top of page

ഹാന്‍റ വൈറസ് അണുബാധ (What is hantavirus)

Jun 3

3 min read

ഡോ. അരുണ്‍ ഉമ്മന്‍
എലിയിൽ നിന്ന് മനുഷ്യദേഹത്തിലേക്ക് പടരുന്ന വൈറസ് കണങ്ങൾ; ശ്വാസകോശവും അവയവങ്ങളും കാണുന്ന മെഡിക്കൽ ചിത്രം.
Image Credit: North Carolina Division of Public Health

Key Takeaways

  • Dr. Arun Oommen provides an overview of Hantavirus, its transmission, symptoms, noting that while rare, it requires caution in specific high-risk environments.

  • Health experts confirm the risk of community spread in India remains low, and no widespread threat currently exists.

ഹാന്‍റ വൈറസ് അണുബാധ എന്താണ്? നിലവില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമുണ്ടോ?


ഹാന്‍റ വൈറസ് അണുബാധ ( ) എന്നത് പ്രധാനമായും എലികള്‍ പോലുള്ള റോഡന്‍റുകള്‍ വഴി പകരുന്ന വൈറസ് രോഗങ്ങളുടെ ഒരു കൂട്ടമാണ്. രോഗബാധിതമായ എലികളുടെ മൂത്രം, ഉമിനീര്‍, വിസര്‍ജ്യം എന്നിവ ഉണങ്ങി ചെറിയ കണങ്ങളായി വായുവില്‍ കലര്‍ന്ന് മലിനമായി തീ‌ർന്ന വായു മനുഷ്യര്‍ ശ്വസിക്കുമ്പോഴാണ് സാധാരണയായി ഈ വൈറസ് പകരുന്നത്. ചില സാഹചര്യങ്ങളില്‍ രോഗബാധിത റോഡന്‍റുകളുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും രോഗം പകരാം. ഈ രോഗം വളരെ അപൂര്‍വ്വമായാണ് കാണപ്പെടുന്നതെങ്കിലും, ചില തരത്തിലുള്ള ഹാന്‍റ വൈറസ് ഗുരുതരമായ ശ്വാസകോശ അണുബാധയ്ക്കും വൃക്ക സംബന്ധമായ പ്രശ്നങ്ങള്‍ക്കും കാരണമാകാം. ചികിത്സ വൈകിയാല്‍ ജീവന് ഭീഷണിയാകുന്ന സാഹചര്യവും ഉണ്ടാകാം.


ഹാന്‍റവൈറസ് രോഗത്തിന് പ്രധാനമായും രണ്ട് രൂപങ്ങളുണ്ട്:


1. ഹാന്‍റ വൈറസ് പള്‍മണറി സിന്‍ഡ്രോം (HPS / HCPS)

അമേരിക്കന്‍ രാജ്യങ്ങളിലാണ് ഈ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് പ്രധാനമായും ശ്വാസകോശത്തെ ബാധിച്ച് ഗുരുതരമായ ശ്വസനപ്രശ്നങ്ങള്‍ സൃഷ്ടിക്കും. രോഗം അതിവേഗം വഷളാകാനും ശ്വസനസ്തംഭനത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്. ഇതില്‍ മരണനിരക്ക് 3550% വരെ എത്താം.


2. രക്തസ്രാവത്തോടും പനിയോടും കൂടിയ വൃക്കസംബന്ധമായ സിന്‍ഡ്രോം (HFRS)

ഏഷ്യയിലും യൂറോപ്പിലുമാണ് ഇത് കൂടുതലായി കാണപ്പെടുന്നത്. വൃക്കകളേയും രക്തക്കുഴലുകളേയും പ്രധാനമായി ബാധിക്കുന്നു. ഈ രോഗബാധ ഗുരുതരാവസ്ഥയിലേക്കെത്താനിടയുണ്ടെങ്കിലും, സാധാരണയായി ഒജടനെക്കാള്‍ മരണനിരക്ക് കുറവാണ്.

