top of page

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

  • Writer: പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
    പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
  • Feb 1
  • 4 min read

13

കമ്മ്യൂണിസ്റ്റ് സാഹസം

Sketch of a house with a tin roof surrounded by palm trees and grass. A person sits outside, creating a peaceful rural scene.

ബ്രാഞ്ച് തലത്തിലുള്ള രഹസ്യ അപഗ്രഥന മീറ്റിങ്ങില്‍ തലയാഴം ഭാഗങ്ങളില്‍ പാര്‍ട്ടിക്ക് ധാരാളം അനുഭാവികളുണ്ടെങ്കിലും അംഗങ്ങള്‍ക്ക് വേണ്ടത്ര വര്‍ഗ്ഗബോധമില്ലെന്നും വര്‍ഗ വൈരികളായ ജന്മികളെ ഒറ്റപ്പെടുത്തുന്നതിലും അവരുടെ തൊഴിലാളിവര്‍ഗ്ഗ ദ്രോഹ നടപടികളെ എടുത്തുകാട്ടി എതിര്‍ക്കുന്നതിലും പ്രാദേശിക നേതൃത്വം വിജയിച്ചിട്ടില്ലെന്നും വിമര്‍ശിക്കപ്പെട്ടു.


സമൂഹത്തെ വര്‍ഗ്ഗ വല്‍ക്കരിക്കാനും യഥാര്‍ത്ഥ ചൂഷകരെ പുറത്തു കൊണ്ടുവരാനും സാമ്പത്തിക അസമത്വങ്ങളെ അടിസ്ഥാനമാക്കി എതിര്‍പ്പുകള്‍ ഉരുവാക്കണമെന്ന് പാര്‍ട്ടി തീരുമാനിച്ചു. ചൂഷിതരുടെയും ആക്രമിക്കപ്പെടുന്നവരുടെയും സംരക്ഷകരായി പാര്‍ട്ടി സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് അക്രമ മാര്‍ഗ്ഗത്തിലൂടെ പ്രചരിപ്പിക്കണമെന്നും തീരുമാനമുണ്ടായി. ലോക്കല്‍ കമ്മിറ്റിയുടെ നിരീക്ഷണത്തില്‍ ഒരു കര്‍ഷകനും അതിലുപരി വളര്‍ന്നുവരുന്ന ഒരു വ്യാപാരിയുമായ കൊച്ചുതോമായെ ശല്യം ചെയ്താല്‍ പാര്‍ട്ടിക്ക് ശക്തനായ ഒരു പ്രതിയോഗിയെ കിട്ടുമെന്ന് കരുതി. തുടര്‍ന്ന്, മുഖ്യ നേതാക്കള്‍ മാത്രം പങ്കെടുത്ത യോഗത്തില്‍ കൊച്ചുതോമയുടെ കൊപ്രാക്കളത്തിന് തീവയ്ക്കുവാന്‍ തീരുമാനമായി. വര്‍ഗ്ഗ വിധേയത്വം സംശയിക്കപ്പെട്ട പ്രസാദിനെ തന്നെ അതിനുള്ള പടയാളിയുമാക്കി.


കൊച്ചുതോമായുടെ ഉരുളന്‍ തേങ്ങ വ്യാപാരം വീടിനോട് ചേര്‍ന്നുള്ള വിശാലമായ പറമ്പിലാണ് ചെയ്തിരുന്നത്. എന്നാല്‍, തിരുവ് തേങ്ങയും മറ്റു കിളിര്‍ത്ത് കിഴക്കന്‍ തേങ്ങായുമെല്ലാം ആറിന് അക്കരയുള്ള ചിറ നികത്തിയെടുത്ത കളത്തിലാണ് വെട്ടി ഉണക്കുന്നത്. വെയിലു കൊണ്ടാല്‍ മാത്രം തേങ്ങ ഉണങ്ങില്ല, പ്രത്യേകിച്ചും തടിയന്‍ തേങ്ങ. അതുകൊണ്ട് തട്ട് ഉള്ള ബോര്‍മ്മയുടെ (തീപ്പുര) മേല്‍തട്ടില്‍ ഉണങ്ങാത്ത തേങ്ങാമുറി ഇട്ട് അടി യില്‍ ചിരട്ട അടുക്കി തീയിട്ടു ചൂടു കൊള്ളിക്കും.

