top of page

കാറ്റിലുലയുന്ന തിരിനാളങ്ങള്‍

Nov 1, 2000

2 min read

ഫാ. ബോബി ജോസ് കട്ടിക്കാട്
A Flame of fire in wind
A Flame of fire in wind

കനത്ത മഴ പെയ്യുമ്പോള്‍, പാരീസില്‍വെച്ച് ഒരു വ്യാഴാഴ്ചയായിരിക്കും ഞാന്‍ മരിക്കുക. ഇത്തരമൊരു ശരത്കാലത്തില്‍ - സീസര്‍ ഖലീജോ

'നീയെന്തിനാണ് മരണ (Death) ത്തെക്കുറിച്ചു വീണ്ടും പറയുക? എവിടെയോ നമ്മള്‍ ഉയിരോടെയുണ്ടെന്നയറിവ്തന്നെയെത്ര തണുപ്പിക്കുന്നതാണ്...' എന്താണിതിലിത്ര ഭയപ്പെടാനുള്ളത്? പലതിനെയും ധ്യാനപൂര്‍വ്വം അഭിമുഖീകരിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. ജീവിതത്തെക്കുറിച്ചെത്ര കിനാക്കളാണ് നാം നെയ്യുന്നത് - എങ്ങുമെത്തുന്നില്ലായെങ്കില്‍പോലും. അതുപോലെ മരണത്തിനായും സൗമ്യദീപ്തമായൊരു കച്ച ഇഴയോടിച്ചെടുക്കേണ്ടിയിരിക്കുന്നു. 'കാന്‍ഡില്‍ അറ്റ് ദ വിന്‍ഡ്' എന്ന ഗാനത്തിലെപ്പോലെ. തുറന്നിട്ട ജാലകത്തിലൂടെ കാറ്റ് വീശുന്നുണ്ട്. ജീവന്‍റെ തിരിനാളങ്ങള്‍ എപ്പോള്‍ വേണമെങ്കിലും അണഞ്ഞേക്കാം. ഇംഗ്ലീഷ് സാഹിത്യചരിത്രത്തില്‍, ഒരു കവി മറ്റൊരു കവിയെ യാത്രയാക്കുമ്പോള്‍ അപരന്‍റെ കൈയിലെ തണുപ്പറിഞ്ഞ് ഇങ്ങനെ മന്ത്രിച്ചു, നിന്‍റെ കരങ്ങള്‍ക്കെന്തൊരു തണുപ്പ്. ആ കരങ്ങളില്‍ മരണമുണ്ട്. അറംപറ്റിയതുപോലെ അയാളുടെ സ്പന്ദനങ്ങളെ തിര കവര്‍ന്നെടുത്തു. മുറുക്കെപ്പിടിച്ച കരങ്ങളിലേക്ക് അരിച്ചിറങ്ങുന്ന തണുപ്പ് എന്തിന്‍റെ നിശ്ശബ്ദസാന്നിദ്ധ്യമാണ്?

ഒരു കഥ പറയാം. കൊയ്ത്തു കഴിഞ്ഞ പാടത്തില്‍ വേനല്‍ക്കളികളില്‍ തിമര്‍ക്കുന്ന കുറെ കുഞ്ഞുങ്ങള്‍. കൈനോക്കി ഭാവി പറയുന്നൊരു കാക്കാലത്തിയവിടെയെത്തി. മുറുക്കി ചുവപ്പിച്ച ചുണ്ടില്‍നിന്ന് ഒരു കുട്ടിക്കൊഴികെയെല്ലാവര്‍ക്കും ആയുസ്സിന്‍റെയും ഐശ്വര്യത്തിന്‍റെയും ധാരാളിത്തം. "അല്പായുസാണല്ലോ ഈ കുഞ്ഞിന്, ഈശ്വരാ..." മറ്റു കുട്ടികള്‍ കളികളിലേക്ക് മടങ്ങുകയാണ്. മുതിര്‍ന്നപ്പോള്‍ അവര്‍ ജീവിതവും കളിയായിട്ട് തന്നെയാണ് ഘോഷിക്കുന്നത്. എന്നാല്‍ ആയുര്‍രേഖയുടെ ദൈര്‍ഘ്യം കുറഞ്ഞവന്‍ കളികളെപ്പോലും ജീവിതത്തെക്കാള്‍ സാത്വികമായിട്ടാണ് കാണുക. ഒരു മരണചിന്ത നിങ്ങളെ നചികേതസ്സോ, സിദ്ധാര്‍ത്ഥനോ ഒക്കെയായി മാറ്റിയേ തീരു. അതുകൊണ്ടാണ് മുടി കോതിയൊതുക്കുമ്പോള്‍ കണ്ണാടിയില്‍ തെളിഞ്ഞ ഒരു നരച്ചമുടി നിങ്ങളെ പെട്ടന്നസ്വസ്ഥനാക്കുക. (എല്ലാത്തിനെയും സാത്വികമായി കാണണമെന്നൊരു ശാഠ്യമുണ്ടായിട്ടുപോലും നിങ്ങളെ കണ്ടാല്‍ പ്രായം തോന്നുകയേയില്ല എന്ന പരസ്യത്തിന്‍റെ പൊള്ളത്തരങ്ങളെ എത്രമാത്രം പരിഹസിച്ചിരിക്കുന്നു. ഭാഗ്യനരയെന്ന് ആശ്വസിക്കാനാവുന്നില്ല.) ജീവന്‍റെ ഉള്ളംകൈയില്‍ ആയുര്‍രേഖകള്‍ അതിന്‍റെയതിരുകളിലേക്ക് വേഗത്തില്‍ നീങ്ങുകയാണെന്ന അറിവല്ലേ ഈ അശാന്തിക്ക് കാരണം?

