

ഈ ലോകത്തേയും അതിലുള്ള സകല ജീവജാലങ്ങളേയും ദൈവം തൻ്റെ വാക്കുകൊണ്ട് സൃഷ്ടിച്ചു എന്നാണ് മതങ്ങൾ വിശ്വസിക്കുന്നത്. ലോകത്തിൻ്റെ സൃഷ്ടിയെപ്പറ്റി വേറെ ഒരു കാഴ്ചപ്പാടുകൂടി ഉണ്ട്. അത് ശാസ്ത്രത്തിൻറതാണ് എന്നോ ഒരിക്കൽ എന്തോ പൊട്ടിത്തെറിച്ച് അത് പിന്നെയും പിന്നെയും പൊട്ടിത്തെറിച്ച് ഇന്നു കാണുന്നതെല്ലാമായി രൂപം പ്രാപിച്ചു എന്ന് ശാസ്ത്രജ്ഞന്മാർ പറയുന്നു. കാലത്തിൻ്റെ ആദിയിലേക്ക് മടങ്ങിപ്പോയി ഈ വിശ്വാസങ്ങളുടെ നിജസ്ഥിതി അറിയുവാനുള്ള കഴിവൊന്നും നമ്മൾക്കില്ല എന്നാലും ഒരു കാര്യം നമുക്ക് അറിയാം. നാം ജനിച്ചുവന്നപ്പോൾ കണ്ണിൽ ഒരു ഔത്‌സുക്യവും കാതിൽ കുറേ ഒച്ചപ്പാടുകളുടെ ശബ്ദവും ചുണ്ടിൽ അമ്മയുടെ മുലപ്പാലിന്റെ മധുരവും - എപ്പോൾ വേണമെങ്കിലും കരയാനും കരയാതിരിക്കുമ്പോൾ ചിരിക്കാനും ഉള്ള കഴിവും മാത്രമേ സ്വന്തമായിട്ട് ഉണ്ടായിരുന്നുള്ളു. ആ ബാല്യകാലം മുതൽ നാം ഓരോന്ന് പഠിച്ചു മനസ്സിലാക്കുന്നു. അന്നുമുതൽ നമുക്ക് അധ്യാപനം ലഭിക്കുന്നു. വേണ്ടുന്നതൊക്കെ പഠിപ്പിച്ചുതരുവാൻ നമുക്ക് ശൈശവം മുതൽ അധ്യാപകർ ഉണ്ട്.
നമ്മുടെ ആദ്യത്തെ കാണപ്പെടാത്ത അധ്യാപകൻ ദൈവമാണ്. പിന്നീട് അമ്മ, അച്ഛൻ, എന്നിവർ അധ്യാപകരായി വന്നു. അവരാണ് നമ്മെ അറിവിൻ്റെ പാതയിലേക്ക് ആദ്യം കൈപിടിച്ചുകൊണ്ട് പോയിട്ടുള്ളത്. അവർക്ക് ഗാർഹികമായ പല ഉത്തരവാദിത്വങ്ങൾ ഉള്ളതുകൊണ്ട് പ്രാമാണികനായ ഒരു ഗുരുവിനെ ഏല്പിക്കുവാൻ അവർ തീരുമാനിച്ചു. പലപ്പോഴും ആ ഗുരുവിനെ സഹായിക്കാൻ സഹാധ്യാപകരും ഉണ്ടായിട്ടുണ്ട്. ഇതെല്ലാം മനുഷ്യസമുദായത്തിന്റെ ഏർപ്പാടുകളാണ്.
നമ്മുടെ ആദ്യത്തെ ഗുരു ദൈവം ആണെന്നു പറഞ്ഞല്ലോ. ദൈവം അചഛൻ്റെയും അമ്മയുടെയും സ്രഷ്‌ടാവ് ആയിരിക്കുന്നതുപോലെ രക്ഷകനും ശിക്ഷകനും കൂടിയാണ്. 'ശിക്ഷകൻ' എന്നാൽ ശിക്ഷണം നൽകുന്നവനാണ്. പോലീസും പട്ടാളവും അച്ഛനും അധ്യാപകനും നൽകാറുള്ള ശിക്ഷയെപ്പറ്റിയല്ല ഇവിടെ പറയുന്നത്. ഗുരു ശിഷ്യനു നൽകുന്ന അറിവിനേയും അറിവ് ഉപയോഗിക്കുവാനുള്ള പരിശീലനത്തേയുമാണ് ശിക്ഷ' എന്നു പറയുന്നത്.
