top of page

അന്‍പ്/ അരുള്‍/ അനുകമ്പ

Jan 7

5 min read

ബോബി ജോസ് കട്ടിക്കാട്
Marble sculpture of a sorrowful woman cradling a lifeless figure. Detailed drapery, serene expressions. Brown, patterned background.
Pieta by Michelangelo

1

ടൂറിന്‍, ഇറ്റലി.

ദിവസമൊക്കെ ഓര്‍മ്മയുണ്ട്. ജനുവരി മൂന്ന്, 1889. നിരത്തില്‍ ഒരാള്‍ തന്‍റെ കുതിരയെ കഠിനമായി പ്രഹരിക്കുകയായിരുന്നു. ആ കാഴ്ചയില്‍ Friedrich Nietzsche വല്ലാതെ ഉലഞ്ഞു പോയി. കുതിരയുടെ കുഞ്ചിയില്‍ കെട്ടിപിടിച്ച് അയാള്‍ ആ മിണ്ടാപ്രാണിയെ രക്ഷിക്കാന്‍ ശ്രമിച്ചു. പിന്നെ വലിയ വായില്‍ നിലവിളിച്ചു.

ആര്‍ദ്ര ഭാവങ്ങളാണ് മനുഷ്യ ഭാവിയെ പിന്നോട്ട് വലിക്കുന്നതെന്ന് വിശ്വസിച്ച അയാള്‍ക്ക് ഇതെന്തു പറ്റി?


നിങ്ങള്‍ കല്പിച്ചു കൊടുക്കുന്ന ഭാരം താങ്ങാനാവാതെ കുഴഞ്ഞുപോയതിനാല്‍ അടിയേറ്റു നീലിച്ച എല്ലാവരും ആ കുതിരയില്‍ രാപാര്‍ക്കുന്നുണ്ട്. തെരുവില്‍ പ്രശ്നമുണ്ടാക്കിയതിന് നീഷെ അന്ന് ഏതാണ്ട് അറസ്റ്റിലായതാണ്. അയാളുടെ ആതിഥേയന്‍ തക്ക സമയത്ത് ഇടപെട്ടു. കഥയ്ക്കും യാഥാര്‍ത്ഥ്യത്തിനുമിടയിൽ എവിടയോ നില്‍ക്കുന്ന ആ സംഭവം അയാളുടെ ഉന്‍മാദത്തിന്‍റെ ആരംഭമായിരുന്നു. പതിനൊന്നു വര്‍ഷം എന്നു വെച്ചാല്‍ മരണത്തോളം നീണ്ട ഒന്നിന്‍റെ. The Turin Horse (2011), ഒക്കെ കണ്ടു നോക്കൂ. തിരക്കഥ László Krasznahorkai യുടെതാണ്, ഇത്തവണത്തെ നോബല്‍ നേടിയ.


അയാളുടെ ബോധത്തിലെവിടെയോ കുറ്റവും ശിക്ഷയിലെ റസ്ക്കല്‍ കണ്ട ദുര്‍ സ്വപ്നവും ഉണ്ടാവണം. കിനാവില്‍ അയാള്‍ കുട്ടിയാണ്. ആള്‍പെരുപ്പം കൊണ്ട് മുന്നോട്ട് വലിക്കാനാവാതെ കുഴഞ്ഞു പോകുന്ന ഒരു കുതിരയെ അതിന്‍റെ ഉടമ ഒരു ദയയുമില്ലാതെ പ്രഹരിക്കുകയാണ്. തടയാനുള്ള അവന്‍റെ എല്ലാ ശ്രമങ്ങളും പാഴാവുകയാണ്. നിലം പറ്റിയ കുതിരയെ ഇറുക്കെ പുണരുന്ന അവനെ ബലം പ്രയോഗിച്ച് അപ്പന്‍ അടര്‍ത്തിയെടുക്കുകയാണ്. കാരമസോവ് സഹോദരരില്‍ ഇതേ പ്രതീകങ്ങളുടെ ആവര്‍ത്തനമുണ്ട്.


ശരീരമെന്നാല്‍ നിലക്കണ്ണാടി നോക്കുന്ന അവനവന്‍റെ ഉടല്‍ മാത്രം അല്ലയെന്ന ബോധത്തിന്‍റെ മിന്നലേറ്റ മനുഷ്യരിലാണ് ഭൂമിയുടെ ഭാവി. അവരുടെ ഉന്‍മാദമാണ് അതിന്‍റെ സുബോധം. സാവൂള്‍ സാവൂള്‍ നീയെന്തിനാണെന്നെ പ്രഹരിച്ചതെന്ന പുതിയ നിയമ സൂചനയുടെ പൊരുള്‍ മറ്റെന്താണ്?


