
03
വര്‍ദ്ധിച്ചു വരുന്ന വിശ്വാസം

തേങ്ങ എല്ലാം മൂപ്പനുസരിച്ചും മുഴുപ്പനുസരിച്ചും തരംതിരിച്ചു. എല്ലാവര്‍ക്കും നല്ലതുപോലെ തേങ്ങ തിരിയുവാന്‍ അറിയാമെങ്കിലും ആദ്യമായി കയറ്റുന്നത് കൊണ്ട് എപ്പോഴും എല്ലാവര്‍ക്കും സംശയം ആയിരുന്നു. കൊച്ചുതോമ എല്ലാവരുടെയും സംശയം ഒരേ ഒരു വാക്കില്‍ തീര്‍ത്തു, "നല്ലതു മാത്രം. തേങ്ങയെല്ലാം ഏകദേശം ഒരേ മേനിയായിരി ക്കണം."
മൊത്തം ഇരുന്നൂറ് ചാക്കുകള്‍. കൊച്ചുതോമ ആലോചിച്ചു, ഇരട്ടസംഖ്യ ആണല്ലോ, പോരാത്തതിന് പൂര്‍ണ്ണസംഖ്യ. ഒരു ചാക്ക് കൂടെ നിറയ്ക്കുവാന്‍ കൊച്ചുതോമ ആവശ്യപ്പെട്ടു.
പാപ്പി കൊച്ചുതോമായോട് ചോദിച്ചു, "ചാക്ക് കയറ്റട്ടെ." കൊച്ചുതോമ മറുപടി പറഞ്ഞു, "എല്ലാവരും ഇങ്ങോട്ട് വാ, പ്രാര്‍ത്ഥിക്കാം."അച്ചന്‍ വെഞ്ചരിച്ചു കൊടുത്ത മെഴുകുതിരി രൂപത്തിങ്കല്‍ കത്തിച്ചു വച്ചു. നേരത്തെ തയ്യാറാക്കിയ പരിപാടി മാതിരി കൊച്ചുത്രേസ്യാക്കുട്ടി കുട്ടികളെയെല്ലാം കൂട്ടിക്കൊണ്ട് വന്നു. "മക്കളെ, നന്നായിട്ട് പ്രാര്‍ത്ഥിച്ചോ." മുതിര്‍ന്ന പിള്ളേര്‍ക്ക് എന്തിനാണ് ആ നേരത്ത് പ്രാര്‍ത്ഥിക്കുന്നതെന്ന് മനസ്സിലായില്ല. കൊച്ച് കുഞ്ഞുങ്ങള്‍ക്ക് എന്താണ് പ്രാര്‍ത്ഥന എന്നും മനസ്സിലായില്ല. എല്ലാവരും സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് ഇരിക്കാറുള്ള ഇടങ്ങളില്‍ പോയിരുന്നു. "എല്ലാവരും മുട്ടിന്മേല്‍ നില്‍ക്ക്." പിള്ളേരോടാണ് പറഞ്ഞതെങ്കിലും, ക്രിസ്ത്യാനികളായ പണിക്കാരെല്ലാവരും വരാന്തയില്‍ മുട്ടിന്മേല്‍ നിന്നു. അതിന്‍റെം പിറകില്‍ മടക്കി കുത്ത് അഴിച്ചിട്ട് മറ്റുള്ളവരും ഭക്തി പുരസരം നിന്നു. ജപമാലചൊല്ലി തീര്‍ന്നപ്പോള്‍ പ്രാര്‍ത്ഥനതീര്‍ന്നു എന്ന് എല്ലാവരും കരുതി. എന്നാല്‍ എത്രയും ദയയുള്ള മാതാവേ എന്ന ജപം തീര്‍ന്നയുടന്‍ കൊച്ചുത്രേസ്യാക്കുട്ടി തിരുഹൃദയത്തോടുള്ള പ്രാര്‍ത്ഥന ആരംഭിച്ചു. ജോസഫ് അസ്വസ്ഥനായി, ജോസഫ് ആണ് ആദ്യം ഇരുന്നത്. പിറകെ പണിക്കാര്‍ ഓരോരുത്തരായി ഇരുന്നു. എന്നാല്‍ ആരും ഭക്തിയില്‍ മായം ചേര്‍ത്തില്ല. കൊച്ചുതോമയും കൊച്ചുത്രേസ്യാക്കുട്ടിയും