top of page

മനസ്സ് - ഒരു മനഃശാസ്ത്ര വീക്ഷണം

May 1, 2010

2 min read

ഫജ
A portrait of brain
A portrait of brain

വേദശാസ്ത്രജ്ഞരും തത്വശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞര്‍ക്കു മുമ്പേ മനസ്സിനെ നിര്‍വ്വചിക്കാന്‍ ശ്രമിച്ചിരിന്നു. പലപ്പോഴും ഈ നിര്‍വ്വചനങ്ങള്‍ മനസ്സിനെ അമാനുഷികമോ ഗ്രഹണാതീതമോ ഒക്കെയായ ഒരു സംജ്ഞയായി വിശദീകരിച്ചു. എന്നാല്‍, മനഃശാസ്ത്രജ്ഞര്‍ മനസ്സിനെ കൂടുതല്‍ ശാസ്ത്രീയവും സുഗ്രാഹ്യവുമായ സംജ്ഞയായി പ്രതിപാദിക്കുന്നു. മനസ്സ് തലച്ചോറിന്‍റെ പ്രവര്‍ത്തന മണ്ഡലമാണ്. (Mind is the functional entity of brain)  അതുകൊണ്ടുതന്നെ തലച്ചോറിന്‍റെ കഴിവുകളാണ് മനസ്സിന്‍റെ കഴിവുകളായി പ്രകടിപ്പിക്കപ്പെടുന്നത്. മറ്റൊരു തലത്തില്‍ പറഞ്ഞാല്‍ തലച്ചോറിന്‍റെ കഴിവുകള്‍ക്ക് അതീതമായി ഒരു കഴിവും മനസ്സിനില്ല എന്നു വ്യക്തം. ഉദാഹരണമായി, തലച്ചോറും മനസ്സും, ബള്‍ബും അതു പുറപ്പെടുവിക്കുന്ന പ്രകാശവും പോലെയാണ്. തലച്ചോറിന്‍റെ പ്രകാശനമാണ് മനസ്സ്.

മനസ്സിന്‍റെ ഏതുകഴിവും തലച്ചോറിന്‍റെ കഴിവായി മനസ്സിലാക്കാം എന്നു മേല്പറഞ്ഞുവല്ലോ. അതുപോലെ, മനസ്സിലെ ഏതു വ്യത്യാസവും തലച്ചോറിലെ വ്യത്യാസത്തിന്‍റെ ഫലമാണ്. ഉദാഹരണത്തിന്, ഒരാള്‍ മലയാളം എഴുതാനും വായിക്കാനും പഠിച്ചു എന്നതിനര്‍ത്ഥം അയാളുടെ തലച്ചോറ് മലയാളം എഴുതാനും വായിക്കാനും കഴിവു നല്കുന്ന ചില ന്യൂറോകെമിക്കലുകള്‍ക്ക് വ്യതിയാനം ഉണ്ടായി എന്നാണ്.

അനുഭവങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും നമ്മുടെ തലച്ചോറിലുണ്ടാവുന്ന വ്യതിയാനത്തിന്‍റെ അനന്തരഫലമാണ് ഓരോ ദിവസവും നാം നേടുന്ന മാനസികമായ കഴിവുകള്‍. അതുപോലെതന്നെ, നമുക്കുണ്ടാവുന്ന മാനസികമായ വൈകല്യങ്ങള്‍ നമ്മുടെ തലച്ചോറിലുണ്ടാവുന്ന അനാരോഗ്യകരമായ മാറ്റങ്ങളുടെ പരിണതഫലമാണ്. ചുരുക്കിപ്പറഞ്ഞാല്‍, തലച്ചോറിന്‍റെ അനാരോഗ്യകരമായ മാറ്റങ്ങളാണ് മാനസികരോഗങ്ങള്‍ക്ക് അടിസ്ഥാനം. ഇത്തരം അനാരോഗ്യകരമായ മാറ്റങ്ങള്‍ തലച്ചോറിലുണ്ടാവുന്നതിനുള്ള കാരണങ്ങള്‍ പലതാണ്.

