

ദൈവത്തോടുള്ള സംഭാഷണങ്ങളെല്ലാം പ്രാർത്ഥനകളാണെങ്കിൽ എന്റെ പ്രാർത്ഥനകളിലധികവും പരാതികളും പരിഭവങ്ങളുമായിരിക്കും. ജനിച്ച നാട് മുതൽ മാറി വരുന്ന കാലാവസ്ഥ വരെ എന്റെ പരാതിക്കുള്ള കാരണങ്ങളായിരുന്നു. ജീവിതത്തിലെ അനുഗ്രഹങ്ങൾക്ക് നമ്മൾ നന്ദി ഉള്ളവരായിരിക്കണമെന്ന് കുഞ്ഞു നാൾ മുതൽ കേൾക്കുന്നതും ഇപ്പോൾ സൺഡേസ്കൂൾ ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നതുമാണ്. പക്ഷെ ചിലപ്പോഴൊക്കെ പറയുന്ന ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ നമ്മുക്ക് കഴിയാറില്ലല്ലോ.
ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന എനിക്ക് ടൗണിലെ സൗകര്യങ്ങളോടായിരുന്നു പ്രിയം. പക്ഷെ സ്കൂൾ ജീവിതവും കോളേജ് കാലവും ഇപ്പോൾ ജോലിയും എല്ലാം വീട്ടിൽ നിന്ന് പോയി വരാവുന്ന ദൂരത്തിലാണ് വിധിച്ചത്. നഴ്സറി ക്ലാസ്സ് മുതൽ ജോലി ലഭിച്ച് ഏറെ വർഷങ്ങൾക്കിപ്പുറവും വീട്ടിൽ നിന്ന് പൊതിച്ചോറുമായി പോകുന്ന ഒരേ ഒരാൾ ഞാനായിരിക്കും. അതിന് വല്ല ഗിന്നസ് റെക്കോർഡും ഉണ്ടെങ്കിൽ ഒരെണ്ണം തരപ്പെടുത്തണം.
