

അമ്മ വിട പറഞ്ഞു പോയ 2022 ജനുവരിയിലെ അവസാനസന്ധ്യയില്‍, ഞാന്‍ ആദ്യം ഫേസ്ബുക്കില്‍ കുറിച്ചത് 'മമ്മി ഈശോയുടെ അടുത്തേക്ക് പോയി' എന്നായിരുന്നു. ആ വേര്‍പാടിന്‍റെ ദുഃഖത്തെ ഏറെയൊന്നും ആയാസപ്പെടാതെ എനിക്ക് അതിജീവിക്കാന്‍ സാധിക്കും എന്നൊരു ആത്മവിശ്വാസം എനിക്ക് ഉണ്ട് എന്ന് അന്ന് ഞാന്‍ കരുതി. മരണവാര്‍ത്ത എത്തിയ രാവ് മുഴുവന്‍ ഏകാന്തമായും രഹസ്യമായും മിഴിവാര്‍ത്ത്, പിറ്റേന്ന് ദേഹം ദഹിപ്പിക്കുമ്പോഴും മറ്റുള്ളവര്‍ വിലപിക്കുമ്പോഴും കരയാതെ നില്‍ക്കാനുള്ള ബലം ഞാന്‍ നേടിയിരുന്നു (മരിക്കുമ്പോള്‍ കോവിഡ് ബാധിച്ചിരുന്നതിനാല്‍ ദഹിപ്പിക്കുകയാണ് ചെയ്തത്).
എന്നാല്‍, കാലം ചെല്ലുന്തോറും ഞാനറിഞ്ഞു, ഒരു സാന്ത്വന സ്പര്‍ശത്തിനും എത്തിപ്പെടാനാവാത്ത അന്തരാത്മാവിലെ ഏകാന്തമായൊരു തുരുത്തില്‍ അമ്മ നഷ്ടപ്പെട്ട ഒരു കുഞ്ഞിരുന്ന് തേങ്ങി കരയുന്നുണ്ടെന്ന്. വിശ്വാസപ്രമാണങ്ങളുടെ ഉറപ്പുകള്‍ ബുദ്ധിയില്‍ പ്രത്യാശയുടെ നാളമായ് തെളിഞ്ഞു നില്‍ക്കുമ്പോഴും ആത്മാവിന്‍റെ ആഴത്തിലുള്ള മഹാകാന്താര സ്ഥലികളില്‍ അമ്മ കൈവിട്ട കുഞ്ഞിന്‍റെ നിലവിളികള്‍! ഏകാന്തതകളില്‍, തീവ്രവിഷാദം കനത്തു പെയ്യുന്ന ഓര്‍മകള്‍. പെയ്യാതെ പോയ മേഘങ്ങള്‍ പോലെ, ഞാന്‍ അമ്മയുടെ കൂടെ ഇരിക്കാന്‍ മറന്ന നേരങ്ങള്‍. ഒരിക്കല്‍ കൂടി ആ നെഞ്ചില്‍ ചേര്‍ന്നിരിക്കുവാനും അമ്മ ഉറങ്ങുന്ന കട്ടിലില്‍, ആ പാദങ്ങള്‍ക്കരികില്‍ തൊട്ടിരിക്കാനും കൊതിക്കുന്ന ഒരു പൈതല്‍ ഉള്ളിലുണ്ടെന്ന് ഈ അമ്പതാം വയസ്സിലും വിലാപങ്ങളോടെ തിരിച്ചറിയുന്നു. വേര്‍പാടിന്‍റെ വിനാഴിക വരെ സ്നേഹം അതിന്‍റെ യഥാര്‍ത്ഥ ആഴമറിയുന്നില്ല എന്ന് ജിബ്രാന്‍ പറഞ്ഞതു പോലെ, അതേ ആഴത്തില്‍ ഞാന്‍, തനിയെ.
തീവ്രമായ വേര്‍പാടിന്‍റെ വേദനകളെ തത്വചിന്ത കൊണ്ടും വിശ്വാസത്തിന്‍റയും അറിവുകളുടെയും ബലം കൊണ്ടുമൊക്കെ അതിജീവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നവരോട് വിയോജിപ്പൊന്നുമില്ല. അതില്‍ ഞാന്‍ തോറ്റു എന്നൊരു കുമ്പസാരം മാത്രം. സെന്‍റ് അഗസ്റ്റിനെ ഓര്‍ക്കുന്നു. നിലവിളിയുടെ ഒരു പുഴ അഗസ്റ്റിന്‍റെ പിന്നില്‍ നിരന്തരം ഒഴുക്കി കൊണ്ട് അയാളുടെ വ്രണിത യൗവനത്തെ നനവുകളുടെ സൗഖ്യ തീരത്തിലേക്ക് വീണ്ടെടുത്ത അമ്മ മോനിക്ക മരിച്ചു കിടക്കെ, ഉള്ളില്‍ ഒരു സങ്കട സാഗരം ഇരമ്പിയ കഥ കണ്‍ഫെഷന്‍സില്‍ പറയുന്നുണ്ട്. മരണത്തിന് മുമ്പില്‍ കരയുന്നത് പ്രത്യാശയെ പരിഹസിക്കലാണ് എന്ന് കരുതിയിരുന്നവര്‍ക്ക് നടുവില്‍ പ്രയാസപ്പെട്ട് പിടിച്ചു നിന്ന ശേഷം ഒരു രാവ് മുഴുവന്‍ മിഴി വാര്‍ത്ത കഥയും അതേ പുസ്തകത്തില്‍ കുമ്പസാരിച്ചു കൊണ്ട് അഗസ്റ്റിന്‍ പറയുന്നു, എന്‍റെ കണ്ണീരിനെ കുറ്റം വിധിക്കുന്നവര്‍ വിധിച്ചോട്ടെ, പക്ഷേ, മിഴി നീര് പോലൊരു സാന്ത്വനം വേറെയില്ല എന്ന്.