അതായത് അധ്യാപനം അച്ഛൻ, അമ്മ അധ്യാപകൻ ഇവർക്കൊക്കെ പഠനവിഷയത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കുവാനേ ആവുകയുള്ളു. നമ്മുടെ സ്രഷ്ടാവും രക്ഷകനും ശിക്ഷകനുമായ ദിവ്യനായ ഗുരുവാണ് നമ്മുടെ കണ്ണിനു രൂപം കണ്ടറിയാനുള്ള കഴിവ് തന്നിരിക്കുന്നത്. കേൾക്കുന്ന പേരുകളെ കാണുന്ന രൂപത്തോട് ഇണക്കി, വസ്തുബോധം മനസ്സിൽ ഇണക്കിത്തരുന്ന ആ അധ്യാപകൻ ഉള്ളിൽത്തന്നെ ആത്മപ്രകാശമായി ഇരിക്കുന്നു. ഒരിക്കൽ കണ്ടതിന്റെ പേര് ഓർമയിൽ ഉറച്ചുകഴിഞ്ഞാൽ, പിന്നെ ആ പേര് കേൾക്കുമ്പോൾ രൂപം ഓർമിക്കുവാനും രൂപം കാണുമ്പോൾ പേര് ഓർമിക്കുവാനും അന്തരാത്മാവിൽ എപ്പോഴും ഉറ്റുപാർത്തിരിക്കുന്ന ദൈവം നമുക്ക് ഓർമനൽകി അനുഗ്രഹിക്കുന്നു. അച്ഛനോ അമ്മയോ സഹോദരങ്ങളോ പരിചയിപ്പിച്ചു തരുന്ന രൂപത്തെ ഓർത്ത് കൈകൊണ്ട് ആ രൂപം വരച്ചുവെക്കുവാനോ എഴുതിവെക്കുവാനോ ഉള്ള പരിചയം നമ്മുടെ കുഞ്ഞുവിരലുകളിൽ ശേഷിയായിരിക്കുന്ന ദൈവം നമ്മെ സഹായിക്കുന്നു.
കേൾക്കുന്ന പേര് ഏതു രൂപത്തിന്റേത് എന്നറിയുന്നതു കൂടാതെ പറഞ്ഞു കേട്ടതുപോലെ ഉച്ചരിക്കുവാനും നമ്മുടെ കണ്ഠനാളത്തിലും പ്രാണനിലും നാവിലും എപ്പോഴും അനുഗ്രഹത്തോടെ നിറഞ്ഞിരിക്കുന്ന ദൈവം നമുക്ക് കഴിവും പരിചയവും തരുന്നു. ഓരോ വാക്കും നാം ജീവിതത്തിൽ ആദ്യമായിട്ട് ഉച്ചരിക്കുകയാണ്. ശരിരത്തിൽ എവിടെനിന്ന് ശബ്ദം വരുന്നു എന്ന് നമുക്കറിഞ്ഞുകൂടാ അതിനായി പ്രാണനെ ഉള്ളിൽനിന്നും എങ്ങനെ വെളിയിലേക്ക് വിടണമെന്നോ വെളിയിൽനിന്ന് ഉള്ളിലെക്ക് എടുക്കണമെന്നോ കുഞ്ഞിനറിഞ്ഞുകൂടാ. ഒരു വാക്കു പറയാൻ വേണ്ടി ചുണ്ടുകളെ എങ്ങനെ രൂപപ്പെടുത്തണമെന്നോ നാവ് ഇളക്കി കണ്ഠത്തിൽ ഒരുക്കിപ്പിടിക്കണമെന്നോ മേലണ്ണാക്കിൽ എവിടെയെല്ലാം സ്പർശിക്കണമെന്നോ പല്ലിൻ്റെ ഏതു സ്ഥാനത്ത് തൊടണമെന്നോ വായ് എത്ര തുറക്കണമെന്നോ ചുണ്ട് എപ്പോൾ അമർത്തി വായ അടച്ചുപിടിക്കണമെന്നോ ഒന്നും നാം അറിയുന്നില്ല. എന്നാൽ ദൈവത്തിന്റെ കാരുണ്യ വൈഭവംകൊണ്ട് എത്ര പ്രയാസമുള്ള ശബ്ദവും നമുക്ക് ഉച്ചരിക്കുവാൻ കഴിയുന്നു. ഓരോ വാക്കും ഉച്ചരിക്കുമ്പോൾ അതു നാം കേട്ടു പഠിച്ചതുപോലെയാണ്. നാം പറഞ്ഞുകേൾപ്പിക്കുന്ന വാക്കുകൾ കേട്ടുനിൽക്കുന്ന "മറ്റുള്ളവരും നാം പറയുന്ന വാക്കിന്റെ ശബ്ദം തെറ്റുകൂടാതെ തിരിച്ചറിയുന്നു; എന്നുപറഞ്ഞാൽ നമ്മുടെ സ്രഷ്ടാവും രക്ഷകനും ശിക്ഷകനുമായ ദൈവം, വളർന്ന് ഓരോന്നും പഠിച്ചുവരുന്ന കുഞ്ഞിൽ മാത്രമല്ല, സന്നിധാനം ചെയ്‌ത് കുഞ്ഞിന്റെ അവയവങ്ങളേയും ഉച്ചാരണത്തേയും ഉച്ചാരണസാമർഥ്യത്തേയും പ്രാണനെക്കൊണ്ട് നിയന്ത്രിക്കുന്നത്. പിന്നെയോ അവൻ അക്ഷരം പറഞ്ഞു കൊടുക്കുന്നവരിലും അവരുടെ ഉച്ചാരണം കേട്ട് പഠിക്കുന്ന കുഞ്ഞുങ്ങളിലും കുഞ്ഞുങ്ങൾ തിരികെ പറയുന്നത് കേട്ട് മനസ്സിലാക്കുന്ന മുതിർന്നവരിലും ഒരുപോലെ തെറ്റാത്ത ഓർമയായി സന്നിധാനം ചെയ്യുന്നു. അതുകൊണ്ടാണ് സർവവ്യാപിയും പരമദയാലുവും സർവസാധ്യതകളുടെയും നിയാമകനും നിയന്താവും ആണെന്ന് നാം അറിഞ്ഞ് ദൈവത്തെ പുകഴ്ത്തുന്നത്.
ഇങ്ങനെ ദിവസംപ്രതി വളർന്നുവരുന്ന കുഞ്ഞിനേപ്പോലെ ഈ ലോകവും ലോകവാസികളും അന്തരാത്‌മാവായിരുന്ന് നമ്മെ അവന്റെ തെറ്റുപറ്റാത്ത നിയമം കൊണ്ട് നിരന്തരമായി നയിക്കുന്നു. അവൻ നിയമവും നിയന്താവും സകല ജീവരൂപങ്ങളുടെയും ധാതാവും കൂടിയാണ് ഇപ്രകാരം നാം അറിഞ്ഞാൽ നാം വെളിയിൽ കാണുന്ന ഗുരുവിനെ അല്ലെങ്കിൽ അധ്യാപകനെ ഒരിക്കലും നമ്മളിൽനിന്നും ഒരു നിമിഷത്തേക്കുപോലും പിരിയാതെയിരിക്കുന്ന ദൈവത്തിന്റെ പ്രതിനിധിയായി കാണും. അങ്ങനെയുള്ള ബോധം നമ്മിൽ എപ്പോഴും നിലനില്ക്കുമെങ്കിൽ അദൃശ്യനായ ദൈവത്തിൻ്റെ തെറ്റുപറ്റാത്ത നിയമങ്ങൾ അപ്പോഴപ്പോൾ അറിഞ്ഞ് നമുക്കു പറഞ്ഞുതരാൻ യോഗ്യതയുള്ള ആളെ മാത്രമേ അധ്യാപകനായോ അധ്യാപികനായോ നമുക്കായി തെരഞ്ഞെടുക്കുകയുള്ളൂ
