top of page

വാദിക്കാനും ജയിക്കാനും

Mar 7

2 min read

ഡോ. റോയി �തോമസ്
Two silhouetted figures argue at a news desk in a studio. Speech bubbles with jagged edges above them. "Live Debate" text overlay.

Key Takeaways:

  • The article critiques the current tendency to argue and win instead of seeking knowledge and understanding.

'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്' എന്ന് പ്രസ്താവിച്ചത് ശ്രീനാരായണഗുരുവാണ്. അറിയാനും അറിയിക്കാനുമുള്ള സംവാദം ക്രിയാത്മകമാണ്. എന്നാല്‍ ഇന്ന് നാം മാധ്യമങ്ങളിലും സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും കാണുന്നത് വാദിക്കാനും ജയിക്കാനുമുള്ള മത്സരമാണ്. സംവാദങ്ങള്‍ക്കു പകരം ഏകഭാഷണങ്ങളാണ് എവിടെയും. സംഭാഷണങ്ങള്‍ക്കു പകരം ഹിംസാത്മകമായ ആക്രമണങ്ങള്‍ കടന്നുകയറിയിരിക്കുന്നു. ആശയസംവാദങ്ങള്‍ ഒഴിഞ്ഞ പൊതുവിടങ്ങളും മാധ്യമസ്ഥലികളും വിവാദങ്ങള്‍കൊണ്ട് മൂടിപ്പോകുന്നു.


ആരാണ് കൂടുതല്‍ ഉച്ചത്തില്‍ സംസാരിക്കുന്നത്, എതിരാളിയെ മുട്ടുകുത്തിക്കുന്നത് എന്ന് ആകാംക്ഷയോടെ നോക്കിയിരിക്കുകയാണ് കാണികള്‍. യുക്തികള്‍കൊണ്ടും കുയുക്തികള്‍കൊണ്ടും നുണകള്‍കൊണ്ടും എതിരാളികളെ മലര്‍ത്തിയടിക്കുന്നവര്‍ ചര്‍ച്ചകളില്‍ വിജയിയുടെ കിരീടമണിയുന്നു. എല്ലാം കണ്ടും കേട്ടുമിരിക്കുന്ന സാധാരണമനുഷ്യന്‍റെ മനസ്സ് കലക്കുന്ന ഏകഭാഷണങ്ങള്‍ മഹത്തായ സംവാദകലയെ അപ്രസക്തമാക്കി കുതിക്കുകയാണ്. തര്‍ക്കശാസ്ത്രത്തിന്‍റെ യുക്തികള്‍ സത്യത്തെ പടിക്കു പുറത്തു നിര്‍ത്തുന്നതും കാണാം. രാഷ്ട്രീയം, മതം, സംസ്കാരം... ഒരു പൊതുവിടവും ഇന്ന് ഈ പ്രവണതയില്‍ നിന്ന് മാറിനില്‍ക്കുന്നില്ല. അത്ഭുതലോകത്തിലെത്തിയ ആലീസിനെപ്പോലെ റിമോട്ടും കൈയില്‍ പിടിച്ചിരിക്കുന്ന കാണി അമ്പരന്നിരിക്കുന്നു. സത്യാനന്തര കാലത്തിന്‍റെ 'സത്യങ്ങള്‍' അങ്ങനെ വിഴുങ്ങാന്‍ നാം വിധിക്കപ്പെടുന്നു.


