top of page

മാലാഖമാരേ, മറയല്ലേ!

Apr 1, 2012

4 min read

അഷ്ടമൂര്‍ത്തി
caricature of a girl lookin onto a train leaving the railway station.

നേത്രാവതി എക്സ്പ്രസ്സ് സ്റ്റേഷന്‍റെ ഏഴാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ വന്നു നില്‍ക്കുമ്പോള്‍ കയറാന്‍ അധികം പേരൊന്നുമുണ്ടായിരുന്നില്ല. തിങ്കളാഴ്ചയായതുകൊണ്ട് ബോംബെയില്‍നിന്ന് നാട്ടിലേയ്ക്കു തിരിക്കുന്നവര്‍ സ്വതേ കുറവായിരിക്കും. വണ്ടിയിലെ പല ബെര്‍ത്തുകളും ഒഴിഞ്ഞുകിടക്കുകയായിരുന്നു.

എന്‍റെ ക്യൂബിക്ക്ളില്‍ രണ്ടുപേരെ ഉണ്ടായിരുന്നുള്ളൂ. എനിക്കെതിരെയിരിക്കുന്ന പെണ്‍കുട്ടി ഭക്ഷണം കഴിക്കുകയായിരുന്നു. വണ്ടി പന്‍വേല്‍ വിട്ടതോടെ ഞങ്ങള്‍ പരിചയപ്പെട്ടു. തലശ്ശേരിക്കാരി ബെസ്സി, ബ്രീച്ച് കാന്‍ഡി ആശുപത്രിയിലാണ് ജോലി.

ഒരു വര്‍ഷത്തിനുശേഷം നാട്ടിലേയ്ക്കു പോവുകയാണ് ബെസ്സി. ഇരുപതുദിവസത്തെ ലീവുണ്ട്. കൊല്ലത്തിലൊരിക്കല്‍ പതിവുള്ള യാത്ര. ഇത്തവണ വിശേഷമായി പറയാന്‍ ഒരു വിവാഹാലോചനയുണ്ട്. ബാങ്കുദ്യോഗസ്ഥനാണ്. നാട്ടിലായിരുന്നു. ഇപ്പോള്‍ ജലന്ധറിലാണ്. വിവാഹത്തെപ്പറ്റി പക്ഷേ ഒന്നും ഉറപ്പിക്കാറായിട്ടില്ല. കാണാന്‍ പോവുന്നതല്ലേയുള്ളൂ. ശരിയാവുകയാണെങ്കില്‍ തിരിച്ചുവന്ന് ജോലി രാജിവെയ്ക്കും.

ജലന്ധറിലും ആശുപത്രികള്‍ ഉണ്ടാവുമല്ലോ എന്നു ഞാന്‍ സംശയിച്ചപ്പോള്‍ ബെസ്സി ചിരിച്ചു. ഒരു കാരണവശാലും താന്‍ ഇനി നേഴ്സ് ആയി തുടരാന്‍ ഉദ്ദേശിക്കുന്നില്ല. ഈ ജോലി മടുത്തു. ഇപ്പോള്‍ പ്രൈവറ്റായി എം. ബി. എയ്ക്കു പഠിക്കുന്നുണ്ട്.