മുട്ടിന്മേല്‍ നിന്ന പടിയെ നിന്ന് പ്രാര്‍ത്ഥന തുടര്‍ന്നു. എത്രയും ദയയുള്ള മാതാവേ എന്ന ജപം വീണ്ടും ചൊല്ലി, ശൗര്യയാര് പുണ്യാവാളാ, ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ, കാവല്‍ മാലാഖമാരെ കാത്തു കൊള്ളണമേ എന്ന് ഉറക്കെ പ്രാര്‍ത്ഥിച്ചുകൊണ്ട് പ്രാര്‍ത്ഥന അവസാനിപ്പിച്ചു. സാധാരണപോലെ ജോസഫ് സ്തുതി ചൊല്ലുവാന്‍ വന്നു. "ഇപ്പോള്‍ സ്തുതി വേണ്ട" കൊച്ചുതോമ പറഞ്ഞു. ജോസഫ് തിരി കെടുത്താന്‍ ഓടി. കൊച്ചുതോമ പറഞ്ഞു, "വേണ്ട മോനെ, തിരി ഇപ്പോള്‍ കെടുത്തേണ്ട. തിരി കത്തിക്കോട്ടെ. വള്ളം പോയ ശേഷം തിരി കെടുത്താം." ജോസഫ് അനുസരിച്ചു. കൊച്ചുതോമ ആനാം വെള്ളക്കുപ്പിയെടുത്ത് ഒന്നാമത്തെ ചാക്കിന്‍റ്െ അരികില്‍ച്ചെന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച് കൈയ്യില്‍ കുറച്ച് ആനാംവെള്ളം എടുത്ത് ചാക്കിന്‍റെ മുകളില്‍ തൂത്തു. അതിനുശേഷം എല്ലാ ചാക്കിന്‍റെമേലും വീഴും വിധം തെളിച്ചു. "ഇനി ചാക്കെട്."
പാപ്പി കയറിയ വള്ളമാണ് ആദ്യം കരയില്‍നിന്ന് നീങ്ങിയത്. ചരക്കു കയറ്റിപ്പോകുന്നത് കാണുവാനായി നാട്ടുകാര്‍ പലരും വന്നിട്ടുണ്ടായിരുന്നു. ആദ്യമായി ഒരു കൊതവറക്കാരന്‍ ബോംബെയ്ക്ക് ഉരുളന്‍ തേങ്ങ അയക്കുന്നതല്ലായിരുന്നു കാരണം. കൊച്ചുതോമ വിജയിച്ചാല്‍ മാത്രമേ അവരുടെ വീട്ടില്‍ അടുപ്പ് പുകയൂ. അങ്ങനെ എല്ലാ ജനങ്ങളുടെയും സഹകരണത്തോടും പ്രോത്സാഹനത്തോടും കൈയ്യിലിരുന്ന പണം ഒന്നും മുടക്കാതെ കൊച്ചുതോമ ഉരുളന്‍ തേങ്ങ വ്യാപാരിയായി.
അടുത്ത ദിവസം പത്തു മണിയോടെ കൊച്ചു തോമ സേട്ടിന്‍റെ പണ്ടികശാലയില്‍ എത്തി. ആരെയും കാണാനില്ല. എന്തുചെയ്യണമെന്നറിയാതെ കൊച്ചുതോമ പണ്ടികശാലക്കു മുന്‍പില്‍ അങ്ങോട്ടുമിങ്ങോട്ട ും നടക്കുവാന്‍ തുടങ്ങി. പതിനൊന്ന് കഴിഞ്ഞപ്പോള്‍ ഏതാനും ചുമട്ടുകാര്‍ എത്തി. അവര്‍ കൊച്ചുതോമ അവിടെ നില്‍ക്കുന്നത് കണ്ടതായി ഭാവിച്ചേയില്ല. വന്ന പാടെ വരച്ചു വച്ചിരുന്ന പടപ്പോര് കളത്തില്‍ കരുക്കള്‍ നിരത്തി കളി ആരംഭിച്ചു. ക്ഷമ നശിച്ച കൊച്ചുതോമ അല്പം ശബ്ദമുയര്‍ത്തി ചോദിച്ചു. "സേട്ട് വരില്ലേ?"