ഏറ്റവും വലിയ ആശ്വാസം യോഹന്നാന്‍റെ സുവിശേഷം പതിനൊന്നാം അധ്യായത്തിലെ ക്രിസ്തുവാണ്. ഞാനാണ് പുനരുത്ഥാനവും ജീവനും എന്ന് മര്‍ത്തായ്ക്ക് ഉറപ്പു കൊടുത്തിട്ട് അടുത്ത നിമിഷം ലാസറിന്‍റെ കല്ലറയില്‍ മിഴി നനഞ്ഞ ക്രിസ്തു. ആഴമുള്ള ഉള്‍നൊമ്പരങ്ങളുമായി ജീവിക്കുന്നവര്‍ക്ക് ഈ ക്രിസ്തു എന്തൊരു ആശ്വാസമാണ്. എന്തൊരു അഭയമാണ്!
ചിലപ്പോള്‍ തോന്നും മനുഷ്യാവതാരം ചെയ്ത ക്രിസ്തു ഒരു വിലാപമതിലാണെന്ന്. ഉള്ളില്‍, വേര്‍പാടുകളുടെ വിഷാദക്കടല്‍ കൊണ്ടു നടക്കുന്നവര്‍ക്ക് ഒരു നീണ്ട നിരയായി നിന്ന് കരയുവാന്‍ ക്രിസ്തു നില്‍പുണ്ട്; നിത്യത കാലത്തില്‍ പണിതുയര്‍ത്തിയ വിലാപമതില്‍ പോലെ!
കൗമാരം തീരും മുമ്പേ പുണ്യാത്മാക്കളുടെ മരണങ്ങളെ ധ്യാനിച്ചിരുന്ന ഒരു ഭൂതകാലം എനിക്കുണ്ടായിരുന്നു. അരണ്ട തിരി കത്തിനില്‍ക്കുന്ന അതിലളിതമായ മുറിയില്‍, ഒരു നേര്‍ത്ത കീര്‍ത്തനം മായും മുമ്പേ, ചെറുകാറ്റില്‍ വിളക്കു കെടുന്നതു പോലെ, ഭാരമില്ലാത്ത മനസ്സോടെ, നിശബ്ദമായി മിഴി പൂട്ടുന്നത് ഒരു മോഹദൃശ്യം ആയിരുന്നു അക്കാലത്ത്. യൗവനം തുടങ്ങി ഏറെ വൈകാതെ യഥാര്‍ത്ഥ മരണം എന്‍റെ ജീവിതത്തില്‍ സഹയാത്രികനായെത്തി. ഏത് നേരവും മരണത്തിലേക്ക് വഴുതിപ്പാകാവുന്ന ഒരു ശരീരം. പതിവായി എത്തിച്ചേരാറുള്ള ആശുപത്രിക്കിടക്കകളില്‍ കളമൊഴിഞ്ഞു പോകുന്ന ജീവിതങ്ങള്‍. അങ്ങനെ, മൃതി സാമീപ്യത്തിന്‍റെ തണുപ്പറിഞ്ഞും മരണങ്ങള്‍ക്ക് സാക്ഷിയായും ഏതാണ്ട് മൂന്നു വര്‍ഷം.
