top of page

ശാരീരികാരോഗ്യവും ബന്ധങ്ങളും മനോനിലയും

Jun 1, 2025

2 min read

ടോം മാ��ത്യു

പ്രസാദത്തിലേയ്ക്ക് പതിനാലു പടവുകള്‍

healthy relationship for better mood

വിഷാദരോഗ (depression) ത്തിനും അതിന്‍റെ അതി തീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bipolar disorder) നത്തിനും  മരുന്നില്ലാ ചികില്‍സയായി സ്വാനുഭവത്തില്‍ നിന്ന് ഡോ ലിസ് മില്ലര്‍ രൂപപ്പെടുത്തിയ പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാവുന്ന മനോനില ചിത്രണം (mood mapping ) തുടരുന്നു. പതിമൂന്നാം ദിനത്തില്‍ വിഷാദത്തിന്‍റെയും ഉല്‍ക്കണ്ഠയുടെയും കുരുക്കില്‍ നിന്ന് രക്ഷപെടുന്നതിനുള്ള വഴികളാണ് ആലോചിക്കുന്നത്. നമ്മുടെ മനോനില (mood) യെ സ്വാധീനിക്കുന്ന അഞ്ചു ഘടകങ്ങളില്‍ ആദ്യത്തേതായ നമ്മുടെ ചുറ്റുപാടിനെ പ്രസാദാല്‍മക മനോനില (mood) യ്ക്ക് അനുഗുണമാംവിധം മാറ്റിത്തീര്‍ക്കുന്നതിനെക്കുറിച്ച് കഴിഞ്ഞ ലക്കത്തില്‍ നാം ചര്‍ച്ച ചെയ്തു. മനോനിലയെ സ്വാധീനിക്കുന്ന രണ്ടാം ഘടകമായ ശാരീരികാരോഗ്യത്തെക്കുറിച്ചും ബന്ധങ്ങളെക്കുറിച്ചുമാണ് ഈ ലക്കത്തില്‍ നാം പരിശോധിക്കുന്നത്.


ആരോഗ്യം വീണ്ടെടുക്കാന്‍


നല്ല നെയ്യുള്ള മീന്‍ കഴിക്കുക. നിങ്ങളുടെ 'മൂഡ്' ശരിയാവാന്‍ ചിലപ്പോള്‍ അതു മാത്രം മതിയാകും. മത്തി, അയല തുടങ്ങിയ മല്‍സ്യങ്ങളില്‍ മനോനിലയെ പ്രചോദിപ്പിക്കാനും വൈകാരിക സുസ്ഥിതി ഉറപ്പുവരുത്താനുമുള്ള പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. അവയുടെ നെയ് അതിലേറെയും  ഗുണം ചെയ്യും. അവയില്‍ ഒമേഗാ 3 അടങ്ങിയിരിക്കുന്നു. അയലയും മത്തിയും മീന്‍ നെയ്യും കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ ഒമേഗാ 3 സപ്ലിമെന്‍റ് വാങ്ങി കഴിക്കുക .


ഒന്ന്: ഒരു ചുവട് പിന്നോക്കം വയ്ക്കുക


ഊര്‍ജമുള്ളപ്പോള്‍ ഉള്ളതെല്ലാം ചെയ്യാന്‍ ശ്രമിച്ചാൽ ആകെ ക്ഷീണമാവുക മാത്രമാകും ഫലം. അനായാസമായി കാര്യങ്ങള്‍ ചെയ്യുക. കുറച്ച് ഊര്‍ജം എപ്പോഴും ബാക്കി വയ്ക്കുക. എപ്പോഴും ഒരു തിരിച്ചുവരവിന് കരുത്ത് കരുതി വയ്ക്കുക. ഓരോ ദിവസവും അന്നന്നത്തേയ്ക്കുള്ള കാര്യങ്ങള്‍ മാത്രം ചെയ്യുക


രണ്ട്: ഒരു മസാജ് ആവാം


അല്‍പ്പം ചിലവു കൂടുതലാകുമെങ്കിലും നല്ലൊരു തിരുമ്മല്‍ ഒന്ന് ഉഷാറാവാന്‍ നല്ലതാണ്. അത് പേശികള്‍ക്ക് അയവു നല്‍കും. നമ്മെ ഉന്മേഷത്തിലേക്ക് നയിക്കും ശരീരത്തിന് ആരോഗ്യമുണ്ടെങ്കില്‍ മനസും നല്ല നിലയില്‍ പ്രവര്‍ത്തിക്കും. പ്രതിസന്ധികള്‍ക്ക് പരിഹാരം കണ്ടെത്തും. സ്പര്‍ശം വീണ്ടെടുപ്പിന് വഴിയൊരുക്കുന്നു. തടവല്‍ ആരോഗ്യം വീണ്ടെടുത്തു നല്‍കുന്നു