2

നല്ല വാക്കുകള്‍ കൊണ്ട് ജീവിതത്തെ അഗാധമാക്കുന്നവരും കരുണയുടെ സുവിശേഷമാണ് പറയുന്നത്. സലൂണില്‍ ക്ഷൗരം ചെയ്യുന്നതിനുമുമ്പായി അയാളുടെ മുഖത്ത് സോപ്പ് പതപ്പിച്ചുകൊണ്ടിരുന്ന ദരിദ്രയായ പെണ്‍കുട്ടിയോട് അയാള്‍ ചോദിച്ചു:

നീ നൃത്തം പഠിച്ചിട്ടുണ്ടോ?

അവള്‍ പറഞ്ഞു: ഇല്ല.

പഠിക്കണം, നിന്‍റെ ചലനങ്ങള്‍ക്ക് കൃത്യമായ താളവും പ്രസാദവുമുണ്ട്.


ആര്‍ക്കൊക്കെയോ സോപ്പ് പതപ്പിച്ചുതീരേണ്ട അവളുടെ ജീവിതത്തെ ആ ചെറിയ വാക്ക് വഴി മാറ്റിവിടുകതന്നെ ചെയ്തു. അവള്‍ പിന്നീട്, പറഞ്ഞാല്‍ പിടുത്തം കിട്ടുന്ന അഭിനേത്രിയായി, ഗ്രെറ്റാ ഗാര്‍ബോ. ജീവിതോര്‍ജത്തിന് ത്വരകമായി മാറുന്ന സകലരും ആ ചൈതന്യത്തിന്‍റെ കിളിവാതിലുകളാവുന്നു.


കുറെ അധികം വര്‍ഷങ്ങള്‍ക്ക് മുമ്പ് Wisconsin യൂണിവേഴ്സിറ്റിയില്‍ എഴുത്തില്‍ താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ രണ്ടിടങ്ങളിലായി ഒത്തുകൂടിയിരുന്നു. ഒന്നിന്‍റെ പേര്, The Stranglers. പേര് സൂചിപ്പിക്കുന്നത് പോലെ വിമര്‍ശനം കൊണ്ട് ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു രീതി. രണ്ടാമത്തെത് The Wranglers. ഏറ്റം നിസ്സാരമായ ശ്രമങ്ങളെ പോലും മതിപ്പോടെ കണ്ട് അഭിനന്ദിക്കുകയായിരുന്നു അവരുടെ രീതി. ഇരുപതു വര്‍ഷങ്ങള്‍ക്ക് ശേഷം സംഭവിച്ചത്, ആദ്യത്തെ കൂട്ടത്തില്‍ നിന്ന് ഒരാള്‍ പോലും ഗൗരവമുള്ള എഴുത്തിലെത്തിയില്ല. മറ്റവരില്‍ പകുതിയോളം പേരും അറിയപ്പെടുന്നവരായി. Yearling എഴുതിയ Marjorie Rawlings ഉള്‍പ്പെടെ. നല്ല വാക്കോതുവാന്‍ ത്രാണി ഉണ്ടാവണം എന്ന പ്രാര്‍ത്ഥന പള്ളിക്കൂടം കഴിഞ്ഞാലും തുടരാവുന്നതാണ്.


3

പിയാത്തയിലെ മേരി യേശുവിനോളം ചെറുപ്പമാണ്. അമ്മയല്ല, ഒരുമിച്ച് വളര്‍ന്ന കൂട്ടുകാരിയെ പോലെ. അത് ബോധപൂര്‍വ്വം അയാള്‍ കൊത്തിയെടുത്തതാണ്. യേശുവിന്‍റെ ഉടലിലെ ക്ളേശങ്ങളുടെ അടയാളങ്ങള്‍ പരാമാവധി തുടച്ചു മാറ്റിയതും ശ്രദ്ധിക്കണം... സായന്തനത്തിലെ ഒരു വിഷാദ സ്മൃതിയല്ല മേരിക്ക് ജീസസ്. ആത്മ ത്യാഗത്തിന്‍റെ വര്‍ത്തമാനമാണവര്‍. യൗവനത്തിന്‍റെ ഉച്ചനെറുകയില്‍ ഒരു പുരുഷനും സ്ത്രീയും ഒരേ പോലെ കത്തിത്തീരണം.


