
04
കൂട്ടായ്മ, അതാണ് മൂലധനം

യുദ്ധം എല്ലാം തലകീഴായി മറിച്ചു. നാട്ടില്‍ വ്യവസായ വിളകള്‍ കുമിഞ്ഞുകൂടി. വാങ്ങുവാന്‍ കച്ചവടക്കാര്‍ ഇല്ലാതായി. അവര്‍ക്ക് മറിച്ചു വില്‍ക്കുവാന്‍ ഒരു വഴിയും ഇല്ല. എന്നാല്‍ ഭക്ഷ്യവിളകള്‍ വിളയുന്നതിനു മുമ്പേ എത്രത്തോളം വിളയുമെന്ന് പ്രവര്‍ത്തിയാര്‍ (Village Officer) കണക്കെടുത്തു കൊണ്ടിരുന്നു.
കഷ്ടിച്ച് അന്നത്തിനുള്ള വക കൃഷിക്കാരന്; വിളവ് രാജാവിന്. പാവം രാജ ാവ്! അങ്ങേര്‍ക്കത് ബ്രിട്ടീഷ് മേല്‍ക്കോയ്മയ്ക്ക് അയച്ചു കൊടുക്കുവാനുള്ളതേ ഉള്ളു. പട്ടാളത്തിനുള്ള ആഹാരം സംരക്ഷണക്കൂലിയായി നല്‍കണം. യുദ്ധം ഉണ്ടാക്കുന്നതും അവര്‍, യുദ്ധക്കെടുതിയില്‍ നിന്ന് സംരക്ഷിക്കുന്നതും അവര്‍.
പള്ളിയില്‍ നിന്ന് മടങ്ങിയെത്തിയപ്പോള്‍ വീട്ടുമുറ്റത്ത് ചില പണിക്കാരും മറ്റു ചില പറ്റുപടിക്കാരും ഉണ്ടായിരുന്നു. അവരോട് കൊച്ചുതോമ ഒന്നും പറഞ്ഞില്ല. "പാപ്പി വന്നില്ലേ?" വന്ന പണിക്കാരോട് തിരക്കി.
കാലത്ത് അല്പം ചൂടു കഞ്ഞി കുടിച്ചാല്‍ കൊച്ചുതോമ ഉഷാറാകും. അരിക്ഷാമം കാരണം ഇപ്പോള്‍ കൊച്ചുതോമയെ കരുതി മാത്രം കഞ്ഞി വെയ്ക്കും. വറ്റ് അധികമില്ലെങ്കിലും സാരമില്ല കഞ്ഞി വെള്ളമെ ങ്കിലും വേണം. ബാക്കിയുള്ളവര്‍ക്ക് ഏതെങ്കിലും കിഴങ്ങു പുഴുക്കാണ്. കപ്പയാണ് പ്രധാന ആഹാരം. കൂടാതെ, കാച്ചില്‍, ചേന, ചേമ്പ് അങ്ങനെ ഏതെങ്കിലും ഒന്ന്. കാന്താരി പൊട്ടിച്ചതോ, മീന്‍കറിയോ, ഏതെങ്കിലും ഒന്ന് കൂട്ടിന്.
കഞ്ഞികുടി കഴിഞ്ഞ് കൊച്ചുതോമ ഉമ്മറത്ത് എത്തി. പാപ്പിയും നാരായണന്‍കുട്ടിയും വന്നിരുന്നു. പറ്റ്പടിക്കാരില്‍ പലരും കളക്കാരില്‍ ചിലരും ഉണ്ടായിരുന്നു. എല്ലാവരും ആര്‍ത്തിയോടെ കൊച്ചുതോമയെ നോക്കി. അത്രയ്ക്ക് നിവർത്തികേടും പരിഭ്രാന്തിയും അവര്‍ക്കുണ്ടായിരുന്നു.