മൂന്ന്: രാത്രി നടത്തം ഉന്മേഷദായകം


ഉറങ്ങും മുന്‍പ് ശുദ്ധവായു ശ്വസിച്ച് അല്‍പ്പസമയം നടക്കുക. നന്നായി ഉറങ്ങാന്‍ അതു നിങ്ങളെ സഹായിക്കും. നന്നായി ഉറങ്ങിയാല്‍ ഉന്മേഷത്തോടെ എണീക്കാം. അതു നിങ്ങളുടെ മനസിനെ ദിനം മുഴുവന്‍ ഉന്മേഷഭരിതമാക്കും. നടക്കുമ്പോള്‍ ചുറ്റുമുള്ള സ്വരങ്ങള്‍ക്ക് കാതുകൊടുക്കുക. അകലെയെവിടെയോ ഒരു കിളിയുടെ കളകൂജനം കേള്‍ക്കുന്നില്ലേ? ആരോ പരസ്പരം സ്നേഹത്തോടെ സംസാരിക്കുന്ന ശബ്ദം. കാറ്റില്‍ ഇളകുന്ന ഇലകളുടെ ശബ്ദം. നിങ്ങളുടെ ഉല്‍ക്കണ്ഠകളില്‍ നിന്ന് മനസിനെ മറ്റെവിടേക്കെങ്കിലും പറിച്ചുനടുന്നത് മനോനില മെച്ചപ്പെടുത്താന്‍ സഹായകമാകും.


നാല് : ഔഷധ കൂട്ട് അരികത്തു സൂക്ഷിക്കുക.


ഔഷധ സസ്യങ്ങളുടെ ഇലകളും പൂക്കളും വേരും മറ്റും ഉണങ്ങിയത് ഒരു കൂട്ടാക്കി കിടക്കക്ക് അരികില്‍ സൂക്ഷിക്കുക. അവയുടെ ആരോഗ്യകരമായ ഗന്ധം നമ്മുടെ മനസിന് അയവു നല്‍കും. ഉറക്കം നല്‍കും.


ബന്ധങ്ങള്‍ മെച്ചമാക്കാന്‍


മനസ് ആകാംക്ഷയ്ക്കും വിഷാദത്തിനും ഇടയില്‍ ആടിക്കളിക്കുമ്പോള്‍ ആളുകളില്‍ നിന്ന് നിങ്ങള്‍ എന്തു പ്രതീക്ഷിക്കുന്നു എന്ന് നിശ്ചയിക്കുക ബുദ്ധിമുട്ടാണ്. ആ അവസ്ഥയില്‍ ആരുമായും സംസാരിക്കാന്‍ നിങ്ങള്‍ക്ക് താല്‍പര്യവുമുണ്ടാകില്ല. അത് അല്‍പ്പവും ശരിയല്ല . മറ്റുള്ളവരോട് സഹായം അഭ്യര്‍ത്ഥിക്കുക തന്നെ വേണം. പലര്‍ക്കും തനിയെ കാര്യങ്ങള്‍ ചെയ്യുന്നതാണിഷ്ടം. എന്നാല്‍ സഹായ മനസ്കരായ സുഹൃത്തുക്കള്‍ ധാരാളമുണ്ട്. അവസരം നല്‍കിയാല്‍ അവര്‍ നിങ്ങളെ സഹായിക്കും. തനിയെ തുഴയേണ്ട ഒരു കാര്യവുമില്ല.


ഒന്ന് : നിങ്ങളുടെ അവസ്ഥ അടുപ്പമുള്ളവരെ അറിയിക്കുക


മനോനിലയിലെ മാറ്റം എങ്ങിനെയൊക്കെ പെരുമാറ്റത്തില്‍ പ്രതിഫലിക്കുമെന്ന് പറയാന്‍ വയ്യ. അതിനാല്‍ നിങ്ങളുടെ മനോനില (mood) മാറിക്കൊണ്ടിരിക്കുന്നു എന്ന് നിങ്ങള്‍ ബന്ധപ്പെടുന്നവരെ അറിയിക്കുക. അതറിഞ്ഞിരുന്നാല്‍ എന്തു സംഭവിച്ചാലും അവര്‍ക്ക് മനസിലാകും. അവര്‍ക്ക് അത്തരത്തിലുള്ള അനുഭവങ്ങളുണ്ടെങ്കില്‍ അതു പങ്കുവയ്ക്കാനുമാകും. ഒരു കുഴപ്പവുമില്ലാതെ ശാന്തമായി ജീവിക്കുന്നവര്‍ ചുരുക്കമാണ്. അതിനാല്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കാന്‍ മടിക്കേണ്ടതില്ല.


