

1
പഠിച്ച പള്ളിക്കൂടത്തിന്‍റെ വാര്‍ഷിക ആഘോഷമായിരുന്നു. കടലിരമ്പം കേള്‍ക്കാം. പ്രകൃത്യാ ബുദ്ധിയുടെ അനുപാതം തീരത്ത് ഉള്ളവര്‍ക്ക് കൂടുതലാണെന്ന് പഠനങ്ങളുണ്ട്. നക്ഷത്രങ്ങള്‍ പോലും മാഞ്ഞു പോകുന്ന രാവില്‍ ദിശ തെറ്റാതെ മടങ്ങിയെത്തുന്നു എന്നതിനെക്കാള്‍ ഭേദപ്പെട്ട സൂചന വല്ലോം വേണോ? ആ ബുദ്ധിയിലേക്കും ഉണര്‍വിലേക്കുമാണ് യേശു വന്നത്. കടലില്‍ പോകാനാവാത്ത കാലത്ത് അവര്‍ വലക്കണ്ണികളുടെ കേട് പരിഹരിച്ചു കൊണ്ടേയിരിക്കും.
പറഞ്ഞാ പിടുത്തം കിട്ടുന്ന ഒരു ക്ലാസ്സ് മുറിയെന്ന നിലയിലാണ് യേശു കടപ്പുറത്തേക്ക് വന്നത്. അല്ലാതെ നമ്മളില്‍ ചിലര്‍ കരുതുന്നത് പോലെ വിളുമ്പില്‍ പാര്‍ക്കുന്ന മനുഷ്യരോടുള്ള പ്രത്യേക അനുഭാവം കൊണ്ടല്ല. പിന്നീട് സംസാരിച്ച കെ. എസ് മനോജ് അതിനടിവരയിട്ടു. ഇതേ സ്കൂളിന്‍റെ പരിമിതികളില്‍ പഠിച്ച് ഡോക്ടറായി, പിന്നെ പാര്‍ലിമെന്‍റ് അംഗമൊക്കെയായി മാറിയ ആളാണ്. തീരത്തിലെ ഭക്ഷണരീതിയെ ബ്രെയിന്‍ ഡയറ്റെന്ന് വിശേഷിപ്പിക്കുന്നതും കേട്ടു. 115- വര്‍ഷമായി ഞങ്ങടെ പള്ളിക്കൂടത്തിന്, സെൻ്റ് തോമസ് ഹൈസ്കൂൾ തുമ്പോളി. നമ്മുടെ സാനുമാഷൊക്കെ ഇവിടെ പഠിച്ചതാണ്. തുളസിക്കതിരുപോലൊരു മനുഷ്യന്‍! നാരായണ ഗുരുദേവനൊക്കെ അദ്ദേഹത്തിന്‍റെ വീട്ടില്‍ വന്ന് പാര്‍ത്തിട്ടുണ്ട്.
2
എന്തായിരുന്നു കടപ്പുറം എന്ന പള്ളിക്കൂടത്തില്‍ യേശു കണ്ടെത്തിയ ആന്തരിക ഭംഗി? ഭൗതിക സാഹചര്യങ്ങളെയും ദൈവത്തെയും തമ്മില്‍ വേര്‍തിരിക്കാന്‍ പറ്റുന്ന ഒരു സ്പിരിച്വല്‍ ഇന്‍റലിജന്‍സ് ഈ തീരത്തുള്ളവര്‍ക്കുണ്ട്. എന്നാണ്. ഇത്രയും ദൈവത്തോട് പറ്റിനില്ക്കുന്ന, ദൈവത്തെ വിളിച്ചു ജീവിക്കുന്ന അധികം മനുഷ്യരൊന്നും ഭൂമിയിലെങ്ങുമില്ല.
പകരം ദൈവം എന്താണ് അവര്‍ക്ക് നല്കിയത്? ശാന്തമായ ഒരു രാവോ ജീവിതത്തിന്‍റെ അഭയമോ വിശ്രമമോ ഒന്നും ഒരുകാലത്തും തീരത്തുണ്ടായിരുന്നില്ല. മീന്‍കുട്ടയും അമ്മമാരും ഒരുദിവസം ഒരുമിച്ച് ചിതറി വീഴും. എന്നിട്ടും യേശുവെന്നൊക്കെ പറയുമ്പോള്‍ അവര്‍ക്ക് ആയിരം നാവായിരുന്നു.