വല്യമ്മച്ചി കിടപ്പായപ്പോള്‍ ബെസ്സിയായിരുന്നു നോക്കിയത്. ഒമ്പതില്‍ പഠിക്കുമ്പോഴത്തെ കഥയാണ്. ശുശ്രൂഷയിലുള്ള മിടുക്കു കണ്ട് മോള്‍ വലുതാവുമ്പോള്‍ നേഴ്സ് ആയിക്കോട്ടെ എന്ന് പലരും ആശീര്‍വദിച്ചു. അതാണ് തലയ്ക്കു പിടിച്ചത്. ആതുരസേവനത്തോളം മഹത്തായി ഒന്നുമില്ല എന്ന് ധരിച്ചു. വെള്ളയുടുപ്പിട്ട് ആശുപത്രയില്‍ പാറി നടക്കുന്നത് സ്വപ്നം കാണാന്‍ തുടങ്ങി. പ്ലസ്ടൂ കഴിഞ്ഞപ്പോള്‍ സംശയിച്ചില്ല. ബാംഗ്ളൂരില്‍ ബി. എസ്. സി. നേഴ്സിങ്ങിനു ചേര്‍ന്നു. നല്ലപോലെ പഠിച്ചു ജയിച്ചു. ദില്ലിയിലായിരുന്നു ആദ്യം ജോലി കിട്ടിയത്. ചെറിയ ഒരാശുപത്രിയില്‍. ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ജോലി കിട്ടിയപ്പോള്‍ വലിയതെന്തോ നേടിയെന്ന് ആഹ്ലാദിച്ചു. പക്ഷേ നേഴ്സിങ്ങ് അത്ര ദിവ്യമായ ജോലിയൊന്നുമല്ലെന്ന് തോന്നിത്തുടങ്ങിയതും ഇവിടെ വന്നതിനുശേഷമാണ്. ഓരോ മുറിയും പഞ്ചനക്ഷത്രഹോട്ടലുകളിലെ സ്യൂട്ട് പോലെയാണ്. സിനിമാതാരങ്ങളോ വാണിജ്യപ്രമുഖരോ അതുമല്ലെങ്കില്‍ വലിയ പണച്ചാക്കുകളോ ആണ് ബ്രീച്ച് കാന്‍ഡിയില്‍ ചികിത്സയ്ക്കു വരിക. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിക്കണം അവരെ പരിചരിക്കാന്‍. തൊട്ടടുത്തിരിക്കുന്ന ഗ്ലാസ്സില്‍നിന്ന് വെള്ളമെടുത്തു കൊടുക്കാന്‍പോലും അവര്‍ ഞങ്ങളെ വിളിച്ചുവരുത്തും. നിസ്സാരകാര്യങ്ങള്‍ക്കും ഒച്ചവെയ്ക്കും. സൂപ്രണ്ടിനോടു പരാതിപ്പെടും. പ്രത്യേകിച്ചും അപ്രശസ്തരായ പണക്കാര്‍. സിനിമാതാരങ്ങള്‍പോലും ഇത്ര പ്രശ്നങ്ങളുണ്ടാക്കാറില്ല. (അമീര്‍ ഖാനും സഞ്ജയ് ദത്തുമൊക്കെ പാവങ്ങളാണ് എന്ന് ബെസ്സി പറയുന്നു. അതേസമയം ചില നടികളേപ്പറ്റി ബെസ്സിയ്ക്ക് അത്ര നല്ല അഭിപ്രായമല്ല.)

ഈ ജോലിയില്‍ ഇത്ര വേഗം മടുപ്പു വരാനുള്ള കാരണമെന്താണ്? അതും ബ്രീച്ച് കാന്‍ഡി പോലെയുള്ള ഒരു പ്രശസ്ത സ്ഥാപനത്തില്‍ ജോലിയെടുക്കുന്നവള്‍ക്ക്? മറ്റു പല ആശുപത്രികളും നോക്കുമ്പോള്‍ ബ്രീച്ച് കാന്‍ഡിയിലെ ശമ്പളം ഭേദമാണ്. ബെസ്സിയ്ക്ക് പതിനയ്യായിരം കിട്ടുന്നുണ്ട്. അച്ഛനമ്മമാര്‍ക്കും തനിക്കും തികച്ചും സൗജന്യമായ ചികിത്സ. കാന്‍റീനില്‍ വിഭവസമൃദ്ധമായ ഭക്ഷണം. അതാണെങ്കില്‍ തികച്ചും സൗജന്യവും. രാത്രി ജോലിയാണെങ്കില്‍ പലവൃഞ്ജനങ്ങളും കാപ്പിപ്പൊടിയും പാലും പഞ്ചസാരയും തരും. അത്യാവശ്യം എന്തെങ്കിലും ഉണ്ടാക്കിക്കഴിക്കാനുള്ള സൗകര്യവുമുണ്ട്.

