

പ്രൊഫ. എം. എന്‍. കാരശ്ശേരിയോടൊപ്പം 2018 നവംബറില്‍ ആസ്ട്രേലിയയിലേക്ക് ഒരു യാത്ര നടത്താനുള്ള അവസരം എനിക്കുണ്ടായി. സിഡ്നിയിലെ ഹാര്‍ബറിലൂടെ കാഴ്ചകള്‍ കണ്ടു നടക്കുമ്പോള്‍ ദൂരെ എവിടെയോനിന്ന് പുറപ്പെട്ടു വന്ന ഒരു വാദ്യഘോഷം ശ്രദ്ധയില്‍പെട്ടു. ഏതോ കുഴല്‍വാദ്യമാണ്. തമിഴ്നാട്ടിലെ ക്ഷേത്ര നഗരങ്ങ ളിലൂടെ നടക്കുമ്പോള്‍ കേള്‍ക്കുന്ന മാതിരി ഒരു പാട്ട്.
അതിന്‍റെ ഉറവിടം തേടി ചെന്നപ്പോള്‍ കാണുന്ന തെന്താണ്?
ദേഹമാകെ ഭസ്മക്കുറികളണിഞ്ഞ ഇരുനിറ ക്കാരനായ ഒരു മനുഷ്യന്‍ വഴിയരികിലിരുന്ന് വളരെ നീളമുള്ള ഒരു കുഴല്‍ ഊതുകയാണ്. ആ മനുഷ്യന്‍റെ ആകൃതി പ്രകൃതികള്‍ക്കും സംഗീത ത്തിനും വല്ലാത്ത ദക്ഷിണേന്ത്യന്‍ ഛായ.
'ഓസ്ട്രേലിയന്‍ ആദിവാസിയാണ്'
സുഹൃത്ത് ജേക്കബ് തോമസ് പറഞ്ഞു.
പെട്ടെന്നു ഞാനോര്‍ത്തത് ഓസ്ട്രേലിയന്‍ ആദിവാസികളുടെ ഒരു പാട്ടിനെപ്പറ്റി ഡോ. എം. ലീലാവതി 'മലയാള കവിതാസാഹിത്യചരിത്ര' ത്തില്‍ എഴുതിയ സംഗതിയാണ്.
'എല്‍കീറ തൂങ്കു വാനല ഞാറു പാറുമാ'
പ്രസ്തുത ഗാനത്തിലെ ഈ വരികളില്‍ ഉള്ളതത്രയും ദ്രാവിഡ പദങ്ങളാണ്.
എല്‍കീറ = എകിറ് (എല്ല് )
തൂങ്കു = തൂങ്ങുക (hang)
വാന്‍ = വാനം, ആകാശം
അല = അല (Wave)
ഞാറു = ഞങ്ങള്‍
പാറുമാ = പറക്കുന്നു.
With Sky in our bones we go round and round എന്നു കൂട്ടര്‍ത്ഥം.
ഈ ഭാഷാസാമ്യം യാദൃച്ഛികമല്ല എന്നാണു നരവംശ ശാസ്ത്രം പറയുന്നത്. ആദിമ മനുഷ്യ വര്‍ഗത്തിലൊരു വിഭാഗം ആഫ്രിക്കയില്‍ നിന്നു തുടങ്ങി ഇന്ത്യയിലൂടെ ആസ്ട്രേലിയവരെ നടത്തിയ സുദീര്‍ഘമായ ഒരു യാത്രയുടെ ബാക്കിപത്രമാ ണത്രേ ഈ ഭാഷാ സൂചകങ്ങള്‍.
പതിനായിരക്കണക്കിനു വര്‍ഷംകൊണ്ടു പൂര്‍ ത്തിയായ പ്രാചീനമായ ഒരു പുറപ്പാടിന്‍റെ കഥ. അതു കഴിഞ്ഞിട്ടു തന്നെ അമ്പതിനായിരത്തില ധികം വര്‍ഷങ്ങളായിരിക്കുന്നു.
