top of page

മരിക്കുന്നത് ഇനി നിര്‍ത്തി

Nov 1

3 min read

ജയന്ത് മ�േരി ചെറിയാന്‍
Falling leaves.

പേപ്പല്‍ ധ്യാനഗുരുവായ കപ്പൂച്ചിന്‍ റോബര്‍തോ പസോളിനി 'Un giorno smetteremo di morire' (മരിക്കുന്നത് നാം ഒരു ദിവസം നിര്‍ത്തും) എന്ന ഒരു സുന്ദരകൃതി സമ്മാനിച്ചിട്ടുണ്ട്. പുണ്യവാന്മാരുടെ ഐക്യത്തെ ധ്യാനിച്ചു തുടങ്ങുന്ന തുലാമാസപ്പാതിയില്‍ ഇക്കുറി നമുക്ക് ആ വാക്കുകളുടെ കുട ചൂടാം. മരണം ഒരു ഹരണം (usurpation/displacement/ekbodos) അല്ല, പിന്നെയോ ഒരു തരണം(passover/exodos) ആണെന്ന് വായിച്ചെടുക്കാം. സമയമാത്രകളുടെ അക്ഷമയ്ക്കു കീഴെ ജീവിതത്തെ കരുപ്പിടിപ്പിക്കാന്‍ വിധിക്കപ്പെട്ടവരാണ് നമ്മള്‍ എന്നൊരു ബോധം പണ്ടേയുണ്ട്, ആര്‍ക്കും കാത്തുനില്‍ക്കാത്ത നാഴികപ്പാച്ചിലുകള്‍. ഈ പാച്ചിലിനു അതിവേഗം കൈ വന്നിരിക്കുന്ന സമകാലിക വ്യവസ്ഥയില്‍ കടന്നു പോകൂന്ന ഓരോ നിമിഷവും പലപ്പോഴും വ്യര്‍ഥാഭ്യാസങ്ങളുടെ ഒരു പ്രകടന പത്രികയും, അതുമല്ലെങ്കില്‍, ചാടിപ്പിടിക്കാനാകാതെ പോയ നേട്ടങ്ങളുടെ കുറ്റപത്രികയും കുറിക്കുന്നു. കുറ്റകരമായ ഈ വ്യര്‍ത്ഥബോധവും (presumption) വ്യര്‍ത്ഥമായ ഈ കുറ്റബോധവും (despair) കൊണ്ട് മനുഷ്യന്‍ അടയാളപ്പെട്ടു കിടക്കുന്നു. രണ്ടും പ്രത്യാശയുടെ ലംഘനങ്ങള്‍ ആണ്. ക്രിസ്തീയതയില്‍ അന്ത്യവിചാരം (eschatology) എന്നത് പ്രത്യാശയുടെ ദൈവദര്‍ശനം (theology of hope) ആണെന്ന് കണ്‍തുറപ്പിച്ച യൂര്‍ഗന്‍ മോള്‍ട്ട്മാന്‍റെ വെളിച്ചങ്ങളും ഇവിടെ പ്രേരകമാകട്ടെ.


