top of page

വിളിക്കുന്ന ദൈവവും വീഴുന്ന മനുഷ്യനും

Nov 1, 2015

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
The calling God and the falling man

ഓരോ മനുഷ്യന്‍റെയും ജീവിതത്തില്‍ ഇരുട്ടു പരത്തുന്നതാണ് പാപം. യഥാര്‍ത്ഥവെളിച്ചമായദൈവത്തില്‍നിന്നും മനുഷ്യരെ ഒളിപ്പിക്കുന്ന അവസ്ഥയാണിത്? ആദിമാതാപിതാക്കള്‍ സ്വതന്ത്രരായിരുന്നു. തിന്മ ചെയ്തുകഴിഞ്ഞപ്പോള്‍ അവരുടെ ലോകം ചെറുതായിത്തീര്‍ന്നു. കാട്ടുമരങ്ങള്‍ക്കിടയില്‍ അവര്‍ ഒളിച്ചു. വലുതായിരുന്ന അവരുടെ ലോകം ചെറുതായി ചുരുങ്ങുന്നതാണ് നാമിവിടെ കാണുന്നത്. എല്ലാ വൃക്ഷങ്ങളുടെയും പഴം തിന്നുവാന്‍ അനുവാദം കൊടുത്ത ദൈവം നന്മതിന്മകളുടെ വൃക്ഷത്തില്‍നിന്നും പഴം തിന്നരുതെന്ന് കല്പിച്ചു. നന്മയേത്, തിന്മയേതെന്ന് സ്വയം തീരുമാനിക്കുവാന്‍ മനുഷ്യന് അവകാശമില്ല. അതു ദൈവം നിശ്ചയിച്ചിട്ടുണ്ട്. പഴയനിയമത്തിലെ 10 കല്പനകളിലൂടെ അതു തന്നിട്ടുണ്ട്. സ്വന്തം ഇഷ്ടംപോലെ ജീവിച്ചിട്ടു അതാണ് തന്‍റെ നന്മയെന്നു പറയുന്ന മനുഷ്യരുണ്ട്. നന്മതിന്മകളൊരിക്കലും ഞാന്‍ നിശ്ചയിക്കരുത്. ദൈവം നിശ്ചയിച്ച നന്മകളും തിന്മകളും ഞാന്‍ മനസ്സിലാക്കണം. അല്ലെങ്കില്‍ ഞാന്‍ പാപത്തിന്‍റെ അടിമത്വത്തിലായിപ്പോകും.


സക്കേവൂസിന്‍റെ ജീവിതം നാം കാണുന്നുണ്ട് ദൈവത്തില്‍നിന്നും മനുഷ്യരില്‍നിന്നും അവന്‍ ഒളിച്ചുപോയി. ഒരു മരത്തിന്‍റെ ഇലകള്‍ക്കിടയില്‍ അവന്‍ ഒളിച്ചിരുന്നു. യേശു അവന്‍റെ ജീവിതത്തില്‍ ഇടപെട്ടു. ചെയ്തുപോയ തെറ്റുകള്‍ക്കു നാലിരട്ടി പരിഹാരം ചെയ്യുവാന്‍ അവന്‍ സന്നദ്ധനായി. അപ്പോള്‍ അവന്‍റെ കുടുംബം രക്ഷയുടെ അനുഭവത്തിലേക്ക് കടന്നുവന്നു. ധൂര്‍ത്തപുത്രന്‍ പിതാവിന്‍റെ വിശാലമായ കുടുംബത്തില്‍നിന്നും ഒളിച്ചുപോയി. ഒരു പന്നിക്കുഴിയുടെ പരിമിതിയില്‍ അവന്‍ ഒളിച്ചിരുന്നു. സുബോധമുണ്ടായി തിരിച്ചുവരുമ്പോള്‍ അവന്‍റെ ലോകം വലുതായിത്തീരുന്നു. പാപം ഒരു മനുഷ്യനെ നെമിഷികസുഖങ്ങളിലേക്ക് ആനയിക്കും. 'പഴം തിന്നരുത്' എന്ന ആദ്യകല്പന നാം കാണുന്നുണ്ട്. പഴം എന്നു പറഞ്ഞാല്‍ ഒരു നിമിഷംകൊണ്ടു തീരുന്ന സുഖമാണ്. പഴുത്തതൊന്നും അധികം നിലനില്‍ക്കില്ല. അധികം നിലനില്‍ക്കാത്ത സുഖങ്ങളുടെ പുറകെ പോകരുതെന്ന് ദൈവം കല്പിക്കുന്നു. അങ്ങനെ പോകുന്നവര്‍ ആന്തരികസൗഖ്യം ഇല്ലാത്തവരായിത്തീരും.