അവശേഷിക്കുന്നത് അനുകമ്പ മാത്രമാണ്. മെഴുകുതിരിക്കാലില്‍ അവശേഷിക്കുന്ന ദ്രവം പോലെ. അങ്ങനെയാണ് അതിന് പിയാത്തയെന്ന പേരുണ്ടായത്. കരുണയെന്ന് തന്നെയാണ് അര്‍ത്ഥം. ജീവിച്ചിരിക്കുന്നവര്‍ക്കും മരിച്ചവര്‍ക്കും വിശ്രമമൊരുക്കാനല്ലെങ്കില്‍ മടിത്തട്ട് എന്തിനാണ്?


അത്രയും പ്രശസ്തമല്ലെങ്കിലും മറ്റൊരു പിയാത്തയും അയാള്‍ കൊത്തിയിട്ടുണ്ട്. അതില്‍ ഒരു പുരുഷനാണ് യേശുവിന്‍റെ ശരീരത്തെ താങ്ങി പിടിച്ചിരിക്കുന്നത്. അരിമത്യക്കാരന്‍ ജോസഫോ നിക്കദേമൂസോ ആവാം. കൂടെ അമ്മ മേരിയും മാഗ്ദനിലെ മറിയവും ഉണ്ട്. ഫ്ലോറന്‍റൈന്‍ പിയെത്ത(Florentine Pietà) എന്ന പേരിലാണ് അതറിയപ്പെടുന്നത്. മരിച്ചവര്‍ ചിലപ്പോള്‍ ജീവിച്ചിരിക്കുന്നവരെക്കാള്‍ അനുഭാവം അര്‍ഹിക്കുന്നുണ്ട്.

Marble sculpture of four figures in a tender scene; two are embracing a limp, lifeless form. Background shows a painted figure. Quiet, solemn mood.
Florentine Pietà by Michelangelo

ഒരേയൊരു ശില്പത്തിലേ അയാള്‍ തന്‍റെ പേര് അടയാളപ്പെടുത്തിയിട്ടുള്ളൂ, അത് പിയാത്തയിലാണ്. കാരണമായി പറയുന്നത് അയാള്‍ കേട്ട ഒരു സംഭാഷണമാണ്. മറ്റാരോ കൊത്തിയ ശില്‍പ്പമായിട്ട് ആരോ അതിനെ വിശേഷിപ്പിക്കുകയായിരുന്നു. താങ്ങാന്‍ കഴിഞ്ഞില്ല. ഇംഗ്ലീഷില്‍ Michelangelo Buonarroti, the Florentine made this എന്നര്‍ത്ഥം വരുന്ന വിധത്തിലാണത് കുറിച്ചിട്ടത്. മറിയത്തിന്‍റെ തോളോട് ചേര്‍ന്നാണത്.


അതിനെക്കുറിച്ച് അയാള്‍ പിന്നീട് ഖേദിക്കുന്നുണ്ട്. ഇനി ഒന്നിനു മീതെയും തന്‍റെ കൈയൊപ്പ് ഉണ്ടാവില്ലെന്ന വ്രതം അയാള്‍ പാലിച്ചു. എന്തായിരിക്കും അയാളുടെ ഖേദത്തിന്‍റെ പൊരുള്‍? മഹാത്യാഗങ്ങളുടെ ഇടി മുഴക്കങ്ങള്‍ക്കിടയിലും നമ്മള്‍ എത്ര ചെറിയ മനുഷ്യരാണെന്ന് പിന്നെയും പിന്നെയും തെളിഞ്ഞു വരുന്നുവല്ലോ എന്ന ആത്മ നിന്ദയുമാവാം! പിയാത്ത ആക്രമിക്കപ്പെട്ടിട്ടുണ്ട്. 1972, മെയ് മാസത്തിലാണ്. പലയാവര്‍ത്തി അതിനെ ചുറ്റിക കൊണ്ടടിച്ച മാനസിക ബുദ്ധിമുട്ടുള്ള അയാള്‍ താന്‍ യേശുവാണെന്നാണ് വിളിച്ചു പറഞ്ഞത്. മടിത്തട്ടിലില്ലാത്ത മനുഷ്യപുത്രന്‍മാര്‍!