മുപ്പതുവര്‍ഷം ജീവിച്ചിരുന്നുവെന്നതിന്‍റെയര്‍ത്ഥം, മുപ്പതുവര്‍ഷം മരിച്ചുവെന്നു തന്നെയാണ്. പത്താംപിറന്നാള്‍ ആഘോഷിക്കുന്ന കുഞ്ഞ് പത്തു തിരിനാളങ്ങള്‍ ഊതിയണയ്ക്കുന്നതുപോലെ. നാല്പതു വര്‍ഷമാണവന്‍റെ ആയുസ്സെങ്കില്‍ കത്തിച്ചുവെച്ച നാല്പതു തിരിനാളങ്ങളില്‍ പത്തെണ്ണം കെട്ടുപോയിയെന്നല്ലാതെ.

മരണവുമായി ബന്ധപ്പെട്ട് നമ്മള്‍ സാധാരണയായി ഉപയോഗിക്കുന്ന രണ്ട് പദങ്ങളുണ്ട്. ഒന്ന് മരണ ഭീതി, രണ്ട് മരണ അവബോധം. ആദ്യത്തേത് ഒഴിവാക്കപ്പെടേണ്ട ഒരു ഫോബിയയാണ്. മനശ്ശാസ്ത്രത്തിലെ ആചാര്യരില്‍ പ്രമുഖനായ ഫ്രോയിഡ് മരണവീടുകള്‍ സന്ദര്‍ശിക്കാറില്ലായിരുന്നുവത്രെ. അദ്ദേഹത്തിന്‍റെ ശിഷ്യനായ ജുന്‍ഗ് ഈജിപ്തിലെ മമ്മികളെ കാണാന്‍ അഞ്ചാവര്‍ത്തി യാത്രയ്ക്കൊരുങ്ങിയതാണ്. അകാരണമായ ഭയം പിടികൂടിയപ്പോള്‍ അതെല്ലായ്പ്പോഴും മാറ്റിവച്ചു. മരണാവബോധം ഒരു ജാഗ്രതയാണ്. ഡിസ്പ്ലേസ്മെന്‍റ് എന്നൊരു പ്രതിരോധകളിയുണ്ട്. ഗൗരവമുള്ളതിനെ അഭിമുഖീകരിക്കാന്‍ ഭയപ്പെടുന്ന മനസ്സ് ചെറിയ കാര്യങ്ങള്‍ കണ്ടെത്തി അതില്‍ മുങ്ങിയും പൊങ്ങിയും പ്രാധാന്യമുള്ളവയെ മറന്നുകളയാന്‍ ശ്രമിക്കുകയാണ്. പരീക്ഷയെ പേടിക്കുന്ന കുട്ടി കോമിക്കില്‍ അഭയം കണ്ടെത്തുന്നതുപോലെ. മരണത്തെ നേര്‍ക്കുനേര്‍ കാണാന്‍ ഭയപ്പെടുന്ന മനസ്സ് രതിയിലും വിരുന്നിലും ഉത്സവങ്ങളിലുമൊക്കെ മുങ്ങി വഴിമാറി നടക്കാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് ഒരു മരണവും നമ്മളെ ഒന്നും പഠിപ്പിക്കാത്തത്. സുഹൃത്തിന്‍റെ ചിതയുടെ ചൂടില്‍ ഉള്ളംകൈ വിരിച്ച് നിസ്സംഗരായി നമ്മള്‍ തണുപ്പിനെ അതിജീവിക്കുന്നത്.