തിരഞ്ഞെടുപ്പിന്‍റെ കാലമായതുകൊണ്ട് വലിയ ശബ്ദകോലാഹലങ്ങളാണ് ചുറ്റും വന്നു നിറയുന്നത്. എതിരാളികളെ തോല്‍പ്പിക്കാന്‍, പോരുകോഴികളെപ്പോലെ സജ്ജരായി നിലകൊള്ളുന്ന ചര്‍ച്ചാജീവികള്‍ സത്യത്തെ കഴുത്തുഞെരിക്കുന്നത് നാം നിസ്സഹായരായി നോക്കിനില്‍ക്കേണ്ടിവരുന്നു. പല സ്റ്റോറികളും ആഖ്യാനങ്ങളും കടത്തിവിട്ട് തലച്ചോറിനെ കലക്കിമറിക്കുന്ന രാക്ഷസീയമായ കൂത്താട്ടങ്ങളും പേക്കൂത്തുകളും എവിടെയും പെരുകുന്നു. ചേരിതിരിവുണ്ടാക്കാനും വര്‍ഗീയമായി വിഭാഗീയതകള്‍ സൃഷ്ടിക്കാനും ഒരുകൂട്ടര്‍ ഇറങ്ങിത്തിരിക്കുമ്പോള്‍ മറുവശത്ത് മറ്റു ചില ആഖ്യാനങ്ങള്‍ സൃഷ്ടിച്ചെടുക്കുന്നതു കാണാം. അപരനെ നരകമായി കാണുന്ന, ശത്രുവായിക്കാണുന്ന പ്രവണത വളരെ ശക്തമാണ്. ആധുനികമായി നാം നേടിയ മാനുഷികമൂല്യങ്ങള്‍ പ്രക്ഷീണമാകുന്ന കാലസന്ധിയിലാണ് നാം അകപ്പെട്ടിരിക്കുന്നത്.


'കെട്ടുകാഴ്ചകളുടെ സംസ്കാര'മെന്ന് ചിന്തകര്‍ വിളിക്കുന്ന അവസ്ഥയാണിന്നു ചുറ്റും കാണുന്നത്. എല്ലാം കെട്ടുകാഴ്ചകളായി തരംതാഴ്ന്നിരിക്കുന്നു. ആത്മാവില്ലാതെ, പൊയ്ക്കാലില്‍ നടക്കുന്ന കുറിയ മനുഷ്യര്‍ മഹത്തായ ആശയങ്ങളെ വാണിഭത്തെരുവുകളില്‍ വില്പനയ്ക്കു വച്ചിരിക്കുന്നു. അധികാരത്തിലേക്കുള്ള പ്രയാണത്തില്‍ വളരെക്കാലം കൊണ്ട് നാം നേടിയെടുത്ത പലതും കൈവെടിയുന്നു. എത്ര പെട്ടെന്നാണ് നാം ദിനോസറുകളുടെ കാലത്തേക്ക് പിന്മടക്കം നടത്തുന്നത്. ഭൗതികമായ പുരോഗതികള്‍ എടുത്തുകാണിക്കാനുണ്ടെങ്കിലും മാനുഷികമായ തലത്തില്‍ ചിന്തിക്കുമ്പോള്‍ ആത്മാവു നഷ്ടപ്പെടുന്നതിന്‍റെ ചിത്രം വ്യക്തമാകുന്നു. മനുഷ്യസത്തയെ ബാഹ്യരൂപത്തിലേക്കു ചുരുക്കുന്നു. ന്യൂനീകരണത്തിന്‍റെ സംസ്കാരമാണ് ലോകത്തെ നിയന്ത്രിക്കുന്നത്. ഹിംസാത്മകമായ അധികാരത്തിന്‍റെ നുകത്തിനു കീഴില്‍ ജനകോടികള്‍ സന്ത്രാസം അനുഭവിക്കുന്നു. അവസാനത്തെ വ്യക്തിയെപ്പോലും പരിഗണിക്കുന്ന ഒരു കാലത്തില്‍ നിന്ന് വഴിമാറുന്ന ദര്‍ശനങ്ങള്‍ സമ്പന്നന്‍റെ പക്ഷം ചേരുന്നു. വോട്ടര്‍ മാത്രമായി മാറുന്ന സാധാരണ മനുഷ്യന്‍റെ മൂല്യം എത്ര ചെറുതാണ് എന്ന് നാം തിരിച്ചറിയുന്നു.