"കുറച്ച് രൂപയുണ്ട്, അത് നുള്ളിക്കീറി കുറേച്ചെ തരാം, എല്ലാവരും തൃപ്തിപ്പെടണം. ബാക്കി ബോംബെയില്‍ നിന്ന് എന്തെങ്കിലും കിട്ടിയ ശേഷം." കൊച്ചുതോമ അറിയിച്ചു. എല്ലാവരും കാര്യത്തിന്‍റെ ഗൗരവം മനസ്സിലാക്കിയവരാണ്. അതുകൊണ്ട് കൊച്ചുതോമയുടെ ആത്മാര്‍ത്ഥതയേയും മാന്യതയേയും അവര്‍ പ്രകീര്‍ത്തിച്ചു. കൊച്ചുതോമ പറ്റ്പടിക്കാര്‍ക്ക് പത്ത് രൂപയും കളക്കാര്‍ക്ക് അറുപത് രൂപയും പണിക്കാര്‍ക്ക് ഓരോ രൂപ വീതവും നല്‍കി. "ഇനി ബോംബെയില്‍ നിന്ന് എന്തെങ്കിലും അറിഞ്ഞതിനു ശേഷമേ തേങ്ങ എടുക്കുന്നുള്ളു." കൊച്ചുതോമ അറിയിച്ചു. എല്ലാവരും പിരിഞ്ഞു. പാപ്പിയ്ക്ക് കൊച്ചുതോമയോടുള്ള ബഹുമാനവും ആദരവും കൂടി.
കൊച്ചുതോമ പാപ്പിക്കും നാരായണന്‍കുട്ടിക്കും അഞ്ചു രൂപ വീതം നല്‍കി, എന്നിട്ട് കൊച്ചുതോമ മനസ്സില്‍ ഉറപ്പിച്ചുവെച്ചിരുന്ന തീരുമാനം ഇരുവരോടും പറഞ്ഞു. "ഇത് വ്യാപാരമാണ്. വിജയിക്കുമെന്നാണ് എന്‍റെ മനസ്സ് പറയുന്നത്. പരാജയപ്പെട്ടാല്‍ എനിക്ക് വേറെ വഴിയില്ല, കാട് കയറുകയല്ലാതെ. കൊച്ചുത്രേസ്യാക്കുട്ടിയെയും പിള്ളേരെയും കൂട്ടി ഞാന്‍ കാടുകയറും."
പാപ്പിയും നാരായണന്‍കുട്ടിയും ഒരേ സ്വരത്തില്‍ പറഞ്ഞു, "ഞങ്ങളുമുണ്ട് കാട്ടിലേക്ക്. ഇവിടെ വരുമാനം ഒന്നുമില്ലെങ്കില്‍ എന്തിനിവിടെ? പുതുമണ്ണില്‍ കിളച്ചാല്‍ എന്തെങ്കിലും കിട്ടാതിരിക്കില്ല." കൊച്ചുതോമയ്ക്ക് വലിയ ആശ്വാസം തോന്നി. കാട്ടിലും തന്‍റെ കൂട്ടുകാര്‍ ഒന്ന് രണ്ടു പേര്‍ കൂടെ ഉണ്ടാകുമല്ലോ?