അടയുന്നൊരു വാതിലായി നാം മരണത്തെ തെറ്റിദ്ധരിക്കുകയാണ്. അതു നിത്യതയിലേക്ക് തുറക്കപ്പെടുന്നയൊന്നാണ്. ജീവനും മരണത്തിനുമിടയിലെ ഒരു രേഖയില്‍ നിന്നൊരു കൊച്ചുമകള്‍ അമ്മയോട് തേങ്ങി: അമ്മേ മരിച്ചവരെവിടെയാണ് പോവുക! അവര്‍ക്കെന്തു സംഭവിക്കുന്നു...?

കണ്ണീരടക്കി അമ്മ പറഞ്ഞു തുടങ്ങി: "പൊന്നുമോളെ നീ തീരെ ചെറുപ്പമായിരുന്ന കാലത്ത്, നിന്‍റെ പപ്പായ്ക്കുവേണ്ടി കാത്തിരുന്ന് വാതില്‍പ്പടിയിലിരുന്ന് ഉറങ്ങിപ്പോയിട്ടുണ്ട്. ചില നേരങ്ങളില്‍ സ്റ്റഡിടേബിളില്‍ തലചായ്ച്ച് മയങ്ങിയിരുന്നു. മറ്റു ചിലപ്പോള്‍ നിന്‍റെ കുട്ടിസൈക്കിളിലിരുന്ന്... സമാനമാണ് കുഞ്ഞേ മരണവും. മനുഷ്യര്‍ എങ്ങനെയെപ്പോള്‍ മിഴിപൂട്ടിയാലും അവരുണരുന്നത് ദൈവത്തിന്‍റെ മടിത്തട്ടിലാണ്..." അമ്മയും കുഞ്ഞും ശാന്തരായി.

മരണത്തെ ക്രിസ്തു പഠിപ്പിക്കുന്നത് നിദ്രയെന്നാണ്. ലാസര്‍ ഉറങ്ങുകയാണ്. ബാലിക ഉറങ്ങുകയാണ് എന്നൊക്കെ. ഉറങ്ങുന്നവര്‍ ഉണര്‍ന്നെഴുന്നേല്ക്കുക ഏറ്റവും സ്വഭാവികമായ പ്രകൃതിനിയമമാണ്. ഭൂമിക്കെങ്ങനെയാണ് ജീവന്‍റെ പ്രവാഹങ്ങളെ തടഞ്ഞുനിര്‍ത്താനാകുക? ഏറിയാല്‍ മൂന്നുദിനങ്ങള്‍ അല്ലേ...? അതുകൊണ്ടാണ് ഓഷോ എന്ന ചിന്തകന്‍റെ ശവകുടീരത്തില്‍ ഇങ്ങനെ കുറിച്ചിട്ടിരിക്കുന്നത് -- ഓഷോ മരിച്ചിട്ടില്ല, ജനിച്ചിട്ടില്ല. ഭൂമിയെന്ന ഗോളം സന്ദര്‍ശിക്കുകമാത്രം ചെയ്തു.

സയന്‍സ് ക്ലാസില്‍ പഠിച്ചിട്ടില്ലേ, ഊര്‍ജ്ജത്തെ നശിപ്പിക്കുവാനോ, നിര്‍മ്മിക്കുവാനോ ആവില്ല, രൂപാന്തരീകരിക്കുവാന്‍ മാത്രമേ കഴിയൂവെന്നു ഐന്‍സ്റ്റിന്‍റെ നിയമം. ഉദാഹരണത്തിന് പ്രകാശമെന്ന ഊര്‍ജ്ജത്തെ നശിപ്പിക്കാനാകില്ല. അതിനെ താപമാക്കി മാറ്റാനായേക്കാം. ഭൂമിയിലെ ഏറ്റവും വലിയ ഊര്‍ജ്ജമെന്താണ്? അതു മനുഷ്യജീവനാണ്. സ്നേഹിക്കുന്ന, കലഹിക്കുന്ന, കുഞ്ഞുമക്കള്‍ക്ക് ജന്മം നല്കുന്ന എന്‍റെ ജീവോര്‍ജ്ജംതന്നെ. മണ്‍കൂനകള്‍ക്ക് ഈ ജീവോര്‍ജ്ജത്തെ നശിപ്പിക്കാനാകുമോ. മറ്റേതോ രൂപഭേദങ്ങളിലൂടെ ജീവന്‍ കടന്നുപോകുകയാണ്. നമുക്കറിയാത്ത ഏതൊക്കെ വഴികളിലൂടെ... പ്രകാശത്തിന്‍റെ ഇടനാഴികളിലൂടെ... തേജസ്സിന്‍റെ കൂടാരങ്ങളിലേക്ക്... കാറ്റില്‍ തിരിനാളമണയുമ്പോള്‍ വെളിച്ചമെവിടെപ്പോകുന്നു...?  

