top of page

സിനിമ രാഷ്ട്രീയമായി ശരിയാകണമോ?- 3

Aug 3, 2025

3 min read

വിനീത് ജോണ്‍

Poster of the movie Joker

ആവിഷ്ക്കാര സ്വാതന്ത്ര്യവും

കലാകാരന്‍റെ ഉത്തരവാദിത്തവും

മൂന്നദ്ധ്യായങ്ങളിലായി സിനിമയുടെ ചരിത്രം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയവയെല്ലാം നമ്മള്‍ ചര്‍ച്ച ചെയ്തു. ഈ അദ്ധ്യായത്തില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യവും കലാകാരന്‍റെ ഉത്തരവാദിത്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് നമ്മള്‍ വിചിന്തനം ചെയ്യുന്നത്. അത് പൂര്‍ണ്ണമായും കഴിഞ്ഞ രണ്ടദ്ധ്യായങ്ങളുടെ തുടര്‍ച്ചയാണ്. ഈ അദ്ധ്യായത്തില്‍ നമ്മള്‍ പ്രധാന തലക്കെട്ടിനുത്തരം കണ്ടെത്തുന്നതു കൂടാതെ കലാസ്വാതന്ത്ര്യമെന്നത് ഉത്തരവാദിത്വമുള്ള സാമൂഹിക പ്രവര്‍ത്തനമാണെന്നുള്ള വാദങ്ങളുടെ ശരിതെറ്റുകളും; അത്തരത്തില്‍ നിര്‍മ്മിക്കപ്പെടുന്ന സൃഷ്ടികള്‍ ഒരു പുരോഗമന സമൂഹത്തിലെ കലാസൃഷ്ടികളുടെ ലക്ഷണമാണെന്ന വാദവും പരിശോധിക്കുന്നു.

നവമാദ്ധ്യമങ്ങള്‍ വിജ്ഞാനത്തിന്‍റെ വേലിക്കെട്ടുകള്‍ തകര്‍ത്തു. ലോകമാസകലമുള്ള സാമൂഹിക മുന്നേറ്റങ്ങളും, ആധുനിക ചിന്തകളും സാധാരണക്കാരുടെ കൂടി വിരല്‍തുമ്പില്‍ എത്തപ്പെട്ടു. അത് ജനസൂഹത്തിന്‍റെ ചിന്തകളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായി. മാനവികതയും, ഫെമിനിസവും, പൊളിറ്റിക്കല്‍ കറക്ട്നെസ്സും പോലുള്ള ആശയങ്ങള്‍ ജീവിതത്തിന്‍റെ സമസ്ത മേഖലയിലും കാത്തു സൂക്ഷിക്കേണ്ട സ്വഭാവ നൈര്‍മല്യമാണെന്ന ചിന്ത ഉദയം ചെയ്തു. സാവധാനം അവയെല്ലാം തന്നെ കലയിലും സ്വാധീനം ചെലുത്തി.


എത്രയൊക്കെ സിദ്ധാന്തങ്ങള്‍ നിരത്തിയാലും കലയും, സാഹിത്യവും സൃഷ്ടാവിനെ സംബന്ധിച്ചിടത്തോളം ആത്മാവിഷ്ക്കാരത്തിന്‍റെ സ്വൈര്യ വിഹാര ഭൂമികയാണ്. യാതൊരു തരത്തിലുമുള്ള നിയന്ത്രണങ്ങള്‍ക്ക് അവിടെ സ്ഥാനമില്ല. എന്നാല്‍, ആദ്യ അദ്ധ്യായം മുതല്‍ ചര്‍ച്ച ചെയ്ത സിനിമയെന്ന മാധ്യമത്തിന്‍റെ ചില പ്രത്യേകതകള്‍ കണക്കിലെടുത്താല്‍ വിപരീതമായ ഉത്തരത്തിനും ചില സാധ്യതകള്‍ ഉണ്ടെന്നു കാണാം. സിനിമ ബഹുഭൂരിപക്ഷത്തിന്‍റെ വിനോദോപാധിയാണെന്നതും സിനിമയിലെ കഥാപാത്രങ്ങളെ അനുകരിക്കാനുള്ള പ്രേരണ പ്രേക്ഷകര്‍ക്കു ഉണ്ടായേക്കാമെന്നതും, കാണികളുടെ സങ്കല്‍പ്പങ്ങള്‍ക്ക് കരുത്ത് നല്‍കാന്‍ സിനിമയ്ക്ക് ആവുമെന്നതും, ഒപ്പം വംശീയതയും സ്ത്രീവിരുദ്ധതും സിനിമയില്‍ ആഘോഷിക്കപ്പെടുന്നതും, ഭിന്നലിംഗക്കാരും അരികുവല്‍ക്കരിക്കപ്പെട്ടവരും സിനിമയില്‍ അപഹസിക്കപ്പെടുന്നതും കണക്കിലെടുക്കുമ്പോള്‍ ചലച്ചിത്രകാരന്‍റെ ആത്മാവിഷ്കാരത്തില്‍ ചില നിയന്ത്രണങ്ങള്‍ക്ക് സ്ഥാനമുണ്ടെന്ന് മനസിലാവും. കലകളിലൂടെ അരങ്ങേറിയ ഇത്തരം ക്രൂരതകള്‍ക്ക് കലകള്‍ നിശ്ചയമായും ഉത്തരവാദിയാണ്. അവയെല്ലാം വീണ്ടും ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ കൈക്കൊള്ളുന്ന നിയന്ത്രണരേഖകളെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടിഞ്ഞാണായി കാണുന്നത് ക്രൂരതയാണ്.