നിലാവില്ലാത്ത ഒരുനാളാണ് പ്രസാദ് തന്‍റെ കടമ ചെയ്യുവാനായി തെരഞ്ഞെടുത്തത്. കൊച്ചുതോമായുടെ തേങ്ങാക്കളം വെള്ളത്താല്‍ ചുറ്റപ്പെട്ട ഒരു ദ്വീപായിരുന്നു. അതിനാല്‍ നീന്തിയോ വള്ളത്തിലോ മാത്രമേ പോകുവാന്‍ സാധിക്കുമായിരുന്നുള്ളു. കടത്ത് കടവില്‍ കെട്ടിയിട്ടിരുന്ന കൊച്ചുവള്ളം തുഴഞ്ഞ് കളത്തില്‍ എത്തി. ബോര്‍മയ്ക്കുള്ളില്‍ നിന്ന് തീക്കനല്‍, ചിരട്ട കൊണ്ട് കോരിയെടുത്ത് ബോര്‍മ മേഞ്ഞിരുന്ന ഓലകള്‍ക്കിടയിലേക്ക് തിരികി വെച്ചു. വള്ളം തുഴഞ്ഞ് കടത്ത് കടവില്‍ എത്തുന്നതിനു മുന്‍പേ ബോര്‍മ്മയ്ക്ക് തീ പിടിച്ചു.


ബോര്‍മ്മയ്ക്ക് മേല്‍ തീ പടരുന്നത് സേവ്യര്‍ ആണ് ആദ്യംകണ്ടത്. അവന്‍ അയ്യോ കൊട്ടി. അടുത്ത നിമിഷം കൊച്ചുതോമായും പരിവാരങ്ങളും വള്ളങ്ങളില്‍ പറന്നുചെന്ന് തീ കെടുത്തി. ബോര്‍മ്മ യുടെ ഒരു ചെറിയ ഭാഗം മാത്രമേ കത്തിയൊള്ളു. തേങ്ങ ഒന്നുംപോലും കരിയുകയുണ്ടായില്ല.


തീ പിടിക്കുന്നതിന് അല്പം മുമ്പാണ് കൊച്ചു തോമ തേങ്ങാക്കളത്തിലേക്ക് എത്തിനോക്കിയത്. അപ്പോള്‍ ഒരു കൊച്ചു വള്ളം പുറത്തേക്ക് പോകുന്നത് അയാള്‍ കണ്ടിരുന്നു. എല്ലാവരും തീ കത്തിയതിന്‍റെ കാരണങ്ങള്‍ അന്വേഷിക്കുന്നതിനു മുമ്പെ കൊച്ചുതോമ പൊന്നനെ ശകാരിച്ചു, "ചിരട്ട അധികമായിവെച്ചതുകൊണ്ടാണ് തീ ആളിയത്. സൂക്ഷിച്ചു ചെയ്യേണ്ട കാര്യങ്ങള്‍ സൂക്ഷിച്ചു തന്നെ ചെയ്യണം."

തീ കത്തിയതില്‍ ചതി എന്തോ നടന്നതായി കൊച്ചുതോമായ്ക്ക് തോന്നിയെങ്കിലും അത് പുറത്ത് കാണിച്ചില്ല. പോലീസില്‍ പരാതിപ്പെട്ടാല്‍ ആരെല്ലാം തല്ലു കൊള്ളുമെന്ന് കൊച്ചുതോമായ്ക്ക് ഏകദേശ രൂപം ഉണ്ടായിരുന്നു.