പക്ഷേ അതുകൊണ്ടൊന്നും കാര്യമില്ല. പന്ത്രണ്ടു മണിക്കൂറാണ് ജോലി. അതിനിടയില്‍ ശ്വാസം വിടാന്‍പോലും നേരമുണ്ടാവില്ല. എപ്പോള്‍ വേണമെങ്കിലും കൈപ്പിഴ പറ്റാം. ഏതു നിമിഷവും പിരിച്ചുവിടപ്പെടാം. നേഴ്സുമാരുടെ ജോലി അടിമപ്പണി പോലെയാണ്. ആശുപത്രിക്കാര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം വാങ്ങിവെയ്ക്കും. രണ്ടുകൊല്ലത്തേയ്ക്ക് ബോണ്ടുണ്ട്. അതിനുള്ളില്‍ തിരിച്ചുകിട്ടണമെങ്കില്‍ പതിനായിരം ഉറുപ്പിക കെട്ടിവയ്ക്കണം. (ബെസ്സിയുടെ സര്‍ട്ടിഫിക്കറ്റ് രണ്ടുമാസം മുമ്പ് തിരിച്ചുകിട്ടിയതേയുള്ളൂ.) ഏഷ്യന്‍ ഹാര്‍ട്ട് പോസ്പിറ്റലില്‍ ഇത് അമ്പതിനായിരം ഉറുപ്പികയാണ്. അവിടത്തെ കാര്യങ്ങളെല്ലാം ഇതിലും കഷ്ടമാണ്. നേഴ്സുമാര്‍ വിവാഹിതരാവാന്‍ പാടില്ല. അഥവാ വിവാഹിതയായാല്‍ത്തന്നെ ഗര്‍ഭിണിയാവാന്‍ പാടില്ല. കണ്ണില്‍ ചോരയില്ലാത്ത മാനേജ്മെന്‍റാണ്. എന്തിനും ഏതിനും കുറ്റം. ആ ഹോസ്പിറ്റലിലെ ബീനാ ബേബി എന്ന മലയാളിപ്പെണ്‍കുട്ടിയുടെ ആത്മഹത്യയാണ് ബോംബെയിലെ നേഴ്സുമാരുടെ ഇടയില്‍ ഇത്രയും കാലം പുകഞ്ഞുകൊണ്ടിരുന്ന അസംതൃപ്തി ആളിക്കത്താന്‍ ഇടയാക്കിയത്.

ബീനാ ബേബിയുടെ മരണത്തിനുശേഷം അവിടെയുണ്ടായ സമരത്തെത്തുടര്‍ന്ന് മലയാളികളായ നാല്‍പതോളം നേഴ്സുമാര്‍ ജോലി വിട്ടു. അവര്‍ക്ക് ആശുപത്രിക്കാര്‍ എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് കൊടുത്തില്ല. സെക്യൂരിറ്റിയായി പിടിച്ചുവെച്ച സര്‍ട്ടിഫിക്കറ്റുകള്‍ തിരിച്ചുകിട്ടാന്‍പോലും സമരം ചെയ്യേണ്ടിവന്നു. പ്രതികാരത്തിന് കച്ചകെട്ടി ഇറങ്ങിയതുപോലെയായിരുന്നു ഏഷ്യന്‍ ഹാര്‍ട്ട് ഹോസ്പിറ്റല്‍ മാനേജ്മെന്‍റ്. രാജിവെച്ചവര്‍ക്ക് മറ്റുള്ള ആശുപത്രികളില്‍ ജോലി കിട്ടാതിരിക്കാനും അവര്‍ കിണഞ്ഞു ശ്രമിച്ചു.

ബീനാ ബേബി ഒറ്റപ്പെട്ട സംഭവമായിരുന്നില്ല. ദില്ലിയിലെ രാം മനോഹര്‍ ലോഹ്യാ ആശുപത്രിയിലെ ഒരു മലയാളി നേഴ്സിന്‍റെ യൂണിഫോം സൂപ്രണ്ട് കീറിപ്പറിച്ചു. കല്‍ക്കത്തയിലെ എ. എം. ആര്‍. ഐ. ആശുപത്രിയില്‍ രണ്ടു മലയാളി നേഴ്സുമാര്‍ തീയില്‍പ്പെട്ടു മരിച്ചു. ഒന്നിനു പിന്നാലെ മറ്റൊന്നായി അശുഭവാര്‍ത്തകള്‍. ചോദിക്കാനും പറയാനും ആരുമില്ലാത്തതുപോലെ. പപ്പയ്ക്കും മമ്മയ്ക്കും പേടിയായിത്തുടങ്ങിയപ്പോള്‍ ജോലി വിട്ടുപോരാന്‍ അവര്‍ നിര്‍ബ്ബന്ധിച്ചും തുടങ്ങി. വിവാഹം ശരിയായില്ലെങ്കിലും ബോംബെയില്‍ തിരിച്ചു ചെന്നാല്‍ ഉടനെ ജോലി രാജിവെയ്ക്കാന്‍ പപ്പ പറഞ്ഞിട്ടുണ്ട്.