ഒരു മികച്ച കലാകാരന്‍റെ ഉത്തരവാദിത്തമാണ് ഇന്നലെകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് മുന്നോട്ടു പോവുക എന്നത്. സിനിമ എന്ന മാധ്യമത്തെ സംബന്ധിച്ച് സര്‍ഗ്ഗാത്മക സൗന്ദര്യത്തെ മാറ്റിനിറുത്തി, പ്രമേയത്തില്‍ മാത്രം ശ്രദ്ധിച്ചാല്‍ അത് ആസ്വാദ്യമാകില്ല. തന്നെയുമല്ല അത്തരമൊരു കലാസൃഷ്ടി സിനിമയെന്ന പേരുതന്നെ മാറി ഗുണപാഠ കഥയോ, രാഷ്ട്രീയ പ്രസംഗമോ ഒക്കെ ആയി മാറും. സമൂഹത്തില്‍ അശാസ്ത്രീയത, ഭീതി, വെറുപ്പ്, ഭിന്നിപ്പ് തുടങ്ങിയ വികാരങ്ങള്‍ വളര്‍ത്തുന്നതിന് തങ്ങളുടെ കലാസൃഷ്ടി കാരണമാകാതിരിക്കുക എന്നത് ഏതൊരു കലാകാരനും തങ്ങളുടെ സര്‍ഗ്ഗാത്മകതയ്ക്ക് മങ്ങലേല്‍പ്പിക്കാതെ കാത്തുസൂക്ഷിക്കാന്‍ പറ്റുന്ന സാമൂഹിക ഉത്തരവാദിത്തമാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യംപോലെ തന്നെ പ്രധാനപ്പെട്ടതാണ് കലാകാരന്‍റെ ഇത്തരം ഉത്തരവാദിത്തങ്ങള്‍.


കല കലയ്ക്ക് വേണ്ടി ആത്മാവിഷ്ക്കാരത്തിന്‍റെ ഇടങ്ങളില്‍ നിഷേധിക്കപ്പെടുന്ന ഏതു തരത്തിലുമുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയും നിലകൊള്ളുന്നവര്‍ മുന്നോട്ടുവച്ച വാദമാണ് 'കല കലയ്ക്കുവേണ്ടി' എന്നത്. ആ വാദത്തെക്കുറിച്ചല്‍പ്പം ചിന്തിക്കാം.