സംഭവം നടന്ന ഉടനെ പ്രസാദും മറ്റ് നേതാക്കളും ഒളിവില്‍ പോയി. നാട്ടില്‍ ഇതൊരു സംഭവമേ ആയില്ലെന്നറിഞ്ഞപ്പോഴാണ് അവരെല്ലാം വൈക്ലബ്യത്തോടെ പുറത്തുവന്നത്. ഒരു ചര്‍ച്ചാ വിഷയം ഉണ്ടാക്കുന്നതില്‍ പരാജയപ്പെട്ടതില്‍ പ്രസാദിന്‍റെ തന്ത്രത്തെ അവര്‍ കുറ്റപ്പെടുത്തി. ചൂട്ടുകെട്ടോ തീപ്പന്തമോ ഉപയോഗിച്ചിരുന്നുവെങ്കില്‍ ശത്രുക്കളാണിത് ചെയ്തതെന്ന് വരുത്തി തീര്‍ക്കുവാന്‍ സാധിക്കുമായിരുന്നു. എല്ലാവരുടെയും കുറ്റപ്പെടുത്തലുകള്‍ പ്രസാദിനെ ദുഃഖിപ്പിച്ചില്ല, എന്നാല്‍ പരാജയപ്പെട്ടതില്‍ ദുഃഖം തോന്നി. പാര്‍ട്ടി കൊടുക്കുന്ന അടുത്ത അവസരത്തിനായി പ്രസാദ് കാത്തിരുന്നു.


നാട്ടുരാജാവെന്ന് അംഗീകരിക്കപ്പെട്ടിരുന്ന മേക്കാട്ട് തിരുമേനിയുടെ കുട്ടിപ്പട്ടാളത്തലവന്‍ കരുണാകരന്‍ കൊല്ലപ്പെട്ടത് അതിന് അവസരമൊരുക്കി. നാട്ടിലെ പ്രശ്നങ്ങള്‍ക്ക് തീര്‍പ്പ് കല്‍പ്പിക്കുന്നതിനും പാട്ട കുടിശ്ശിക പുതുക്കി നിശ്ചയിക്കുന്നതിനുമെല്ലാം അധികാരം മേക്കാട്ട് തമ്പുരാക്കന്മാര്‍ക്കായിരുന്നു. ഇപ്പോഴത്തെ തമ്പുരാന്‍ കാര്യ ഗൗരവം കൊണ്ടും പ്രായോഗിക ജ്ഞാനം കൊണ്ടും മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനായിരുന്നു. പൊതുജനങ്ങളെ കഷ്ടപ്പെടുത്തി സമ്പാദിക്കുന്നതിനേക്കാള്‍ പ്രോത്സാഹിപ്പിച്ച് ഉല്പാദനം കൂട്ടുന്നതിലായിരുന്നു തമ്പുരാന്‍റെ ശ്രദ്ധ. കാലത്തിനനുസരിച്ച് തമ്പുരാന്‍ മാറിയെങ്കിലും സേവകന്മാര്‍ മാറിയില്ല. അവര്‍ക്ക് തമ്പുരാന്‍ പിടിപ്പില്ലാത്തവനും പേടിത്തൊണ്ടനുമായിരുന്നു. എന്നാല്‍ കാര്യപ്രാപ്തിയുള്ള മുന്‍ഗാമികളെക്കാള്‍ പാട്ടവും മറ്റു വരുമാനങ്ങളും ഇപ്പോഴത്തെ തമ്പുരാന് കിട്ടിക്കൊണ്ടിരുന്നു. മാത്രമല്ല നാട്ടില്‍ സമാധാനവും നിലനിന്നു. പക്ഷേ നാട്ടില്‍ സമാധാനം നിലനിന്നാല്‍ നാട്ടുപ്രമാണിക്കെന്തു സ്ഥാനം. സേവകന്മാര്‍ ചെറിയ ചെറിയ പ്രശ്നങ്ങള്‍ ഊതിപെരുപ്പിച്ച് വലിയ വലിയ ശിക്ഷ പാവപ്പെട്ട ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. ഭയമാണ് ബഹുമാനത്തിനടിസ്ഥാനം എന്ന് തമ്പുരാന് അറിയാമോ ഇല്ലയോ സേവകര്‍ക്ക് അറിയാമായിരുന്നു.