"തുറന്നിട്ട് എന്തിനാണ്, മാറാല തൂക്കാനോ?" ഒരുവന്‍ ചോദിച്ചു.
എന്ത് ചെയ്യണമെന്നറിയാതെ കൊച്ചുതോമ, നിന്നിരുന്ന അതേ ഇടത്തില്‍ ഇരുന്നു. "ഇതെന്തൊരു കഷ്ടകാലം!" സര്‍വ്വപുണ്യവാന്‍മാരെയും വിളിച്ചു. പല പല നേര്‍ച്ചകള്‍ നേര്‍ന്നു. ഏതെല്ലാം നേര്‍ച്ചകള്‍ നേര്‍ന്നു എന്ന് കൊച്ചുതോമായ്ക്ക് അവസാനം പിടിയില്ലാ തായി. പെട്ടെന്ന് സേട്ട് പ്രത്യക്ഷപ്പെട്ടു. കൊച്ചുതോമയെ കണ്ട ഉടന്‍ സേട്ടിന്‍റെ മുഖഭാവം മാറി. കൊച്ചുതോമ ഏതോ അപരാധം ചെയ്തതുപോലെ! പരാജയപ്പെട്ടവരുടെ നിരാശയും അരിശവും സഹതാപവും പരസ്പരം പറയാതെ അവര്‍ പ്രകടിപ്പിച്ചു.
എവിടെയോ നിന്നെത്തിയ രാവുണ്ണി സേട്ടിനോടും മറ്റുള്ളവരോടുമായി പറഞ്ഞു, "രണ്ട് പട്ടാളക്കാരെ സായിപ്പ് വെടിവെച്ചു കൊന്നു."
"സായിപ്പ് എന്തിനാ സ്വന്തം പട്ടാളക്കാരെ കൊല്ലുന്നത്?" കൊച്ചുതോമ സംശയം ഉന്നയിച്ചു,
അതിന് സേട്ടാണ് മറുപടി പറഞ്ഞത് "അത് ആഫ്രിക്കയില്‍ നിന്നുള്ളവരാണ്. അവര്‍ കായലില്‍ ചൂണ്ടയിട ്ട് മീന്‍ പിടിച്ച് പച്ചക്ക് കടിച്ചു പറിച്ചു തിന്നുന്നു. പോരാത്തതിന് തിന്ന മീനിന്‍റെ ഉച്ചിഷ്ടം അവറ്റകള്‍ അവിടിവിടെ വലിച്ചെറിഞ്ഞു. ഇതു കണ്ട് അറപ്പ് തോന്നിയ മഹാരാജാവ് സായിപ്പിനെ വിളിപ്പിച്ച് ഇത്തരം ഹീനകൃത്യങ്ങള്‍ തന്‍റെ നാട്ടില്‍ ഉണ്ടാകരുതെന്ന് ആവശ്യപ്പെട്ടു. മഹാരാജാവിന്‍റെ പ്രീതിക്കു വേണ്ടിയാണ് അവരെ വെടിവെച്ചു കൊന്നത്." സേട്ട് വിവരിച്ചു പറഞ്ഞപ്പോഴാണ് രാവുണ്ണിക്കും കാര്യം മനസ്സിലായത്. പക്ഷേ കൊച്ചു തോമയ്ക്ക് കോപമാണുണ്ടായത്. "അധികാരമുണ്ടെന്നു പറഞ്ഞ് എന്തും ചെയ്യാമോ?"