നാം ജീവിതങ്ങളെ മിക്കവാറും വിലയിരുത്തുന്നത് ആഴങ്ങള്‍ കൊണ്ടല്ല പരപ്പുകൊണ്ടാണ്. നിരന്തരം ചലിക്കുന്ന ആത്മാക്കളാണ് നമ്മള്‍. എന്നിട്ടും, കഴിഞ്ഞതിന്‍റെയും ഇനി വരാനിരിക്കുന്നതിന്‍റെയും ഇടവേളയില്‍ വലിച്ചുനീട്ടപ്പെട്ടു നാം കിടക്കുന്നു. പക്ഷെ, ഈ കിടപ്പ് ഒരു വിശ്രമത്തിന്‍റേതല്ല. നാം ഇങ്ങനെ അടങ്ങാതെ കിടക്കുകയാണ്, അനങ്ങാതെയെങ്കില്‍പോലും അടങ്ങാതെ. ക്രിസ്റ്റോഫ് ബ്ലുംഹാര്‍ഡ്റ്റ് എന്ന ദൈവഞ്ജന്‍ പ്രത്യാശയെ അടയാളപ്പെടുത്തിയതുപോലെ: Warten und Pressieren (കാത്ത് ഇരിക്കുന്നു, എന്നാല്‍ കത്തിക്കയറുന്നു). അശ്രാന്തമായ ഈ അസ്തിത്വം, യഥാര്‍ത്ഥത്തില്‍ ഒന്ന് അടങ്ങി ഇരിക്കുക എന്ന നിത്യവിശ്രാന്തിയുടെ അനുഭവം നമുക്ക് ദുഷ്ക്കരമാക്കുകയാണ്. അതുകൊണ്ട് തന്നെ നാം എത്രയൊക്കെ മുറുകെപ്പിടിക്കാന്‍ ആഗ്രഹിക്കുന്ന സന്തോഷങ്ങളും നൈമിഷികമായി മാറുന്നു, പിടിവിട്ട് വഴുതി ഓടിപ്പോകുന്നു, ഓര്‍മ്മകളുടെ ചില്ലലമാരയില്‍ കേറിയിരിക്കാന്‍ വെമ്പുന്നു. ഈ ആകുലത, ഈ ഇളമധുരമാര്‍ന്ന നഷ്ടബോധം പരമാകുലമായ ഒരു അനുഭവത്തിന്‍റെ പടിവാതില്‍ക്കലേക്ക് നമ്മെ തള്ളിവിടുന്നു: നിതാന്തമാണ് മരണം എന്ന ഹൃദയനുറുക്കത്തിലേക്ക്. നവംബറിന്‍റെ രാശി തന്നെ ഇതിനൊരു ദൃഷ്ടാന്തമാണ്. അത് പാതി തുലാമിനും പാതി വൃശ്ചികത്തിനും വീതം വച്ചിരിക്കുന്നു. ജീവിതസന്തുലനങ്ങളുടെ വൈതരണികള്‍ കടന്നു വരുമ്പോള്‍ നിനച്ചിരിക്കാത്ത ഒരു വൃശ്ചികദംശനം എല്ലാ അര്‍ത്ഥങ്ങളെയും അണച്ചുകളയുകയാണോ? എങ്കില്‍ വല്ലാത്തൊരു രാശി തന്നെ! അനിവാര്യമായ ഈ ദോഷദര്‍ശനം (cynicism) ആത്മാവിനെ കല്ലാക്കി മാറ്റുകയാണ് (calcification). തരണങ്ങളെ അത് തടസ്സപ്പെടുത്തുന്നു; അതേസമയം പ്രത്യാശ മൂരിനിവര്‍ത്തി മെയ്വഴക്കത്തോടെ മുന്നോട്ട് ആയുകയാണ്, മരിയ പോപ്പോവ നിരീക്ഷിക്കുന്നു.


അങ്ങനെ, ഒട്ടു മിക്കവര്‍ക്കും മരണം എന്നത് ഒരു പരമമായ നിഷേധമാണ് (Negation). അതിനു ഒരു നിര്‍മമമായ നിശ്ശബ്ദതയുണ്ട്. തണുത്തുറഞ്ഞ ഒരു നിശബ്ദത. നമ്മുടെ അദ്ധ്വാനങ്ങളെയും അഭിനിവേശങ്ങളെയും എല്ലാം ഒറ്റയിരുപ്പില്‍ അത് തിന്നു തീര്‍ക്കും, ഏമ്പക്കം വിട്ടുറങ്ങും. ഓര്‍മ്മകളുടെ ഒരു ചില്ലലമാര പോലും ഒരുക്കാതെ മടങ്ങും. മനുഷ്യന്‍റെ സങ്കീര്‍ണ്ണതകളെ, ഗഹനതകളെ അത് ഒരു പിടി മണ്ണും ചാരവുമാക്കും. വിളക്കണഞ്ഞ് വഴിമുട്ടി ചലനമറ്റു പോകുന്ന വാഴ്വിന്‍റെ ഭീകരസീമ. ആധുനിക ലോകം ഈ ഭയത്തെ മറച്ചുപിടിക്കാന്‍ വെമ്പുന്നുണ്ട്, ഓരോ നിമിഷത്തെയും പിടിവിട്ടുകൊടുക്കാതെയിരിക്കാന്‍ ഒരു ഞെരിപിരി-വെപ്രാള ജീവിതശൈലിയില്‍ (ലൂയിസ് ബുഞ്ഞുവേലിന്‍റെ സാത്താന്‍ സ്തൂപവാസിയായ വിശുദ്ധ ശിമയോനോട് വിവരിക്കുന്നത് പോലെ radioactive fleshiness, ബ്യുങ് ചുല്‍ ഹാന്‍ ഈ hyperattentionലേക്ക് നമ്മുടെ ശ്രദ്ധക്ഷണിക്കുന്നുമുണ്ട്) നാം നമ്മെ തന്നെ തിരക്കുപിടിപ്പിക്കുകയാണ്. സമയപരപ്പിനു മേല്‍, പ്രവാഹത്തിനുമേല്‍ നമുക്കില്ലാത്ത അധി കാരം ഓരോ നിമിഷത്തിന്‍റെയും മേല്‍ നമുക്ക് ഉണ്ടെന്ന് സ്വപ്നം കാണുന്നു. ജീവിതചക്രത്തിന്‍റെ ഉരുണ്ടുകയറ്റത്തെ പ്രതിരോധിക്കാനായി നമ്മള്‍ നമ്മളെ തന്നെ ശിക്ഷിക്കുന്നപോലെയായി. ഒരു ഉദാഹരണത്തിന്, Revenge Bedtime Procrastination എന്തെന്ന് ഒന്ന് പരതിനോക്കൂ. അങ്ങനെ എന്തെല്ലാം സാമൂഹിക പരിണതികള്‍ ! നിത്യതയുടെ പ്രതീതികള്‍ തീര്‍ക്കാന്‍ നാം വിഫലമായി ശ്രമിക്കുകയാണ്. ഇംഗ്ലീഷുകാര്‍ക്ക് നിത്യതയെക്കുറിച്ചു അവബോധം ഇല്ലാത്തത്കൊണ്ടാണ് അവര്‍ ക്രിക്കറ്റ് കണ്ടുപിടിച്ചത് എന്ന് ശുദ്ധമായ ബ്രിട്ടീഷ് ഹ്യുമറില്‍ ഒരു വിദ്വാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇന്നിപ്പോള്‍ ടെസ്റ്റ് ക്രിക്കറ്റുകളുടെ നെടുനീണ്ട കാലം കടന്നു കുഞ്ഞോവറുകളുടെ ഹ്രസ്വ ഫോര്‍മാറ്റുകള്‍ വന്നിട്ടുണ്ട്. ആളും ആരവവും വേറെ. പക്ഷെ, എന്തൊക്കെ ചെയ്തിട്ടും സാന്ദ്രമായ മൗനം മാത്രം അങ്ങേത്തലയ്ക്കല്‍,Crickets!! മരണം ഒന്നും ഉരിയാടാതെ അവിടെയും തിരുകിക്കയറുന്നു, ആരുടെയും അനുവാദത്തിനു കാക്കാതെ. പറഞ്ഞു പറഞ്ഞു ക്രിക്കറ്റിനെ കുറിച്ചല്ല കേട്ടോ ഞാനിത് പറഞ്ഞത്.