മാനവസംസ്കാരത്തിന്‍റെ വ്യാപനത്തിനും പരി ണാമത്തിനും ഏറ്റവുമധികം ത്വരണമേകിയ ഒരു പ്രക്രിയയാണു യാത്ര. ഭാരതീയരുടെയും ഗ്രീക്കു കാരുടെയും മഹേതിഹാസങ്ങള്‍ യാത്രകളുടെ ആഖ്യാനങ്ങള്‍ കൂടിയാണ്. രാമന്‍റെ അയനവും മഹാഭാരതത്തിലെ മഹാപ്രസ്ഥാനവും ഒഡീസിയും ബൈബിളിലെ പുറപ്പാടുമെല്ലാം യാത്രയുടെ പുരാതനരൂപകങ്ങളാണ്. കാലടിമുതല്‍ കാശ്മീര്‍ വരെ കാല്‍നടയായി നടന്ന് ഇന്ത്യയെ കണ്ടെത്തിയ ശങ്കരാചാര്യരെപ്പറ്റി ഭാരതീയര്‍ ഇന്നും അഭിമാനം കൊള്ളുന്നുണ്ടല്ലോ.
എങ്കിലും യാത്രകള്‍ക്ക് എതിര്‍ നില്‍ക്കുന്ന ഏതോ ഒരു മനോഭാവം ഭാരതീയരെ പുരാതന കാലം മുതല്‍ പിന്തുടര്‍ന്നിരുന്നു. സമുദ്രം കടന്നാല്‍ ജാതി പോകും എന്ന് ഉത്തരേന്ത്യക്കാരും കോരപ്പുഴ കടന്നാല്‍ ജാതി പോകും എന്ന് മലബാറുകാരും വിശ്വസിച്ചിരുന്നു. മധ്യകാലത്തെ നിശ്ചലസമൂഹം യാത്രയെ ഭയപ്പെട്ടിരുന്നു എന്നു വേണം കരുതാന്‍.
പടയോട്ടങ്ങളും പടപേടിച്ചോട്ടങ്ങളും ഈ ധാരണയെ കുറെയെല്ലാം തിരുത്തിയിട്ടുണ്ട്.
സ്ഥിരവാസവും സഞ്ചാരവും സംസ്കാര ത്തിന്‍റെ രണ്ടു വഴിത്തിരിവുകളാണ്. ആടുമാടുകളെ മേച്ച് അലഞ്ഞുനടന്നിരുന്ന ആദിമ ജനത ഒരു പ്രദേശത്തു സ്ഥിരമായി വസിക്കാനു ം കൃഷിചെ യ്യാനും തുടങ്ങിയപ്പോള്‍ സംസ്കാരത്തിന്‍റെ പ്രാദുര്‍ഭാവമായി. കൃഷിയുടെ വികസിതഘട്ടത്തില്‍ വാണിജ്യം വേണ്ടിവന്നപ്പോള്‍ സഞ്ചാരവും ആവ ശ്യമായിത്തീര്‍ന്നു. കച്ചവടച്ചരക്കുകളുമായി ജനപദങ്ങളും രാജ്യങ്ങളും ഭൂഖണ്ഡങ്ങളും കടന്നു പോയ സാര്‍ത്ഥവാഹക സംഘങ്ങളാണ് സംസ്കാരത്തിന്‍റെ വിനിമയവും പ്രസരണവും സാധ്യമാ ക്കിയത്.
കലയും സാഹിത്യവും മതവും ജ്ഞാന വിജ്ഞാനങ്ങളും കച്ചവടക്കാര്‍ക്കൊപ്പം കടല്‍ കടന്നു. ശ്രീബുദ്ധന്‍ വീടു വിട്ടിറങ്ങിയതു പോലെ ബുദ്ധമതവും വീടുവിട്ടിറങ്ങി. ബുദ്ധജൈന മതങ്ങള്‍ കച്ചവടക്കാര്‍ക്കൊപ്പമാണ് അന്യദേശങ്ങ ളില്‍ സഞ്ചരിച്ചത്. പ്രധാന ബുദ്ധവിഹാരങ്ങളെല്ലാം കച്ചവടപ്പാതകളിലായിരുന്നു.