4

പണ്ട് പണ്ട് ഒരു സ്പാനിഷ് ആശ്രമത്തില്‍ വെച്ചാണ്. കുറുമ്പനായ ഒരു അനാഥ കുഞ്ഞിനെ അവരവിടെ ഓമനിച്ചു വളര്‍ത്തുന്നുണ്ട്. തീരെ കുഞ്ഞിലെ ആരോ അവിടെ ഇട്ടിട്ടു പോയതാണ്. മാര്‍സെലിനോ എന്നാണവര്‍ അവന് പേരിട്ടത്. ആ ഇരുണ്ട മച്ചിന്‍ പുറത്ത് വലിഞ്ഞു കയരുതെന്ന് അവര്‍ അവനോട് പറഞ്ഞിട്ടുണ്ട്, അതിനുള്ളില്‍ വളരെ വളരെ വലിയ ഒരു മനുഷ്യ നുണ്ട്. പേടിക്കണം.!


കുട്ടി അത് പാലിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? അവിടെയവന്‍ ഒരാള്‍ വലുപ്പത്തിലുള്ള യേശുവിന്‍റെ ക്രൂശിത രൂപം കാണും. കുട്ടി അയാളുടെ വിധിയിലും വേദനയിലും പെട്ടുപോവുകയാണ്. ആശ്രമവാസികളുടെ കണ്ണ് പൊത്തി അയാള്‍ക്ക് അപ്പവും വീഞ്ഞും വിളമ്പുകയാണ് അവന്‍റെ പണി. ആ കളിയില്‍ കുരിശില്‍ നിന്നിറങ്ങി യേശുവും പങ്ക് ചേരും. യേശുവിന്‍റെ മുള്‍മുടിയൊക്കെ അവന്‍ എടുത്തു മാറ്റി. യേശു അവന്‍റെ പേര് പുതുക്കും, Marcelino Pan Y Vino (/Marcelino Bread and Wine). അമ്മയെ കാണണമെന്ന ഒരേയൊരു ആഗ്രഹം മാത്രമാണ് അവനുള്ളത്. അതിന് തന്‍റെ കരങ്ങളില്‍ ഉറങ്ങാനാണ് യേശു പറഞ്ഞത്. അപ്പവും വീഞ്ഞുമായ ഞങ്ങളുടെ പാവം കുഞ്ഞുങ്ങളെ, പാവയ്ക്ക് പാല്‍ കൊടുക്കുന്ന നിങ്ങളുടെ കരുണയോട് പകരം ഞങ്ങളെന്താണ് ചെയ്യുന്നത്? Miracle of Marcelino പഴയ പടമാണ്, 1955ലെ. ഇനിയും കുട്ടികളെ കാട്ടാവുന്നതാണ്.


5

അവരുടെ നീട്ടിയ ഉള്ളംകൈയില്‍ നമ്മള്‍ മുതിര്‍ന്നവര്‍ എന്താണ് വച്ചു കൊടുത്തത്? അയാള്‍ കൂട്ടുകാരിയോടൊപ്പമിരുന്ന് സ്വന്തം കുരുന്നുകാലം ഓര്‍മ്മിച്ചെടുക്കുകയായിരുന്നു: തെളിഞ്ഞ ഒരു പുഴയോരത്തായിരുന്നു അച്ഛനും ഞാനും. പുഴയിലൂടെ ഒത്തിരി തിരഞ്ഞ് ഞാനൊരു വിശേഷപ്പെട്ട വെള്ളാരങ്കല്ല് കണ്ടെത്തി അച്ഛന്‍റെ കൈയില്‍ വച്ചുകൊടുത്തു. മിനുമിനുത്ത, മെഴുകുപോലൊരു കല്ല്. അത് ഞങ്ങളുടെ ദേശത്തിന്‍റെ ഒരു രീതിയായിരുന്നു. അത്തരമൊരു സമ്മാനത്തില്‍ മനസ്സിന്‍റെ ഒരു കണ്ണാടിയുണ്ടെന്നു പോലും ഞങ്ങള്‍ സങ്കല്പ്പിച്ചു. പകരം, അച്ഛന്‍ പുഴയിലേക്കു കുനിഞ്ഞ് അപ്പോള്‍ തടഞ്ഞ ഒരു കല്ലെടുത്ത് എന്‍റെ ഉള്ളംകൈയില്‍ തന്നു. കൂര്‍ത്തൊരു കല്ല്, അതു കൊണ്ട സ്ഥലത്ത് ഇപ്പോഴും ചോര പൊടിയുന്നുണ്ട്. 'ഡിപ്പാര്‍ച്ചേഴ്സ് 'എന്നൊരു സിനിമയില്‍ നിന്നാണിത്. ഏറ്റവും നല്ലത് നമുക്കു സമ്മാനിക്കാനുള്ള ശ്രമത്തിലാണ് കുഞ്ഞുങ്ങള്‍. എന്നാല്‍, നിങ്ങളെന്താണ് അവര്‍ക്ക് അലക്ഷ്യമായി കൈമാറിയത്?