ഒരു നാള്‍ കള്ളും കുടിച്ച് പാട്ടുംപാടി വീട്ടിലേക്കു പോവുകയായിരുന്നു കരുണാകരന്‍. വീടിനടുത്തുള്ള ഇടവഴിയില്‍ വെച്ച് അയാളെ ആരോ കുത്തിമലര്‍ത്തി. കരുണാകരന്‍ കൊല്ലപ്പെട്ട ഏകദേശം അതേ സമയത്ത് ഇടവഴിയില്‍ നിന്ന് പ്രസാദ് വരുന്നത് കണ്ട പലരും ഉണ്ടായിരുന്നു. മുമ്പ് കരുണാകരനുമായി കമ്മ്യൂണിസ്റ്റുകാര്‍ പലസമയത്തും പരസ്യമായി കോര്‍ത്തിട്ടുണ്ട്. അതിനാല്‍ ഇത് അവര്‍ തന്നെയാണ് ചെയ്തതെന്ന് നാട്ടുകാര്‍ വിധിയെഴുതി. പ്രസാദിന് ഒറ്റയ്ക്ക് കരുണാകരനെ വീഴ്ത്താനാവില്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ട് കൂട്ടത്തില്‍ ഉണ്ടായിരുന്നവരുടെ എണ്ണം കൂട്ടിക്കൊണ്ടിരുന്നു. ഓരോരുത്തരും അവരവര്‍ക്ക് വേണ്ടപ്പെട്ടവരെ ഒഴിവാക്കി പകരക്കാരെ ചേര്‍ത്ത് പട്ടിക തയ്യാറാക്കി.


പ്രസാദും പാര്‍ട്ടി നേതൃത്വവും പ്രസാദിന്‍റെ കൂടെ സാധാരണ കാണാറുള്ള യുവ സഖാക്കളുമെല്ലാം ഒളിവില്‍ പോയി. പിടികൊടുക്കാന്‍ മടിയുള്ളതുകൊണ്ടോ പോലീസിന്‍റെ മര്‍ദ്ദനം ഭയക്കുന്നത് കൊണ്ടോ ഒന്നുമല്ല, മറിച്ച് പോലീസ് പ്രതികള്‍ക്കായി നാട്ടില്‍ കേറി ഇറങ്ങുമ്പോള്‍ പാവപ്പെട്ടവര്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ തയ്യാറുള്ള പാര്‍ട്ടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് സമൂഹത്തിന് മനസ്സിലാകും എന്ന് കരുതിയാണ്. ഈ കൊലപാതകത്തില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ലെന്ന് പാര്‍ട്ടിക്കാര്‍ക്കെല്ലാവര്‍ക്കും അറിയാമായിരുന്നു. എന്നാല്‍ പാര്‍ട്ടിക്കുമേല്‍ അത് ആരോപിക്കപ്പെട്ടപ്പോള്‍ അതും പാര്‍ട്ടി പ്രചാരണത്തിനുള്ള ആയുധമാക്കി.

കൊച്ചുത്രേസ്യാക്കുട്ടി അടുക്കളയിലെ പണിയെല്ലാം തീര്‍ത്ത് കിടക്കാനുള്ള പുറപ്പാടിലായിരുന്നു. ചട്ടിയില്‍ ചാരം വാരി പുറത്തേക്ക് വരുമ്പോഴാണ് "ചേടത്തീ" എന്ന പ്രസാദിന്‍റെ വിളി കേട്ടത്. കൊച്ചുത്രേസ്യാക്കുട്ടി ഭയന്ന് വിറച്ചു പോയി. 'പോലീസ് വരുന്നുണ്ടോ?"


'ഇല്ല. ഇവിടെ തട്ടും പുറത്ത് എവിടെയെങ്കിലും ഒളിച്ചോട്ടെ?" പ്രസാദ് കെഞ്ചി.