ഇന്ത്യയില്‍ നിന്നു പുറപ്പെട്ടു പോയ ധ്യാന ബുദ്ധമതം ചൈന വഴി ജപ്പാനിലെത്തി തിരിച്ചെത്തിയപ്പോള്‍ സെന്‍ ബുദ്ധിസമായി.
ബുദ്ധസന്യാസികള്‍ക്കൊപ്പം പോയ കേരള ത്തിന്‍റെ കളരിപ്പയറ്റ് കരാട്ടെയും കുങ്ഫുവു മൊക്കെയായി വേഷം മാറി തിരിച്ചെത്തി.
പോയവരല്ല തിരിച്ചു വരുന്നത്.
മെഗസ്തനീസും ഫാഹിയാനും ഹുയാന്‍ സാങ്ങും ഇബ്നുബത്തൂത്തയുമൊക്കെ പാഠപുസ്ത കങ്ങളിലൂടെ നമുക്കു ചിരപരിചിതരായിത്തീര്‍ന്ന വിസ്മയസഞ്ചാരികള്‍. യൂറോപ്പില്‍ ജനിക്കുകയും ഏഷ്യയില്‍ വച്ചു മരിക്കുകയും ആഫ്രിക്കയില്‍ സംസ്കരിക്കപ്പെടുകയും ചെയ്ത അലക്സാണ്ടര്‍ യോദ്ധാവു മാത്രമല്ല സഞ്ചാരിയുമായിരുന്നു. ശ്രീബുദ്ധന്‍റെയും യേശുവിന്‍റെയും മുഹമ്മദ് നബിയുടെയും ഗുരുനാനാക്കിന്‍റെയും യാത്രകള്‍ ചരിത്രത്തെ മാറ്റിമറിച്ചു. ഗാന്ധിജി ഇന്ത്യയെ ഇളക്കി യോജിപ്പിച്ചതു നിരന്തരമായ യാത്രകളിലൂടെയായി രുന്നു. ഇന്ത്യാ ചരിത്രത്തിലെ ശ്രദ്ധേയമായ ഒരധ്യായമാണല്ലോ ദണ്ഡി യാത്ര.
യാത്ര ഏറ്റവും വലിയ ആനന്ദമായി കരുതു ന്നവരാണ് പാശ്ചാത്യര്‍. അതവരുടെ ജീവിതത്തിന്‍റെ ഭാഗമാണ്.
വര്‍ഷംതോറും ഒഴിവു ദിവസങ്ങള്‍ കണ്ടെത്തി അവര്‍ പുതിയ പുതിയ സ്ഥ ലങ്ങളിലേക്കു യാത്ര ചെയ്യുന്നു. ധാരാളം പണമുളളതു കൊണ്ടല്ല അവര്‍ യാത്രയ്ക്കു മുതിരുന്നത്. പണമേറെ ചെലവിട്ടു പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിച്ചു നട ത്തുന്ന യാത്രകളില്‍ യാത്രയുടെ ആനന്ദം ലഭിക്ക യുമില്ല; പണം ചെലവാക്കുന്നതിന്‍റെ ആനന്ദമേ കിട്ടൂ. അതിനു യാത്ര ചെയ്യേണ്ടതില്ലതാനും. എവിടെയെങ്കിലും ഒരു മുന്തിയ ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചാല്‍ മതി; കാരണം, ലോകത്തെവിടെയും പഞ്ചനക്ഷത്ര ഹോട്ടലുകള്‍ ഒരുപോലെയാണ്.