കുഞ്ഞുങ്ങളുടെ നാനാര്‍ത്ഥങ്ങളിലൊന്ന് നിസ്സഹായതയാണ്. ഇരയെത്ര മേല്‍ നിസ്സഹായമാകുന്നോ അത്രമേല്‍ ഹിംസയുടെ പാപം കൊടിയതാകുന്നു. ശാരീരികവും മാനസികവുമായി എത്രയോ നിരാലംബരാണവര്‍. പറക്കമുറ്റാന്‍ നെടുനാളത്തെ പരിചരണവും ശ്രദ്ധയും ആവശ്യമുള്ളവര്‍. ഒരു വൃക്ഷം പാകപ്പെട്ടു എന്നതിന്‍റെ അടയാളമാണ് അതിന്‍റെ പഴങ്ങള്‍. നിര്‍ഭാഗ്യവശാല്‍, ആന്തരികമായും മാനസികമായും അത്ര പാകപ്പെടാത്ത നമ്മുടെ യൗവനത്തില്‍ത്തന്നെ നമുക്ക് പൊടിപ്പുകളുണ്ടായി എന്നതാണ് കാതലായ പ്രശ്നം. നമ്മള്‍തന്നെ മുതിര്‍ന്ന ആണ്‍കുട്ടികളും പെണ്‍കുട്ടികളുമായി നിലനില്‍ക്കുമ്പോള്‍ പുരുഷനോ സ്ത്രീയോ ആയി ഒരിക്കലും പരിണമിക്കാതെ കടന്നു പോകുമ്പോള്‍, നമ്മുടെ അപക്വതകളിലേക്കും ദുര്‍വാശികളിലേക്കും അഭംഗികളിലേക്കും നേരം തെറ്റിവന്ന കുരുന്ന് അതിഥികളെ ദൈവങ്ങളെപ്പോലെ ധ്യാനിക്കാനും പരിചരിക്കാനും നമുക്കെവിടെ നേരം! അല്പനേരത്തേ കൗതുകത്തിനു ശേഷം നാം അവഗണിച്ചു കളയുന്ന കളിപ്പാട്ടങ്ങള്‍ തന്നെ അവര്‍. കത്തുന്ന പുര എന്നൊരു രൂപകം ബുദ്ധനാണ് ആദ്യം ഉപയോഗിച്ചത്. വീടിന് തീ പിടിക്കുമ്പോള്‍ ആദ്യം കുഞ്ഞുങ്ങളെ സുരക്ഷിതമാക്കുകയാണ് പ്രധാനം.


6


ആന്‍റണ്‍ ചേക്കോവിന്‍റെ Misery എന്ന കഥയില്‍ മകന്‍ മരിച്ചുപോയ ഒരു അച്ഛന്‍ തന്‍റെ സങ്കടം ആരോടെങ്കിലും ഒന്ന് പറഞ്ഞൊഴിയാന്‍ ശ്രമിക്കുന്നുണ്ട്. അയാള്‍ ഒരു കുതിര വണ്ടിക്കാരനാണ്.


ആദ്യമെത്തിയ പരുക്കനായ ഒരു പട്ടാള ഓഫീസറോട് ചിലതൊക്കെ പറയാന്‍ അയാള്‍ ശ്രമിക്കുന്നുണ്ട്. അവന് ഒടുവില്‍ സംഭവിച്ചത് എന്ത് എന്ന് പറയാനായി പുറകോട്ട് തിരിഞ്ഞു നോക്കുമ്പോള്‍ ഇതിനോടകം തന്നെ അയാളോട് ആവശ്യത്തിലേറെ അനിഷ്ടം കാട്ടിയ ആദ്യത്തെ ആള്‍ മയക്കത്തിലാണ് - ചിലപ്പോള്‍ ഉറക്കം നടിക്കുന്നതുമാവാം. ഇനി എത്തുന്നത് മൂന്നു ചെറുപ്പക്കാരാണ്. ചെറിയൊരു വേതനമാണ് അവര്‍ അയാളോട് പറയുന്നത്. അതൊന്നുമയാള്‍ക്ക് അത്ര പ്രധാനമല്ല. അവര്‍ക്കിടയില്‍ തന്നെ ചില തര്‍ക്കവുമുണ്ട്. അപ്പോഴും അയാളെ പരിഹസിക്കാന്‍ അവര്‍ മടിക്കുന്നില്ല.