അവള്‍ കുറച്ചുനേരം പുറത്തേയ്ക്കു നോക്കി നിശ്ശബ്ദയായി ഇരുന്നു. "എനിക്ക് ഇരുപത്തേഴു വയസ്സായി."ബെസ്സി പറഞ്ഞു. "പപ്പയ്ക്കും മമ്മയ്ക്കും തിടുക്കമായിരുന്നു."

നാലുമക്കളില്‍ മൂത്തവളാണ് ബെസ്സി. അനിയന്‍ ജോഫി ബാംഗ്ളൂരില്‍ ബി. എസ് . സി. നേഴ്സിങ്ങിനു പഠിക്കുന്നു. അനിയത്തി സോഫി ബോംബെയില്‍ത്തന്നെയുണ്ട്. അവളാണ് ബുദ്ധിമതി. അയാട്ട പാസ്സായി അന്ധേരിയില്‍ ഒരു ട്രാവല്‍ ഏജന്‍സിയില്‍ ജോലിയെടുക്കുന്നു. പാര്‍ട്ടൈമായി എം. ബി. എ. യ്ക്കും പഠിക്കുന്നുമുണ്ട്. ഏറ്റവും ഇളയവള്‍ ഗ്രേസി പത്താംക്ലാസ്സിലാണ്.

"ഗ്രേസി ഈ പ്രായത്തില്‍ പണ്ടത്തെ എന്നെപ്പോലെയാണ്. അവള്‍ക്ക് നേഴ്സിങ്ങ് വളരെ ഇഷ്ടമാണ്. പ്ലസ്സ്ടു കഴിഞ്ഞാല്‍ നേഴ്സിങ്ങിനു പോവണമെന്നാണ് അവളുടെ ആഗ്രഹം. ആതുരശുശ്രൂഷയാണത്രേ ജീവിതലക്ഷ്യം. എനിക്കാ വാക്കു കേള്‍ക്കുന്നതേ ഇഷ്ടമല്ല. ഞാന്‍ അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്."

ബെസ്സിയുടെ മുഖത്തെ മടുപ്പ് എനിക്കിപ്പോള്‍ വളരെ വ്യക്തമായി വായിച്ചെടുക്കാനാവുന്നുണ്ട്. ഈ ചെറിയ കാലയളവിനിടയ്ക്ക് ഈ ജോലിയോടു മടുപ്പു തോന്നണമെങ്കില്‍ അവളെത്ര മാത്രം അനുഭവിച്ചുകഴിഞ്ഞിട്ടുണ്ടാവണം! ആശിച്ചു തിരഞ്ഞെടുത്ത ജോലിയില്‍ സംതൃപ്തി തോന്നാതാവുമ്പോള്‍ ഉണ്ടാവുന്ന നിരാശ ആര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. പോരാത്തതിന് ഇത് ഒരു ബെസ്സിയുടെ മാത്രം കഥയല്ല. ആശുപത്രികളായ ആശുപത്രികളിലൊക്കെ നേഴ്സുമാര്‍ സമരത്തിലാണല്ലോ.

"ജോഫിയ്ക്ക് ജോലി കിട്ടാനൊന്നും ഇനി അത്ര എളുപ്പമാവില്ല," ബെസ്സി പറഞ്ഞു. "പല ആശുപത്രികളും ഇപ്പോള്‍ മെയില്‍ നേഴ്സുമാരെ എടുക്കേണ്ട എന്നു വെച്ചിട്ടുണ്ട്. അവരാണത്രേ സമരങ്ങള്‍ക്ക് മുന്‍കൈ എടുക്കുന്നത്. പഠിപ്പു തീരുന്നതിനു മുമ്പേത്തന്നെ അവന്‍ ചിന്താക്കുഴപ്പത്തിലായിട്ടുണ്ട്.