ചെന്നിറങ്ങുന്ന നാടിന്‍റെ തനിമ തേടിയുള്ള യാത്രകള്‍ക്ക് ആ രീതി ഇണങ്ങുകയില്ല. പാശ്ചാത്യ ര്‍ക്ക് അക്കാര്യം നന്നായറിയാം. അതിനാല്‍ വളരെ മുന്‍കൂട്ടി ആസൂത്രണം ചെയ്ത് അവര്‍ നടത്തുന്ന യാത്രകള്‍ക്കു വലിയ പണച്ചെലവുണ്ടാകുന്നില്ല. നമ്മുടെ നാട്ടില്‍ കുറഞ്ഞ ച െലവില് സുരക്ഷി തമായി താമസിക്കാന്‍ പറ്റിയ ഇടങ്ങളെപ്പറ്റി നമ്മെ ക്കാള്‍ നന്നായി സായിപ്പിനറിയാം. നമ്മുടെ നാട്ടിലെ ഊടുവഴികളെപ്പറ്റിപ്പോലും കൃത്യമായ ധാരണ യോടെയാണവര്‍ പുറപ്പെടുന്നത്. വഴിയറിയാതെ കുഴങ്ങി നില്‍ക്കുന്ന ഒരു വിദേശിയെ നാമെവിടെ യങ്കിലും കണ്ടിട്ടുണ്ടോ?
ഇത്തരം യാത്രകള്‍ നടത്താന്‍ ഒരാള്‍ വലിയ പണക്കാരനായിരിക്കേണ്ടതില്ല. ഇംഗ്ലണ്ടില്‍ നിന്നും മറ്റും ഭിക്ഷക്കാര്‍ പോലും ടൂറിസ്റ്റുകളായി നമ്മുടെ നാട്ടില്‍ ഇടയ്ക്കിടെ വരാറുണ്ട്.
പക്ഷേ .യാത്രയ്ക്കു വേണ്ടിയുള്ള യാത്രകള്‍ നമുക്കത്ര പരിചിതമല്ല. പണ്ടേയ്ക്കു പണ്ടേ നമുക്കു പരിചയമുള്ളതു തീര്‍ത്ഥയാത്രകളാണ്. കഠിനമായ വ്രതചര്യകളോടെ മിക്കവാറും ഉള്‍വലിഞ്ഞു നടത്തുന്ന തീര്‍ത്ഥയാത്രകളില്‍ യാത്രയുടെ ആനന്ദമില്ല. അത്തരം യാത്രകളില്‍ യാത്രക്കാരന്‍റെ മനസ്സ് നിശ്ചലമാണ്. ശരീരം മാത്രമേ യാത്ര ചെയ്യുന്നുള്ളൂ.
ഒരു തീര്‍ത്ഥയാത്രാ സംഘത്തോടൊപ്പം ഇസ്രായേലില്‍ നിന്ന് ഈജിപ്തിലേക്കു നടത്തിയ ഒരു യാത്ര ഓര്‍ത്തുപോകുന്നു. പത്തുവര്‍ഷം മുമ്പാണ്. സീനായ് മരുഭൂമിയുടെ വന്യ വിശാലത യിലൂടെ നിരവധി മണിക്കൂറുകള്‍ നീണ്ടു നിന്ന രസകരമായ യാത്ര. സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് മോശയും അനുയായികളും കനാന്‍ദേശം തേടി പ്പോയ പുരാതന മാര്‍ഗ്ഗത്തിലെ അന്തമില്ലാത്ത മണല്‍പ്പരപ്പിലേക്കു വെറുതേ നോക്കിയിരിക്കുന്നതു തന്നെ എത്ര അനുഭൂതിപ്രദം. പക്ഷേ കഷ്ടമെന്നു പറയട്ടെ എന്നോടൊപ്പമുള്ള ഭക്തസഞ്ചാരികളില്‍ മിക്കവര്‍ക്കും പുറംകാഴ്ചകളില്‍ താത്പര്യമുണ്ടായി രുന്നില്ല. പതിനായിരം തവണ കേട്ടിട്ടുള്ള മലയാളം ഭക്തിഗാനങ്ങളുടെ സിഡി മാറി ഇട്ടു കേട്ട് പലരും ആനന്ദനിര്‍വൃതിയടഞ്ഞു.