മരണം ഇങ്ങനെ ഒരു കനത്ത നിഷേധം മാത്രമാണ് എന്ന ചിന്ത നമ്മുടെ കേവല ഭയത്തില്‍ നിന്നല്ല എന്ന് ആര് കണ്ടു? ജീവിതാവസാനം എന്നത് ഒരു ഉന്മൂലനം അല്ല, ഒരു വാതായനം ആണ്. ഇതാണ് ക്രിസ്തീയ പ്രത്യാശയുടെ സമര പ്രഖ്യാപനം: ദൈവിക നിറവിനെയും ദൈവൈക്യത്തെയും വെളിവാക്കുന്ന ഒരു തരണം ആണ് മരണം. മരിക്കുന്നത് നിര്‍ത്തുകയെന്നാല്‍ സ്നേഹത്തില്‍ നിത്യം ജീവിക്കുക എന്ന് തന്നെയാണ് അര്‍ഥം. നിതാന്തഭവനത്തിന്‍റെ വ്യാകരണമാണ് ജീവിതം (the grammar of perpetual becoming). തന്നോട് തന്നെ നിരന്തരം മരിച്ചുകൊണ്ടാണ് ഈ ഒരു നിത്യജീവനിലേക്കുള്ള പരിണാമം സാധ്യമാകുന്നത്. രണ്ടു വില്‍വളവുകള്‍ ഇവിടെ ഇടയുകയാണ്: കലുഷിതമായ പുറമനുഷ്യന്‍റെ ജീര്‍ണരേഖ, വിശ്രാന്തനായ അകമനുഷ്യന്‍റെ ജീവരേഖ. അതിനാല്‍ അന്ത്യശ്വാസം ഒരു ജന്മദിനത്തിന്‍റെ ആദ്യശ്വാസം തന്നെയാണ്. അലയടങ്ങാത്ത നമ്മുടെ ഭവനഭാവങ്ങള്‍ (the unrest of becoming) നിത്യഭവനത്തില്‍(eternal home) എത്തി വിശ്രമിക്കുന്ന കൈവല്യങ്ങള്‍ ആകുന്നു. അതുവരെ നമുക്ക് ഇവിടെ ഇടഭവനങ്ങള്‍ (eternal home) മാത്രമേ ഉള്ളൂ, പത്രോസ് ശ്ലീഹ പറയും(1 പത്രോ 2:11); ഇടയഭവനങ്ങള്‍ പോലെ പൊളിച്ചുനീക്കപ്പെടുന്ന ഇടഭവനങ്ങള്‍ (ഏശ 38:12). നമ്മുടെ നൈമിഷികതകളെ നാം ഇങ്ങനെയാണ് നിത്യതയില്‍ വിളക്കിച്ചേര്‍ക്കുന്നത്. സ്വന്തം മരണത്തെ അപരന്‍റെ ജീവപ്രമാണമായി മാറ്റുന്ന ഇടയഭാവത്തില്‍, പരസ്നേഹത്തിന്‍റെ ആ കര്‍മ്മകാണ്ഡത്തില്‍, ക്രിസ്താനുകരണത്തിന്‍റെ ആ കേനോട്ടിക്ക് പാരമ്യത്തില്‍ (2 കൊറി 4:12; കേനോസിസ്= സ്വയം ശൂന്യവല്‍ക്കരണം, ഫിലി 2:5-11). ഇതാണ് പെസഹാത്തരണം (the paschal passage), നിത്യതയുടെ പാരാവാരത്തെ നൈമിഷികതയുടെ കൈക്കുടന്നയില്‍ കോരിയെടുക്കുന്ന അതിവിസ്മയം. ഈ ഇടവാസം (sojourn/paroikos) പ്രത്യാശയുടെ തീര്‍ത്ഥാടക ഭാവം തന്നെയാണ്. ഫ്രാന്‍സിസ് പാപ്പയുടെ ലേഖനങ്ങളില്‍ പ്രത്യാശയുടെ കാവ്യകാരനായി പലയാവര്‍ത്തി കടന്നു വരുന്ന ഷാള്‍ പെഗി, മനുഷ്യന്‍റെ ഈ വിശേഷഭാഗ്യത്തെ futur de l'éternité même (നിത്യതയുടെ പോലും ഭാവി അഥവാ രണ്ടാം നിത്യത) എന്ന് വിശേഷിപ്പിക്കുന്നു. പ്രത്യാശയുടെ അപരനാമം ആണിത്.