കേരളത്തിലെ വലുതും പ്രധാനപ്പെട്ടതുമായ പള്ളികളൊക്കെ ഈ കടലോരങ്ങളിലാണ്. അര്‍ത്തുങ്കലും വെട്ടുകാടുമുള്‍പ്പടെയുള്ള പള്ളികള്‍. തങ്ങള്‍ക്ക് കിട്ടുന്ന മത്സ്യസമ്പത്തില്‍ നിന്ന് നേരെ കൊണ്ടുപോയി ഭണ്ഡാരത്തില്‍ കൊണ്ടുപോയി ഇട്ടുണ്ടാക്കിയ പള്ളികളാണ് അതൊക്കെ. ഇത്രയും ദൈവത്തില്‍ അര്‍പ്പിച്ച് ജീവിച്ചിട്ടും ദൈവം തങ്ങള്‍ക്ക് പകരമൊന്നും നല്കിയിട്ടില്ല എന്ന വ്യാകുലമോ പരിഭവമോ അവര്‍ക്കൊരിക്കലും ഉണ്ടായിരുന്നില്ല. അവര്‍ ഒന്നിനെതിരായിട്ടും പരാതിയോ പരിഭവമോ പറയുന്നില്ല. കാരണം പരാതി പറയുക എന്നത് ദൈവത്തിനെതിരായിട്ടുള്ള നിന്ദയാണെന്ന ബോധം എങ്ങനെയോ അവരുടെ ഉള്ളില്‍ താനേ പതിഞ്ഞിരുന്നു.
ഓഖി ദുരന്തത്തിന്‍റെ കാലമാണ്. അവിടെ ഉണ്ടായിരുന്ന ഒരു വൈദികന്‍ പറഞ്ഞത് ഇങ്ങനെയാണ്: രാത്രി മുഴുവന്‍ ഇങ്ങനെ കാത്തിരിക്കുകയാണ്. ആരും മടങ്ങിവന്നിട്ടില്ല. എന്നിട്ടും പുലരിയില്‍ പളളിമണികള്‍ മുഴങ്ങുമ്പോള്‍ ഇതേ മനുഷ്യര്‍- ഒന്നും കഴിക്കാത്ത, ഒരുപോള കണ്ണടയ്ക്കാത്ത മനുഷ്യര്‍- നേരെ പള്ളിയിലേക്ക് വരുന്നു. എന്നിട്ട് കുര്‍ബാനയ്ക്ക് മുട്ടുകുത്താനോ നില്ക്കാനോ എന്തിന് ഇരിക്കാന്‍പോലും ആരോഗ്യമില്ലാതെ പള്ളിയ്ക്കകത്ത് കുറുങ്ങനെയും വിലങ്ങനെയും കിടക്കുകയാണ്. യേശു കൈമാറുന്ന വിരുന്നിന്‍റെയൊക്കെ സത്ത അന്നാണ് പിടുത്തം കിട്ടിയത്! ഇത്രമേല്‍ ആഘാതം ജീവിതത്തിലുണ്ടായിട്ടും എങ്ങനെയാണ് മനുഷ്യര്‍ക്ക് വീണ്ടും പള്ളിയിലേക്ക് വരാന്‍ കഴിയുന്നത്? ജോബിന്‍റെ പുസ്തകത്തില്‍ പറയുന്ന ഒരു കാരണങ്ങളുമില്ലാതെ ദൈവത്തെ സ്നേഹിക്കുന്ന മനുഷ്യരുടെ ഗോത്രം അവസാനിക്കുന്നില്ല എന്നാണ് അവരിപ്പോഴും ലോകത്തോട് വിളിച്ചു പറയുന്നത്.

3
ഇനിയുമുണ്ട് തീരത്തുള്ളവര്‍ക്കുള്ള വാഴ്ത്ത്. ഇച്ഛാശക്തി, കണ്ടിട്ടില്ലേ ഇത്തിരിപ്പോന്ന കട്ടമരത്തില്‍ മനുഷ്യര്‍ കടലില്‍ പോയിട്ടുവരുന്നത്? ഒരു ചെറിയ തിരയില്‍ രണ്ടായി പിളര്‍ന്നു പോകാമായിരുന്ന, അത്രയും നിസ്സാരമായിട്ടുള്ള ഒന്നിന് മീതെ കടലില്‍ പോയിട്ടുവരുന്ന മനുഷ്യനോളം പേശീബലമുള്ള, ഇച്ഛാശക്തിയുള്ള തൊഴിലുകളൊന്നും നമുക്ക് പരിചയമില്ലെന്ന് തോന്നുന്നു. ഇച്ഛാശക്തി വളരെ പ്രധാനപ്പെട്ടതാണ്. ഓരോ സാഹചര്യങ്ങളെ അതിജീവിച്ചും ഓരോരോ കടമ്പകളെ കുറുകെ കടന്നും അവര്‍ക്കിനി ഭൂമിയുടെ അതിരുകളോളം പോകേണ്ടതുണ്ട്.
