

ഈ നൂറ്റാണ്ടിലും നാം ജാതിയെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. നാടിനെ വേഗത്തില്‍ പിന്നിലേക്കു കൊണ്ടുപോകാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ട്. നാം മൂടിവച്ചിരുന്ന ജാതിവാലുകള്‍ പലപ്പോഴും പുറത്തുവരുന്നു. ചാതുര്‍വര്‍ണ്യവ്യവസ്ഥയുടെ ജീര്‍ണഗന്ധം നമ്മെ ഗ്രസിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ തമിഴ് ദളിത് എഴുത്തുകാരിയായ സുകിര്‍താറാണിയുടെ കവിതകള്‍ പ്രസക്തമാകുന്നു. അവര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍, പങ്കിടുന്ന തീക്ഷ്ണാനുഭവങ്ങള്‍ അനേകം കോടി പ്രാന്തവത്കരിക്കപ്പെട്ട ജനതതിയുടെ ജീവിതമാണ്. 'നദിയെന്നാണ് എന്‍റെ പേര്' എന്ന കവിതാസമാഹാരം ചര്‍ച്ചചെയ്യേണ്ട നിരവധി പ്രശ്നങ്ങള്‍ ഉയര്‍ത്തിവിടുന്നു.
'എന്‍റെ പ്രിയ സോദരി മനീഷ' എന്ന ആദ്യ കവിത മാറ്റിനിര്‍ത്തലിന്‍റെ അനുഭവമാണ് ആവിഷ്കരിക്കുന്നത്. 'തീണ്ടലുള്ള ചേരി, തെരുവ്, കൂര, കുളം, കിണര്‍, ഭക്ഷണം, രക്തം, പ്രണയം, ജാതി എല്ലാം ഇവിടെ കടന്നുവരുന്നു. 'തീണ്ടാനാവുന്നത് ഞങ്ങളുടെ ഉടല്‍മാത്രം' എന്ന് കവി ഉറപ്പിച്ചുപറയുന്നു. അരികിലേയ്ക്ക് മാറ്റിനിര്‍ത്തപ്പെടുന്നവന്‍റെ അനുഭവമാണിത്.
'ഞാനൊന്നു മുള്ളട്ടെ' എന്ന കവിത ഞെട്ടിക്കുന്ന സത്യങ്ങളാണ് വിളിച്ചുപറയുന്നത്. ഇന്ത്യയിലെ സമകാലികസംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ജനാധിപത്യത്തിന്‍റെ പരിക്ഷീണാവസ്ഥയാണ് കവി ചൂണ്ടിക്കാണിക്കുന്നത്.
"ശിരസ്സുയര്‍ത്തി ഇനിയൊരുനാളും
നടക്കില്ല ഞാന്‍" എന്നും
"സാമൂഹ്യനീതിക്കായ്
ഒരു കവിതപോലുമെഴുതില്ല" എന്നും വേദനയോടെ കുറിക്കുന്നു. "കൂടുതല്‍ പിടിച്ചുനില്‍ക്കാന്‍ വയ്യ" എന്നു പറഞ്ഞിട്ട്,"നിങ്ങളുടെ ജനാധിപത്യബോധത്തിന്മേല്‍ ഞാനൊന്നു മുള്ളട്ടെ" എന്നു പറഞ്ഞു നിര്‍ത്തുമ്പോള്‍ നാം പലതും തിരിച്ചറിയുന്നു.
'അമ്മയുടെ ആകാശം' എന്ന കവിത ഒരു സാധാരണ സ ്ത്രീയുടെ ജീവിതമാണ് വരച്ചിടുന്നത്.
അമ്മയുടെ മുതുക് വളഞ്ഞുവന്നത്
ജീവിതഭാരം ചുമന്നാണ്.
"ഇപ്പോള്‍ എന്‍റെ വ്യാകുലതയത്രയും
എന്നെങ്കിലുംവളയാന്‍ പോകുന്ന എന്‍റെ
മുതുകിനെക്കുറിച്ചാണ്" എന്നെഴുതുമ്പോള്‍ തന്‍റെ അനുഭവവും വ്യത്യസ്തമാകാന്‍ സാധ്യതയില്ല എന്ന യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്ന കവിയെ നാം കാണുന്നു.