"ഉണ്ടെങ്കില്‍ എന്തും ചെയ്യാം." സേട്ട് മറുപടി പറഞ്ഞു.
സേട്ട് വാചാലനായി, "കൊച്ചി രാജാവാണ് ഞങ്ങള്‍ക്ക് കച്ചവടം ചെയ്യുവാന്‍ അനുമതി നല്‍കിയത്. മഹാരാജാവ് തന്നെയാണ് വിദേശികളെ ഇവിടെ കൊണ്ടുവന്നത്. അതുകൊണ്ട് ചരക്കിന് ഡിമാന്‍ഡ് ഉണ്ട്. വിദേശികള്‍ വന്നതുകൊണ്ട് വ്യാപാരം വളര്‍ന്നു. കര്‍ഷകര്‍ക്ക് അവര്‍ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന സാധനങ്ങള്‍ക്ക് നല്ല വിലയും കിട്ടും."
കൊച്ചുതോമ മനസ്സിലോര്‍ത്തു, "വിദേശികള്‍ വന്നതിനാല്‍ വ്യാപാരം വളര്‍ന്നു, നാട് വളര്‍ന്നു. അതേ കാരണത്താല്‍ തന്നെ നാട് മുടിഞ്ഞു, വ്യാപാരവും നിന്നു."
ശൗരിയാര് പുണ്യവാനെ മനസ്സില്‍ വിളിച്ച് കൊണ്ടേയിരുന്നു. എവിടെനിന്നോ എന്നപോലെ കപ്പല്‍ കമ്പനിയുടെ ഒരു ഏജന്‍റ് അവിടെ എത്തി.
"വിക്രംസേട്ട്ജീ, ഒരു കപ്പല്‍ ബോംബെയ്ക്ക് പോകുന്നുണ്ട്. ചെറിയൊരു ലോഡിനുള്ള ഇടമുണ്ട്. എങ്ങനെയാ? സേട്ട്ജിക്ക് വേണമോ?" എല്ലാ വ്യാപാരികളോടും അയാള്‍ അങ്ങനെ തന്നെയാണ് ചോദിച്ചിരുന്നത്. യഥാര്‍ത്ഥത്തില്‍ കപ്പലിന്‍റെ പകുതിയെ ചരക്ക് ഉണ്ടായിരുന്നുള്ളു. കൊച്ചിയില്‍ നിന്ന് പട്ടാളക്കാര്‍ക്ക് ഉള്ള ധാന്യങ്ങളും മറ്റു ഭക്ഷ്യ വസ്തുക്കളും കയറ്റിയ കപ്പല്‍ ആയിരുന്നു അത്. ബ്രിട്ടീഷ് ഗവണ്‍മെന്‍റിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് കപ്പല്‍കമ്പനി കപ്പല്‍ ഇറക്കുവാന്‍ തീരുമാനിച്ചത്. സേട്ട് കൊച്ചുതോമയെ നോക്കി. "എല്ലാം ഒരു ഞാണിന്മേല്‍ കളിയാണ്."
അതിനുശേഷം ഏജന്‍റിനെ നോക്കി, "ഒരു 30 ടണ്‍ വരും. വഞ്ചിയില്‍ തന്നെയാണ്. ബോട്ട് വന്നാല്‍ വഞ്ചി ഓരോന്നായി ടെര്‍മിനലിലേക്ക് കൊണ്ടുപ ോകാം."
കൊച്ചുതോമ ഒരു നിമിഷം ഓര്‍ത്തു, "എപ്പോഴെല്ലാം പുണ്യവാനെ സഹായത്തിനു വിളിക്കുന്നുവോ, അപ്പോഴെല്ലാം പുണ്യവാന്‍ സഹായത്തിന് വരുന്നു."കൊച്ചുതോമായുടെ വിശ്വാസം വര്‍ദ്ധിച്ചു കൊണ്ടിരുന്നു, വിശ്വാസ പ്രകടനങ്ങളും.






