ഈ ആഴ്ച എന്‍റെ മകന്‍ മരിച്ചു.

അതിന്?

ആര്‍ക്കാണതില്‍ താത്പര്യം..


അടിമുടി ഉലഞ്ഞും അലഞ്ഞും അന്തിയില്‍ ഒരിടത്ത് ഇരിക്കുമ്പാള്‍ ഈ ദുനിയാവില്‍ ഒരാളും തന്നെ കേള്‍ക്കാന്‍ ഉണ്ടാവില്ല എന്നയാള്‍ക്കറിയാം. ഇയോണ അതാണയാളുടെ പേര്. ആന്‍റണ്‍ ചെക്കോവ് പറഞ്ഞില്ലെങ്കിലും ശേഷം കാര്യങ്ങള്‍ നമുക്ക് ഊഹിച്ചെടുക്കാവുന്നതേയുള്ളു. വൈക്കോലിട്ടുകൊണ്ട് അയാള്‍ തന്‍റെ കുതിരയോട് പറഞ്ഞു തുടങ്ങും:


കാര്യങ്ങള്‍ അപ്പോള്‍ അങ്ങനെയാണ്. കുസുമ ഇയോണിച്ച് മരിച്ചു. എന്തിനു മരിച്ചുവെന്ന് വെച്ചാ ഒരു പിടിയുമില്ല. ഒന്നോര്‍ത്തെ നിനക്കൊരു കുട്ടിയുണ്ടാവുക അത് മരിച്ചു പോവുക. ഒക്കെ സങ്കടമുള്ള കാര്യമാണ്. അല്ലേ?


ആ ചെറിയ കുതിര വൈക്കോല്‍ ചവച്ചു കൊണ്ട് അയാളെ ശ്രദ്ധിച്ചു. അവളുടെ നിശ്വാസം അയാളുടെ കരങ്ങളില്‍ പതിച്ചു. അതയാളെ വല്ലാതെ ആശ്വസിപ്പിച്ചു, തന്‍റെ സങ്കടം മുഴുവന്‍ കുതിരയോട് അയാള്‍ പങ്കുവച്ചു. (The little mare munches, listens, and breathes on her master's hands. Iona is carried away and tells her all about it.)

7


വൈകാതെ നോമ്പു കാലമാകും. അമ്പതു ദിവസം കഴിച്ച സസൃ ഭക്ഷണത്തിന്‍റെ കഥയൊക്കെയായി അതങ്ങ് അവസാനിക്കുകയും ചെയ്യും! എല്ലാ നുകങ്ങളും എടുത്തു മാറ്റുകയാണ് ഞാനഭിലഷിക്കുന്ന ഉപവാസമെന്ന ഏശയ്യായുടെ മൊഴിയൊക്കെ നാം മറന്നു പോയി. പാര്‍ക്കുന്ന ഇടത്തിലെ മനുഷ്യരെ പരമാവധി ഭാരമില്ലാതെ ജീവിക്കാന്‍ സഹായിക്കുകയാണ് ശരിയായ പുണ്യമെന്ന് സാരം. അങ്ങനെയാണ് അവനോടൊപ്പം ഉയര്‍ക്കേണ്ടത്.


പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഉത്തരവാദിത്തമുണ്ടായിരുന്ന നേരത്ത് ജിമ്മി ചേട്ടന്‍ ചെയ്തിരുന്ന ഒരു കാര്യമുണ്ടായിരുന്നു. ജനുവരി ആരംഭത്തില്‍ ഏതാനും ഗ്രാമീണ വിദ്യാലയങ്ങള്‍ കണ്ടെത്തി പത്താം ക്ലാസ്സിലെ വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് വേണ്ടി ഒരു പി റ്റി എ വിളിച്ചു കൂട്ടുക. ഒരേയൊരു കാര്യം പറഞ്ഞു കൊടുക്കാനാണ്.


"എട്ടാം ക്ലാസ്സിലെ പരീക്ഷ പോലെ , ഒമ്പതാം ക്ലാസ്സിലെ പരീക്ഷ പോലെ ഒരു പരീക്ഷ മാത്രമാണ് പത്താം ക്ലാസിലെ പരീക്ഷയും. പഴയ സ്കീമില്‍ പഠിച്ച നിങ്ങള്‍ക്കത് മനസ്സിലാവണമെന്നില്ല. പന്ത്രണ്ടു വരെ ഒറ്റ യൂണിറ്റാണ്. അതിന്‍റെ മാര്‍ക്ക് പ്രധാനപ്പെട്ടതാണ്. നിലവില്‍ എസ് എസ് എല്‍സി ബുക്ക് കുട്ടിയുടെ 'മറുക് ' എവിടെയെന്ന് നോക്കാന്‍ മാത്രമേ പിന്നീട് ഉപയോഗപ്പെടുകയുളളൂ", എന്ന് കുസൃതി പറഞ്ഞു അവരുടെ പിരിമുറുക്കത്തെ പുഞ്ചിരിയാക്കുന്നു.


