
Selma Legerlof എഴുതിയ Holy night എന്ന ഒരു കഥയുണ്ട്.
അവരുടെ മുത്തശ്ശി പറഞ്ഞ ഒരു ക്രിസ്തുമസ് കഥ എന്നരീതിയിലാണ് അവർ കഥപറയുന്നത്.
ക്രിസ്തുമസ് രാവിൽ പാതിരാ കുർബാനയ്ക്ക് എല്ലാവരും പോയിരുന്നു. മുത്തശ്ശിയും കൊച്ചുമകളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. പള്ളിയിൽ പോകാൻ കഴിയാത്ത വിഷമത്തിൽ ഇരിക്കുമ്പോൾ മുത്തശ്ശി അവളോടു കഥ പറയാൻ തുടങ്ങി. യേശുവിൻ്റെ ജനനവുമായി ബന്ധപ്പെട്ട ഒരു കഥ.
ഇരുളു നിറഞ്ഞ ഒരു രാത്രിയിൽ ഒരാൾ വീടായ വീടുകളുടെ വാതിലുകളിൽ മുട്ടി വിളിക്കുകയാണ്. "സ്നേഹിതാ അല്പം തീ തരുമോ. എൻ്റെ ഭാര്യയ്ക്കും ഇപ്പോൾ ജനിച്ച ഞങ്ങളുടെ കുഞ്ഞിനും തണുപ്പകറ്റാനായി തീകായാൻ ഒരല്പം തീക്കനൽ തരുമോ."
പാതിരാത്രി കഴിഞ്ഞ നേരം ഒരാളും അയാളുടെ വിളി കേൾക്കുകയോ വാതിൽ തുറക്കുകയോ ചെയ്തില്ല. അവരെല്ലാം ഗാഢ നിദ്രയിലാണ്ടുപോയിരുന്നു. നടന്നു നടന്നു കുറേ ദൂരെ ചെന്നു. അപ്പോളയാൾ അങ്ങകലെയായി, ' തീ കൂട്ടിയിരിക്കുന്നതിൻ്റെ ചെറിയ വെളിച്ചം കണ്ടു. ഒരു ആട്ടിടയൻ തീ കൂട്ടി അതിനു ചുറ്റും തൻ്റെ ആടുകളെ കിടത്തി അവയ്ക്കു കാവൽ ഇരിക്കുകയായിരുന്നു. ക്രൂരൻമാരായ മൂന്നു നായകൾ അയാളുടെ സമീപം വിശ്രമിക്കുന്നുണ്ടായിരുന്നു.
ആ മനുഷ്യൻ തീ ചോദിക്കാനായി അവിടേക്കു തിരിച്ചു. ആട്ടിൻകൂട്ടത്തിൻ്റെ അടുത്തേക്ക് എത്തിയപ്പോൾ ആ നായകൾ ഉണർന്നു. കുരയ്ക്കാനായി വാ തുറന്നെങ്കിലും ഒരു ശബ്ദവും പുറത്തുവന്നില്ല. ദേഷ്യം കൊണ്ട് അവയുടെ ചുമലിലെ രോമങ്ങൾ എഴുന്നു നിൽക്കുന്നത് ആ അപരിചിതൻ കണ്ടു. അവയുടെ മൂർച്ചയേറിയ പല്ലുകൾ തീയുടെ വെളിച്ചത്തിൽ തിളങ്ങി നിന്നു. നായകൾ അയാളുടെ നേരേ പാഞ്ഞുചെന്നു. ഒന്ന് കാലിലും ഒന്ന് കഴുത്തിലും മറ്റേത് കൈയിലും കടിച്ചു എന്ന് അയാൾക്കു തോന്നി. എങ്കിലും, കടിക്കാനായി തുറന്ന വായ അനക്കാനാകാതെ അവ അവിടെ തന്നെ നിന്നു പോയി. അയാളെ ഒന്ന് തൊടാൻ പോലും അവയ്ക്ക് കഴിഞ്ഞില്ല. അവയെ മറി കടന്ന് അയാൾ തീ ലക്ഷ്യമാക്കി മുന്നോട്ടു നീങ്ങി.