"നേരെചൊവേ ആഹാരം കഴിക്കാതെ, കുളിയും തേവാരവും ഇല്ലാതെ, ഇതെന്തൊരു ജീവിതമാണ്?" കൊച്ചുത്രേസ്യകുട്ടി ഓര്‍ത്തു. വെള്ളത്തില്‍ നിന്ന് വാരിയ ചോറില്‍ ഉപ്പ് തെളിച്ച് മാങ്ങാ അച്ചാറും, അതില്‍ അന്ന് പറ്റിച്ച മീനിന്‍റെ രണ്ട് കഷണവും വെച്ച്, പ്രസാദിന്‍റെ കയ്യില്‍ കൊടുത്തു. പ്രസാദ് വലിച്ചുവാരി കഴിക്കുമ്പോള്‍, കൊച്ചുത്രേസ്യാക്കുട്ടി, അവന് ഒളിച്ചു താമസിക്കുവാന്‍ പറ്റിയ സ്ഥലത്തെ കുറിച്ച് ചിന്തിക്കുകയായിരുന്നു.

'പ്രസാദേ, അക്കരയ്ക്ക് നീന്തിക്കോ, നീ തീയിട്ട തീപ്പുരയുടെ ബാക്കി ഇപ്പോഴും അവിടെയുണ്ട്."

പ്രസാദ് അമ്പരന്നു പോയി, 'ചേടത്തി ഇതെങ്ങനെ..?"

"എന്‍റെ മടിയിലേക്കല്ലേ നാരായണി നിന്നെ പെറ്റിട്ടത്."

ആറിനു കുറുകെ അഞ്ചു തവണ നിര്‍ത്താതെ നീന്തിയാലും പ്രസാദ് മടുക്കത്തില്ലെന്ന് കൊച്ചു ത്രേസ്യാക്കുട്ടിക്ക് അറിയാം. "രാത്രിയില്‍ ചോറും കറിയും വിറക് ചാപ്പറയില്‍ മടലിട്ടിരിക്കുന്നിടത്ത് വെച്ചേക്കാം. നല്ലപോലെ ഇരുട്ടിയിട്ടെ വരാവൂ".


കൊച്ചുത്രേസ്യാക്കുട്ടി കതകടച്ചു കിടക്കാന്‍ പോയി. പ്രസാദ് വസ്ത്രം അഴിച്ച് മുണ്ടില്‍ പൊതിഞ്ഞ് തലയില്‍ കെട്ടി, ശബ്ദമുണ്ടാക്കാതെ നീന്തി. അത്താഴം മാത്രം സുഭിക്ഷമായി കഴിച്ച് കരിയാറിന് കുറുകെ നീന്തി മൂന്ന് നാള്‍ ഉപേക്ഷിക്കപ്പെട്ട തീപുരയില്‍ പ്രസാദ് ഒളിവില്‍ കഴിഞ്ഞു. മൂന്നാം നാള്‍ രാത്രി, വിറക് ചാപ്പറയില്‍ നിന്ന് ഒരു ആള്‍ രൂപം കടവിലേക്ക് ഇറങ്ങി നീന്തിപ്പോകുന്നത് പൈലി കണ്ടു. ഭയന്നുവിറച്ച് പൈലി അടുക്ക ളയിലേക്ക് ഓടിക്കയറി, "അറുകുല, അറുകുല." പൈലി ഉച്ചത്തില്‍ ഉഴറി.


എല്ലാവരും ഓടി വന്നു. "അറുകുല ആറ്റിലേക്ക് ഇറങ്ങിപ്പോയി." കുട്ടികളെല്ലാം ഭയന്നു വിറച്ചു. യക്ഷിക്കഥകള്‍ യഥാര്‍ത്ഥത്തില്‍ നടക്കുന്നതു പോലെയാണ് എല്ലാവരും പറയാറ്. അങ്ങനെ ആരോ ഉണ്ടാക്കി പറഞ്ഞ കഥയിലെ നായകനാണ് അറുകുല. കൊച്ചുതോമയുടെ പുരയിടത്തിന്‍റെ തെക്കുപടിഞ്ഞാറെ മൂലയില്‍ നില്‍ക്കുന്ന പാല മരത്തില്‍ നാല് യക്ഷികളും ഒരു രക്തരക്ഷസും താമസം ഉണ്ട്. ഈ കഥയിലെ നായകന്‍, അറുകുല ചില വിശേഷനാളുകളില് അക്കരയില്‍നിന്ന് ആറു നീന്തി വന്ന്, പാലയില്‍ വസിക്കുന്ന യക്ഷികളെയും രക്തരക്ഷസിനേയും കണ്ടു മടങ്ങും. പൈലിക്ക്, അത് അറുകുല തന്നെയാണെന്നതില്‍ യാതൊരു സംശയവും ഇല്ലായിരുന്നു. പ്രസാദിന് ദൈവ ങ്ങളില്‍ മാത്രമല്ല, അറുകുലയിലും യക്ഷിയിലും ചെകുത്താന്‍മാരിലും ഒന്നും വിശ്വാസമില്ലാതിരു ന്നതുകൊണ്ട്, ഒന്നിനേയും ഭയന്നുമില്ല.