'ദയവു ചെയ്ത് ആത്മഹത്യ ചെയ്യുക' എന്നാണ് വരേണ്യവര്‍ഗ്ഗത്തോട് കവി വിളിച്ചുപറയുന്നത്. എല്ലാ ജോലികളും ചെയ്യുന്നത് ഞങ്ങളായതിനാല്‍ ഇനി ഞങ്ങള്‍ അതിനു തയ്യാറല്ല.
"മലം ചുമക്കുന്നതും ഞങ്ങള്‍
ഇനി മേലില്‍ നിന്‍റെ മലംനീ തന്നെ ചുമക്കുക
" എന്നും"ഞങ്ങളാണ് ഭരണഘടന എഴുതിയത്
അതും നിനക്കു വേണ്ടായെങ്കില്‍
ദയവ് ചെയ്ത് ആത്മഹത്യചെയ്യുക!" എന്നും പ്രസ്താവിക്കാന്‍ കവി ധൈര്യപ്പെടുന്നു.
അമ്മ കവിയെ ഉപദേശിച്ചത് ഇപ്രകാരമാണ്:
"മുഖം പെട്ടെന്നു തിരിക്കരുത്
ഒരു തുള്ളി കണ്ണീര്‍പോലുമില്ലാതെ
മുഖമുയര്‍ത്തിപ്പിടിക്കണം
"അഭിമാനത്തോടെ തലയുയര്‍ത്തി നില്‍ക്കാനാണ് കവി പറയുന്നത്.
"ഉറഞ്ഞ പുഞ്ചിരിയുള്ള വേദനകള്‍
ആര്‍ക്കും സാക്ഷികളല്ല" എന്ന അറിവ് കവിക്കുണ്ട്.
വരേണ്യവര്‍ഗ്ഗത്തിന്‍റെ ദേവതകള്‍
തങ്ങള്‍ക്ക് സാക്ഷികളല്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഉത്തരം കിട്ടാത്ത ചോദ്യങ്ങളെക്കുറിച്ചാണ് 'നൂറ്റാണ്ടുകളുടെ ചോദ്യം' എന്ന കവിതയില്‍ എഴുതുന്നത്.
"ഹൃദയത്തിന്‍റെ ഒറ്റക്കമ്പിയില്‍ കെട്ടിയ
ചോദ്യത്തിന്‍റെ ഊഞ്ഞാല്‍
കാലത്തിന്‍റെ രണ്ടുഭാഗങ്ങള്‍ക്കിടയില്‍
ഉത്തരങ്ങളില്ലാതെ, ഉത്തരം പറയാന്‍ ആളില്ലാതെ
ആടിക്കൊണ്ടിരിക്കുന്നു.
" അരികുവത്കരിക്കപ്പെട്ടവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. മകള്‍ ചോദിക്കുന്നു, "ഒരു ചേരിയെന്തേ നഗരമാകാത്തത് അമ്മേ?" ചേരികള്‍ ച േരികളായി തുടരുന്നു. നഗരങ്ങള്‍ അവര്‍ക്കു മീതേ പണിതുയര്‍ത്തുന്നു.
"ശിഖകളാലും കുഴികളാലും
നിമ്ന്നോന്നതമായ എന്‍റെ ഭൂമിചൂഴ്ന്നെടുക്കപ്പെട്ട ഇടങ്ങളില്‍
ആഴമുള്ള വടുക്കളെ വഹിക്കുന്നു" എന്ന് കവി അറിയുന്നു.
'ശിശുഭാഷ' എന്ന കവിതയില്‍ എനിക്കൊരു ഭാഷ വേണം' എന്ന് കവി പറയുന്നു. നിലവിലുള്ള ഭാഷ തന്‍റേതല്ല. അത് തന്‍റെ ജീവിതം പകര്‍ത്താന്‍ പര്യാപ്തമല്ല. അതുകൊണ്ടാണ് പുതിയ ഭാഷ വേണമെന്നു പറയുന്നത്. തുറവിയുള്ളതും ആരാധ്യവുമായ ഭാഷയാണ് വേണ്ടത്. 'ആകാ ശത്തെപ്പോലെ വിശാലമാകും അതിന്‍റെ അര്‍ത്ഥങ്ങള്‍' എന്ന് കവി സ്വപ്നം കാണുന്നു.
"അനന്യമായ ആ ഭാഷയുടെ താക്കോലുകള്‍
ദുഃഖത്തിന് അറുതിവരുത്തുകയും
പ്രത്യേകമായ അഭിമാനബോധത്തിലേക്കു
വഴിതുറക്കുകയും ചെയ്യും
