

"മൂന്ന് സാക്ഷികളാണുള്ളത്: ആത്മാവ്, ജലം, രക്തം." എന്നെഴുതുന്നുണ്ട് യോഹന്നാൻ തൻ്റെ ആദ്യ ലേഖനത്തിൽ.
ഒരു കടങ്കഥ പോലെ തോന്നുന്ന വാക്യം. യേശുവിൻ്റെ പൂർണ്ണ ദൈവത്വവും പൂർണ്ണ മനുഷ്യത്വവുമാണ് യോഹന്നാൻ ഇവിടെ സൂചിപ്പിക്കുന്നത് എന്ന് സഭ പഠിപ്പിക്കുന്നുണ്ട്.
മാമോദീസ എന്ന വലിയ രൂപകമാണ് യോഹന്നാൻ ഇവിടെ ഉപയോഗപ്പെടുത്തുന്നത് എന്നതിൽ സംശയമില്ല.
മൂന്ന് മാമോദീസകളാണ് ഇവിടെ വ്യംഗ്യം. ജലത്താലുള്ള മാമോദീസ യോഹനാനിൽ നിന്ന് സ്വീകരിച്ചത്.
അതേത്തുടർന്ന് ഉണ്ടായതാണ് ആത്മാവിൻ്റെ മാമോദീസ. രക്തത്തിലുള്ള കുളിയെക്കുറിച്ച് യേശു ത ന്നെ ഒരിക്കൽ പറയുന്നുണ്ട്. "എനിക്ക് ഒരു മാമോദീസ മുങ്ങുവാനുണ്ട്. അത് പൂർത്തിയാകുവോളം ഞാൻ എത്ര അസ്വസ്ഥനായിരിക്കുന്നു"!
സത്യത്തിൽ ജലത്താലുള്ള മാമോദീസ എന്നത് ജോർദ്ദാൻ നദിയിലെ മാമോദീസയാണോ? അതൊരു പ്രതീകം മാത്രമല്ലേ? അവിടെ ആത്മാവ് അവൻ്റെ മേൽ ഇറങ്ങി വന്നു എന്നതും ഒരു പ്രീഫിഗറിങ് എന്ന് കാണാം.
ജലം എന്നാൽ ദ്രവ്യം എന്നു തന്നെയാണെന്നു തോന്നുന്നു. ആദിയിൽ ഭൗമോപരിതലം ജലത്താൽ മൂടിയിരുന്നു; ആഴങ്ങൾക്കുമേൽ ആത്മാവ് ചലിച്ചിരുന്നു: എന്നും മറ്റും ഉല്പത്തിപ്പുസ്കത്തിൽ നാം വായിക്കുന്നുണ്ടല്ലോ. ജലം എന്നാൽ ദ്രവ്യം എന്നുതന്നെ വായിക്കാം. ഓരോ ജനനവും ജലത്തിൽ നിന്നുള്ള, ജലത്തിലൂടെയുള്ള ജനനമാണല്ലോ.
അവൻ മു ങ്ങാനിരുന്ന രക്തത്തിൻ്റെ മാമോദീസ എന്നത് സ്നേഹത്തിൻ്റെ മാമോദീസ എന്ന് വായിക്കാം എന്നു തോന്നുന്നു.
"സഹോദരനു വേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹം ഇല്ല" എന്ന് അവിടന്ന് പറയുന്നുണ്ടല്ലോ. അങ്ങനെ നോക്കുന്ന പക്ഷം മറിയത്തിൻ്റെ ഗർഭത്തിലുള്ള - ദ്രവ്യത്തിലുള്ള മുങ്ങൽ ആണ് ആദ്യ മുങ്ങൽ. സ്നേഹം തന്നെയാണ് വചനത്തെ ദ്രവ്യത്തിൽ മുക്കുന്നത്: മാംസമാക്കുന്നത്. സ്നേഹപൂർണ്ണതയാണ് മാംസത്തെ രക്തത്തിൽ മുക്കുന്നത്. രക്തത്തിൽ മുങ്ങിയ മാംസത്തെ വീണ്ടും ജീവിപ്പിക്കാൻ ആത്മാവ് ഇറങ്ങി വരുന്നതാണ് പുനരുത്ഥാനം എന്ന് കണ്ടാലോ?
അപ്പോൾ മൂന്നും സാക്ഷികളാവുമല്ലോ.
ഒരേ സാക്ഷ്യം നല്കുന്ന മൂന്ന് സാക്ഷികൾ !





















