

യേശു പറഞ്ഞിട്ടുള്ള ചില ഉപമകൾ (parables) അന്യാപദേശ കഥകളോട് (allegories) സാമ്യം തോന്നുമെങ്കിലും അവൻ പറഞ്ഞതത്രയും ഉപമകളായിരുന്നു (parables) എന്നാണ് പൊതുവേ അംഗീകരിക്കപ്പെടുന്ന വസ്തുത. ഉപമകളും അന്യാപദേശങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. ഉപമകൾ ഏതെങ്കിലും ഒരൊറ്റ ബിന്ദുവിൽ ഉപമേയവുമായി ബന്ധപ്പെടുന്നവയും, അന്യാപദേശങ്ങൾ കഥയും കഥ ദ്യോതിപ്പിക്കുന്ന യാഥാർത്ഥ്യവുമായി മിക്കവാറും എല്ലാ തലത്തിലും അംശത്തിലും ബന്ധപ്പെട്ട് സമാന്തരമായി പുരോഗമിക്കുന്നവയും ആണ്.
യേശു പറഞ്ഞവയത്രയും ഉപമകൾ ആയിരുന്നു. എങ്കിലും ഒരവസരത്തിൽ വിതക്കാരൻ്റെയും വിത്തിൻ്റെയും ഉപമ യേശു പറഞ്ഞതിനുശേഷം, ഈ ഉപമ ഞങ്ങൾക്ക് വിശദീകരിച്ചു തരണമേ എന്നപേക്ഷിച്ചു കൊണ്ട് ശിഷ്യർ യേശുവിനെ സമീപിക്കുന്നതായി സുവിശേഷങ്ങളിൽ കാണുന്നുണ്ട്. അപ്പോൾ യേശു നല്കുന്ന വിശദീകരണം നോക്കിയാൽ, വിതക്കാരൻ്റെയും വിത്തിൻ്റെയും ഉപമ, ഒരു ഉപമ എന്നതിനപ്പുറം ഒരു അന്യാപദേശം കണക്കേയാണ് യേശു വിശദീകരിക്കുന്നതായി കാണുന്നത്. സമാന്തരസുവിശേഷങ്ങൾ മൂന്നിലും -ഊന്നലുകളിൽ വ്യത്യാസമുണ്ടെങ്കിലും- ഏതാണ്ട് ഒരു അന്യാപദേശത്തിൻ്റെ ശൈലിയിലാണ് നല്കപ്പെടുന്ന വിശദീകരണം. അതുകൊണ്ടാവണം, യേശുവിൻ്റെ ഉപമകളെല്ലാം അന്യാപദേശത്തിൻ്റെ ശീലുപിടിച്ച് വ്യാഖ്യാതാക്കൾ പൊതുവേ വ്യാഖ്യാനിച്ചു പോരുന്നത്.
"ഹൃദയം തളരാതെ എപ്പോഴും പ്രാർത്ഥിക്കണം എന്നു കാണിക്കുന്നതിന് യേശു അവരോട് ഒരു ഉപമ പറഞ്ഞു" എന്ന വാക്യത്തോടെയാണ് ലൂക്കാ സുവിശേഷത്തിലെ 18-ാം അദ്ധ്യായം ആരംഭിക്കുന്നത്. "ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപൻ ഒരു പട്ടണത്തിൽ ഉണ്ടായിരുന്നു. ആ പട്ടണത്തിൽ ഒരു വിധവയും ഉണ്ടായിരുന്നു. അവൾ വന്ന് അവനോട്, എതിരാളിക്കെതിരേ തനിക്ക് നീതി നടത്തി തരണമേ എന്നപേക്ഷിക്കുമായിരുന്നു." അങ്ങനെയാണ് ഉപമ ആദ്യഭാഗം. ന്യായാധിപൻ ആദ്യമൊന്നും അവളെ ഗൗനിക്കുന്നില്ല. ലജ്ജയില്ലാതെ അവൾ തുടർച്ചയായി അയാളെ ശല്യപ്പെടുത്തിയതിനാൽ അയാൾ അവൾക്ക് നീതി നടത്തിക്കൊടുക്കുന്നു. ഹൃദയം തളരാതെ വീണ്ടും വീണ്ടും പ്രാർത്ഥിക്കണം എന്നത് മാത്രമാണ് ഈ ഉപമയിലെ സംവേദന ബിന്ദു.
'ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ന്യായാധിപൻ' ദൈവമാണ് എന്ന് ഒരിക്കലും വ്യാഖ്യാനിച്ചുകൂടാ.
എന്നാൽ, ഈയ്യിടെ മറ്റൊരു വ്യാഖ്യാനം ശ്രദ്ധയിൽപ്പെട്ടു. സ്വാഭാവികമായി നമുക്ക് തോന്നാവുന്നതിന് വിപരീതമായ ദിശയിലുള്ളതാണ് അന്യാപദേശമാതൃകയിലുള്ള പ്രസ്തുത വ്യാഖ്യാനം.
അതായത്, 'ദൈവത്തെ ഭയപ്പടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത' ഈ ന്യായാധിപൻ നമ്മൾ ഓരോരുത്തരുമാണ്. തനിക്ക് നീതി നടത്തിത്തരണമെന്ന് പിന്നാലെ വന്ന് നാണമില്ലാതെ ശല്യം ചെയ്യുന്ന ദരിദ്രവിധവയാണ് ദൈവം!
അവൾ ന്യായം മാത്രമേ ചോദിക്കുന്നുള്ളൂ!
ഫ്രാൻസിസ് തോംപ്സൺൻ്റെ "സ്വർഗ്ഗത്തിലെ വേട്ടപ്പട്ടി" യെപ്പോലെ!
"ഏറ്റം പ്രിയതരം, ഏറ്റം അന്ധതം, ഏറ്റം ദുർബലം ഹോ,
നീ തെരയുന്നയാൾ ഞാനാണ്!
നിന്നെ മോഹിപ്പിക്കുന്ന എന്നിൽ നിന്നാണ് നീ സ്നേഹം കൊതിക്കുന്നത്!"

