ഇക്കുറി സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബേല്‍ പുരസ്ക്കാരം ലഭിച്ച മൂന്നുപേര്‍ ജോസഫ് ഷാംപെയ്റ്റര്‍ എന്ന ഒരു താത്വികന്‍റെ "gale of creative destruction" എന്നൊരു ആശയമാണ് ആധാരമാക്കിയത്. മാറ്റങ്ങള്‍ കൊടുങ്കാറ്റ് പോലെ വീശിയടിക്കും, പലതും തകിടം മറിയും, ചിലത് പിഴുതെറിയപ്പെടും, പക്ഷെ അങ്ങനെയാണ് അതിലൂടെയാണ് പുതുമകള്‍ പിറകൊള്ളുന്നതും. ഇതൊരു സാമൂഹിക-സാമ്പത്തിക സിദ്ധാന്തം മാത്രമല്ല. വിരസമെന്നു നാം മുദ്രകുത്തുന്ന ദൈനംദിനമായ ആവര്‍ത്തനങ്ങളൊക്കെയും കൃപയുടെ കൊടുങ്കാറ്റായി മാറാന്‍ കെല്‍പ്പുള്ളവയാണെന്ന് ഇത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. പെഗി പറഞ്ഞ നിത്യതയുടെ അനുദിനാവര്‍ത്തനങ്ങള്‍. ഷാംപെയ്റ്ററിന്‍റെ ഈ സിദ്ധാന്തത്തെ ശിവതാണ്ഡവത്തിന്‍റെ ഡമരുകനാദവുമായി വിളക്കി ചേര്‍ക്കുന്ന ഒരു സുന്ദരലേഖനം കഴിഞ്ഞദിവസം വായിക്കുകയായിരുന്നു. ജീവനും മരണവും തമ്മില്‍ കെട്ടിപ്പുണരുന്ന അനുദിന ജീവിതത്തിന്‍റെ വൃദ്ധിപഥങ്ങള്‍: അത് പ്രാക്തനമായ അനുഭവജ്ഞാനത്തില്‍ (generational knowledge) മാനവരാശിയുടെ നെഞ്ചില്‍ കോറിയിട്ടിരിക്കുന്നതാണ്. മരിക്കാതെ ഇന്ന് വരെ ആരും ജീവിച്ചിട്ടില്ല. ജീവിച്ചു തുടങ്ങിയാല്‍ പിന്നെ ഇനിയങ്ങോട്ട് നാം മരിക്കുന്നുമില്ല.


മരിക്കുന്നത് ഇനി നിര്‍ത്തി

ജയന്ത് മേരി ചെറിയാന്‍

കവര്‍സ്റ്റോറി, നവംബർ 2025

Nov 1

4

224

Recent Posts

bottom of page