വിശുദ്ധ കുരിശിന്‍റെ അടയാളത്തില്‍...


`ഉറുമ്പും പ്രാവും തമ്മിലുള്ള സൗഹൃദത്തിന്‍റെയും, പരസ്പരസഹായത്തിന്‍റെയും ഈസോപ്പ് കഥയാണിത്.
ഒരു ദിവസം ദാഹം മാറ്റാന്‍ പുഴക്കരയിലെത്തിയ ഉറുമ്പ് അബദ്ധത്തില്‍ വെള്ളത്തില്‍ വീണു. ഒഴുക്കില്‍പെട്ട് മുങ്ങാന്‍ തുടങ്ങിയ ഉറുമ്പ് സഹായത്തിനായി കരഞ്ഞു. മരത്തിലിരുന്ന പ്രാവ് ഇതുകണ്ട് ഒരു ഇല ഉറുമ്പിനടത്തേക്ക് ഇട്ടുകൊടുത്തു. ഉറുമ്പ് ആ ഇലയില്‍ കയറി രക്ഷപ്പെട്ടു. ദിവസങ്ങള്‍ക്കുശേഷം ഒരു വേട്ടക്കാരന്‍ പ്രാവിനെ അമ്പെയ്യാന്‍ ഉന്നം പിടിച്ചിരിക്കുന്നത് ഉറുമ്പ് കണ്ടു. അവന്‍ അയാളുടെ കാലില്‍ ആഞ്ഞുകടിച്ചു. അമ്പ് ലക്ഷ്യം തെറ്റി. പ്രാവ് പറന്നു രക്ഷപ്പെട്ടു.
നോഹിന്‍റെ കാലത്ത് ജലപ്രളയമുണ്ടായി. യഹോവ പറഞ്ഞതനുസരിച്ച് നോഹ ഭൂമുഖത്തെ ജീവനുള്ളവയുടെ ഓരോ ജോഡിയെ ലൈഫ്ബോട്ടില്‍ കയറ്റി. കൂടെ എട്ടു മനുഷ്യരെയും. പിന്നേം കുറേ വര്‍ഷങ്ങള്‍ കഴിഞ്ഞു. ക്രിസ്തു എന്നൊരു മനുഷ്യനെ കുറേപ്പേര്‍ കൂടി കുരിശില്‍ തറച്ചു. ചാവണേന് കുറച്ച് നേരം മുമ്പ് അദ്ദേഹം ഇങ്ങനെ പറഞ്ഞ് കരഞ്ഞു: എനിക്ക് ദാഹിക്കുന്നു. അല്പനേരം കഴിഞ്ഞ് ഒരു പട്ടാളക്കാരന്‍ വന്ന് തന്‍റെ കയ്യിലിരുന്ന കുന്തം കൊണ്ട് ക്രിസ്തുവിന്‍റെ നെഞ്ചില്‍ കുത്തി. അന്നേരം അവിടന്ന് ചോരേം നീരും ഒഴുകി. എനിക്ക് ദാഹിക്കുന്നു എന്നുപറഞ്ഞ മനുഷ്യന്‍റെ നെഞ്ചീന്നാണ് ജലമൊഴുകിയത്. അതൊരു നീര്‍പ്രവാഹമായി. പിന്നെ പയ്യെ പയ്യെ മഹാപ്രളയമായി.
ഇത് നോഹയുടെ കാലത്ത് എട്ടുപേര്‍ രക്ഷപ്പെട്ടതുപോലെ കുറച്ചുപേരെ മാത്രം രക്ഷപ്പെടുത്താനായിരുന്നില്ല. മുഴുവന്‍ മനുഷ്യരെയും രക്ഷപ്പെടുത്താനായിരുന്നു. നോഹയുടെ സമയത്തെ വെള്ളപ്പൊക്കം നാശകരമായിരുന്നെങ്കില്‍, ക്രിസ്തുവിന്‍റെ കുരിശാരോഹണ സമയത്തെ ജലപ്രവാഹം അനുഗ്രഹദായകമായിരുന്നു. ഇന്ന് നിലയില്ലാവെള്ളത്തിലെന്നപോലെ മനുഷ്യര്‍ കരകാണാനാവാതെ തുഴഞ്ഞുകൊണ്ടേയിരിക്കുന്നു. മനുഷ്യന്‍ അവന്‍റെ എണ്ണിയാലൊടുങ്ങാത്ത സങ്കടങ്ങളുടെ വെള്ളപ്പൊക്കത്തിലാണ്. പ്രിയപ്പെട്ടവരുടെ രോഗങ്ങള്‍, മരണങ്ങള്‍, സാമ്പത്തിക പ്രതിസന്ധികള്‍, ജോലിയില്ലാത്ത അവസ്ഥ, ജോലി നഷ്ടമാകുന്ന സാഹചര്യം, പഠനത്തില്‍ മുന്നേറാന്‍ കഴിയാതിരിക്കുക, പരീക്ഷാ തോല്‍വികള്‍, നടന്ന വിവാഹങ്ങള്‍ തകരുന്ന കോടതിമുറികള്‍, സ്വത്തു തര്‍ക്കങ്ങള്‍, ആത്മഹത്യകള്‍, പ്രണയഭംഗങ്ങള്‍, ദൈവവിളിയിലെ ചാഞ്ചാട്ടങ്ങള്‍, മൊബൈല്‍ ഫോണിന്‍റെയും പോണിന്‍റെയും അമിതസ്വാധീനം, മക്കളും ചെറുമക്കളും അടുത്തില്ലാത്തതിന്‍റെ സങ്കടങ്ങള്‍, അവസാനം കടുത്ത നിരാശയും ഏകാന്തതയും. ഇതിലേതെങ്കിലുമൊക്കെ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുന്നവനായിരിക്കും ഇത് വായിക്കുന്ന പ്രിയപ്പെട്ട ചങ്ങാതീ, നീ. അവിടേക്കാണ്, പ്രാവ് ഇലകൊത്തിയെടുത്ത് ഉറുമ്പിന് ഇട്ടുകൊടുത്തതുപോലെ കുരിശ് ഒരു രക്ഷാബോട്ടായി നമുക്കടുത്തേക്ക് ഒഴുകിയെത്തുന്നത്. കുരിശാണ് രക്ഷ, കുരിശിലാണ് രക്ഷ എന്ന 'ജലമര്‍മ്മരം' നീ കേള്‍ക്കാതെ പോകുന്നുണ്ടോ?