1. അനുഭവങ്ങള്‍

നിരന്തരമുള്ള മാനസിക സമ്മര്‍ദ്ദങ്ങളും തീവ്രമായ മാനസിക ആഘാതങ്ങളും (stress and strain)  തലച്ചോറില്‍ അനാരോഗ്യകരമായ മാറ്റങ്ങള്‍ ഉണ്ടാക്കുകയും അവ മാനസിക രോഗങ്ങളായി പ്രകടിപ്പിക്കപ്പെടുകയും ചെയ്യാറുണ്ട്. പട്ടിണി, ദാരിദ്ര്യം, കുടുംബവഴക്ക്, പീഡനം, ശാരീരിക-മാനസിക-സാമ്പത്തിക ചൂഷണം, അപ്രതീക്ഷിത നഷ്ടങ്ങള്‍ തുടങ്ങിയവയും തലച്ചോറിന്‍റെ സമീകൃത/ ആരോഗ്യപരമായ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കുകയും ഇതിന്‍റെ ഫലമായി മനോരോഗങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. ഉത്കണ്ഠാ രോഗങ്ങളും വൈകാരിക രോഗങ്ങളും (വിഷാദരോഗങ്ങള്‍, ഉന്മാദരോഗങ്ങള്‍) ചിലപ്പോഴെങ്കിലും മറ്റു കഠിനരോഗങ്ങളും ഇത്തരത്തില്‍ ഉണ്ടാകാറുണ്ട്.

2. തലച്ചോറിലെ ക്ഷതങ്ങളും രാസമാറ്റങ്ങളും (organic causes)

അപകടങ്ങള്‍, രോഗങ്ങള്‍, മദ്യം ഇവ തലച്ചോറിലുണ്ടാക്കുന്ന മാറ്റങ്ങള്‍, ക്ഷതങ്ങള്‍ തുടങ്ങിയവ മനോരോഗങ്ങള്‍ക്ക് കാരണമായിത്തീരാറുണ്ട് റലഹശൃശൗാ, റശാലിശേമ തുടങ്ങിയവയെല്ലാം ഇത്തരത്തിലുണ്ടാകുന്ന രോഗങ്ങളാണ്.

3. ജനിതകപരമായ കാരണങ്ങള്‍ (Genetic causes)

പാരമ്പര്യ ഘടകം മൂലം മറ്റൊരു കാരണവുമില്ലാതെ പൊടുന്നനെ തലച്ചോറില്‍ ചില മാറ്റങ്ങളുണ്ടാകുകയും തത്ഫലമായി, മനോരോഗങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യാറുണ്ട്. സ്കിസോഫ്രീനിയ, സംശയരോഗങ്ങള്‍, വിഷാദ - ഉന്മാദരോഗങ്ങള്‍ തുടങ്ങിയവയെല്ലാം ഇത്തരത്തിലുണ്ടാകാന്‍ സാധ്യതയുണ്ട്.

4. മദ്യം, മയക്കുമരുന്ന് തുടങ്ങിയ പദാര്‍ത്ഥങ്ങള്‍

മദ്യവും മയക്കുമരുന്നുകളും (പുകയിലയും പാന്‍പരാഗുമുള്‍പ്പെടെ) തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ നേരിട്ടു നിയന്ത്രിക്കാന്‍ ശേഷിയുള്ളവാണ്. നിരന്തരം ആരും ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ ക്രമേണ ഗുരുതരമനോരോഗങ്ങള്‍ക്ക് അടിമയായിപ്പോകുന്നു.

മേല്‍പ്പറഞ്ഞ കാരണങ്ങള്‍ ഒരുമിച്ചു വരുമ്പോള്‍ മനോരോഗങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതയും ഏറുന്നു.

മനോരോഗ ചികിത്സയില്‍ മരുന്നുകൊണ്ടും മനഃശാസ്ത്ര ചികിത്സകൊണ്ടും തലച്ചോറിലെ അനാരോഗ്യകരമായ വ്യതിയാനങ്ങളെ നിയന്ത്രിക്കുകയും ആരോഗ്യകരമായി പ്രവര്‍ത്തിക്കുവാന്‍ തലച്ചോറിനെ പരുവപ്പെടുത്തുകയുമാണ് ചെയ്യുന്നത്. അമാനുഷികമായതൊന്നും മനസ്സിലും മനഃശാസ്ത്ര ചികിത്സയിലുമില്ല. പ്രത്യുത, ശാസ്ത്രീയ മാര്‍ഗ്ഗങ്ങളിലൂടെ തലച്ചോറിനെ ആരോഗ്യകരമായി പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുക മാത്രമാണ് ഇവിടെ ചെയ്യുന്നത്.


(ഡിറക്ടര്‍ & ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സന്തുലട്രസ്റ്റ് ഹോസ്പിറ്റല്‍, കൂത്താട്ടുകുളം)

Featured Posts