top of page

പ്രലോഭനങ്ങൾ

Writer: George Valiapadath Capuchin
George Valiapadath Capuchin
Feb 23
1 min read

കല്ലിനെ അപ്പമാക്കുക; ദേവാലയ ഗോപുരത്തിൽ നിന്ന് താഴേക്ക് ചാടുക; താണുവീണ് തന്നെ ആരാധിക്കുക: ഇവയാണ് യേശു നേരിട്ട പരീക്ഷണങ്ങളായി പറയുന്നത്.


ഈ മൂന്ന് പരീക്ഷണങ്ങളെ പിന്നിൽനിന്ന് വായിച്ചു നോക്കാം. അതായത് യേശുവിൻ്റെ പ്രതികരണങ്ങളിൽ നിന്ന് പ്രലോഭനങ്ങളെ നോക്കിയാലോ?


ഒന്നാമത്തെ അവസരത്തിൽ യേശുവിൻ്റെ പ്രതികരണം, "മനുഷ്യൻ അപ്പം കൊണ്ട് മാത്രമല്ല, ദൈവത്തിൻ്റെ ഓരോ വചനംകൊണ്ട് കൂടിയാണ് ജീവിക്കുന്നത്" എന്നാണ്. മറ്റുവാക്കുകളിൽ പറഞ്ഞാൽ, മനുഷ്യൻ ജഡം / ദ്രവ്യം മാത്രമല്ല, ദൈവികതകൂടി ചേർന്നതാണ്. ദാർശനികമായ പദാർത്ഥവാദം അഥവാ ഭൗതികവാദം; അസ്തിത്വപരമായ ശൂന്യവാദം; സെക്കുലർ മാനവികതാവാദം; ജനിതക നിർണ്ണയവാദം എന്നിങ്ങനെ ശാസ്ത്രീയവും ദാർശനികവുമായ നിരവധി ചിന്താപദ്ധതികളിൽ മനുഷ്യർ ദ്രവ്യം മാത്രമാണെന്ന രീതിയിൽ തറഞ്ഞുപോയിട്ടുണ്ട്.


(കല്ലിനെ അപ്പമാക്കാൻ ശ്രമിക്കുകയല്ല, സ്വയം അപ്പമാക്കാൻ ശ്രമിക്കുകയാണ് ശ്രേയസ്കരം)


രണ്ടാമത്തെ പരീക്ഷണത്തോടുള്ള യേശുവിൻ്റെ പ്രതികരണം "നിൻ്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്" എന്നാണ്.

എപ്പോഴാണ് ഒരാൾ ദൈവത്തെ പരീക്ഷിക്കുന്നത്?

ദൈവസാന്നിധ്യത്തെ, ദൈവ വാഗ്ദാനത്തെ, ദൈവശക്തിയെ - അവിശ്വസിക്കുകയോ സന്ദേഹിക്കുകയോ ചെയ്യുമ്പോളൊക്കെ ബൈബിൾ ഭാഷ്യമനുസരിച്ച് ഒരാൾ ദൈവത്തെ പരീക്ഷിക്കുകയാവും!


(ചാട്ടം ദേവാലയ ഗോപുരത്തിൽ നിന്ന് താഴേക്കല്ല, മണ്ണിൽ നിന്ന് ദേവാലയ ഗോപുരത്തിലേക്കാണ് വേണ്ടത്)


മൂന്നാമത്തെ പരീക്ഷണത്തോടുള്ള യേശുവിൻ്റെ പ്രതികരണം "നിൻ്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ" എന്നാണ്.

ദൈവത്തെയല്ലാതെ മറ്റെന്തിനെ ആരാധിക്കുന്നതും 'വിഗ്രഹാരാധന' എന്ന പേരിലാണ് ബൈബിൾ വ്യവഹരിക്കുന്നത്. അധികാരം, പണം, പ്രശസ്തി, സുഖസൗകര്യങ്ങൾ, വിജയം, ആകാരം, സൗന്ദര്യം, സാങ്കേതികവിദ്യ, പ്രത്യയശാസ്ത്രം, രാഷ്ട്രീയം, ലൈംഗികത, ഈഗോ എന്നിവയെല്ലാം ആകാം പലർക്കുമെന്നപോലെ നമുക്കും ജീവിതത്തിലെ പരമപ്രധാനമായ കാര്യങ്ങൾ. ദൈവമല്ലാത്ത ഏതൊന്നുതന്നെ പരമപ്രധാനമാകുന്നുവോ, അതാണ് വിഗ്രഹാരാധന.


(അയഥാർത്ഥത്തിൽ നിന്ന് യഥാർത്ഥത്തിലേക്കും ഇരുളിൽ നിന്ന് വെളിച്ചത്തിലേക്കും

മൃതത്വത്തിൽ നിന്ന് അമൃതത്വത്തിലേക്കും)


ദ്രവ്യം മാത്രമല്ല നാം.

വിശ്വാസമാണ് കാഴ്ച

ദൈവം മാത്രമാണ് കർത്താവ്


bottom of page