രണ്ട്, അവരുടെ ക്ഷമയാണ്. കല്ലില്‍ കൊത്തി വച്ച പ്രതിമ കണക്കെ കടല്‍പ്പാലത്തില്‍ മീന്‍പിടിക്കുന്ന മനുഷ്യരെയൊക്കെ കണ്ടിട്ടുണ്ട്. നിശ്ചലരായി മണിക്കൂറുകളോളം അവരങ്ങനെ അവിടെ. ചൂണ്ട കെട്ടിത്തന്ന ചേട്ടന്‍ ചോദിച്ച ചോദ്യം, നിനക്ക് ഇതിനൊക്കെയുള്ള ക്ഷമയുണ്ടോയെന്നായിരുന്നു! ധൃതിക്കാര്‍ക്ക് പറഞ്ഞിട്ടുളള പണിയല്ലത്. പൗലോസ് ശ്ലീഹാ പറയുന്ന ആ ദീര്‍ഘക്ഷമ സ്വഭാവിക വരപ്രസാദം കണക്കെ കിട്ടിയിട്ടുള്ള മനുഷ്യരാണ് അവര്‍.
അടിമുടി മറഞ്ഞു നില്‍ക്കുകയാണ് അവര്‍. ഏതെങ്കിലും തരത്തിലുള്ള, സോഷ്യല്‍ ആങ്സൈറ്റി കൊണ്ടല്ല, മനുഷ്യനെ അഭിമുഖീകരിക്കാനുള്ള ധൈര്യം ഇല്ലാത്തതുകൊണ്ടുമല്ല. അവരില്‍ അത് ആഴമായി പതിഞ്ഞിട്ടുള്ള കാര്യമാണ്. ചൂണ്ടയിടുന്ന നേരത്ത് നിഴലുപോലും വ െളളത്തില് പതിയാതിരിക്കാന്‍ ശ്രദ്ധിക്കണം. പുറകോട്ട് തലപിടിച്ചിട്ടാണ് നമ്മള്‍ ചൂണ്ടയിടുന്നത്. ഒരിടത്തും തങ്ങളുടെ പ്രസന്‍സ് വിസിബിള്‍ ആകാന്‍ ഇവര്‍ ആഗ്രഹിക്കുന്നില്ല. താല്പര്യപ്പെടുന്നില്ല.
യേശു ഉയിര്‍ത്ത പ്രഭാതത്തില്‍ അവന്‍റെ സമാധിയിലേക്ക് രണ്ടുപേര്‍ ഓടിപ്പോവുകയാണ്. പത്രോസും യോഹന്നാനും. പടങ്ങളിലൊക്കെ കാണുന്നത് പീറ്റര്‍ കുറച്ചുവൃദ്ധനും ജോണ്‍ വളരെ ചെറുപ്പക്കാരനുമായിട്ടാണ്. 14 നും 24 നും ഇടയില്‍ പ്രായമുള്ളവരാണവര്‍. ആ പ്രായത്തിലാണ് ഇത്തരം ചില കാര്യങ്ങളൊക്കെയായിട്ട് ചെറുപ്പക്കാര്‍ ബന്ധപ്പെട്ടുനില്ക്കാന്‍ ആഗ്രഹിക്കുന്നതും പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കുന്നതുമൊക്കെ..
ആദ്യം ഓടിയെത്തിയ മനുഷ്യന്‍റെ പേര് ജോണ്‍ എന്നാണ്. അയാളെന്താണ് ചെയ്തത്? സമാധിയിലേക്ക് പ്രവേശിക്കാതെ മാറിനിന്നു. എന്നിട്ട് പീറ്ററിനോട് അകത്തേക്ക് കടന്നു ചെല്ലാന്‍ പറയുന്നു. സ്വഭാവികമായും പീറ്റര്‍ ആ സമയത്ത് ഇങ്ങനെയായിരിക്കും പറഞ്ഞിട്ടുണ്ടാവുക. നീയല്ലേ ആദ്യം വന്നത്. നിനക്ക് അകത്തു കയറിക്കൂടെ? അപ്പോള്‍ എന്തായിരിക്കണം ജോണ്‍ പറഞ്ഞിട്ടുണ്ടാവുക? എന്നെങ്കിലുമൊക്കെ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തപ്പെടുമ്പോള്‍ ജ്യേഷ്ഠാ നിങ്ങളുടെ പേര് അതിനകത്തുണ്ടാകണം. എന്നിട്ട് അയാള്‍ കുലീനമായി പിന്തിരിഞ്ഞു നടക്കുകയാണ്. ജോണിനെ ആധാരമാക്കിയുള്ള പുസ്തകം പറയുന്നത് ആ ഒരു ഒറ്റ സംഭവത്തിലൂടെ ജോണ്‍ എങ്ങനെയാണ് സഭയുടെ വിസിബിള്‍ ചരിത്രത്തില്‍ നിന്ന് പിന്‍വാങ്ങി തന്‍റെ തന്നെ ധ്യാന കുടീരങ്ങളിലേക്ക് മാറിപ്പോയതിന്‍റെ സൂചനയെന്നാണ്.
