

സുവിശേഷങ്ങൾ കഴിഞ്ഞാൽ പുതിയ നിയമത്തിലെ ലേഖനങ്ങളുടെ രചയിതാക്കൾ മുഖ്യമായും പൗലോസും പത്രോസും യോഹന്നാനും ആണ്. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അപ്പസ്തോലന്മാർ. ഈ മൂന്നു പേരും സ്നേഹത്തെക്കുറിച്ച് നമുക്ക് നല്കിയിട്ടുള്ള ഉൾക്കാഴ്ചകൾ കുറച്ചൊന്നുമല്ല. "ആത്മാർത്ഥമായ സഹോദര സ്നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഹൃദയപൂർവ്വകമായും ഗാഢമായും പരസ്പരം സ്നേഹിക്കുവിൻ" (1പത്രോ. 1:22) എന്നെഴുതുന്ന പത്രോസ് പിന്നീട് ഇങ്ങനെയും എഴുതുന്നുണ്ട്: "സർവ്വോപരി നിങ്ങൾക്ക്, ഗാഢമായ പരസ്പരസ്നേഹം ഉണ്ടായിരിക്കട്ടെ; കാരണം, സ്നേഹം നിരവധി പാപങ്ങളെ മറയ്ക്കുന്നു." (1പത്രോ. 4:8). സ്നേഹത്തെക്കുറിച്ച് പറയുമ്പോഴൊക്കെ "ഗാഢമായ" എന്ന വിശേഷണം ചേർത്തേ പത്രോസ് പറയുന്നുള്ളൂ. സ്നേഹം നിരവധി പാപങ്ങളെ റദ്ദുചെയ്യുന്നു എന്ന അർത്ഥം പോലും പത്രോസിൻ്റെ വചനം വായിച്ചെടുക്കാം.
അതിഹ്രസ്വമായ പതിമൂന്ന് വാക്യങ്ങളിലായി പൗലോസ് സ്നേഹത്തെക്കുറിച്ച് ഒരു തീസീസ് തന്നെയാണ് എഴുതിയിട്ടുള്ളത് (1 കോറി. 13). അതിനപ്പുറം സ്നേഹത്തെക്കുറിച്ച് പറയാൻ ആർക്കും കഴിയില്ല. അത്രകണ്ട് ഉദാത്തവും സമ്പൂർണ്ണവുമാണത്.
മറ്റൊരിടത്ത് പൗലോസ് ഇങ്ങനെ എഴുതും: "പരസ്പരം സ്നേഹിക്കുക എന്നതിലൊഴികേ നിങ്ങൾക്ക് ആരോടും ഒരു കടപ്പാടും ഉണ്ടാകരുത്. എന്തെന്നാൽ, അയൽക്കാരനെ സ്നേഹിക്കുന്നവൻ നിയമം പൂർത്തീകരിച്ചു കഴിഞ്ഞു." (റോമ 8:13)
യോഹന്നാൻ അറിയപ്പെടുന്നതുതന്നെ സ്നേഹത്തിൻ്റെ അപ്പസ്തോലൻ എന്നാണ്. "സ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല. കാരണം, ദൈവം സ്നേഹമാണ്. സ്നേഹത്തിൽ വസിക്കുന്നവൻ ദൈവത്തിലും ദൈവം അവനിലും വസിക്കുന്നു." (1യോഹ. 4:8,9) എന്നത് സ്നേഹത്തെക്കുറിച്ചുള്ള ആധാരശില തന്നെയാണ്.
ദൈവത്തെ സ്നേഹിക്കുന്നു എന്നു പറയുന്നവർ, പ്രത്യേകിച്ചും പല ധ്യാനപ്രസംഗകരും വീണുപോകുന്ന കെണിയാണ് "ഭയം". യോഹന്നാൻ പിന്നീട് പറയുന്നത് അതിനെക്കുറിച്ചാണ്. "സ്നേഹത്തിൽ ഭയത്തിന് ഇടമില്ല. പൂർണ്ണമായ സ്നേഹം ഭയത്തെ ബഹിഷ്ക്കരിക്കുന്നു. കാരണം, ഭയം ശിക്ഷയെക്കുറിച്ചാണ്. ഭയപ്പെടുന്നവൻ സ്നേഹത്തിൽ പൂർണ്ണനായിട്ടില്ല." (1 യോഹ. 4:18)
ഇതിനപ്പുറം ഇനി എന്താണ് സ്നേഹത്തെക്കുറിച്ച് പറയേണ്ടത്?!
പത്രോസിൻ്റെയും പൗലോസിൻ്റെയും യോഹന്നാൻ്റെയും മേലുദ്ധരിച്ച നാല് വാക്യങ്ങളുണ്ടെങ്കിൽ സുവിശേഷത്തിൻ്റെ കരടും കാതലുമായിക്കഴിഞ്ഞു. ഈ നാല് വചനങ്ങൾ ഉൾക്കൊള്ളാതെ മറ്റെന്ത് ഉണ്ടായിട്ടും വലിയ കാര്യവുമില്ല.





