മലപ്പുറത്തു നിന്ന് രാവിലെ ഓഫീസിലെത്തിയ തങ്ങള്‍ക്ക് വാഷ് റൂം ഉപയോഗിക്കാന്‍ നല്‍കി പുറത്തേക്കിറങ്ങി നിന്നതിനെ കുറിച്ച് പറഞ്ഞാണ് നജീബിന്‍റെ ഇലയില്‍ വെച്ച് ഒരു സ്ത്രീ കണ്ണു നിറഞ്ഞത്. എത്ര ചെറിയ കാര്യങ്ങളിലാണ് മനുഷ്യരുടെ വിരല്‍ മുദ്ര അവശേഷിക്കുന്നത്. വരുന്ന നോമ്പുകാലത്ത് ചെയ്യാവുന്ന ഒരു ചെറിയ കാര്യം രാവിലത്തെ കട്ടന്‍ കാപ്പി വേണ്ടെന്ന് വെക്കുകയാണ്. അതു വഴി കൂടെ പാര്‍ക്കുന്ന സ്ത്രീക്ക് വൈകി ഉണര്‍ന്നാല്‍ മതിയാകും.


8


ആണ്‍കുട്ടിക്ക് ആര്‍ത്തവമുണ്ടാകുമ്പോള്‍ എന്ന സാങ്കല്‍പ്പിക ചോദ്യം ഒരുനാളും ഫലിതമായിരുന്നില്ല. നാല്പതു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് അതൊരു ലേഖനത്തിന്‍റെ ശീര്‍ഷകമാവുന്നത്. If Men Could Menstruate /Gloria Steinem. എത്ര അമര്‍ത്തി തുടച്ചിട്ടും മായാത്ത, നരബോധത്തിന്‍റെ ഉടലില്‍ പതിഞ്ഞ ജെന്‍ഡറിന്‍റെ പുള്ളിക്കുത്തുകളെയാണ് അതിലവര്‍ നേരിടാന്‍ ശ്രമിച്ചത്. അടക്കത്തില്‍ പറയേണ്ട ഒരു കാര്യമായിട്ടായിരിക്കില്ല ഇനി അത് പരിഗണിക്കപ്പെടുക. തങ്ങള്‍ പുരുഷനാകാന്‍ പോകുന്ന ആ ദിനത്തെ ഉറ്റുനോക്കിയായിരിക്കും അവന്‍റെ ആഭിമുഖ്യങ്ങളെല്ലാം. എത്രമാത്രം ഒരാഘോഷ ദിനമായി അതിനെ ഒരുക്കാനുള്ള ശ്രദ്ധയിലായിരിക്കും അവന്‍റെ ഉറ്റവര്‍.


സ്ത്രീയ്ക്ക് അസൗകര്യമായി കരുതിയ ആ കാര്യം അവനില്‍ സംഭവിക്കുമ്പോള്‍ പ്രകൃത്യാ തന്നെയുള്ള ആണിന്‍റെ മേല്‍ക്കോയ്മയുടെ അടയാളങ്ങളില്‍ ഒന്നായത് ഇനി എണ്ണപ്പെടും. എല്ലായിടത്തും അതിന് നിരക്കുന്ന, മെച്ചപ്പെടുത്തുന്ന സമീപനങ്ങള്‍ പ്രകടമാകുന്നു. ആര്‍ത്തവകാല അസ്വസ്ഥതകള്‍ വളരെ പ്രധാനപ്പെട്ട ഗവേഷണ ഇടമാവും. അതിനെ മനസ്സിലാക്കാന്‍ സമൂഹത്തില്‍ നിരന്തരമായ പരിശീലനങ്ങള്‍ ഉണ്ടാവും. സാനിറ്ററി ഉല്‍പ്പന്നങ്ങള്‍ അവകാശമാകും. എന്തിന് പുതിയൊരു ഭാഷപോലുമുണ്ടാവും. അതിന്‍റെ അഭാവത്തില്‍ സ്ത്രീകളെ രണ്ടാംകിട സൃഷ്ടിയായി മതങ്ങള്‍ ഒന്നുകൂടെ അടിവരയിടും. സങ്കീര്‍ണമായ കാര്യങ്ങള്‍ അവള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് പോലും മാസത്തിന്‍റെ ഈ ഉത്സവ ദിനങ്ങളില്‍ അവനനുഭവിക്കുന്ന സ്വാഭാവിക വിശ്രാന്തിയുടെയും ചിന്തയുടെയും കുറവുകൊണ്ട് തന്നെ എന്ന് പറഞ്ഞവര്‍ തലയാട്ടിചിരിക്കും.menstruation; men + എന്ന് പിരിച്ചെഴുതും. ഇതൊക്കെ കൊണ്ടു കൂടിയാവണം തീണ്ടാരിപുരയില്‍ പന്ത്രണ്ടു വര്‍ഷമായി ചുരുണ്ടു കൂടിയിരുന്ന ഒരു സ്ത്രീയെ ആണുങ്ങളുടെ തെരുവിലെ വര്‍ത്തമാനത്തിലേക്ക് ഒരാചാര്യന്‍ പണ്ട് കുട്ടിക്കൊണ്ടു വന്നത്.