ഓരോ തവണ പള്ളിയില്‍ കയറുമ്പോഴും സന്ധ്യാപ്രാര്‍ത്ഥനാനേരത്തും എത്ര തവണ കുരിശടയാളങ്ങള്‍ നെറ്റിയില്‍ വരക്കുന്നവരാണ് നമ്മള്‍. കുരിശു വരയ്ക്കുകയാണ് എന്ന് ഓര്‍ക്കുകപോലും ചെയ്യാതെ ഒരു യാന്ത്രിക പ്രവൃത്തിയായി അതങ്ങനെ നടന്നുപോരുന്നു. ഇപ്പോഴിതാ നെറ്റിയില്‍ ചാരം കൊണ്ട് കുരിശ് വരച്ച്, കുരിശിന്‍റെവഴി ചൊല്ലി, കുരിശും മുത്തി കടന്നുപോകുന്ന വലിയ നോമ്പിന്‍റെ ദിവസങ്ങളിലാണ് നാം.
നോമ്പുകാലത്ത് കുരിശുവര കുറച്ചുകൂടെ ബോധപൂര്‍വം ചെയ്യാനാകുമോ? ഇത് വളരെ ലളിതമാണ്. പക്ഷേ അത്ര എളുപ്പമല്ല. കുരിശ് നിര്‍മ്മിക്കാന്‍ ഉപയോഗിച്ച മരം ഇങ്ങനെ പരാതിപ്പെട്ടു: എന്നെ വെട്ടിയെടുത്ത് നിങ്ങള്‍ എത്ര കുരിശുകള്‍ നിര്‍മ്മിച്ചു? എന്നിട്ടും എന്തേ നിങ്ങളില്‍ നിന്ന് ഇനിയും ഒരു ക്രിസ്തു രൂപപ്പെട്ടില്ല! നമ്മുടെ ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലേക്ക്, നമുക്ക് രക്ഷയായി, ആശ്വാസമായി ഇട്ടുതരുന്ന കുരിശിനെ ആഞ്ഞുപിടിക്കാം. കുരിശിന്‍റെ മറുവശത്ത് ക്രിസ്തുവുണ്ട്. ഇപ്പുറം എനിക്കുള്ളതാണ്. നമ്മള്‍ വരക്കുന്ന കുരിശുകള്‍ ചെറിയ ഒരു ക്രിസ്തുബോധം നമ്മില്‍ രൂപപ്പെടുത്തട്ടെ. അതിനായി അല്പംകൂടെ ബോധത്തോടെ നമുക്ക് വരക്കാം:
വിശുദ്ധ കുരിശിന്‍റെ അടയാളത്തില്‍ ഞങ്ങളുടെ ശത്രുക്കളില്‍ നിന്ന് ഞങ്ങളെ രക്ഷിക്ക, ഞങ്ങളുടെ തമ്പുരാനെ, പിതാവിന്‍റെയും പുത്രന്‍റെയും പരിശുദ്ധാത്മാവിന്‍റെയും നാമത്തില്‍, ആമ്മേന്‍!
വിശുദ്ധ കുരിശിന്‍റെ അടയാളത്തില്‍...
ഷാജി സി.എം.ഐ.
അസ്സീസി മാസിക മാർച്ച് 2026

















































































