പൈലിയെ എല്ലാവരും ചേര്‍ന്ന് ആശ്വസിപ്പിച്ചെങ്കിലും പൈലിയുടെ പേടി അല്പം പോലും കുറഞ്ഞില്ല. അവസാനം ജോസഫിനെയും സേവ്യറിനെയും പൈലിയെ വീട്ടില്‍ കൊണ്ടാക്കാന്‍ നിര്‍ബന്ധിച്ചു. മൂന്നുപേര് ചേര്‍ന്നാണ് പോകുന്നതെങ്കിലും എല്ലാവര്‍ക്കും പേടിയുണ്ടായിരുന്നു. വീട് അടുത്താണെങ്കിലും ചൂട്ടു കത്തിച്ചു കൊണ്ടാണ് പോയത്. തീ കണ്ടാല്‍ പ്രേതപ്പിശാചുക്കള്‍ അടുക്കില്ല. പോരാത്തതിന് ഒരു കൊന്തയും കയ്യിലെടുത്തു.


കൊച്ചുത്രേസ്യാക്കുട്ടി അതിരാവിലെ എഴുന്നേറ്റ്, കൊച്ചു വള്ളത്തില്‍ നേരെ അക്കരയ്ക്ക് വന്നു. വെളുക്കപ്പുറത്ത് കൊച്ചുത്രേസ്യാക്കുട്ടി വരുന്നത് കണ്ടപ്പോഴേ ഏതോ അപകടം ഉണ്ടെന്ന് പ്രസാദിന് മനസ്സിലായി. കൊച്ചുത്രേസ്യാക്കുട്ടി വള്ളമടുപ്പിച്ചതും പ്രസാദ് വള്ളത്തേല്‍ കയറിയതും ഒപ്പമായിരുന്നു. 'പൈലി നിന്നെ കണ്ടിട്ടുണ്ട്. ഇപ്പോള്‍ നീ ഭയപ്പെടേണ്ട. അറുകുലയാണെന്നാണ് അവന്‍ വിചാരിച്ചിരിക്കുന്നത്. പോലീസ് അത് വിശ്വസിക്കത്തില്ല. അവരറിയാന് കുറച്ചു സമയമെടുക്കും." പ്രസാദ് അപ്പോള്‍ തന്നെ അവിടെ നിന്ന് കടന്നു.


പൈലി പനിപിടിച്ച് കിടപ്പായി. പൈലി അറുകുലയെ കണ്ടത് നാട്ടില്‍ മുഴുവന്‍ പാട്ടായി. അറുകുലയുടെയും രക്തരക്ഷസിന്‍റെയും പുതിയ കഥകള്‍ പിറന്നു. അങ്ങനെ അവകളിലുള്ള വിശ്വാസം ദൈവവിശ്വാസത്തെക്കാള്‍ അധികമായി. കൊച്ചുത്രേസ്യാക്കുട്ടി മുന്‍കൂട്ടി കണ്ടതുപോലെ, അടുത്തനാള്‍ രാവിലെ പോലീസ് അക്കരക്കളം വളഞ്ഞു.

അവള്‍ അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു

പ്രൊഫ. ജോര്‍ജ് ജോസഫ് എം

അസ്സീസി മാസിക, ഫെബ്രുവരി 2026

bottom of page