പുറമെ കാണപ്പെടുന്നതായ അധ്യാപകന് വാക്കുകൾ പറഞ്ഞുതരാനും വാക്കുകൾ ചേർത്ത് വാക്യങ്ങൾ രചിക്കുവാനും പരിചയം കാണും. എന്നാൽ കേൾക്കുന്ന ഓരോ ശബ്ദത്തേയും ചേർത്ത് ആശയത്തെ ആവിഷ്ക്കരിക്കുന്നതിന് നമ്മുടെ ഇന്ദ്രിയങ്ങളിൽക്കൂടി വരുന്ന സംവേദനങ്ങളെ ബോധത്തിൽ എത്തിക്കുവാനും മസ്തിഷ്ക്കം തുടങ്ങിയ അവയവങ്ങളിൽ വളരെ വിശേഷപ്പെട്ട രീതിയിൽ വൈദ്യുതിപ്രസാരം ഉണ്ടാക്കി, ബോധത്തിൽ ആശയങ്ങളെ ഉണർത്തി നിരനിരയായി കൊണ്ടുപോയി ബോധത്തിൽ ചിന്തനം ഉണ്ടാക്കുവാനും വിശേഷരീതിയിൽ ആശയങ്ങളെ ബോധത്തിൻ്റെ പാതയിൽക്കൂടി ചരിപ്പിച്ച്, കൃത്യമായ രീതിയിൽ ഓരോന്നിനെപ്പറ്റിയും വിചാരം ചെയ്യിക്കുന്നതിനും ബോധത്തിൻ്റെ ആഴത്തിലേക്ക് വിചാരത്തെ അത്യന്തം സൂക്ഷ്‌മതയോടെ കൊണ്ടുപോയി, സത്യാവധാരണം ഉണ്ടാക്കുന്നതിനും നമ്മുടെ ഉള്ളിൽത്തന്നെ പൂർണപ്രജ്‌ഞനായി വിലാസം ചെയ്യുന്ന സർവേശ്വരനു മാത്രമേ കഴിയുകയുള്ളു. ദൈവം മാത്രമാണ് അന്തരാത്മാവിലെ കരുണാമയനും നിത്യനിയാമകനുമായ പരമഗുരു.
ദൈവത്തെ പ്രതിനിധീകരിച്ച് വളർന്നു വരുന്ന ഓരോ തലമുറക്കും മാർഗദർശനം നൽകുവാൻ പലമാതിരി അവശതകൾകൊണ്ടും. പാരവശ്യംകൊണ്ടും മിക്ക ആളുകൾക്കും കഴിയുന്നില്ല. അതും ദൈവം അറിയുന്നുണ്ട്. തൻ്റെ സൃഷ്ടിയെ എപ്പോഴും നന്മയിലേക്കും പരിപൂർണതയിലേക്കും കൊണ്ടുപോകേണ്ടുന്ന ഉത്തരവാദിത്വം ദൈവത്തിനുണ്ടെന്ന് ദൈവം ഒരിക്കലും മറന്നുപോകുന്നില്ല ദൈവം ഈ ഭൂമിക്ക് മാത്രമായിട്ടുള്ളതല്ല. സൂര്യചന്ദ്രന്മാരിലും സകലഗ്രഹങ്ങളിലും നക്ഷത്രങ്ങളിലും സകല ആകാശങ്ങളിലും ജീവകോടികളിലും ജലാശയങ്ങളിലും എല്ലാറ്റിനും അടുക്കും മുറയും നിയമവും ധർമവും ധർമസംരക്ഷണവും നടത്തിക്കൊണ്ടിരിക്കുന്നവനാകയാൽ സകലവരൂപങ്ങളും സകലഭാവങ്ങളും അവനെ പ്രതിഫലിപ്പിക്കുന്നുണ്ടെങ്കിലും അവൻ ആ രൂപങ്ങൾക്കും ഭാവങ്ങൾക്കും പിണ്ഡങ്ങൾക്കും അതീതനായി സർവവ്യാപിയായി സകലതിന്റെയും സ്രഷ്ടാവും രക്ഷിതാവും ശിക്ഷകനും ആയിരിക്കുന്നു. അതുകൊണ്ട് ദൈവസങ്കല്പങ്ങളെ ഓരോ അണുജീവിക്കുപോലും പരിചയപ്പെടുത്തി കൊടുക്കുവാനുള്ള ഏർപ്പാട് ലോകത്തിൽ വേണം.