9


അയല്‍ വീട്ടിലെ ആ മനുഷ്യന്‍റെ പെരുമയൊന്നും അവള്‍ക്കറിയില്ല. ആകെ അറിയുന്നത് അയാള്‍ പാട്ടു പാടും, സാരദ് വായിക്കും എന്നു മാത്രമാണ്. അവര്‍ മാനസിക പ്രശ്നങ്ങളുള്ള ഒരു സ്ത്രീയാണ്. പാട്ടു പാടുന്ന ഒരാള്‍ക്ക് കഠിന ഹൃദയനായിരിക്കുക അസാദ്ധ്യമാണെന്ന് അവള്‍ കരുതിയിട്ടുണ്ടാവും. അയാളെ നമുക്കറിയാം. ഹിന്ദുസ്ഥാനി സംഗീതത്തിലെ ബാബാ അലാവുദ്ദീന്‍ ഖാന്‍. ബാബയുടെ സംഗീതത്തിനും ജീവിതത്തിനും സമാനതകളില്ല. അനവധിയായ ദുരന്തങ്ങള്‍ക്കിടയിലാണ് ഗുരുവായും സംഗീതജ്ഞനായുമൊക്കെയുള്ള വ്യക്തിത്വം അദ്ദേഹം നിലനിര്‍ത്തിയത്. മധ്യപ്രദേശിലെ മെയ്ഹര്‍ എന്ന ചെറുഗ്രാമത്തിലിരുന്ന് പണ്ഡിറ്റ് രവിശങ്കറിനെ പോലുള്ളവരുടെയെല്ലാം ആചാര്യനായ ആളാണ്. സംഗീതത്തിന്‍റെ കാര്യത്തില്‍ കര്‍ക്കശ്ശക്കാരനുമായിരുന്ന ബാബാ അലാവുദ്ദീന്‍. പരിസരം മറന്നു പാടുന്ന അയാളെ ഉറ്റു നോക്കി നിന്നിട്ടവള്‍ ബാബയുടെ മടിയില്‍ ചുരുണ്ട് കിടന്ന് ഉറങ്ങും. ബാബ ഇതൊന്നും അറിയാതെ സംഗീതത്തില്‍ മുഴുകിയിരിക്കും. ഉണര്‍ന്നെണീക്കുമ്പോള്‍ അവള്‍ ദേവതയായിട്ടുണ്ടാവും. ഒരു വരം ആവശ്യപ്പെടാന്‍ പറയും.


ബാബയുടെ സംഗീതാര്‍പ്പണത്തിന്‍റെയും ഭക്തിയുടെയും കരുണയുടെയും അനുകമ്പയുടെയും പ്രതീകം എന്ന നിലയില്‍ ആണ് ഈ കഥ വരുന്നത്. മനുഷ്യരെ സ്നേഹിക്കുകയാണ് ഏറ്റവും ശരിയായ കലയെന്ന് പറഞ്ഞത് വിന്‍സന്‍റ് വാന്‍ഗോഗാണ്. "I feel that there is nothing more truly artistic than to love people."


അന്‍പ്/ അരുള്‍/ അനുകമ്പ

ബോബി ജോസ് കട്ടികാട്

അസ്സീസി മാസിക, ജനുവരി 2026

Jan 7

3

185

Recent Posts

bottom of page