ഹാന്‍റ വൈറസ് മനുഷ്യരിലേക്ക് പകരുന്നത് എങ്ങനെ?

ഹാന്‍റവൈറസ് പ്രധാനമായും എലികളിലൂടെ മനുഷ്യരിലേക്ക് പകരുന്ന രോഗമാണ്.


വൈറസ് പകരാന്‍ ഇടയാകുന്ന സാഹചര്യങ്ങള്‍:

* അടഞ്ഞ സ്ഥലങ്ങളിലെ മലിനമായ പൊടി ശ്വസിക്കുന്നത്

* എലികളുടെ മൂത്രം, കാഷ്ഠം, ഉമിനീര്‍ എന്നിവയുമായി സമ്പര്‍ക്കത്തില്‍ വരുന്നത്

* എലി ബാധിച്ച സ്റ്റോര്‍റൂമുകള്‍, കളപ്പുരകള്‍, വെയര്‍ഹൗസുകള്‍, ഷെഡുകള്‍, കപ്പലുകള്‍ എന്നിവ വൃത്തിയാക്കുമ്പോള്‍

* അപൂര്‍വ്വമായി എലികളുടെ കടിയിലൂടെ

* മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നത് വളരെ അപൂര്‍വ്വമാണ്. ഇത് പ്രധാനമായും തെക്കേ അമേരിക്കയില്‍ കണ്ടെത്തിയ ആന്‍ഡീസ് വിഭാഗം ഹാന്‍റവൈറസുമായി ബന്ധപ്പെട്ട കേസുകളിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.


രോഗലക്ഷണങ്ങള്‍

ഹാന്‍റ വൈറസിന്‍റെ ആദ്യകാല ലക്ഷണങ്ങള്‍ സാധാരണ ഇന്‍ഫ്ലുവന്‍സയോട് സമാനമായിരിക്കും.

* പനി

* കടുത്ത ശരീരവേദന

* അമിതമായ ക്ഷീണം

* തലവേദന

* ഓക്കാനം, ഛര്‍ദ്ദി

* വയറുവേദന


രോഗം ഗുരുതരമായാല്‍ ഉണ്ടാകാവുന്ന പ്രശ്നങ്ങള്‍:

ചിലരില്‍ ഹാന്‍റ വൈറസ് അതിവേഗം ഗുരുതരാവസ്ഥയിലേക്ക് മാറാം. തുടര്‍ന്ന് കാണപ്പെടാവുന്ന ലക്ഷണങ്ങള്‍ ഇവയാണ്

* പെട്ടെന്നുള്ള ശ്വാസതടസ്സം

* ശ്വാസകോശത്തില്‍ ദ്രാവകം അടിഞ്ഞുകൂടല്‍

* രക്തസമ്മര്‍ദ്ദം അപകടകരമായി കുറയുക

* വൃക്ക പ്രവര്‍ത്തനം തകരാറിലാവുക

ഇത്തരം ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അടിയന്തരചികിത്സ അനിവാര്യമാണ്.


നിലവിൽ ഇന്ത്യയിലെ സാഹചര്യം


നിലവില്‍ ഇന്ത്യയില്‍ ഹാന്‍റ വൈറസ് വ്യാപകമായി പടരാനുള്ള സാഹചര്യമില്ലെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്‍റെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും ഉള്‍പ്പെടെയുള്ള ദേശീയ ആരോഗ്യ ഏജന്‍സികള്‍, രാജ്യത്ത് സമൂഹവ്യാപനത്തിന് സാധ്യത കുറവാണെന്നും അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.