ഒരു നിമിഷനേരത്തേക്കു പോലും സ്രഷ്ടാവിനെ വെടിഞ്ഞ് സൃഷ്ടിജാലങ്ങൾക്ക് ഉണ്ടായിരിക്കുവാൻ കഴിയുകയില്ല. അതറിഞ്ഞുകൊണ്ട് ദൈവകല്പനയെ ഓരോരുത്തരിലും പുറമെ നിന്നുകൊണ്ടു കൂടി യഥാസമയം യഥോചിതം അറിയിക്കാനായി ദൈവം അതാതു ജീവികളുടെ പ്രതി രൂപങ്ങളിൽക്കൂടി ലോകത്തിന് ഇണങ്ങുന്ന ഗുരുക്കന്മാരെ സൃഷ്ടിച്ചുപോരുന്നു.
ഭൂമിയിലെ ഏഴു ഭൂഖണ്ഡങ്ങളിലും അവയിലെ ശൈത്യദേശങ്ങളിലും ഉഷ്ണദേശങ്ങളിലും സമശീതോഷ്ണ മേഖലകളിലും എല്ലാം ദൈവം അവരവർക്കിണങ്ങുന്ന ഭക്ഷ്യപേയങ്ങളും പരസ്പരം ആശയവിനിമയം ചെയ്യാനുള്ള ഭാഷകളും വസ്ത്രധാരണത്തിനുള്ള സൗകര്യങ്ങളും ഗ്രാമങ്ങളും നഗരങ്ങളും ജീവിതമാർഗങ്ങളും ഉണ്ടാക്കിക്കൊടുത്തപ്പോൾ, ദൈവത്തിൻ്റെ തിരുമുഖത്തുനിന്നും വരുന്ന ഓരോ വാക്കിനേയും ജനങ്ങൾക്ക് പരിചയിപ്പിച്ചു കൊടുക്കാനുള്ള ശിക്ഷകന്മാരേയും നിയമിച്ചു. ഭാരതഭൂമിയിൽ അവർ ഋഷിമാരായി അറിയുന്നു. മധ്യേഷ്യൻ രാജ്യങ്ങളിൽ 'റബ്ബായികൾ' എന്നും വിളിച്ചുപോരുന്നു. അറബിരാജ്യങ്ങളിൽ 'ഷൈക്കുകൾ' എന്നു പറഞ്ഞുപോരുന്നു; പഴയ ആഫ്രിക്കൽ രാജ്യങ്ങളിലും പുരാതന അമേരിക്കൻ രാജ്യങ്ങളിലും അവർ ശുശ്രൂഷകരായിരുന്നു. ഇതുകൂടാതെ എല്ലാ ദേശങ്ങൾക്കും പരിഗണന നൽകിയിരുന്നതു പോലെ ഓരോ കാലഘട്ടത്തിനും പരിഗണന ഉണ്ടായിട്ടുണ്ട്.
പ്രവാചകന്മാരുടെ പരമ്പരയിൽ മോശയും യേശുക്രിസ്തുവും മുഹമ്മദ്നബിയും ഉണ്ടായി. ചൈനയിൽ കൺഫ്യൂഷസും ലാവോത്സുവും വന്നുപിറന്നു. പേർഷ്യയിൽ സൊരാഷ്ട്രർ ഉണ്ടായി. മോശയുടെയും യേശുവിന്റെയും കാലഘട്ടത്തിനിടയിൽ അനേകം പ്രവാചകന്മാർ ദൈവകല്പനയെ ജനങ്ങൾക്ക് ഉണർത്തിച്ചു കൊടുക്കുവാനായി മധ്യേഷ്യൻ രാജ്യങ്ങളിൽ പരമ്പരയാ വന്നുചേർന്നു. യോശുവാ, ശാമുവേൽ എന്നിവർ ആദ്യം വന്നു. ദൈവം അവരിൽ പ്രീതനായിരുന്നു, അവരേയും തന്റെ സന്ദേശ വാഹകരാക്കിയിട്ടുണ്ട്. അവരിൽ നെഹെമ്യാ ഉൾപ്പെടുന്നു. അതുപോലെ തന്റെ പ്രീതിക്ക് ഏറ്റവും പാത്രീഭൂതനായ ഇയ്യോബിനെ ലോകജനതക്ക് വിശ്വാസവിഷയത്തിൽ ഏറ്റവും വലിയ മാതൃകയാക്കി. ദൈവനീതി അറിയുവാൻ കഴിഞ്ഞിട്ടുള്ള ദാവീദ് രാജാവും സോളമനും നീതിമാന്മാർക്ക് മാത്യകയായി. പിന്നെയും പ്രവാചകന്മാരുടെ പരമ്പര വരുന്നു. ഏശയ്യ, ജെറെമിയ, എസെക്കിയേൽ, ദാനിയേൽ, ഹോശേയ, യാവേൽ, ആമോസ്, മീഖാ, ഹഗ്ഗായി, സെഖര്യാ, മലാഖി എന്നിവരെല്ലാം ദൈവവചനങ്ങൾ ജനത്തെ അറിയിക്കുവാൻ നിയുക്തരായിരുന്നു. എന്നാൽ ഇങ്ങനെയുള്ള ദൈവത്തിൻ്റെ പ്രതിപുരുഷൻ എന്നതുപോലെയല്ല യേശുക്രിസ്തു സ്‌നാപകയോഹന്നാന്റെ ജനനത്തിനു തൊട്ടുപിന്നാലെ യൗസേപ്പിന്റെ പ്രതിശ്രുതവധുവായ മറിയത്തിന്റെ പുത്രനായി തിരുവവതാരം ചെയ്തത്