തീ കൂട്ടിയതിനു ചുറ്റുമായി ചുറ്റും ആടുകൾ അട്ടി അടങ്ങി കിടക്കുകയാണ്. അവയ്ക്കു ഇടയിലൂടെ കടന്നുപോകാൻ കഴിയുമായിരുന്നില്ല. ആടുകളുടെ മുകളിലുടെ നടന്ന് അയാൾ അപ്പുറം എത്തി. ആടുകൾ ഉണരുകയോ ചലിക്കുകയോ ശബ്ദമുണ്ടാക്കുകയോ ഒന്നുമുണ്ടായില്ല. ഒന്നും സംഭവിക്കാത്ത പോലെ അവ മയങ്ങുന്നു.
അയാൾ തീയുടെ സമീപം എത്താറയപ്പോൾ ആട്ടിടയൻ തലയുയർത്തി നോക്കി. വൃദ്ധനും മനുഷ്യരോട് ഒട്ടും ദയയില്ലാത്തവനുമായിരുന്നു ആ ആട്ടിടയൻ. അപരിചിതൻ അടുത്തേക്കു വരുന്നതു കണ്ടപ്പോൾ ക്രുദ്ധനായി തൻ്റെ കൈയിലിരുന്ന വടി ചുഴറ്റി അയാൾക്കു നേരെ എറിഞ്ഞു. പാഞ്ഞുവന്ന വടി അയാളുടെ മുന്നിലെത്തിയ ശേഷം മറ്റൊരു ദിശയിലേക്ക് തിരിഞ്ഞ് ദൂരേക്ക് തെറിച്ചു പോയി.
അയാൾ ആട്ടിടയൻ്റെ മുന്നിലെത്തി തീ ചോദിച്ചു. "നല്ലവനായ സ്നേഹിതാ ഒരൽപ്പം തീ തരുമോ. എൻ്റെ ഭാര്യ ഒരു കുഞ്ഞിനു ജന്മം നൽകി. അവർക്കു തണുപ്പകറ് റാനായി തീ കായാൻ ഒരൽപ്പം തീക്കനൽ തരുമോ ?"
തൻ്റെ സ്വഭാവം വച്ച് ആട്ടിടയൻ അയാൾക്കു തീ കൊടുക്കുമായിരുന്നില്ല. പക്ഷേ ആ രാത്രിയിലെ സംഭവങ്ങൾ അയാളെ അൽപ്പം ഭയപ്പെടുത്തി. നായകൾക്ക് ആ അപരിചിതനെ ഉപദ്രവിക്കാൻ കഴിഞ്ഞില്ല. ആടുകൾ ഭയപ്പെടുകയോ ഓടിപ്പോവുകയോ ചെയ്തില്ല. ചുഴറ്റി ചെറിഞ്ഞ വടിക്കും അയാളെ മുറിപ്പെടുത്താനായില്ല. ഇതൊക്കെ ഓർത്ത് ആട്ടിടയൻ അത്ഭുതപ്പെട്ടു.
"നിങ്ങൾക്ക് ആവശമുള്ളത് എടുത്തോളൂ ", അയാൾ പറഞ്ഞു.
തീ ഒരു വിധം കെട്ടുതുടങ്ങിയിരുന്നു. മരക്കമ്പുകളൊക്കെ കത്തിയമർന്നു. തീക്കനൽ കോരാൻ ഷവലോ കൊണ്ടുപോക ാൻ പാത്രമോ അയാളുടെ കൈവശം ഉണ്ടായിരുന്നില്ല. അതുകൊണ്ട് ആട്ടിടയൻ വീണ്ടും പറഞ്ഞു; "നിങ്ങൾക്ക് ആവശ്യമുള്ളത്രയും എടുത്തോളൂ". ഒരു തരത്തിലും തീ കൊണ്ടുപോകാൻ കഴിയില്ല എന്ന് അയാൾ കരുതി.
അപരിചിതനാകട്ടെ കുനിഞ്ഞിരുന്നു തൻ്റെ കുപ്പായം മടക്കി അതിലേക്ക് തീക്കനലുകൾ കൈകൾ കൊണ്ട് വാരിയിട്ടു. അയാളുടെ കൈകൾ പൊള്ളുകയോ വസ്ത്രത്തിൽ തീ പിടിക്കുകയോ ചെയ്തില്ല. ആപ്പിളോ കടലയോ ഒക്കെ പറക്കുന്ന പോലെ അയാൾ തീക്കനലുകൾ കുപ്പായത്തിലാക്കി തിരികെ മടങ്ങി.