19-ാം നൂറ്റാണ്ടിന്‍റെ ആദ്യ ദശകത്തില്‍ ഫ്രഞ്ച് സാഹിത്യകാരന്മാരില്‍ ഏതാനും ചിലരാണ് ഇങ്ങനെ ഒരാശയം മുന്നോട്ട് വച്ചത്. ഇതിന്‍റെ പ്രചാരകരായ ശുദ്ധകലാവാദികള്‍ കലയെ ആത്മാവിഷ്ക്കാരത്തിന്‍റെ മാത്രം ഇടമായി കണ്ടു. കലാകാരന്‍റെ ഇംഗിതത്തിനനുസരിച്ച് സൗന്ദര്യത്തില്‍ മാത്രം അധിഷ്ടിതമായി എന്തും സൃഷ്ടിക്കാം. അമൂര്‍ത്തമായ വരകളിലൂടെയും, മുദ്രകളിലൂടെയുമൊക്കെ ഗുഹാമനുഷ്യന്‍ ആശയം കൈമാറിയ നാള്‍ മുതല്‍ കലകള്‍ക്ക് അതിന്‍റേതായ ഒരു ധര്‍മ്മമുണ്ട്. മനുഷ്യനെ ഒന്നിപ്പിക്കുക, മുന്നോട്ട് നയിക്കുക തുടങ്ങിയവയായിരുന്നു അത്. അതിനെ തിരസ്ക്കരിച്ചു കൊണ്ടാണ് മേല്‍പറഞ്ഞ ആശയം പ്രചരിപ്പിച്ചത്. കലയില്‍ സൗന്ദര്യം പ്രധാനമാണ്. എന്നാല്‍, പ്രമേയത്തേക്കാള്‍ പ്രധാനം സൗന്ദര്യമാണെന്നു വന്നാല്‍ 'ജോസഫു'പോലുള്ള ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടും. അപ്പോള്‍ മനുഷ്യനെ വിഘടിപ്പിക്കുന്ന, അശാസ്ത്രീയത പഠിപ്പിക്കുന്ന സിനിമകളോ ആത്മാവിഷ്ക്കാരങ്ങളോ നിയന്ത്രിക്കപ്പെടേണ്ടതു തന്നെ. അത്തരം നിയന്ത്രണങ്ങളെ കേവലം "കലയ്ക്കുവേണ്ടി" എന്ന വാദം കൊണ്ട് റദ്ദു ചെയ്യാനാവില്ല.


ഇനി പ്രമേയത്തെ മാറ്റി സൗന്ദര്യത്തെ മാത്രം മുന്‍നിറുത്തി ഇതേ ചോദ്യം ചോദിച്ചാലും ഉത്തരം ഇതുതന്നയേ ആവുകയുള്ളൂ. എങ്ങനെയെന്നാല്‍; പൂര്‍വ്വികര്‍ നിശ്ചല ചിത്രങ്ങളെ ചലിപ്പിക്കാന്‍ ആഗ്രഹിച്ചതിന്‍റെ സാക്ഷാത്ക്കാരമാണ് സിനിമ. അത് സൗന്ദര്യാധിഷ്ഠിതമായിരിക്കണം എന്നത് അവിതര്‍ക്കമായ കാര്യമാണ്. ഗുഹാമനുഷ്യനില്‍ ആരംഭിച്ച മനുഷ്യന്‍റെ സൗന്ദര്യബോധം കൂടുതല്‍ മിഴിവാര്‍ന്ന ഒന്നിലേയ്ക്ക് പരിണമിച്ചു എന്നതും വാസ്തവമാണ്. എന്നാല്‍ അത് പല മനുഷ്യരിലും പല വിധത്തിലാവും വളര്‍ച്ചയെത്തിയിട്ടുണ്ടാവുക. അതുകൊണ്ടുതന്നെ സൃഷ്ടാവിന്‍റെ സൗന്ദര്യബോധത്തിനൊപ്പം ആസ്വാദകര്‍ എത്തണമെന്നില്ല. അതുകൊണ്ടുതന്നെ സൗന്ദര്യത്തെ മാത്രം മുന്‍നിറുത്തിയാലും കല കലയ്ക്കുവേണ്ടി എന്നത് അത്ര കണ്ട് പക്വമായ ആശയമല്ലെന്നു കാണാം.


മേല്‍പറഞ്ഞ കാരണങ്ങളുടെ പശ്ചാത്തലത്തില്‍ ആത്മാവിഷ്ക്കാര സ്വാതന്ത്ര്യം നിയന്ത്രണ വിധേയമാകുന്നത് ചില അവസരങ്ങളിലെങ്കിലും നീതിയാണെന്നു പറയേണ്ടിവരും. ആദ്യകാല സെന്‍സര്‍ഷിപ്പുകളില്‍ നിന്നും വിഭിന്നമായി സിനിമകളിലൂടെ നന്മയുടെ മൂടുപടം അണിയുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ക്കും, മാനവിക വിരുദ്ധതയ്ക്കും മേലുള്ള ചുവപ്പു കാര്‍ഡായിട്ടാണ് "പൊളിറ്റിക്കല്‍ കറക്ട്നെസ്സ്" പ്രവര്‍ത്തിച്ചത്. അതുകൊണ്ടുതന്നെ 'പൊളിറ്റിക്കല്‍ കറക്ട്നെസ്സ്" എന്ന ആശയം സെന്‍സര്‍ഷിപ്പിന്‍റെ പുതിയ രൂപമല്ല; മറിച്ച് സിനിമയെന്ന ക്യാന്‍വാസിനെ എല്ലാത്തരം മനുഷ്യജീവിതങ്ങളോടും കൂട്ടിയിണക്കുന്ന പുതിയൊരു ടൂളാണ്. മത-രാഷ്ട്രീയ-സാമൂദായിക വിശ്വാസങ്ങള്‍ക്കും, ഭരണകൂടങ്ങള്‍ക്കും എതിരെയുള്ള കലാരൂപങ്ങള്‍ നിയന്ത്രിക്കപ്പെടുന്നതു പോലെയല്ല "പൊളിറ്റിക്കല്‍ കറക്ട്നെസ്സ്" എന്ന ആശയത്തെ കാണേണ്ടത്. മറിച്ച് അതിനെ ഒരു പുരോഗമന സമൂഹത്തിലെ കലാസൃഷ്ടികളുടെ ലക്ഷണമായും, സൃഷ്ടാവിന്‍റെ ബാധ്യതയായുമാണ് കാണേണ്ടത്.


 Poster of the movie kumblangi nites

സിനിമ രാഷ്ട്രീയമായി ശരിയാകണമോ?


ഇതുവരെ നമ്മള്‍ നടത്തിയ ചര്‍ച്ചയെല്ലാം തന്നെ ലേഖനത്തിന്‍റെ പ്രധാന തലക്കെട്ടിന്‍റെ ഉത്തരത്തിലേയ്ക്ക് എത്താനാണ്. ആ ഉത്തരത്തിലേക്ക് എത്താന്‍ സാധ്യമായ രീതിയില്‍ സിനിമയുടെ ചരിത്രം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ആവിഷ്ക്കാര സ്വാതന്ത്ര്യം തുടങ്ങിയവയെല്ലാം നമ്മള്‍ ചര്‍ച്ച ചെയ്തു. ഇതിനെയെല്ലാം ആസ്പദമാക്കി സര്‍ഗ്ഗാത്മകതയെ സംബന്ധിച്ച ഈ പ്രഹേളികയ്ക്കുത്തരം പറഞ്ഞാല്‍ അത് "സിനിമ രാഷ്ട്രീയമായി ശരിയാകണം" എന്നു തന്നെയാണ്. സിനിമ രാഷ്ട്രീയമായി ശരിയാവുക എന്നു പറഞ്ഞാല്‍ സിനിമ മുന്നോട്ടുവയ്ക്കുന്ന പ്രമേയം രാഷ്ട്രീയമായി ശരിയാവുക, അല്ലെങ്കില്‍ നന്മയുടെ നിറകുടമായ കഥാപാത്രങ്ങള്‍ രാഷ്ട്രീയമായി ശരിയാവുക എന്നത് മാത്രമാണ് അര്‍ത്ഥം. അതല്ലാതെ രാഷ്ട്രീയമായി ശരിയാവുക എന്നാല്‍ ഏക ശിലാത്മകമായ ഒരു നിയന്ത്രണ രേഖയിലേയ്ക്ക് സിനിമയെ ബന്ധിച്ചിടുക എന്നതല്ല. വിവിധ മാനങ്ങളുള്ള ഒരു വിദ്യാഭ്യാസ പ്രക്രിയയാണത്. യാഥാര്‍ത്ഥ്യത്തിനും, ഭാവനയ്ക്കും ഇടയില്‍ ഒരോ സെക്കന്‍റിലും നിര്‍മ്മിക്കപ്പെടുന്ന ഇരുപത്തിനാല് ഫ്രെയിമുകള്‍ക്കൊപ്പം കലാകാരനില്‍ ഇഴുകിച്ചേരേണ്ട ഒരു സാമൂഹിക ഉത്തരവാദിത്വമാണത്. അതുതന്നെയാണ് ആ കലാകാരന്‍റെ പക്വതയുടേയും, സാമൂഹിക ബോധത്തിന്‍റേയും തെളിവ്.


ഈശോ; നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ?


