
അങ്ങനെ ശാന്തമായ, സംതൃപ്തി നിറഞ്ഞ മറ്റൊരു ക്രിസ്തുമസ് കൂടി കടന്നുപോകുന്നു. ക്രിസ്തുമസ്സിനെ കമ്പോളത്തിൽ നിന്ന് വിമോചിപ്പിക്കണം എന്ന് പലപ്പോഴും പറയാറുണ്ട്. എന്നിരിക്കിലും, ലോകത്ത് ഏറ്റവുമധികം ക്രയവിക്രയം നടക്കുന്നത് ഈ ഒരു ആഘോഷക്കാലത്താണ് എന്നാണ് ലഭ്യമായ എല്ലാ കണക്കുകളും സൂചിപ്പിക്കുന്നത്. ക്രിസ്തുമസ്സിൻ്റെ ഏറ്റവും ആഴമുള്ള ആചരണമല്ല വിപണിയിൽ നിന്ന് വാങ്ങുന്ന ചരക്കുകൾ എന്ന് വിമർശിക്കാൻ നമുക്ക് അവകാശമുണ്ട്. എങ്കിലും അതുപോലും ചെറുതല്ലാത്ത ഒരു ആത്മീയ നിലവാരത്തിൻ്റെ സൂചകമായി കാണാമെന്നു തോന്നുന്നു.
ക്രിസ്തുമസ് കാലത്ത് ഏറ്റവും വില്ക്കപ്പെടുന്ന വസ്തുക്കൾ ഏതെന്ന് നോക്കിയാൽ, അത് അലങ്കാര വസ്തുക്കൾ അല്ല; ക്രിസ്തുമസ് കേക്കുകൾ അല്ല; ക്രിസ്തുമസ് വിളക്കുകളോ ക്രിസ്തുമസ് കാർഡുകളോ ക്രിസ്തുമസ് ട്രീ-കളോ അല്ല. ഫോണും ടിവിയും പോലുള്ള ഇല്ട്രോണിക് ഉപകരണങ്ങൾ, വസ്ത്രങ്ങൾ, കളിക്കോപ്പുകൾ എന്നിവയാണ് ഏറ്റവും വില്പന നടക്കുന്ന മേഖലകൾ. മനുഷ്യർ തങ്ങൾക്കുതന്നെയോ തങ്ങളുടെ വീടുകളിലേക്കോ ഷോപ്പിങ് നടത്തുന്നതു കൊണ്ടാണോ ഇക്കാലത്ത് പ്രത്യേകിച്ച് ഇത്രയും ക്രയവിക്രയം നടക്കുന്നത്? തീർച്ചയായും അല്ല. ആലക്തിക ദീപങ്ങളോ വർണ്ണാലങ്കാരങ്ങളോ ഭക്ഷണപാനീയങ്ങളോ ഒക്കെ ക്രിസ്തുമസ് വില്പനയുടെ വളരെ ചെറിയ ഒരംശം മാത്രമേ ആകുന്നുള്ളു. ഏറ്റവും അധികം മനുഷ്യർ മറ്റുള്ളവർക്ക് സമ്മാനങ്ങൾ വാങ്ങി നല്കുന്നത് ക്രിസ്തുമസ് കാലത്തായതുകൊണ്ടാണ് വിപണി ഇത്രകണ്ട് സാന്ദ്രമാകുന്നത്. മറ്റതെല്ലാം ഓരോ ആഘോഷകാലത്തും നടക്കുന്നതാണ്. മനുഷ്യർ തങ്ങൾക്ക് പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും പരിചയക്കാരെയും ഒപ്പം ജോലി ചെയ്യുന്നവരെയും സഹപാഠികളെയും സ്നേഹപൂർവ്വം ഓർക്കുന്നതും ചെറുതും വലുതുമായ സമ്മാനങ്ങൾ വാങ്ങി നല്കുന്നതും ക്രിസ്തുമസ്സിൻ്റെ ചൈതന്യത്തിന് ഏറ്റവും അനുയോജ്യമായ കാര്യം തന്നെയാണ്. സന്ദർശങ്ങളും സമ്മാനങ്ങളും ആശ്ലേഷങ്ങളും ഒക്കെത്തന്നെയല്ലേ മനുഷ്യരിലെ നന്മയുടെ പ്രകാശനങ്ങൾ! കുറേക്കൂടി മെച്ചപ്പെട്ട സ്നേഹ സമ്മാനങ്ങൾ നല്കുക സാധ്യമാണ് എന്നിരുന്നാലും അധ്വാനിച്ചുണ്ടാക്കിയ പണം കൊടുത്ത് സമ്മാനങ്ങൾ വാങ്ങി നല്കുന്നത് തീരെ വിലകുറച്ചു കാണേണ്ട കാര്യമല്ല എന്നുതോന്നുന്നു.
