

വൃശ്ചികം എന്ന മലയാള മാസത്തിന്‍റെ ഓര്‍മ്മയിലാവാം, പലരും, യാദൃച്ഛികം എന്ന പദത്തിന്‍റെ മൂന്നാമക്ഷരം 'ശ്ച' എന്നെഴുതാറുള്ളത്. 'നിശ്ചയം', 'ആശ്ചര്യം' തുടങ്ങിയ പദങ്ങളെഴുതുമ്പോഴും 'ശ്ച' യാണല്ലോ എന്നതും അതിനൊരു കാരണമാകാം.
അവിചാരിതമായി, എന്നര്‍ഥം വരുന്ന 'യദൃച്ഛയാ' എന്ന പദത്തില്‍നിന്നാണ് 'യാദൃച്ഛികം' എന്ന വാക്കുണ്ടായത്. ഈ 'ച്ഛ' ചേര്‍ന്നുവരുന്ന ഒട്ടേറെ പദങ്ങളുണ്ട്. 'പുച്ഛം' മറ്റൊരു പദം. നാനാര്‍ഥവാചിയായ പുച്ഛത്തിന് വാല്‍, അഗ്രഭാഗം, നിന്ദ, വെറുപ്പ് എന്നൊക്കെയാണര്‍ഥം. നിസ്സാരം എന്നയര്‍ഥത്തില്‍ ഏറെ ഉപയോഗിക്കാറുള്ള 'തുച്ഛം' എന്ന പദത്തിലും 'ച്ഛ' ഉണ്ട്.
(ലിപി പരിഷ്കരണത്തെത്തുടര്‍ന്ന്, 'ഛ' എന്ന അതിഖരാക്ഷരം മാത്രം ഉപയോഗിച്ചാലും മതി; 'യാദൃഛികം' എന്നിങ്ങനെ).
****
'നിന്ന്', 'നിന്നും'
പ്രയോഗ വ്യത്യാസമെന്ത്?
സര്‍വീസില്‍നിന്നും വിരമിക്കുന്ന അധ്യാപകര്‍ക്ക് യാത്രയയപ്പു നല്‍കി. കോട്ടയത്തുനിന്നും പുറപ്പെട്ട ബസ് കണ്ണൂരെത്തി - ഇത്തരം വാക്യങ്ങള്‍ നാം ശ്രദ്ധിച്ചിട്ടുണ്ട്. വ്യാകരണശുദ്ധമല്ലാത്ത ഒന്ന് ഈ വാക്യങ്ങളിലുണ്ട്.
'നിന്നും' എന്നല്ല, 'നിന്ന്' എന്നാണിവിടെ ഉപയോഗിക്കേണ്ടിയിരുന്നത്:
സര്‍വീസില്‍നിന്നു വിരമിക്കുന്ന അധ്യാപകര്‍ക്കു യാത്രയയപ്പു നല്‍കി,
കോട്ടയത്തുനിന്നു പുറപ്പെട്ട ബസ് കണ്ണൂരെത്തി- എന്നിങ്ങനെ.
ഒന്നിലേറെക്കാര്യങ്ങളെ ചേര്‍ത്തുപയോഗിക്കേണ്ട സന്ദര്‍ഭങ്ങളില്‍ മാത്രമേ 'നിന്നും' ആകാവൂ.