ആദ്യകാലത്തൊന്നും നേഴ്സിങ്ങ് ഒരു പാഠ്യവിഷയമായിരുന്നില്ല. ആശുപത്രികള്‍ കാശുവാരിക്കമ്പനികളാവുന്നതിനു മുമ്പ് ചെറിയ ചെറിയ ആതുരാലയങ്ങളില്‍ ഡോക്ടര്‍മാര്‍ക്ക് ഒരു കൈസഹായം പോലെയാണ് നേഴ്സുമാരുടെ വരവ്. അവര്‍ ഡോക്ടര്‍മാരുടെ കണ്ണില്‍ ഒരു പരിചാരികയ്ക്കപ്പുറമൊന്നുമായിരുന്നില്ല. സന്തോഷത്തിന് എന്തെങ്കിലും കൊടുക്കുക എന്നതിനപ്പുറം നിയതമായ ശമ്പളമുണ്ടായിരുന്നില്ല. ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പല മതസംഘടനകളും പരത്തിവിട്ട ആതുരസേവനം എന്ന ആശയം അവരെ മയക്കിക്കിടത്തുകയും ചെയ്തു. എന്തെങ്കിലും ഒരു ജോലി എന്ന ആകര്‍ഷണത്തില്‍ കേരളത്തിലെ പെണ്‍കുട്ടികളാണ് ഏറെയും ഈ രംഗത്തേയ്ക്ക് ആകര്‍ഷിക്കപ്പെട്ടതും. ആശുപത്രികള്‍ ആകാശചുംബികളായതിനു ശേഷവും അധികൃതരുടെ ഈ പരിചാരികാസമീപനത്തില്‍ മാറ്റമൊന്നും വരാത്തതാണ് ഇന്നത്തെ ഈ അസ്വസ്ഥതയ്ക്കുള്ള പ്രധാന കാരണം.

അതേസമയം നേഴ്സിങ്ങിന് പുതിയ മാനങ്ങള്‍ കൈവന്നു. ആയുര്‍ദൈര്‍ഘ്യം കൂടിയതുകൊണ്ട് വൃദ്ധജനങ്ങള്‍ പെരുകി. അണുകുടുംബത്തിലേയ്ക്കു ചുരുങ്ങിയ നമുക്കാവട്ടെ അവരെ പരിചരിക്കാന്‍ സമയവും സൗകര്യവുമില്ലാതായി. ഹോം നേഴ്സ് എന്ന പുതിയ ഒരു വിഭാഗം ഉണ്ടായി. എണ്ണമറ്റ വൃദ്ധസദനങ്ങള്‍ ഉയര്‍ന്നു വന്നു. ആശുപത്രികള്‍ക്കു പുറമേ വീടുകളിലും വൃദ്ധസദനങ്ങളിലുമായി ലക്ഷക്കണക്കിനു വെള്ളയുടുപ്പുകാരെയാണ് ഇന്ന് ആവശ്യമായിരിക്കുന്നത്. അപ്പോഴാണ് നേഴ്സുമാര്‍ തങ്ങളുടെ വിലയറിയാന്‍ തുടങ്ങിയതെന്നും തോന്നുന്നു. ഇത്രയും കാലം തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നു എന്ന തിരിച്ചറിവ് അവരെ സമരത്തിന്‍റെ പാതയിലേയ്ക്ക് തള്ളിവിട്ടു. ഇനി അത് സമരത്തിനപ്പുറത്തേയ്ക്കുള്ള വഴിയിലേക്ക് നീങ്ങിയാലും അത്ഭുതപ്പെടാനില്ല. അത്രയ്ക്ക് ഇച്ഛാഭംഗമാണ് ഇപ്പോള്‍ അവര്‍ക്കിടയില്‍ പടര്‍ന്നുപിടിച്ചിരിക്കുന്നത്.