പുറമേ സംതൃപ്തിയും ദൃഢനിശ്ചയവും ഉള്ളവനെ പോലെ പെരുമാറിയിരുന്നെങ്കിലും ഉള്ള് ആന്തുകയായിരുന്നു. ഒറ്റപ്പെടുന്ന അവസരങ്ങളില്‍ മനസ്സ് ഉരുകുകയും കണ്ണുനീര്‍ പൊടിയുകയും ചെയ്തിരുന്നു. വല്ലപ്പോഴും മാത്രം പള്ളിയില്‍ പൊയ്ക്കൊണ്ടിരുന്ന കൊച്ചുതോമ ഇപ്പോള്‍ എല്ലാ ദിവസവും പള്ളിയില്‍ പോകുന്നു, നേരെ കായല്‍ക്കരയില്‍ ശൗര്യയാര് പുണ്യവാളന്‍റെ രൂപത്തിന് മുമ്പില്‍ മുട്ടുകുത്തി ഏതാനും നിമിഷങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. മുമ്പെല്ലാം പ്രത്യേക പ്രാര്‍ത്ഥനാ വഴിപാടുകള്‍ നടത്തുമ്പോള്‍ ആരെങ്കിലും കാണുന്നുണ്ടോ എന്ന് ശ്രദ്ധിക്കും. എന്നാല്‍ ഇപ്പോള്‍ അങ്ങിനെയൊരു തോന്നലേ ഇല്ല. പള്ളിക്കുള്ളില്‍ കയറിയാല്‍ കുത്തിയിരിക്കുന്ന ഏര്‍പ്പാട് ഇല്ല. എഴുന്നേറ്റ് നില്‍ക്കേണ്ട സമയത്ത് ഒഴികെ മറ്റെല്ലാ അവസരങ്ങളിലും മുട്ടിന്മേല്‍ തന്നെ നില്‍ക്കും. കര്‍ത്താവിനെ എഴുന്നള്ളിക്കുന്ന അവസരങ്ങളില്‍ ഭക്തി പാരവശ്യത്തില്‍ തല വണങ്ങി, കുനിഞ്ഞ് നിലത്ത് മുത്തും. കൊച്ചുതോമയിലെ ഭക്തി ലഹരി കൊച്ചുത്രേസ്യാക്കുട്ടി കാണുന്നുണ്ടായിരുന്നു. പൊതുവെ ഒരു അംഗീകൃത ഭക്തയായ തന്നെക്കാള്‍ അധികം ഭക്തി കാണിക്കുന്നത് കാണുമ്പോള്‍ കൊച്ചുത്രേസ്യാക്കുട്ടി കൊച്ചുതോമയെക്കുറിച്ച് ഭയപ്പെടാന്‍ തുടങ്ങി. വ്യാപാരത്തില്‍ എന്തെങ്കിലും സംഭവിച്ച് ഇങ്ങേര്‍ക്ക് വട്ടായി പോകുമോ എന്നു പോലും കൊച്ചുത്രേസ്യാക്കുട്ടിയ്ക്കു തോന്നിയിട്ടുണ്ട്. എന്നിരുന്നാലും കൊച്ചുത്രേസ്യാക്കുട്ടി പെരുമാറ്റത്തില്‍ ഒരു വ്യത്യാസവും കാണിച്ചില്ല. കച്ചവടത്തെ കുറിച്ച് കൂടെ കൂടെ സംസാരിച്ച് ഉള്ള സ്വസ്ഥത കളയേണ്ട എന്ന് കരുതി കൊച്ചുത്രേസ്യാക്കുട്ടി അത് ഒഴിവാക്കി. അതുമാത്രമായിരുന്നു ഒരേ ഒരു വ്യത്യാസം.
ഓരോരുത്തരായി തേങ്ങ ഇട്ടിട്ടുണ്ട് എന്ന് അറിയിച്ചു കൊണ്ടിരുന്നു. എന്നാല്‍ കൊച്ചുതോമ തേങ്ങ എടുക്കുവാന്‍ തയ്യാറല്ലായിരുന്നു. മറ്റു കളക്കാരുടെയും സ്ഥിതി മറിച്ചല്ലായിരുന്നു. ഓരോരുത്തരെയും തേങ്ങ എടുത്തു കൊണ്ടു പോകുവാന്‍ അവരവരുടെ പറ്റുപടിക്കാര്‍ നിര്‍ബന്ധിച്ചുകൊണ്ടിരുന്നു. എല്ലാവര്‍ക്കും ഒരു കാര്യം അവസാനം മനസ്സിലായി. തേങ്ങ പൊട്ടിച്ചു തിന്നാം എന്നല്ലാതെ ഇപ്പോഴത്തെ നിലയില്‍ ഒരു പ്രയോജനവും ഇല്ലെന്ന്. അവസാനം കര പ്രമാണികളും കളക്കാരും മറ്റു