മലയാള സിനിമയില്‍ അപരനെ അപഹസിച്ചും, 'ബോഡി ഷെയ്മിംഗ്' നടത്തിയും മാത്രം സൃഷ്ടിക്കപ്പെടുന്ന ഹാസ്യരംഗ പരമ്പരയിലേയ്ക്ക് പറന്നിറങ്ങിയ ഭീമന്‍ പറവയാണ് കുമ്പളങ്ങി നൈറ്റിലെ ബേബിമോളുടെ ഈ മില്യണ്‍ ഡോളര്‍ ചോദ്യം. "ഈശോ; നമുക്കറിയാത്ത ആളൊന്നുമല്ലല്ലോ?" ഒരു ഹിന്ദു-ക്രിസ്ത്യന്‍ വിവാഹത്തിലേക്ക് ഉന്നയിക്കപ്പെടുന്ന നൂറുകണക്കിനു എതിര്‍പ്പുകളെ ഇത്രയും ലളിതമായി, ഹാസ്യാത്മകമായി പരിഹസിച്ച മറ്റൊരു കഥാപാത്രമില്ല. രണ്ടാം അദ്ധ്യായത്തില്‍ പറഞ്ഞപോലെ സമൂഹത്തിലെ പുരോഗമനപരമായ മാറ്റങ്ങള്‍ ഏറ്റെടുത്ത കുറേയധികം കലാകാരന്മാരുടെ സൃഷ്ടികള്‍ ഇത്തരത്തില്‍ വ്യവസ്ഥാപിതമായ മൂല്യ സങ്കല്‍പ്പങ്ങളെ തങ്ങളുടെ സിനിമകളിലൂടെ വെല്ലുവിളിച്ചു. അതും അവഹേളനങ്ങളും, പരിഹാസങ്ങളുമില്ലാതെ. ആഷിക് അബു, ദിലീഷ് പോത്തന്‍, മധു സി. നാരായണന്‍, ജിയോ ബേബി തുടങ്ങിയ ഒരു പറ്റം സിനിമ പ്രവര്‍ത്തകര്‍ അഭ്രപാളികളിലൂടെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ച തലമുറയിലെ പ്രതിഭകളാണ്. പണ്ട് നായക കഥാപാത്രങ്ങളുടെ പേര് എഴുതിക്കാണിക്കുമ്പോള്‍ കൊട്ടകയില്‍ മുഴങ്ങുന്ന കൈയ്യടികള്‍ ഇന്ന് മേല്‍ പറഞ്ഞവര്‍ നേടിയെടുത്തു. ഈ മാറ്റം ചെറുതല്ല. വരും നാളുകളില്‍ ഇതിലും മനോഹരമായ ഇടങ്ങളിലേയ്ക്ക് മലയാള സിനിമ സഞ്ചരിക്കും എന്ന് പ്രത്യാശിക്കാം.


അയ്യപ്പനും കോശിയും പിന്നെ ജോക്കറും


അമിതമായാല്‍ അമൃതും വിഷം. ഈ പഴഞ്ചൊല്ല് പൊ.ക.യ്ക്കും ബാധകമാണ്. കലയില്‍ ഇടപെടുന്ന സമൂഹത്തിന്‍റെ കണ്ണാണ് പൊ.ക. എങ്കിലും അതിന്‍റെ അമിതമായ പ്രയോഗം ചില പ്രശ്നങ്ങള്‍ വിളിച്ചു വരുത്തുന്നുണ്ട്. ഉദാഹരണമായി പൊ.ക.യ്ക്ക് വേണ്ടി അമിതമായി വാദിച്ചാല്‍ നമുക്ക് "അയ്യപ്പനും കോശിയും" പോലുള്ള മികച്ച സിനിമകള്‍ ഇല്ലാതാകും. അതല്ലെങ്കില്‍ സമൂഹത്തിലെ ജാതിപോലുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്ന് സിനിമ പ്രവര്‍ത്തകര്‍ പിന്‍തിരിയും. അതുമൂലം കലാകാരന്മാര്‍ 'സാമ്പത്തിക സുരക്ഷ' നല്‍കുന്ന വിഷയങ്ങള്‍ മാത്രം തിരഞ്ഞെടുക്കാന്‍ കാരണമായേക്കാം. ഇത് അയ്യപ്പനും കോശിയും അല്ലെങ്കില്‍ ജോക്കര്‍ പോലുള്ള സിനിമകളുടെ നിര്‍മ്മിതിയെ കാര്യമായി സ്വാധീനിക്കും.


പൊളിറ്റിക്കല്‍ കറക്ട്നെസ് വളര്‍ന്ന് "വോക്ക് കള്‍ച്ചര്‍" എന്നറിയപ്പെടുന്ന പുത്തന്‍ പ്രവണതയായി രൂപാന്തരീകരിക്കപ്പെട്ടിരിക്കുന്നു. "വോക്കി" ന്‍റെ ശരിതെറ്റുകള്‍ അടുത്ത അദ്ധ്യായത്തില്‍ ചര്‍ച്ച ചെയ്യാം.


(തുടരും)

Recent Posts

bottom of page