ഒരു അന്താരാഷ്ട്ര ക്രൂയിസ് കപ്പലില്‍ റിപ്പോര്‍ട്ട് ചെയ്ത ഹാന്‍റ വൈറസ് ക്ലസ്റ്ററിനെ തുടര്‍ന്നാണ് സമീപകാലത്ത് ആശങ്ക ഉയര്‍ന്നത്. കപ്പലിലുണ്ടായിരുന്ന രണ്ട് ഇന്ത്യന്‍ പൗരന്മാര്‍ക്കും രോഗലക്ഷണങ്ങളോ രോഗബാധയോ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനോടനുബന്ധിച്ച് ഇന്ത്യ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ആരോഗ്യപരിശോധനകളും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യത്തെ വിദഗ്ധര്‍ "ഇറക്കുമതി ചെയ്ത ഒറ്റപ്പെട്ട എക്സ്പോഷറുകള്‍" എന്ന നിലയിലാണ് കാണുന്നത്; രാജ്യത്തിനുള്ളില്‍ രോഗം വ്യാപിക്കുന്നതായി ഇതുവരെ തെളിവുകളില്ല.


ഹാന്‍റവൈറസ് ഇന്ത്യയില്‍ മുമ്പ് ഉണ്ടായിട്ടുണ്ടോ?


ഹാന്‍റവൈറസ് ഇന്ത്യയില്‍ പൂര്‍ണ്ണമായും പുതിയ രോഗമല്ല. മുന്‍കാലശാസ്ത്രീയ പഠനങ്ങളില്‍, മുന്‍കാല ശാസ്ത്രീയ പഠനങ്ങളില്‍, ചില എലിവര്‍ഗ്ഗങ്ങളില്‍ ഹാന്‍റവൈറസിന്‍റെ സാന്നിധ്യവും ചില മനുഷ്യരില്‍ വൈറസിനെതിരായ ആന്‍റിബോഡികളും കണ്ടെത്തപ്പെട്ടിട്ടുണ്ട്. ഇത് ഇന്ത്യയില്‍ മുന്‍പ് വൈറസ് എക്സ്പോഷര്‍ ഉണ്ടായിട്ടുണ്ടാകാമെന്ന സൂചനയായി ആരോഗ്യവിദഗ്ധര്‍ കാണുന്നു. അതേസമയം, ഇന്ത്യയില്‍ ഹാന്‍റ വൈറസ് കേസുകള്‍ വളരെ അപൂര്‍വ്വമായിട്ടാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മെഡിക്കല്‍ ജേണലുകളിലും ഗവേഷണ റിപ്പോര്‍ട്ടുകളിലും ചില ഒറ്റപ്പെട്ട കേസുകള്‍ മാത്രമാണ് പരാമര്‍ശ്ശിക്കപ്പെട്ടിട്ടുള്ളത്. അമേരിക്കയിലോ കിഴക്കന്‍ ഏഷ്യയിലെ ചില രാജ്യങ്ങളിലോ ഉണ്ടായതുപോലെ വലിയ തോതിലുള്ള ഹാന്‍റവൈറസ് വ്യാപനമോ പൊതുജനാരോഗ്യ പ്രതിസന്ധിയോ ഇന്ത്യയില്‍ ഇതുവരെ ഉണ്ടായിട്ടില്ല എന്നതാണ് പ്രധാനമായുള്ള വിലയിരുത്തല്‍.


ഇന്ത്യയില്‍ ഹാന്‍റ വൈറസ് ഭീഷണി ഇപ്പോഴും കുറവായി കണക്കാക്കപ്പെടുന്നതെന്തുകൊണ്ട്?


ഹാന്‍റ വൈറസിനെ കുറിച്ച് ജാഗ്രത തുടരുന്നുണ്ടെങ്കിലും, ഇന്ത്യയില്‍ ഇത് വലിയ പൊതുജനാരോഗ്യ ഭീഷണിയായി മാറാനുള്ള സാധ്യത നിലവില്‍ കുറവാണെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതിന് പ്രധാനമായും ചില കാരണങ്ങളുണ്ട്:

* മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നത് വളരെ അപൂര്‍വ്വമാണ്

* മിക്ക കേസുകളിലും എലികളുമായുള്ള അടുത്ത സമ്പര്‍ക്കമാണ് പ്രധാന കാരണം

* ഇന്ത്യയില്‍ വൈറസിന്‍റെ വ്യാപക സാന്നിധ്യമോ സമൂഹവ്യാപനമോ കണ്ടെത്തിയിട്ടില്ല

* ആരോഗ്യ വകുപ്പിന്‍റെ നിരീക്ഷണവും പരിശോധനാ സംവിധാനങ്ങളും സജീവമാണ്

* കോവിഡ് 19 അല്ലെങ്കില്‍ ഇന്‍ഫ്ലുവന്‍സ പോലെയുള്ള രോഗങ്ങളെപ്പോലെ ഹാന്‍റവൈറസ് വേഗത്തില്‍ പടരുന്നില്ല

എന്നതിനാലാണ്, ഇന്ത്യയില്‍ ഹാന്‍റവൈറസ് ഒരു പാന്‍ഡെമിക് തലത്തിലുള്ള ഭീഷണിയായി മാറാന്‍ സാധ്യത കുറവാണെന്ന് ആരോഗ്യവിദഗ്ധര്‍ ഇപ്പോള്‍ കരുതുന്നത്.


ഇന്ത്യയില്‍ കൂടുതല്‍ അപകടസാധ്യത നേരിടുന്നവര്‍ ആരെല്ലാം?

എലികളുമായോ അവയുടെ വിസര്‍ജ്യങ്ങളുമായോ കൂടുതല്‍ സമ്പര്‍ക്കം ഉണ്ടാകുന്ന ചില തൊഴില്‍വിഭാഗങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും കൂടുതല്‍ ജാഗ്രത ആവശ്യമാണ്.


ഇനി പറയുന്ന വിഭാഗത്തിലുള്ള തൊഴിൽ ചെയ്യുന്നവർ ശ്രദ്ധിക്കുക:

* കര്‍ഷകര്‍

* വെയര്‍ഹൗസ് തൊഴിലാളികള്‍

* ശുചീകരണ തൊഴിലാളികള്‍

* കീടനിയന്ത്രണ തൊഴിലാളികള്‍

* ഏറെക്കാലം അടച്ചിട്ട കെട്ടിടങ്ങള്‍ വൃത്തിയാക്കുന്നവര്‍

* കപ്പലുകള്‍, ധാന്യശേഖരണ കേന്ദ്രങ്ങള്‍, ഗോഡൗണുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ജോലി ചെയ്യുന്നവര്‍. ഇത്തരം ഇടങ്ങളില്‍ എലികളുടെ മൂത്രം, കാഷ്ടം, ഉണങ്ങിയ പൊടി എന്നിവയിലൂടെ വൈറസ് സമ്പര്‍ക്കം ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാല്‍ വ്യക്തിഗത സുരക്ഷയും ശുചിത്വവും വളരെ പ്രധാനമാണ്.


ഭാവിയില്‍ അപകടസാധ്യത വര്‍ദ്ധിക്കുമോ?


നിലവില്‍ ഇന്ത്യയില്‍ ഹാന്‍റ വൈറസിന്‍റെ ഭീഷണി കുറവാണെങ്കിലും, ഭാവിയില്‍ എലികള്‍ വഴി പകരുന്ന രോഗങ്ങളുടെ സാധ്യത ഉയരാനിടയുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥാ വ്യതിയാനം, വെള്ളപ്പൊക്കം, മോശം ശുചിത്വസാഹചര്യം, നഗരങ്ങളിലെ അതിവേഗതിരക്ക്, എലികളുടെ അനിയന്ത്രിത വര്‍ദ്ധനവ് എന്നിവ രോഗവ്യാപനത്തിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാമെന്നാണ് വിലയിരുത്തല്‍.