എന്നാൽ ഏതെങ്കിലും ഒരു പ്രവിശ്യയിലോ ഏതെങ്കിലും ഒരു ജനത്തിനോ ശിക്ഷകനും രക്ഷകനും ആയിട്ടല്ല യേശു വന്നത്; സമസ്തലോകത്തിനും സകല ജനങ്ങൾക്കും ദൈവവചനം പറഞ്ഞുകൊടുക്കുന്ന ഗുരുക്കന്മാരുടെ ഗുരുവായിട്ടാണ്. യേശു തന്റെ ശിക്ഷണത്തിനായി ശിഷ്യന്മാരെ തേടിയത് ഒരു പ്രത്യേക രാജ്യത്തിലോ, വർഗത്തിലോ, കാലത്തിലോ അല്ല. സകല ലോകങ്ങളുടെയും ജനങ്ങളുടെയും ഏകദൈവം ആയിരിക്കുന്ന സ്നേഹത്തെ എക്കാലത്തും എവിടേയും ജനിച്ചു വളർന്നുവരുന്ന ഓരോരുത്തർക്കും പരിചയിപ്പിച്ച് ദൈവസ്നേഹത്തെ അറിയിച്ചുകൊടുക്കാൻ വന്നവനായിരുന്നു യേശു. അതുകൊണ്ടാണ് അവൻ്റെ വാക്കുകളെ ഉത്ഘോഷിച്ചിരിക്കുന്ന ഉപദേശസാരത്തെ 'സുവിശേഷം' എന്നു വിളിക്കുന്നത്. ആ സുവിശേഷത്തിനുള്ള സവിശേഷത അതിൽ സകലരുടെയും കർമത്തിനു സാക്ഷിയായിരിക്കുന്നതിനാൽ കർത്താവെന്നു വിളിക്കപ്പെടുന്ന യേശു വിദ്യാഭ്യാസത്തിൽ ഏറ്റവും നവീനവും എന്നും നവീനമായിരിക്കേണ്ടതുമായ പുതിയ നിയമങ്ങൾ നൽകിയിരിക്കുന്നു.
ഒരധ്യാപകൻ എന്ന നിലയിൽ യേശുവിൻ്റെ ആദ്യത്തെ ശിക്ഷണം തുടങ്ങുന്നത് ഒരിക്കൽ ദൈവസ്നേഹത്തിൽനിന്നും വിട്ടുപോയി കുത്സിതമാർഗത്തെ സ്വീകരിച്ച ചെകുത്താനെ തിരുത്തുന്നതിനായി അവനു വേണ്ടി ആദ്യത്തെ പാഠം പറഞ്ഞു കൊടുത്തുകൊണ്ടായിരുന്നു. നാൽപ്പത് രാവും നാൽപ്പത് പകലും ഉപവസിച്ചതിനുശേഷം വിശന്നവനായ യേശുവിനോട് പ്രലോഭകനായ പിശാചുവന്ന് "നി ദൈവപുത്രനെങ്കിൽ, ഈ കല്ലുകളോട് അപ്പമാകാൻ കല്പ്പിക്കുക" എന്നു പറഞ്ഞപ്പോഴാണ് യേശു തന്റെ ആദ്യത്തെ പാഠം പിശാചിനു പറഞ്ഞുകൊടുക്കുന്നത്. ആ പാഠം ഇതായിരുന്നു : "മനുഷ്യൻ അപ്പം കൊണ്ടുമാത്രമല്ല ജീവിക്കുന്നത്; ദൈവത്തിന്റെ തിരുമുഖത്തുനിന്നും പുറപ്പെടുന്ന എല്ലാ വചനങ്ങളാലുമത്രെ" എന്ന്. യേശു തൻ്റെ പ്രലോഭകനു നൽകിയ രണ്ടാമത്തെ പാഠം പിശാചിനോട് അവൻ ഇപ്രകാരം പറഞ്ഞുകൊണ്ടാണ് നിർവഹിച്ചത്. "നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുത്". പിശാച് ഉദ്ധരിച്ച വേദവാക്യത്തെ തിരുത്തുന്നതിന് യേശു വേറൊരു വേദവാക്യം തന്നെയാണ് ചൊല്ലിയത്.