എല്ലാ വർഷവും ക്രിസ്തുമസ്കാലത്ത് ആരെങ്കിലുമൊക്കെ കാർഡുകൾ അയക്കാറുണ്ട്; ഫോൺ മെസ്സേജുകൾ അയക്കാറുണ്ട്; സമ്മാനങ്ങൾ നല്കാറുമുണ്ട്. ഇക്കൊല്ലം ജീവിതത്തിലാദ്യമായി മറ്റൊരു അനുഭവമുണ്ടായി. ഏറെപ്പേർക്ക് അത്തരം ഒരനുഭവം ലഭിച്ചിട്ടുണ്ടാകും എന്ന് തോന്നുന്നില്ല. കുറേക്കാലമായി ഒരു കുടുംബത്തോട് അടുപ്പമുണ്ട്. തൊണ്ണൂറ് വയസ്സ് പ്രായമുള്ള ഒരമ്മയുണ്ട്: ആഞ്ചല. കോവിഡ് കാലത്ത് അയമ്മയുടെ മകൾ മരണപ്പെട്ടപ്പോൾ, നേരത്തേ പരിചയമുണ്ടായിരുന്ന എന്നെ അവർ മൃതസംസ്കാരത്തിന് ക്ഷണിക്കുകയായിരുന്നു. അന്നുമുതൽ എന്നെയും ആ കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് കരുതുന്നതവർ.
ഒത്തിരി വർഷം പള്ളിയിലെ ഗായക സംഘത്തെ നയിച്ചിരുന്ന ആഞ്ചല അമ്മച്ചി ഇപ്പോഴും സൂപ്പറായി പാടും. എല്ലാ ആഴ്ചയിലും തൻ്റെ വീട്ടിൽ നിന്ന് ഏറെ ദൂരത്തല്ലാത്ത ഒരു ആസ്പത്രിയുടെ ഇടനാഴിയിൽ പിയാനോ വായിച്ച് പാട്ടുപാടി രോഗികൾക്ക് ആശ്വാസമരുളാൻ സ്വമേധയാ പോകാറുണ്ട്. ഇന്നലെ, ക്രിസ്തുമസ് ഈവ് ആയിരുന്നു. എന്നെക്കാൾ പ്രായമുള്ള തൻ്റെ മകനെക്കൊണ്ട് ആഞ്ചല അമ്മച്ചി എന്നെ വിളിപ്പിച്ചു. അഞ്ച് സംസ്ഥാനങ്ങൾക്കപ്പുറത്താണ്. അല്പനേരം സംസാരിച്ചു. ക്രിസ്തുമസ് വിശേഷങ്ങൾ പങ്കുവച്ചു. എനിക്ക് അല്പം കൂടി സമയം ഉണ്ടോ എന്നാരാഞ്ഞു. ഒരു തിരക്കുമില്ല എന്ന് ഞാൻ. അച്ചന് ഞങ്ങളുടെ ക്രിസ്തുമസ് സമ്മാനം രണ്ട് ക്രിസ്തുമസ് ഗാനങ്ങളാണ് എന്നു പറഞ്ഞു. അമ്മ പിയാനോയും മകൻ ഗിറ്റാറും വായിച്ച് അവർ ഇരുവരും ഒരുമിച്ച് പാടി. "ഓ കം ലെറ്റ് അസ് എഡോർ ഹിം"; "സൈലൻ്റ് നൈറ്റ്". സുന്ദരമായ ആലാപനം.
രണ്ട് മുതിർന്ന വ്യക്തികൾ എനിക്കായി മാത്രം പാടുകയാണ്. അഞ്ച് സംസ്ഥാനങ്ങൾക്കപ്പുറം നിന്ന്, ഫോണിലൂടെ!
എനിക്ക് സത്യത്തിൽ കരച്ചിൽ വന്നു.
ഏതെല്ലാം വിധത്തിലാണ് മനുഷ്യർ മറ്റുള്ളവർക്ക് അവിസ്മരണീയങ്ങളായ സമ്മാനങ്ങൾ നല്കുന്നത്!




