ആദ്യത്തെ മൂന്നു കല്പനകള്‍ ദൈവവുമായി ബന്ധപ്പെട്ടതാണ്. പിന്നാലെ ഏഴു കല്പനകള്‍ മനുഷ്യനുമായി ബന്ധപ്പെട്ടതാണ്. ദൈവത്തോടും മനുഷ്യരോടുമുള്ള ബന്ധങ്ങളുടെ തകര്‍ച്ചയിലാണ് പാപത്തിന്‍റെ അരങ്ങേറ്റം. ഉല്‍പത്തി 4:9 ല്‍ കായേന്‍ എവിടെയാണ് ആബേല്‍ എന്നു ചോദിക്കുമ്പോള്‍ ഈ ബന്ധങ്ങളുടെ വിള്ളലിനെയാണ് ദൈവം ഓര്‍മ്മിപ്പിക്കുന്നത്? വിചാരത്തിലും, സംസാരത്തിലും, പ്രവൃത്തിയിലും, ഉപേക്ഷയിലും കടന്നുവരുന്ന പാപങ്ങളെ നാം വെടിയണം. പഴയനിയമത്തില്‍ വേഷം കെട്ടിയ യാക്കോബും, വാഗ്ദാനം മറന്ന സാംസണും, ജഡമോഹത്തില്‍ വീണുപോയ ദാവീദും ഒക്കെ നമ്മുടെ മുമ്പിലുണ്ട്. ഇവരൊക്കെ നമ്മുടെയും പ്രതിനിധികളാണ്. രാജാവായ സാവൂള്‍ ഒരു പ്രത്യേക സ്വഭാവത്തിന്‍റെ ഉടമയായിരുന്നു. അനുസരണക്കേടും അസൂയയും സാവൂളിന്‍റെ പ്രത്യേകതയായിരുന്നു. അതവനെ തകര്‍ച്ചയിലേക്കു നയിച്ചു. ഈ സ്വഭാവങ്ങള്‍ ഒരുപക്ഷേ നമ്മുടെയും സ്വഭാവമായിരിക്കണം. ചെയ്യാന്‍ പോകുന്ന പ്രവൃത്തികളുടെ ഗൗരവത്തെക്കുറിച്ച് ദൈവം മുന്നറിയിപ്പു കൊടുത്തിട്ടും സാവൂളും സാംസണും ശ്രദ്ധിക്കുന്നില്ല. അവസാനം അവര്‍ തകര്‍ച്ചകളെ അഭിമുഖീകരിക്കേണ്ടിവരുന്നു.


ജീവിതം ഒരു യാത്രയാണ്. ഇടയ്ക്കിടെ നാം നില്‍ക്കണം. തിരിഞ്ഞുനോക്കണം. എവിടെയാണോ വീണുപോയത് അവിടെനിന്നും നാം എഴുന്നേല്‍ക്കണം. എത്ര ദൂരം അകന്നുപോയോ അത്രയും ദൂരം തിരിച്ചു നടക്കണം. എത്ര വലിയ കുഴിയിലാണോ വീണത് അത്രയും ഉയരത്തിലേക്കു നാം തിരിച്ചുകയറണം. അശ്രദ്ധമൂലമോ, ബോധപൂര്‍വ്വമോ വന്നുപോകുന്ന ചെറുതും വലുതുമായ തകര്‍ച്ചകളെക്കുറിച്ച് ഒരു തിരിച്ചറിവ് നമ്മിലുണ്ടാവണം. തിരിച്ചറിവുകള്‍ നമ്മെ തിരിച്ചുനടത്തുക. ധൂര്‍ത്തപുത്രനിലുണ്ടായ തിരിച്ചറിവ് അവനെ പിതാവിന്‍റെ ഭവനത്തിലേക്കു തരിച്ചു നടത്തി. സക്കേവൂസിന്‍റെ തിരിച്ചറിവ് അവനെ പരിഹാരം ചെയ്യുവാന്‍ പ്രാപ്തനാക്കി. ആദിമാതാപിതാക്കളുടെ വീഴ്ചയെ ചൂണ്ടിക്കാണിച്ച ദൈവം അവരെ വീണ്ടും നന്മയിലേക്കു തിരിച്ചു നടത്തി. നമ്മുടെ കുറവുകളെ പരിഹരിക്കുന്ന ദൈവത്തിന്‍റെ മുമ്പില്‍ വിനയപൂര്‍വ്വം നമുക്കും നില്‍ക്കാം. നല്ല ദൈവം നമ്മെയും തിരിച്ചു നടത്തട്ടെ.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

1

Featured Posts