
ഉല്‍ക്കണ്ഠയുടെയും വിഷാദത്തിന്‍റെയും പിടിയില്‍ നിന്ന് രക്ഷപെടാന്‍
May 1, 2025
2 min read

വിഷാദ രോഗ (depression) ത്തിനും അതിന്‍റെ അതിതീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bipolar disorder) ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ. ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് ആവിഷ്കരിച്ച പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാകുന്ന മനോനില ചിത്രണം (Mood Happing) പതിമൂന്നാം ദിനത്തിലേയ്ക്ക് കടക്കുന്നു. ഉല്‍ക്കണ്ഠ അഥവാ അമിത വേവലാതിയും വിഷാദവും മനസ് സൃഷ്ടിക്കുന്ന രാവണന്‍ കോട്ടയാണ്. അകത്തു കയറിയാല്‍ പുറത്തു കടക്കുക അതീവ ദുഷ്കരം. അമിത ഉല്‍ക്കണ്ഠയുടെയും വിഷാദത്തിന്‍റെയും രാവണന്‍ കോട്ടയില്‍ നിന്ന് രക്ഷപ്പെടാനുള്ള വ ഴികളാണ് പതിമൂന്നാം ദിവസം മനോനില ചിത്രണം ആരായുന്നത്.
"ജീവിതത്തില്‍ നിങ്ങള്‍ക്ക് ഒന്നുകില്‍ പ്രചോദനം അല്ലെങ്കില്‍ നിരാശ ആവശ്യമുണ്ട്."
ആന്‍റണി റോബിന്‍സ്
പലപ്പോഴും ആളുകള്‍ ഉല്‍ക്കണ്ഠയുടെയും വിഷാദത്തിന്‍റെയും ചക്രത്തില്‍ പെട്ടു പോകുന്നു. പരിഹരിക്കപ്പെടാത്ത ഉല്‍ക്കണ്ഠ പ്രത്യേകിച്ച് , ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കുന്നത്, ആരെയും തളര്‍ത്തിക്കളയും. ആ തളര്‍ച്ച വിഷാദത്തെ ക്ഷണിച്ച് വരുത്തും. വിഷാദം നമ്മുടെ ജീവിതത്തെ മന്ദഗതിയിലാക്കും. ചിലപ്പോള്‍ പ്രവര്‍ത്തനങ്ങള്‍ എല്ലാം അവസാനിപ്പിച്ച് നാം എവിടെയെങ്കിലും ചുരുണ്ടു കൂടിയെന്നു വരാം. ഉല്‍ക്കണ്ഠയില്‍ നിന്നുള്ള ഭാഗികമായ മോചനമാണത്. എന്നിരുന്നാലും, അടിസ്ഥാനപരമായി ഒന്നും മാറുന്നില്ലാത്തതിനാല്‍ വിഷാദം പെട്ടെന്ന് തന്നെ ഉല്‍ക്കണ്ഠയ്ക്ക് വഴി മാറുന്നു. ഈ പ്രക്രിയ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു. കടുത്ത സമ്മര്‍ദ്ദത്തിന്‍റെയും ഉല്‍ക്കണ്ഠയുടെയും പിന്നെ തളര്‍ച്ചയുടെയും ക്ഷീണത്തിന്‍റെയും വിഷാദത്തിന്‍റെയും ആവര്‍ത്തനം പതിവായിത്തീരുന്നു. മനോനില (mood) യിലെ ഈ മാറ്റം നിങ്ങളില്‍ കണ്ടാല്‍ നിങ്ങള്‍ക്ക് മാറ്റം ആവശ്യമാണെന്ന് വ്യക്തം. ഈ രാവണന്‍ കോട്ട ഭേദിക്കാന്‍ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. നമുക്കത് വിശദമായി പരിശോധിക്കാം.
ഉല്‍ക്കണ്ഠയുടെയും വിഷാദത്തിന്‍റെയും ആവര്‍ത്തന ചക്രത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രങ്ങള്‍
ഉല്‍ക്കണ്ഠയുടെയും വിഷാദത്തിന്‍റെയും തുടര്‍ച്ചയായ ആവര്‍ത്തനം അത്യന്തം വിനാശകരമാണ്. മറ്റേത് മനോനിലയേക്കാള്‍ ഈ മനോനിലയുടെ കാരണമോ കാരണങ്ങളോ നാം അറിഞ്ഞേ മതിയാകൂ. മനോനിലയെ സ്വാധീനിക്കുന്ന ഒന്നോ അതിലധികമോ പ്രധാന ഘടകങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവാം. ചിപ്പോള്‍ ആ അഞ്ചു ഘടകങ്ങളും വെല്ലുവിളി നേരിടുകയാവാം. ഒരേ സമയം ഒന്നോ രണ്ടോ മേഖലകളിലെ പ്രശ്നങ്ങള്‍ മാത്രമേ നിങ്ങള്‍ക്ക് പരിഹരിക്കാനാ യെന്ന് വരികയുള്ളൂ. നിങ്ങള്‍ നിങ്ങളുടെ മനോനിലയെ പരിചരിക്കാന്‍ തുടങ്ങിക്കഴിയുമ്പോള്‍ പക്ഷേ, കൂടുതല്‍ മാറ്റങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങും. നിങ്ങള്‍ സൗഖ്യത്തിന്‍റെ പാതയിലെത്തും.
മനോനിലയെ സ്വാധീനിക്കുന്ന ആദ്യ ഘടകമായ നിങ്ങളുടെ ചുറ്റുപാടിനെ മാറ്റുന്നതിനുള്ള മാര്‍ഗങ്ങള്‍.