"ഞങ്ങളുടെ ആശുപത്രിയിലെ ഭൂരിഭാഗം നേഴ്സുമാരും ഈ ജോലി മതിയാക്കാനുള്ള ഉദ്ദേശ്യത്തിലാണ്," ബെസ്സി പറഞ്ഞു. "നേഴ്സ്-രോഗി അനുപാതം വളരെ കുറവാണ്. എനിക്ക് ഒരേസമയം പതിനാലു രോഗികളെ നോക്കണം. രാവിലെ എട്ടുമണിക്കു കയറിയാല്‍ രാത്രി എട്ടുവരെ പരക്കംപാച്ചില്‍ തന്നെ. അതിനിടയ്ക്ക് എന്തെങ്കിലും കയ്യബദ്ധം പറ്റിയാല്‍ കഴിഞ്ഞു. എപ്പോഴും ടെന്‍ഷനാണ്. ഞാനിങ്ങനെ മെലിഞ്ഞിരിക്കുന്നതു തന്നെ അതുകൊണ്ടാണ്."

വര്‍ത്തമാനത്തിനിടയ്ക്ക് വണ്ടി സിഗ്നല്‍ കിട്ടാതെ പെരുവഴിയില്‍ നിരങ്ങിനിന്നു. ആലോചനയില്‍ മുഴുകി ബെസ്സി വീണ്ടും പുറത്തേയ്ക്കു നോക്കിയിരിപ്പായി. വേനലില്‍ വരണ്ട ഭൂമി.

വണ്ടിയിലും ആരും ഒന്നും മിണ്ടിയിരുന്നില്ല. എല്ലാവരും ഉച്ചമയക്കത്തിലാണെന്നു തോന്നുന്നു. നിശ്ശബ്ദതയെ മുറിച്ചുകൊണ്ട് ബെസ്സിയുടെ മൊബൈല്‍ ഒന്നു കരഞ്ഞു. പപ്പാ എന്നു വിളിച്ച് ബെസ്സി സംസാരിച്ചു തുടങ്ങി.

"പപ്പയും മമ്മയും ബെസ്സിയുടെ വരവുകാത്തു ത്രില്ലടിച്ചിരിയ്ക്കുകയാവും അല്ലേ?" ഫോണ്‍ സംഭാഷണം കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.

"നാളെ കണ്ണൂര്‍ ജില്ലയില്‍ പ്രൈവറ്റ് ബസ്സ് പണിമുടക്കാണത്രേ," ബെസ്സി പറഞ്ഞു. "അതു പറയാനാണ് പപ്പ വിളിച്ചത്. എന്‍റെ വീട് പേരാവൂരാണ്. ഓട്ടോറിക്ഷയും കൊണ്ട് പപ്പ സ്റ്റേഷനില്‍ വരാമെന്നു പറഞ്ഞു."

വണ്ടി രത്നഗിരിയിലെത്തി. ഞങ്ങളുടെ ക്യൂബിക്ക്ളിലേയ്ക്ക് രണ്ടു യാത്രക്കാര്‍ കൂടി വന്നു. ബെസ്സി തന്‍റെ ഐപോഡെടുത്ത് ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകി ഒരറ്റത്തേയ്ക്ക് ഒതുങ്ങിയിരുന്നു. ചുവന്ന ടീഷര്‍ട്ടണിഞ്ഞ ഒരു കൂട്ടം ചെറുപ്പക്കാര്‍ ഏതോ ബോഗിയില്‍നിന്ന് തിക്കിത്തിരക്കി വന്ന് ഇരിപ്പിടങ്ങള്‍ കയ്യേറി പാട്ടുകള്‍ പാടാന്‍ തുടങ്ങി. കൊച്ചിയിലെ ഏതോ ഗാനമേള ട്രൂപ്പാണ്. ബോംബെയിലെ പരിപാടികള്‍ കഴിഞ്ഞുള്ള മടക്കം.

രാത്രിയായി. അത്താഴം കഴിച്ച് കിടക്കുമ്പോള്‍ വണ്ടി ഒരു മണിക്കൂറോളം വൈകിയാണ് ഓടുന്നതെന്ന് ഞങ്ങള്‍ കണ്ടെത്തി. ഒരുപക്ഷേ രാത്രിയോട്ടത്തില്‍ സമയതാമസം പരിഹരിക്കാനും വഴിയുണ്ട്.