ആധുനിക കാലത്തു വിദേശ രാജ്യങ്ങളിലു ണ്ടായ തൊഴിലവസരങ്ങളാണു മലയാളികളെ സഞ്ചാരികളാക്കിയതെന്നു പറയാം. ജര്‍മനി, ഇംഗ്ലണ്ട്, അയര്‍ലണ്ട്, അമേരിക്ക തുടങ്ങിയ രാജ്യ ങ്ങളില്‍ ധാരാളം ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമായി വന്നപ്പോള്‍ നമുക്കു യാത്ര ചെയ്യാതെ പറ്റില്ലെന്നു വന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ എണ്ണ ഖനനം സജീവമായപ്പോള്‍ അങ്ങോട്ടും യാത്രക്കാ രുണ്ടായി. അവിടങ്ങളില്‍ തൊഴിലെടുക്കുന്നവരുടെ മാതാപിതാക്കള്‍ക്ക് പ്രസവശുശ്രൂഷ, കുട്ടികളെ നോട്ടം തുടങ്ങിയ അനുബന്ധ ജോലികള്‍ക്കായി മക്കളോടൊപ്പം പോയി താമസിക്കേണ്ടതായും വന്നുകൂടി.
പക്ഷേ ഇതൊന്നും യാത്രയുടെ ആനന്ദത്തിനു വേണ്ടി നടത്തപ്പെടുന്ന യാത്രകളല്ല. സാഹചര്യ ങ്ങളുടെ സമ്മര്‍ദ്ദം കൊണ്ടു നിവൃത്തിയില്ലാതെ നടത്തുന്ന കേവല സഞ്ചാരം മാത്രം. എങ്കിലും പുറംലോകത്തിലെ മനുഷ്യരെയും ജീവിതരീതിക ളെയും പറ്റിയുള്ള പൊതുബോധം പുഷ്ടിപ്പെടു ത്താന്‍ ഇവ സഹായകമായി.
യാത്രയുടെ ആനന്ദത്തിനുവേണ്ടി യാത്ര നടത്തിയ ആദ്യ മലയാളി, ഒരു പക്ഷേ ആദ്യ ഇന്ത്യ ക്കാരന്‍ എസ്.കെ.പൊറ്റെക്കാട്ടായിരിക്കും. ഇന്നത്തെ മാതിരി യാത്രാസൗകര്യങ്ങളൊ ന്നുമില്ലാതിരുന്ന കാലത്ത് കഷ്ടപ്പെട്ടു പണമുണ്ടാക്കി ഒരു തരം അനുഷ്ഠാന തീവ്രതയോടെ നിര്‍വഹിച്ച യാത്രകളാണവ. തീവണ്ടിയിലും കപ്പലിലും കാല്‍നടയായും മറ്റുമായിരുന്നു അദ്ദേഹത്തിന്‍റെ യാത്രകള്‍. സഞ്ചരിക്കാന്‍ പോകുന്ന രാജ്യത്തെപറ്റി കിട്ടാവുന്നത്ര വിവരം മുന്‍കൂര്‍ ശേഖരിച്ച് യാത്രയുടെ വിശദാംശങ്ങള്‍ നോട്ട്ബുക്കില്‍ രേഖപ്പെടുത്തി മടങ്ങിവന്നു പലവര്‍ഷം കഴി ഞ്ഞാണ് അദ്ദേഹം യാത്രാനുഭവങ്ങള്‍ പുസ്തകരൂപ ത്തില്‍ പ്രസിദ്ധീകരിച്ചിരുന്നത്.
ഇന്നു യാത്ര ചെയ്യുന്നവര്‍ക്ക് വിവര ശേഖര ണത്തിന് അത്ര ബുദ്ധിമുട്ടൊന്നുമില്ല - മിക്ക വിവര ങ്ങളും ഇന്‍റര്‍നെറ്റില്‍ നിന്നു ലഭിക്കും. പോരെങ്കില്‍ മിക്ക ടൂര്‍കമ്പനികളും വിശദമായ ലഘു ലേഖകളും തരും. ഇവയെ മാത്രം ആശ്രയിക്കുന്നതിനാല്‍ മിക്ക യാത്രാ വിവരണങ്ങളും ഒരേ അച്ചില്‍ വ ാര്‍ത്ത മാതിരി ഇരിക്കും. ഒരു യാത്ര കഴിഞ്ഞു വന്നാല്‍ ഉടന്‍ യാത്രാ വിവരണം എഴുതി പ്രസിദ്ധീകരിക്കുക എന്നതായിട്ടുണ്ട് ഇപ്പോള്‍ രീതി. ടൂര്‍ കമ്പനി തരുന്ന കൈപ്പുസ്തകത്തിലെ വിവരങ്ങള്‍ അതേപടി പകര്‍ത്തിവച്ചിട്ട് ഇടയ്ക്കിടെ 'ഞാന്‍' 'ഞാന്‍' എന്നു ചേര്‍ത്താല്‍ ആധുനികയാത്രാ വിവരണ മായി.