പ്രത്യേകിച്ച് വെള്ളപ്പൊക്കത്തിനും മാലിന്യസംഭരണ പ്രശ്നങ്ങള്‍ക്കും ശേഷം എലികളുടെ സമ്പര്‍ക്കം വര്‍ദ്ധിക്കുന്നത് വൈറസിന്‍റെ വ്യാപന സാധ്യത കൂട്ടാനിടയാക്കാം. അതുകൊണ്ടുതന്നെ, പാരിസ്ഥിതിക മാറ്റങ്ങളും പൊതുജനാരോഗ്യ സംവിധാനങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ ശ്രദ്ധിക്കേണ്ട വിഷയമായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യന്‍ ആരോഗ്യവിദഗ്ധര്‍ പറയുന്നതനുസരിച്ച്, ഇത്തരം സാഹചര്യങ്ങള്‍ ഹാന്‍റ വൈറസ് പോലുള്ള എലികള്‍ വഴി പകരുന്ന രോഗങ്ങളുടെ സാധ്യത വര്‍ദ്ധിപ്പിക്കാമെങ്കിലും, നിലവില്‍ ഇന്ത്യയില്‍ അടിയന്തര പൊതുജനാരോഗ്യ ഭീഷണി നിലനില്‍ക്കുന്നില്ല.


പ്രതിരോധം


ഹാന്‍റ വൈറസിനെതിരായ അടിസ്ഥാന മുന്‍കരുതലുകള്‍ വളരെ ഫലപ്രദമാണ്. പ്രത്യേകിച്ച് എലികളുടെ സാന്നിധ്യമുള്ള ഇടങ്ങളില്‍ ശുചിത്വവും സുരക്ഷയും പാലിക്കുന്നത് രോഗസാധ്യത ഗണ്യമായി കുറയ്ക്കും.


പ്രധാന മുന്‍കരുതലുകള്‍:


* വീടുകളിലും ജോലിസ്ഥലങ്ങളിലും എലികളുടെ ശല്യം നിയന്ത്രിക്കുക

* ഉണങ്ങിയ എലി കാഷ്ഠമോ പൊടിയോ നേരിട്ട് തൂത്തുവാരുന്നത് ഒഴിവാക്കുക

* ഏറെക്കാലം അടച്ചിട്ട മുറികള്‍ വൃത്തിയാക്കുന്നതിന് മുമ്പ് നല്ല വായുസഞ്ചാരം ഉറപ്പാക്കുക

*എലിശല്യമുള്ളയിടങ്ങള്‍ വൃത്തിയാക്കുമ്പോള്‍ മാസ്കും കയ്യുറയും ഉപയോഗിക്കുക

* ഭക്ഷണസാധനങ്ങള്‍ സുരക്ഷിതമായി അടച്ചുപൂട്ടി സൂക്ഷിക്കുക

* വ്യക്തിഗതവും പരിസരവുമായ ശുചിത്വം കൃത്യമായി പാലിക്കുക


ഉപസംഹാരം


നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് ഹാന്‍റവൈറസ് ഭീഷണി വളരെ കുറവാണെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍. രാജ്യത്ത് വ്യാപക രോഗവ്യാപനത്തിന് തെളിവുകളില്ല. ഹാന്‍റ വൈറസ് പ്രധാനമായും എലികളില്‍ നിന്ന് പകരുന്ന രോഗമാണ്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വേഗത്തില്‍ പടരുന്ന വൈറസല്ല. ശുചിത്വവും എലി നിയന്ത്രണവും തന്നെയാണ് പ്രധാന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍


നിപ്പ വൈറസ് ഇന്‍ഫക്ഷന്‍, കോവിഡ്-19 പോലുള്ള രോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, ഇന്ത്യയില്‍ നിലവില്‍ ഹാന്‍റ വൈറസ് ഉയര്‍ത്തുന്ന പൊതുജനാരോഗ്യഭീഷണി വളരെ ചെറുതാണ്.




ഹാന്‍റ വൈറസ് അണുബാധ

ഡോ. അരുണ്‍ ഉമ്മന്‍

അസ്സീസി മാസിക ജൂൺ 2026

Jun 3

0

Related Posts

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Assisi-Logo0.jpg

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page