കര്‍ഷകരും ചേര്‍ന്ന് കൊച്ചുതോമായെ വന്നു കണ്ടു. അവര്‍ക്കെല്ലാം ഒരേ ഒരു അപേക്ഷ മാത്രമേയുള്ളൂ. എന്തു വന്നാലും സാരമില്ല ബോംബെയ്ക്ക് തേങ്ങ കയറ്റണം. ഇതിനോടകം പാപ്പി, കൊച്ചുതോമ കയ്യിലിരുന്ന പണമാണ് വീതിച്ചു നല്‍കിയതെന്നും ബോംബെയില്‍ നിന്ന് ഏതാവത് വന്നാലേ ഇനിയൊള്ളുവെന്നും പറഞ്ഞു പരത്തിയിരുന്നു. കൊച്ചതോമായുടെ പ്രവൃത്തി പാപ്പിക്കേ അത്ഭുതമായിരുന്നു. ഇത് എല്ലാവര്‍ക്കും കൊച്ചുതോമായില്‍ അമിതമായ വിശ്വാസം ഉണ്ടാക്കി. ഇനി തേങ്ങ എടുക്കുവാന്‍ എന്‍റെ കയ്യില്‍ പണമില്ല. കൊച്ചുതോമ തീര്‍ത്തു പറഞ്ഞു. എല്ലാവര്‍ക്കുമായി കര പ്രമുഖരാണ് മറുപടി പറഞ്ഞത്, "അത് സാരമില്ല, കിട്ടിയാല്‍ അതില്‍ പങ്ക്, പോയാല്‍ അതിലും എല്ലാവര്‍ക്കും പങ്ക്." കൊച്ചുതോമ അതിനും വഴങ്ങിയില്ല. നിര്‍ബന്ധം സഹിക്ക വയ്യാതായപ്പോള്‍ കൊച്ചുതോമ പ്രഖ്യാപിച്ചു, "തേങ്ങ അതാതിടങ്ങളില്‍ നിന്ന് കയറ്റാം, പണിക്കാര്‍ക്ക് ആഹാരവും, കൂലിയായി ഒരു രൂപയും കര്‍ഷകര്‍ കൊടുക്കണം." ഇപ്പോഴത്തെ നിലയില്‍ ഒരു രൂപ കൂടുതല്‍ ആണെന്നും എട്ടണ കൊണ്ട് തൃപ്തിപ്പെടണമെന്നും കര്‍ഷകര്‍ നിര്‍ബന്ധിച്ചു. എന്തെങ്കിലും കിട്ടിയാല്‍ പണിക്കാര്‍ക്ക് ചേര്‍ത്തു കൊടുത്തതിനു ശേഷം ബാക്കി തന്നാല്‍ മതിയെന്നായി കര്‍ഷകര്‍. കൊച്ചുതോമ അത് അംഗീകരിച്ചു. ആയിരം തേങ്ങായ്ക്ക് നാല്പതു രൂപയെന്നും ഇരുപത് വാശിയെന്നും(compensation for rotten coconut) നിശ്ചയിക്കപ്പെട്ടു. ആരും അത് അമ്പത് രൂപയാക്കണം എന്നോ വാശി പത്തു പോരേ എന്നോ ചോദിച്ചില്ല. തേങ്ങ എടുക്കുന്നതു തന്നെ ഭാഗ്യം.
അങ്ങനെ എല്ലാവരുടെയും സമ്മതത്തോടും പ്രോത്സാഹനത്തോടും കൂടെ കൊച്ചുതോമ ഒരു കുത്തക തേങ്ങാ മുതലാളിയായി. ആര്‍ക്കും വേണ്ടാത്ത മേഖലയില്‍ എല്ലാവരുടെയും തമ്പുരാനായി കൊച്ചുതോമ വളര്‍ന്നു.
കൊച്ചുതോമയുടെ പാരപ്പട്ടാളം വൈക്കം താലൂക്ക് മുഴുവന്‍ കവാത്തു നടത്തി. തേങ്ങ എവിടെയോ അവിടെ അവരെത്തും, അല്ലെങ്കില്‍ കരക്കാര്‍ അവരെ അവിടെ എത്തിക്കും. കേട്ടറിഞ്ഞെത്തിയ തെക്ക് പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ കൊച്ചുതോമായെ തേങ്ങ എടുക്കുവാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. വള്ളം എത്തുന്ന ദിക്കുകളിലേക്കെല്ലാം വ്യാപാരം വ്യാപിപ്പിക്കപ്പെട്ടു. (തുടരും)






