വിവേകിയായ ഒരു സത്യാന്വേഷകന് ദൈവമല്ലാതെ ആരാധനീയനായി വേറെ ആരും ഉണ്ടാവരുത്. ഇത് ചെകുത്താനെ പഠിപ്പിക്കുന്നതിനു വേണ്ടിയാണ് യേശു പിശാചിനോട് ഇപ്രകാരം കൽപ്പിച്ചത് : "സാത്താനേ പോകൂ! നിൻ്റെ ദൈവമായ കർത്താവിനെ ആരാധിക്കണം. അവനെ മാത്രമേ സേവിക്കാവൂ" ഇത്രയും മനസ്സിലാക്കി വച്ചിരിക്കുന്ന ആധുനിക ക്രൈസ്തവ ഭക്തന്മാർ, ഇന്നെന്തുകൊണ്ടോ പരമഗുരുവും ലോക രക്ഷകനുമായ ഈ മഹാഗുരുവിനെ മറന്നിട്ട്, എന്തു പഠിക്കണം, എങ്ങനെ പഠിപ്പിക്കണം എന്ന് തിരിച്ചറിയാനാവാതെ സർവധനവും സർവഭാഗ്യവും നൽകാമെന്ന് യേശുവിനോട് പറഞ്ഞ് അവനെ പ്രലോഭിപ്പിക്കാൻ ശ്രമിച്ച പിശാചിൻ്റെ മാർഗത്തെതന്നെ വിദ്യാഭ്യാസത്തിനുള്ള പാഠ്യവിഷയങ്ങളാക്കി വിദ്യാലയങ്ങളെ കച്ചവടസ്ഥലം ആക്കിയിരിക്കുന്നു.
ദൈവപുത്രനായ യേശു മടങ്ങിവരും എന്നാണല്ലോ സങ്കൽപ്പം. യേശു ജീവിച്ചിരിക്കുമ്പോൾ തൻ്റെ പിതാവായ ദൈവത്തിൻ്റെ ആലയത്തെ അശുദ്ധമാക്കിയ പുരോഹിതവർഗത്തോടും കച്ചവടസംഘത്തോടും വട്ടിപ്പണക്കാരോടും എങ്ങനെയാണ് ധർമരോഷം പൂണ്ട് അവരുടെ മേശകൾ മറിച്ചിട്ടത്, അതിനേക്കാൾ വലിയ പാഠമായിരിക്കും നമുക്കു തരാൻ പോകുന്നത്. അതു കൊണ്ട് യേശു ചെകുത്താനു പറഞ്ഞുകൊടുത്ത ആദ്യപാഠം നമ്മുടേയും ആദ്യപാഠമായിരിക്കട്ടെ. പിതാവായ ദൈവത്തിൻ്റെ തിരുമുഖത്തിൽനിന്നും വരുന്ന ഓരോ വാക്കും ശ്രദ്ധയോടെ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നതായിരിക്കട്ടെ നമ്മുടെ എന്നേക്കുമുള്ള വിദ്യാഭ്യാസസമ്പ്രദായം.
അധ്യാപകനും അധ്യാപനവും
നിത്യ ചൈതന്യയതി
അസ്സീസി മാസിക, നവംബർ 1995





