കഠിനഹൃദയനും പരുക്കനുമായ ആട്ടിടയൻ
അത്ഭുതപരതന്ത്രനായി: ഇതെന്താണ് ഇങ്ങനെ ഒരു രാത്രി ? എന്താണ് ഇവിടെ സംഭവിക്കുന്നത്. നാ യകൾക്ക് ഉപദ്രവിക്കാനാകാത്ത, ആടുകൾ ഭയപ്പെടാത്ത, കുറുവടി മുറിവേൽപ്പിക്കാത്ത, തീക്കനൽ പൊള്ളിക്കാത്ത രാത്രി.
അപരിചിതനെ അയാൾ പിന്നിൽ നിന്നും വിളിച്ചു: ഇതെന്തൊരു രാത്രിയാണ് ? എല്ലാം നിങ്ങളോടു കരുണ കാട്ടുന്നുവല്ലോ. ഇതെല്ലൊം എങ്ങനെ സംഭവിക്കുന്നു.
"അവിടെ സംഭവിക്കുന്നത് എന്താണെന്ന് നിങ്ങൾ നേരിട്ടു കാണാതെ, ഞാൻ പറഞ്ഞാൽ ഇതു നിങ്ങൾക്കു മനസ്സിലാകില്ല." ഇതു പറഞ്ഞ് ഭാര്യയ്ക്കും കുഞ്ഞിനും തീ കൂട്ടാനായി അപരിചിതൻ വേഗം നടന്നു.
ഇതിൻ്റെയൊക്കെ അർത്ഥം എന്താണ് എന്ന് അറിയാനുള്ള ആകാംഷയോടെ ആട്ടിടയൻ അയാൾക്കു പിന്നാലെ പോയി.
കിടക്കാനായി ഒരു ചെറിയ കുടിലുപോലും അയാൾക്ക് ഉണ്ടായിരുന്നില്ല. പാറകൾക്കിടയിലുള്ള ഒരു ചെറിയ ഗുഹയിലായിരുന്നു അപരിചിതൻ്റെ ഭാര്യയും കുഞ്ഞും കിടന്നിരുന്നത്. കൊടും തണുപ്പും നഗ്നമായ പാറക്കെട്ടുകളും അല്ലാതെ ഒന്നും അവിടെയുണ്ടായിരുന്നില്ല.
കൊടും തണുപ്പിൽ ആ കുഞ്ഞു മരിച്ചു പോയേക്കും എന്ന് സ്വതവേ പരുക്കനെങ്കിലും ആ ആട്ടിടയന് തോന്നി. അതിനെ സഹായിക്കണമെന്ന ഒരു ചിന്ത അയാൾക്കുണ്ടായി. ആ കുഞ്ഞിനോട് അലിവുതോന്നിയ ആട്ടിടയൻ തൻ്റെ സഞ്ചിയിൽ നിന്നും നനുനനുത്ത ഒരു ആട്ടിൻ തോലെടുത്ത് അപരിചിതനു കൊടുത്തു കൊണ്ട് കുഞ്ഞിനെ അതിൽ കിടത്താൻ ആവശ്യപ്പെട്ടു.
മറ്റുള്ളവരോട് കരുണ കാണിക്കാൻ തനിക്കും സാധി ക്കുമെന്ന് തെളിയിച്ച ആ നിമിഷം, പൊടുന്നനെ അയാളുടെ കണ്ണുകൾ തുറന്നു. അതുവരെ കാണാൻ കഴിയാതിരുന്ന കാഴ്ചകൾ അയാൾ കണ്ടു. അതുവരെയും കേൾക്കാതിരുന്ന സംഗീതം കേട്ടു.
തനിക്കു ചുറ്റും നിൽക്കുന്ന വെള്ളി ചിറകുള്ള ചെറിയ മാലാഖമാരെ അയാൾ കണ്ടു. അവരുടെയെല്ലാം കൈയിൽ ഒരോരോ വാദ്യോപകരണങ്ങൾ. അവർ ഉച്ചസ്വരത്തിൽ ഇങ്ങനെ പാടി: ലോകത്തെ പാപത്തിൽ നിന്നും മോചിപ്പിക്കുന്ന രക്ഷകൻ ഇതാ പിറന്നിരിക്കുന്നു.