അതു ശരിയായി. രാവിലെയായപ്പോഴേയ്ക്കും വണ്ടി കൃത്യസമയത്തായിരുന്നു. തലശ്ശേരിയിലെത്തിയതും സമയത്തിനു തന്നെയായിരുന്നു. പ്ലാറ്റ്ഫോമില്‍ ബെസ്സിയുടെ പപ്പ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മെലിഞ്ഞു കുറുകിയ ആ മനുഷ്യന്‍ മകളെ കണ്ടപ്പോള്‍ സന്തോഷത്തോടെ കെട്ടിപ്പുണര്‍ന്ന് മൂര്‍ദ്ധാവില്‍ ഉമ്മവെച്ചു. ബെസ്സി എന്നെ പപ്പയ്ക്കു പരിചയപ്പെടുത്തി.

"ഇവള്‍ വല്ലാതെ ബോറടിപ്പിച്ചുവോ?" ബെസ്സിയുടെ പപ്പ എന്നോടു ചോദിച്ചു. "ആരെയെങ്കിലും കയ്യില്‍ കിട്ടിയാല്‍ പണ്ടേ ഇവള്‍ അങ്ങനെയാണ്."

ഞാന്‍ വെറുതെ ചിരിച്ചു. പപ്പാ, ഞാന്‍ നിശ്ശബ്ദം പറഞ്ഞു. ബെസ്സി നമ്മുടെ മാലാഖമാരില്‍ ഒരാളാണ്. അനേകമനേകം ആതുരര്‍ക്ക് അഭയം കൊടുക്കേണ്ടവള്‍. അവരുടെ വേദന ഒപ്പിയെടുക്കേണ്ടവള്‍. അവര്‍ക്ക് കൈത്താങ്ങായിത്തീരേണ്ടവള്‍. ഇവള്‍ പറയുന്നു ഈ ജോലി ഇവള്‍ക്കു മടുത്തുവെന്ന്. ഇവള്‍ മാത്രമല്ല, ഇവളെപ്പോലെ കുറെയേറെപ്പേരും അതുതന്നെ പറയുന്നു. നോക്കൂ, ഈ മാലാഖമാര്‍ എല്ലാവരും സ്വന്തം ജോലി ഉപേക്ഷിച്ചു പോയാല്‍ പിന്നെ നമുക്ക് ആരാണഭയം?

ഉത്തരമില്ല എന്നെനിക്കറിയാം. പക്ഷേ ഒന്നു നമ്മള്‍ അറിഞ്ഞേ തീരു. ആതുരസേവനം വെറും സേവനം മാത്രമല്ല. ദുരിതം പേറുന്ന ഈ ജീവിതയാത്രയില്‍ നമ്മള്‍ക്കൊപ്പം അവരും വേണം. ബെസ്സിയെപ്പോലുള്ളവരെ വേദനിപ്പിക്കാതിരിക്കേണ്ടത് നമ്മളാണ്. ഭൂമിക്ക് ഈ മാലാഖമാരുടെ കണ്ണുനീര്‍ താങ്ങാനാവില്ല.

വണ്ടി പുറപ്പെടാനായി ചൂളം വിളിച്ചു. പപ്പ എന്‍റെ കൈപിടിച്ചു. "ഇനിയും ഇതുപോലെ വണ്ടിയിലൊക്കെവെച്ചു കാണാം," ബെസ്സി പറഞ്ഞു. വണ്ടിയില്‍വെച്ചു കണ്ടുമുട്ടുന്നവര്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പിരിയുമ്പോള്‍ പലരും പറയാറുള്ള സ്ഥിരം വാക്കുകള്‍.

ബെസ്സീ, നിനക്കു നല്ലതു വരട്ടെ! വണ്ടിയില്‍ തിരിച്ചുകയറുമ്പോള്‍ ഞാന്‍ നിശ്ശബ്ദമായി പറഞ്ഞു. കുറച്ചു സ്വാര്‍ത്ഥതയോടെയാണെങ്കിലും ആശംസിക്കുന്നു: നിനക്കും നിന്‍റെ അനുജനും ഈ ജോലിയില്‍ത്തന്നെ സന്തോഷത്തോടെ തുടരാനുള്ള ചുറ്റുപാടുകള്‍ ഉരുത്തിരിയട്ടെ.

നേത്രാവതി എക്സ്പ്രസ്സ് നീങ്ങിത്തുടങ്ങിയിരുന്നു.

Apr 1, 2012

0

0

Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page