തൂക്കുമരത്തിലേക്കു കയറിയ മാന്‍സൂര്‍ ഉറക്കെ പൊട്ടിച്ചിരിക്കുകയാണ്. ആരോ കോപത്തോടെ വിളിച്ചുചോദിച്ചു, നിങ്ങളെന്തിനാണിങ്ങനെ ചിരിക്കുന്നത്? അയാള്‍ പറഞ്ഞു: "നിങ്ങളെന്നെ കൊല്ലുമെന്ന് നിങ്ങള്‍ കരുതുന്നു. നിങ്ങള്‍ ഇപ്പോള്‍ കൊല്ലാന്‍ പോവുന്നത് ഞാനല്ല, ഇതു വെറുതെ വസ്ത്രങ്ങള്‍ കത്തിക്കുന്നതുപോലെ. നിങ്ങളുടെ വിഢ്ഡിത്തമോര്‍ത്തിട്ട് എനിക്ക് ചിരിക്കാതിരിക്കാനാവുന്നില്ല." ഒരു പാദം ജീവിക്കുന്നവരുടെ ലോകത്തും മറുപാദം നിത്യതയിലും ചവിട്ടി നടക്കാനാകുമ്പോള്‍ മനുഷ്യനു ലഭിക്കുന്നൊരാത്മീയ സംയമനമാണിത്.

നവംബര്‍ പിതൃതര്‍പ്പണത്തിന്‍റെ മാസമാണ്. സെമിത്തേരിയിലെ മണ്‍കൂനകള്‍ക്ക് മേലെ പൂക്കള്‍ വിതറിയും തിരികള്‍ തെളിച്ചും ധ്യാനപൂര്‍വ്വം നമുക്ക് നില്ക്കാം. സെമിത്തേരിയെന്ന വാക്ക് ഗ്രീക്ക് മൂലത്തില്‍നിന്നാണ്. അതിന്‍റെയര്‍ത്ഥം ഉറക്കത്തിനുള്ളയിടമെന്നാണ്. എല്ലായോട്ടങ്ങള്‍ക്കും ശേഷം ഒടുവില്‍ വിശ്രമിക്കാനുള്ള ആറടിമണ്ണിന്‍റെ കിടക്ക

*****

ഉയര്‍പ്പിക്കപ്പെട്ട ലാസറിനെക്കുറിച്ച് രണ്ട് പാരമ്പര്യങ്ങള്‍. ജീവനിലേക്ക് മടങ്ങിയെത്തിയയാള്‍ പിന്നെയൊരിക്കലും ചിരിച്ചിട്ടില്ലായെന്നൊരു കൂട്ടര്‍. ജീവിതത്തിന്‍റെ നൈമിഷികതയും നിത്യതയുടെ ദര്‍ശനവും വെളിപ്പെട്ടു കിട്ടിയൊരാള്‍ക്ക് കലാഭവന്‍ മണിയുടെ കാസറ്റുകള്‍ കേട്ടെങ്ങനെ ചിരിക്കാനാവും?

മറ്റൊരു കൂട്ടര്‍ വിശ്വസിക്കുന്നത് ലാസര്‍ പിന്നീടെപ്പോഴും ചിരിച്ചുകൊണ്ടിരുന്നുവെന്നാണ്. ചുറ്റിനും കാണുന്ന തിരക്കും, ശാഠ്യങ്ങളും അഹന്തകളും മാത്സര്യവും വിദ്വേഷവും എത്രത്തോളമാണെന്നോര്‍ത്തിട്ട് അയാള്‍ക്ക് ചിരിയടക്കാനാവുന്നില്ല...

കച്ചവടക്കാരന്‍ മരിച്ചുകൊണ്ടിരിക്കുകയാണ്. പെട്ടെന്നയാള്‍ മിഴിതുറന്ന് ചോദിച്ചു:

"മൂത്തവനെവിടെ?"

"ഇവിടെ നില്‍പ്പുണ്ടല്ലോ" ആള്‍ക്കൂട്ടം മറുപടി നല്കി.

"ഇളയവനോ?"

അവനുമുണ്ടല്ലോ

"പിന്നെയാരു കടയിലിരിക്കും" എന്ന് ഉറക്കെ നിലവിളിച്ചയാള്‍ കര്‍ത്താവില്‍ നിദ്ര പ്രാപിച്ചു.

Featured Posts