എങ്ങനെയാണ് ഈ രാത്രി ഇത്രയും ആനന്ദത്തിലായിരിക്കുന്നത് എന്നും, എന്തുകൊണ്ടാണ് ആർക്കും തെറ്റു ചെയ്യാൻ കഴിയാത്തത് എന്നും അപ്പോൾ ആട്ടിടയനു മനസ്സിലായി.
അയാൾക്കു ചുറ്റും മാത്രമായിരുന്നില്ല മാലാഖമാർ. അവർ എല്ലായിടത്തും ഉണ്ടായിരുന്നു. ആ ഗുഹയിലും പാറക്കെട്ടുകളിലും കുന്നിൻ ചെരിവിലും താഴ്‌വാരങ്ങളിലുമെല്ലാം നിറയെ മാലാഖമാർ. ആകാശത്തിനു കീഴെ അവർ പാറി നടന്നു. നിരനിരയായി വലിയ കൂട്ടം മാലാഖമാർ വന്നും പോയും ഇരിക്കുന്നു. അവർ കുഞ്ഞിനു മുമ്പിൽ വന്ന് അതിനെ ഉറ്റുനോക്കുകയും കടന്നുപോവുകയും ചെയ്യുന്നു. അവർ ആ കുഞ്ഞിനെ പാടിയുറക്കാൻ മത്സരിക്കുന്നു. ആനന്ദഗീതങ്ങൾ അവിടെമാകെ മുഴങ്ങുന്നു. എങ്ങും ആനന്ദം. എന്തൊരു ശാന്തത, എന്തൊരു സമാധാനം.
കുറ്റാകൂരിരുട്ടിലാണ് അയാൾ ഇതെല്ലാം കണ്ടത്. അതുവരെ ഒന്നും തന്നെ കാണാൻ കഴിയാതിരുന്ന ആ ഇടത്ത് പ്രകാശ പൂരിതമായ സ്വർഗീയ കാഴ്ചകൾ കാണാൻ തക്കവിധം അയാളുടെ കണ്ണുകൾ തുറക്കപ്പെട്ടു, ഇതുവ രെ കേട്ടിട്ടില്ലാത്ത സ്വർഗീയ ഗാനങ്ങൾ കേൾക്കത്തക്കവിധം കാതുകളും. ഈ കാഴ്ചകളെല്ലാം ആ ഇരുളിലും കാണാനായി തൻ്റെ കണ്ണുകൾ തുറന്നു തന്നതിന്, അവിടെ മുട്ടുകുത്തി അയാൾ ദൈവത്തിന് നന്ദി അർപ്പിച്ചു.
കഥ അവസാനിപ്പിച്ച് മുത്തശ്ശി കുഞ്ഞു മകളോട് പറഞ്ഞു: ആ ആട്ടിടയൻ അവിടെ കണ്ട കാഴ്ച നമുക്കും കാണാൻ കഴിഞ്ഞേക്കും. ഓരോ ക്രിസ്തുമസ് രാവിലും മാലാഖമാർ സ്വർഗത്തിൽ നിന്നും ഇറങ്ങി വരുന്നുണ്ട്. അവയെ കാണാൻ തക്കവിധം കണ്ണുകളും , അവയുടെ സംഗീതം കേൾക്കത്തക്കവിധം കാതുകളും തുറക്കപ്പെടണം എന്നു മാത്രം.
എല്ലാ കഥകൾക്കും അവസാനം അവളുടെ തലയിൽ കൈവച്ച് മുത്തശ്ശി പറയാറുണ്ട്: ഇതു വളരെ വളരെ സത്യമായ കാര്യമാണ്. നീ എന്നെ കാണുന് ന പോലെ, ഞാൻ നിന്നെ കാണുന്ന പോലെ സത്യമായ കാര്യം. വിളക്കുകളുടെയോ തിരികളുടെയോ പ്രകാശമല്ല;
സൂര്യനെയോ ചന്ദ്രനെയോ ആശ്രയിച്ചുമല്ല ഇത്. ദൈവമഹത്വം ദർശിക്കാൻ കഴിവുള്ള കണ്ണുകളാണ് ആവശ്യം. "
വിവ: റോണി കപ്പൂച്ചിൻ




