ഓരോ ദിവസവും പുതിയ നുണകളുമായി ഗീബല്‍സുമാര്‍ നമുക്കു മുന്നില്‍ അവതരിക്കുന്നു. ശരിതെറ്റുകളെക്കുറിച്ചുള്ള നമ്മുടെ പൂര്‍വധാരണകളെ കശക്കിയെറിയുന്ന അസത്യത്തിന്‍റെ വേലിയേറ്റം നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു. കൂടുതല്‍ ഉച്ചത്തില്‍ ആവര്‍ത്തിക്കപ്പെടുന്ന നുണകളുടെ പ്രവാഹത്തില്‍ ഒലിച്ചുപോകുന്ന നിശ്ശബ്ദസത്യമാണ് ഇന്നിന്‍റെ യാഥാര്‍ഥ്യം. ക്രിയാത്മകമായി ഒന്നും സംഭാവന ചെയ്യാത്ത വിവാദവ്യവസായം ചിലരെ സമ്പന്നരാക്കുന്നുണ്ടാകാം. എന്നാല്‍ ആത്യന്തികമായി നാം ദരിദ്രരാകുകയാണ് എന്ന് അറിയണം. അണിഞ്ഞൊരുങ്ങിയ നുണകള്‍ യാഥാര്‍ഥ്യത്തെ കാണാനുള്ള സാധ്യതകള്‍ അടച്ചുകളയുന്നു. അതിനിടയില്‍ സന്ദിഗ്ധാവസ്ഥയില്‍ അകപ്പെടുന്ന സാധാരണ മനുഷ്യന്‍ ദുരന്തനായകനാകുന്നു. ഇതൊന്നും കാണാനും കേള്‍ക്കാനും കഴിവില്ല എന്നു പറഞ്ഞ് കണ്ണും കാതും കൊട്ടിയടച്ചിരിക്കാനും സാധിക്കില്ലല്ലോ.


ഈ സന്ദര്‍ഭത്തില്‍ നാം ചില കാര്യങ്ങള്‍ ആലോചിക്കേണ്ടതുണ്ട്. ഇത്തരത്തില്‍ മുന്നോട്ടുപോയാല്‍ നമ്മുടെ സമൂഹം എന്തായിത്തീരും എന്ന് അന്വേഷിക്കേണ്ടതല്ലേ. രണ്ടു മനുഷ്യര്‍ക്കിടയിലും പ്രസ്ഥാനങ്ങള്‍ക്കിടയിലും ആശയപരമായ സംവാദങ്ങള്‍ ക്രിയാത്മകമായ പാതകള്‍ തുറക്കുന്ന കാലം ഇനിയും കടന്നുവരേണ്ടതാണ്. ഇല്ലെങ്കില്‍ പരസ്പരം കടിച്ചുകീറുവാന്‍ നില്‍ക്കുന്ന ഹിംസ്രസമൂഹങ്ങളെപ്പോലെ മനുഷ്യന്‍ മാറിത്തീരും. വാദിക്കാനും ജയിക്കാനുമുള്ള ഹിംസാത്മകമായ ഊര്‍ജ്ജത്തെ അറിയാനും അറിയിക്കാനുമുള്ള സര്‍ഗാത്മകമായ ശക്തിയാക്കി മാറ്റിയാല്‍ നമ്മുടെ സമൂഹത്തെ, കാലത്തെ കുറേക്കൂടി മനോഹരമാക്കാന്‍ സാധിച്ചേക്കാം. അപരനെക്കൂടി ചേര്‍ത്തുനിര്‍ത്തുമ്പോഴാണ് സമൂഹം വളരുക. കൂടുതല്‍ ആളുകളെ മാറ്റിനിര്‍ത്തുമ്പോള്‍ നാം കൂടുതല്‍ ചെറുതാകുന്നു. അങ്ങനെ ചെറിയ മനുഷ്യര്‍ പെരുകിവരുന്ന കാലമാണിത് എന്നു തോന്നുന്നു. മനുഷ്യത്വത്തിലേക്കുള്ള വളര്‍ച്ച നിലച്ചുപോയാല്‍ ഭീകരകാലം പിറന്നേക്കാം.


സര്‍ഗാത്മക സംവാദങ്ങളുടെ രംഗഭൂമിയായി എല്ലാ ഇടങ്ങളും മാറുമ്പോള്‍ മഹത്തായ ആശയങ്ങള്‍ പൂവിടും എന്നറിയുക. ഹിംസയില്‍ നിന്ന് സുന്ദരമായതൊന്നും ജനിക്കുന്നില്ല.


വാദിക്കാനും ജയിക്കാനും

ഡോ. റോയി തോമസ്

അസ്സീസി മാസിക മാർച്ച് 2026


Related Posts

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Add a Title

Add a Title

Add a Title

Add a Title

Change the text and make it your own. Click here to begin editing.

Recent Posts

bottom of page