ഹിമാലയന്‍ യാത്രയെപ്പറ്റി മാത്രം നൂറിലധികം പുസ്തകങ്ങള്‍ മലയാളത്തിലുണ്ട്.
ഇങ്ങനെയൊക്കെയാണെങ്കിലും ആളുകള്‍ക്കു യാത്രയില്‍ കമ്പം വര്‍ദ്ധിച്ചു വരുന്നു എന്നതു നല്ല കാര്യംതന്നെ. സ്വന്തമായി സ്ഥലങ്ങള്‍ അന്വേഷിച്ചു കണ്ടുപിടിച്ചു വിസ സംഘടിപ്പിച്ചു ടിക്കറ്റെടുത്തു യാത്ര ചെയ്യാന്‍ എല്ലാവര്‍ക്കും കഴിഞ്ഞെന്നു വരില്ല. അതു പലപ്പോഴും വലിയ പണച്ചെലവിനും അപ്രതീക്ഷിതമായ ബുദ്ധിമുട്ടുകള്‍ക്കും ഇടയാക്കി യേക്കാം. നല്ലൊരു ഗൈഡിന്‍റെ സഹായമില്ലെങ്കില്‍ പലപ്പോഴും നമ്മള്‍ നിസ്സഹായരായിത്തീരും. വളരെ പണം മുടക്കി ടിക്കറ്റെടുത്തു കയറിയിട്ടും ഈഫല്‍ ടവറിന്‍റെ മുകള്‍നിലയിലേക്കു കയറുന്ന വിദ്യ മനസ്സിലാവാതെ മടങ്ങിയ ഒരാള്‍ തന്‍റെ മണ്ടത്തരം എന്നോടു വിവരിച്ചതോര്‍ക്കുന്നു. കണ്ടതും കാണേണ്ടതും എന്താണെന്നറിയാതെ എന്തൊ ക്കെയോ കണ്ടിട്ടു മടങ്ങുന്ന യാത്ര വ്യര്‍ത്ഥമാണ്. കൂറ കപ്പലില്‍ പോയപോലെ എന്നു പറയുന്നത് ഇത്തരക്കാരെ ഉദ്ദേശിച്ചാണ്. വേണ്ടത്ര ഗൃഹപാഠം ചെയ്യാതെ നടത്തുന്ന യാത്ര അബദ്ധമായി തീരാം.
നമ്മുടെ ജീവിതബോധത്തിന്‍റെ പരിമിതവൃത്ത ങ്ങളില്‍ നിന്നു പുറത്തുകടക്കാനുള്ള രസകരമായ ഉപാധിയാണു യാത്ര. അന്യനാട്ടിലെ ജനങ്ങളുടെ ജീവിതരീതി, ആചാരമര്യാദകള്‍, ശുചിത്വബോധം, ട്രാഫിക് മര്യാദകള്‍ വ്യക്തിസ്വാതന്ത്ര്യത്തിന് അവര്‍ കൊടുക്കുന്ന പ്രാധാന്യം ഇതെല്ലാം യാത്രകള്‍ വഴി നമുക്കു കിട്ടാനിടയുള്ള അറിവുകളാണ്. ഒരു സര്‍വ്വകലാശാലയ്ക്കും തരാനാവാത്ത വിദ്യാഭ്യാസ മാണത്.
കവിവാക്യം തിരുത്തിപ്പറഞ്ഞാല്‍
'യാത്ര പോലറിവോതിടുന്ന
ഗുരു മര്‍ത്ത്യനു വേറെയില്ല.'