നിങ്ങളുടെ ചുറ്റുപാടുകള്‍ നിങ്ങളുടെ മനോനില (mood) യെ സ്വാധീനിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ചുറ്റുപാടുകളെ മാറ്റിത്തീര്‍ത്ത് നമുക്ക് ഉല്‍ക്കണ്ഠയുടെയും വിഷാദത്തിന്‍റെയും ആവര്‍ത്തന ചക്രത്തില്‍ നിന്ന് രക്ഷപെടാന്‍ കഴിയും.
1 ). നിങ്ങള്‍ക്ക് നിങ്ങളെ തന്നെ ആശ്ലേഷിക്കാന്‍ ഒരിടം സൃഷ്ടിക്കുക
നിങ്ങള്‍ക്ക് ഏറ്റം ഇഷ്ടമുള്ള കുറച്ച് സാധനങ്ങള്‍ മാത്രമുള്ള സൗകര്യപ്രദമായ, ആശ്വാസപ്രദമായ, സ്വാസ്ഥ്യം നല്‍കുന്ന ഒരു പരിസരം സൃഷ്ടിച്ചെടുക്കുക. നിങ്ങള്‍ക്ക് സമാധാനമായി വെറുതെ ഇരിക്കാന്‍, വേണമെങ്കില്‍ ഒന്ന് ചുരുണ്ടു കൂടി കിടക്കാന്‍ പറ്റിയ സ്ഥലം. അന്തരീക്ഷം മൃദുവായ സുഗന്ധമുള്ളതാക്കി വയ്ക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് സ്വസ്ഥത തരുന്ന വസ്ത്രങ്ങള്‍ ധരിക്കുക. നിങ്ങള്‍ നിങ്ങള െ തന്നെ ആലിംഗനം ചെയ്യാന്‍ കഴിയുന്ന സ്ഥലമാണത്. ഓകെയായി എന്നു തോന്നും വരെ അവിടെയിരിക്കുക. അതിനു ശേഷം എണീറ്റ് ലോകത്തെ അഭിമുഖീകരിക്കുക.
2). നിശബ്ദതയെ അറിയുക
നിങ്ങളുടെ റേഡിയോയും ടിവിയും ഫോണും ഓഫാക്കുക. നിശബ്ദതയെ ശ്രദ്ധിക്കുക. അതിരാവിലെയും വൈകുന്നേരങ്ങളിലും പക്ഷികളുടെ കളകൂജനങ്ങള്‍ക്ക് കാതോര്‍ക്കുക. പ്രഭാതത്തിന്‍റെ സംഗീതത്തിന് നിങ്ങളുടെ മനസിനെ ഉണര്‍ത്താന്‍ കഴിയും, അശാന്തമായ ഒരു രാത്രിക്ക് ശേഷം പോലും. അകലെ പോകുന്ന ഒരു വാഹനത്തിന്‍റെ ശബ്ദം പോലും നിങ്ങള്‍ ഏകനല്ലെന്ന തോന്നല്‍ ഉളവാ ക്കാന്‍ സഹായിക്കും.
3). ക്ലാസിക്കല്‍ സംഗീതം ശ്രവിക്കുക
ശാന്തതയുടെ ഒരു കാലത്തില്‍ നിന്നുള്ള സംഗീതമാണ് ക്ലാസിക്കല്‍ സംഗീതം. അത് നമ്മുടെ തലമുറയുടെ സംഗീതമല്ല. സാധാരണ ജനപ്രിയ സംഗീതം, പോപ്പ് മ്യൂസിക് കേള്‍ക്കുന്ന ആളാണ് നിങ്ങളെങ്കില്‍ ക്ലാസിക്കല്‍ സംഗീതം നിങ്ങള്‍ക്ക് വ്യത്യസ്തമായൊരു അനുഭവം പകര്‍ന്ന് തരും. ജീവിതം അനായാസകരമല്ല എന്നത് ശരി തന്നെ. എന്നാല്‍, പഴയകാലത്ത് ആളുകള്‍ക്ക് അവരവരെക്കുറിച്ച് കൂടുതല്‍ യുക്തിസഹമായ ധാരണ ഉണ്ടായിരുന്നിരിക്കണം.
4). ആകാശം കാണുക
മേഘങ്ങളെ നോക്കുക. അവയുണ്ടാക്കുന്ന വ്യത്യസ്ത രൂപങ്ങള്‍. ഓരോ നിമിഷവും മാറുന്ന അവയുടെ രൂപവും ഭാവവും. എത്ര വേഗതയിലാണ് അവ സഞ്ചരിക്കുന്നത്. എത്ര പെട്ടെന്നാണ് അവയുടെ നിറം മാറുന്നത്. എത്ര ഉയരത്തിലും എത്ര താഴത്തുമാണ് അവ പറക്കുന്നത്. ആകാശത്തില്‍ പറക്കുന്ന പക്ഷികളെ നോക്കുക. പ്രകാശവും ചലനവും നിങ്ങളുടെ മനസിന് ആശ്വാസമേകും. നമ്മുടെ ജീവിതത്തില്‍ എന്തു തന്നെ സംഭവിച്ചുവെന്നിരിക്കട്ടെ, ലോകം മാറിക്കൊണ്ടിരിക്കുന്നു. മുന്നോട്ടു പോകുന്നു.
വിഷാദത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപെടാന്‍,
ടോം മാത്യു





