രണ്ട്: ശരിയായ സുഹൃത്തിനെ തിരഞ്ഞെടുക്കുക


നിങ്ങളെ മനസിലാക്കുന്ന നിങ്ങളുടെ ആവശ്യമറിഞ്ഞ് പെരുമാറുന്ന ഒരു സുഹൃത്ത്. പ്രതിസന്ധിയില്‍ നമ്മെ താങ്ങി നിര്‍ത്തുന്ന നമ്മെ പ്രചോദിപ്പിക്കുന്ന ഒരു സുഹൃത്ത്. ഏറ്റം ആവശ്യമുള്ളപ്പോള്‍ ലഭ്യമാകുന്ന സുഹൃത്ത്. വിഷാദത്തില്‍ മുങ്ങിത്താഴുമ്പോഴും ഉല്‍ക്കണ്ഠയില്‍ ഞെരിയുമ്പോഴും ഒരു സുഹൃത്തുമായെങ്കിലും ബന്ധം നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ പുറം ലോകത്തേക്ക് ശ്രദ്ധ മാറ്റാന്‍ അത് നിങ്ങളെ സഹായിക്കും. മനസിന്‍റെ ശ്രദ്ധ ഒന്ന് മാറിയാല്‍ മനോനിലയും മാറും. കൂട്ടുകാരനെ / കൂട്ടുകാരിയെ വെറുതെ കേട്ടുകൊണ്ടിരുന്നാല്‍ തന്നെ മനസ് അയയും. അവരുടെ മനോനില നമ്മെ സ്വാധീനിക്കും.


മൂന്ന്: ബന്ധം നിലനിത്താന്‍ സാമൂഹിക മാധ്യമങ്ങള്‍


ഇന്‍സ്റ്റാഗ്രാമും  ഫെയ്സ്ബുക്കും ഇമെയിലും ടെക്സ്റ്റ് മെസേജും മറ്റുളളവരുമായുള്ള ബന്ധം നിലനിര്‍ത്താന്‍ നിങ്ങളെ സഹായിക്കും. ഒരു മെസേജ് അയക്കുക. അടുപ്പമുള്ളവര്‍ നിങ്ങളുടെ അവസ്ഥ അറിയട്ടെ. അവരുടെ സഹായം നിങ്ങള്‍ക്ക് ആവശ്യമുണ്ടെന്ന് അവര്‍ അറിയട്ടെ. മറ്റെന്തിനേക്കാളുമേറെ നിങ്ങളുടെ ചുറ്റുമുള്ളവര്‍ക്കാണ് നിങ്ങളെ സഹായിക്കാന്‍ കഴിയുക.


നാല്: നേരില്‍ കാണുക


കൂട്ടുകാരെ നേരില്‍ കാണുന്നതും നിങ്ങളോട് കരുതലുള്ളവര്‍ക്കൊപ്പം സമയം ചെലവഴിക്കുന്നതും വളരെ പ്രധാന കാര്യങ്ങളാണ്. തോളിലൊരു തട്ട്, ഒരു ആലിംഗനം, അതു നല്‍കുന്ന ഊര്‍ജം അത്ര ചെറുതല്ല. ഒരുമിച്ചായിരിക്കുന്നവരുടെ മനോനിലകള്‍ പരസ്പരം പകരുന്നു. നിങ്ങളുടെ കൂട്ടുകാരുടെ നല്ല മനോനില പകര്‍ത്തുക. നിങ്ങളുടെ മനോനില പെട്ടെന്ന് പ്രസാദാത്മകമാകും .


അഞ്ച്: ആളുകള്‍ക്കൊപ്പം ആഹ്ളാദിക്കുക


കൂട്ടുകാര്‍ക്കൊപ്പമാകുമ്പോള്‍ ചിരിക്കാനും ആഹ്ളാദിക്കാനും എന്തെങ്കിലും ഉണ്ടാകും. ഏറ്റം ദുര്‍ഘടമായ സാഹചര്യത്തിലും ഒന്ന് പുഞ്ചിരിക്കാന്‍ എന്തെങ്കിലുമൊന്ന് കണ്ടെത്തുക. ചിരിയാണ് ഏറ്റം നല്ല ഔഷധം എന്ന ഹിപ്പോക്രാറ്റിസിന്‍റെ സിദ്ധാന്തത്തിന് ഇന്നുമുണ്ട് അതേ സാംഗത്യം. അതുകൊണ്ട് അദ്ദേഹത്തെ പിന്തുടരുക.


(തുടരും)


മനോനില ചിത്രണം (Mood Mapping)

ടോം മാത്യു,

 അസ്സീസി മാസിക ജൂണ്‍ 2025


Recent Posts

bottom of page