ആദ്യകാലത്തെ അങ്കലാപ്പുകളില്‍ നിന്ന് കാലക്രമേണ മോചനം നേടി, പോകെപ്പോകെ താത്വികമായും, വിശ്വാസം കൊണ്ടും മരണത്തെ ധ്യാനിച്ചു. അത്രമേല്‍ പ്രിയപ്പെട്ടൊരാള്‍ വിട പറയുംവരെ മാത്രം നിലനിന്ന ആത്മവിശ്വാസം. അമ്മ! ഇതിനേക്കാള്‍ നല്ലത് കവിയൂര്‍ പൊന്നമ്മ ആയിരുന്നു എന്ന് പല വട്ടം മനസ്സില്‍ പരിഭവം പറഞ്ഞിരുന്ന അതേ അമ്മ തന്നെ പോയപ്പോഴാണ്, സ്നേഹത്തിന്‍റെ ആഴമറിഞ്ഞത്! അപ്പോഴാണ് അതിലോലമായ ഓര്‍മകളില്‍ വിരിയുന്ന ഹിമബിന്ദു പോലെ മൃദുവായ ചില നിമിഷങ്ങളിലേക്ക് കാഴ്ച തെളിഞ്ഞത്. നാല്പത് കഴിയുമ്പോള്‍ സൂക്ഷ്മമായ കാഴ്ചകളിലേക്ക് മിഴി തെളിയുന്നു എന്ന പ്രശസ്തമായ കണ്ണടക്കമ്പനിയുടെ പഴയൊരു പരസ്യം പോലെ. പ്രിയപ്പെട്ടൊരാള്‍ പോയിക്കഴിയുമ്പോള്‍ ഓര്‍മകളുടെ സൂക്ഷ്മദര്‍ശിനി തുറക്കുന്നു. അതുവരെ കാണാതെ പോയത് കാണുന്നു. ആ കാഴ്ച കള്‍ ഉള്ളില്‍ തീരാനൊമ്പരമായി നീറുന്നു... ദിനരാത്രങ്ങള്‍... അനാഥ നിശ്വാസങ്ങള്‍... മമ്മി പോയതിന് ശേഷം ഡാഡിയുടെ അടുത്തിരിക്കുന്ന സമയം നീണ്ടു. ഒരു കാര്യവുമില്ലാതെയും പോയി വെറുതെ ഇരിക്കും. വിഷയങ്ങള്‍ ഉണ്ടാക്കി സംസാരിക്കും...
ലീഡ് കൈന്‍ഡ്ലി ലൈറ്റ് എന്ന കര്‍ദനാള്‍ ന്യൂമാന്‍റെ ഗീതം എന്നുമെന്‍റെ ഇഷ്ടഗീതമാണ്. പ്രത്യേകിച്ച്, അവസാനത്തെ വരികള്‍.
'രാത്രി മായുമ്പോഴെത്തുന്ന പുലരിയില്‍ മാലാഖമാരുടെ മന്ദസ്മിതം'
ആരുടെ ഉള്ളിലാണ് ഒരു രാത്രി ഇല്ലാത്തത്? വിഷാദങ്ങളുടെ ഇരുട്ട് കൂടുകൂട്ടിയ ഒരു തുരുത്ത്. പ്രായത്തോടൊപ്പം ഈ വിഷാദത്തിന്‍റെ തുരുത്ത് വളരുന്നത് എല്ലാവരുടെയും അനുഭവമാണോ എന്നറിയില്ല. പുലരിയോടൊപ്പം പുഞ്ചിരിയുമായെത്തുന്ന മാലാഖമാരെ സ്വപ്നം കാണുകയല്ലാതെ, ഈ വിഷാദ രാവില്‍ മറ്റെന്തു ചെയ്യാന്‍!
കഴിഞ്ഞ ദിവസം ലിയോ മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചവരില്‍ ഒരാളുടെ കഥ വായിച്ചു. വെനിസ്വേലയിലെ ഡോക്ടറായിരുന്നു. പാവപ്പെട്ടവരെ പണം വാങ്ങാതെ ചികിത്സിച്ചിരുന്ന ഒരു മഹാ കാരുണ്യവാന്‍. ഒരു പാവപ്പെട്ട സ്ത്രീക്ക് മരുന്നുമായി വരുമ്പോള്‍ കാറിടിച്ചു മരിച്ചെന്ന് വായിച്ചപ്പോള്‍ നെഞ്ചില്‍ ഒരു വെടിയേറ്റ നോവ്. കാരുണ്യം ചെയ്തു കൊണ്ടിരിക്കുമ്പോള്‍, പെട്ടെന്ന് മരിച്ചു പോകുന്നതെങ്ങനെ ! നിരപരാധികളുടെ മരണങ്ങള്‍ വല്ലാതെ അസ്വസ്ഥനാക്കുന്നു. ഗാസയെ കുറിച്ച് കൂടുതല്‍ പറയുന്നില്ല. യുദ്ധം അവസാനിച്ചു. പക്ഷേ, പറയാതെ പോയ ആ കഥകള്‍... ഫ്രാന്‍സിസ് പാപ്പാ മുമ്പൊരിക്കല്‍ പറഞ്ഞതു പോലെ, ആകാശത്തിലേക്ക് നോക്കി ഉത്തരങ്ങളില്ലാതെ...
ലാസറിനെ ഉയര്‍പ്പിക്കുമെന്ന് അറിയാം. എങ്കിലും, ജീവന്‍ സ്പന്ദിക്കാനൊരുങ്ങുന്ന ആ കല്ലറയിലേക്ക് ഇനിയും ചില ചുവടുകളുണ്ടല്ലോ. ക്രിസ്തു പോലും മിഴി പെയ്യുന്ന ദൂരം. അതാണല്ലോ ജീവിതം! മിഴി പൂട്ടി, പുലരിയോടൊപ്പം പുഞ്ചിരിക്കുന്ന മാലാഖമാരുടെ മുഖം ധ്യാനിക്കുകയല്ലാതെ മറ്റെന്താണ് സാന്ത്വനം!
വിലാപമതില്‍ പോലെ, ക്രിസ്തു!
അഭിലാഷ് ഫ്രേസര്‍
കവർ സ്റ്റോറി, നവംബർ 2025






