ഒന്നിനോടും തര്‍ക്കമില്ലാതെ പിന്‍വാങ്ങുക. കരുത്തും ബലവുമുള്ള മനുഷ്യര് ഭംഗിയായി പിന്മാറാന്‍ കഴിയുന്ന മാനസികാവസ്ഥ അവരില്‍ കൃത്യമായി ആഴപ്പെട്ടിട്ടുണ്ട്. കാലം പോകെ ഇതേ പത്രോസ് ഇങ്ങനെ പിന്‍വാങ്ങുന്നതായി ഒക്കെയുള്ള ചില സൂചനകള്‍ ഉണ്ട്. പത്രോസ് പിന്‍വാങ്ങുമ്പോഴാണ് ഡോഗ്മാറ്റിക് ആയി കാര്യങ്ങള്‍ പഠിപ്പിക്കുകയും പഠിക്കുകയുമൊക്കെ ചെയ്തുകൊണ്ടിരുന്ന പൗലോസൊക്കെ മുന്‍നിരയിലേക്ക് വരുന്നത്.
എന്തിനകത്തു നിന്നും ഒരു നിഴല്‍പോലും ചിത്രത്തില്‍ പതിയരുതെന്ന ആഗ്രഹിച്ച് പിന്‍വാങ്ങുന്ന മനുഷ്യര്‍. എല്ലാ അര്‍ത്ഥത്തിലും നല്ലതുപോലെ ഒരുങ്ങിയ വയലായിരുന്നു കടലോരം. ആ കടലോരത്താണ് ഭൂമിയിലെ ഏറ്റവും നല്ല വിതക്കാരന്‍ തന്‍റെ വിത്തുമായി കടന്നുവന്നത്.
4
അവരോടാണ് അവന്‍ ആ കവിത പറഞ്ഞത്: വരൂ നമുക്ക് മനുഷ്യരെ പിടിക്കാം അതിലേക്കാണ് ലോകത്തുള്ള എല്ലാ അര്‍ത്ഥികളെയും മുതിര്‍ന്നവര്‍ പ്രകാശിപ്പിച്ചെടുക്കേണ്ടത് മനുഷ്യനോടുള്ള കരുണയ്ക്ക് അനവധിയായ ജാലകങ്ങള്‍ തുറക്കപ്പെടുന്നു. മനുഷ്യരില്‍ ഇന്‍വെസ്റ്റ് ചെയ്യുക എന്നതാണ് അതിന്‍റെ ശരി. അവനുവേണ്ടി പുതിയ ആകാശവും പുതിയ ഭൂമിയും കിനാവ് കാണുകയാണ് ശരിയായ ജീവിത ധര്‍മ്മം.
പൊട്ടിയ വലക്കണ്ണികള്‍ ചേര്‍ത്തെടുക്കുന്ന മനുഷ്യര്‍ക്ക് ലോകത്തെ ഇങ്ങനെ ഒറ്റയായി കാണാനുള്ള കഴിവുണ്ട്. യേശു പറയുന്നത് പോലെ ഒരു തൊഴുത്ത് കണക്കെയുളള മാനസിക വികാസമുള്ളവരാണ് അവരെല്ലാം. സുവിശേഷം അവസാനിക്കുമ്പോള്‍ നാം വായിച്ചുകേള്‍ക്കുന്നത് ഇങ്ങനെയാണ്:
നൂറ്റിയമ്പത്തിമൂന്ന് മത്സ്യങ്ങള്‍ കുടുങ്ങിയിട്ടും വലക്കണ്ണികള്‍ പൊട്ടിയിട്ടില്ല. അന്നത്തെ ഒരു സാഹചര്യത്തില്‍ പരിചയമുള്ള മത്സ്യങ്ങളുടെ സ്പീഷ്യസിന്‍റെ എണ്ണമാണത് എന്ന അനുമാനമുണ്ട്. എല്ലാത്തരം മത്സ്യങ്ങള്‍ ഉണ്ടായിട്ടും പൊട്ടാത്ത വലയ്ക്കുവേണ്ടി കണ്ണികള്‍ കൂട്ടി യോജിപ്പിക്കുന്ന മനുഷ്യരെത്തന്നെയാണ് ഇപ്പോഴും അവന്‍ തിരയുന്നത്.
പള്ളിക്കൂടം
ബോബി ജോസ് കട്ടികാട്
അസ്സീസി മാസിക, നവംബർ 2025
























