നെയാണ്, അത്തിമര സംഭവ വിവരണത്തിനുശേഷം അത്തിമരത്തെ ഉണക്കിക്കളയാനും മലയെ മാറ്റി കടലിൽ വീഴ്ത്താനും വിശ്വാസമുണ്ടെങ്കിൽ ശിഷന്മാർക്കു കഴിയുമെന്ന് യേശു പറയുന്നത്. മാന്ത്രികമോ ഐന്ദ്രികജാലികമോ ആയ കാര്യങ്ങളല്ല, രക്ഷക്കുതകുന്ന കാര്യങ്ങളാണല്ലോ വിശ്വാസത്തിലും പ്രാർഥനയിലും കൂടി ദൈവം സാധ്യമാക്കിത്തീർക്കുക അതിനാൽ വിശ്വാസത്തിന്റെയും പ്രാർഥനയുടെയും ശക്തി വ്യക്തമാക്കുന്നതിനുള്ള ഒരു സാധനാപാഠമായി യേശു അത്ഭുതം പ്രവർത്തിച്ച് ഒരത്തിമരത്തെ ഉണക്കിക്കളഞ്ഞുവെന്ന് കരുതുന്നത് യുക്തി രഹിതമത്രേ.
മാനസാന്തരത്തിന്റെയും വിശ്വാസത്തിൻ്റെയും ആവശ്യകതയെപ്പറ്റിയുള്ള രക്ഷാകര സന്ദേശമാണ് ഈ സുവിശേഷഭാഗം നമുക്ക് നല്‌കുക. അതു സ്വീകരിക്കയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോഴാണ് ദൈവവചനം നമുക്ക് രക്ഷാകരമായിത്തീരുന്നത്. ചരിത്രപരതയെപ്പറ്റിയുള്ള പര്യാലോചനയെക്കാൾ ഇതിലായിരിക്കണം നമ്മുടെ മുഖ്യശ്രദ്ധ.
യേശു അത്തിവൃക്ഷത്തെ ശപിച്ചോ?
ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പൂച്ചിൻ
അസ്സീസി മാസിക, സെപ്റ്റംബർ 1995


























