top of page

സിനിമ രാഷ്ട്രീയമായി ശരിയാകണമോ?-4

Sep 6, 2025

2 min read

വിനീത് ജോണ്‍

കഥപറയുന്ന അഭ്രപാളി


അധ്യായം 4

സെല്ലുലോയിഡിലെ തത്വചിന്തകള്‍

Film reel, clapperboard, and filmstrip on a gray background, emphasizing cinema with a classic black and white theme.

പലപ്പോഴും കലാരൂപങ്ങള്‍ അതതു കാലഘട്ടത്തിലെ സമൂഹത്തിന്‍റെ രാഷ്ട്രീയ ചിത്രങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ആകാറുണ്ട്. അതുപോലെ തന്നെ സമൂഹത്തെ സ്വാധീനിച്ച തത്വചിന്തകള്‍ കലകളില്‍ സ്വാധീനം ചെലുത്താറുമുണ്ട്. അവയൊക്കെതന്നെ കലയുടെ ഭംഗിയും, ആകര്‍ഷീയണതയും വര്‍ദ്ധിപ്പിക്കുകയോ, ഇല്ലാതാക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. അതത് തത്വചിന്തകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനമായിരിക്കില്ല കലകളില്‍ അത് പ്രകടിപ്പിക്കുക. ഉദാഹരണമായി അങ്ങേയറ്റം പിന്‍തിരിപ്പനെന്നു വിളിപ്പേരുള്ള തത്വശാസ്ത്രമായ ഉത്തരാധുനികത സിനിമയില്‍ പക്ഷേ അവിശ്വസനീയമയായ ഒരു കലാലോകം നമുക്ക് മുന്നില്‍ തുറന്നു. നമ്മള്‍ ഇതുവരെ സംസാരിച്ചുകൊണ്ടിരുന്ന പൊളിറ്റിക്കല്‍ കറക്ട്നെസ്സ് എന്ന ചിന്താധാരയും അധികമായാല്‍ സിനിമയുടെ സൗന്ദര്യത്തെ കാര്യമായി ബാധിക്കുന്ന ഒന്നാണ്. അതിന്‍റെ കൂടുതല്‍ വിവരണങ്ങളിലേയ്ക്ക് കടക്കുമ്പോള്‍ നമ്മള്‍ മനസ്സിലാക്കേണ്ട പദമാണ് "വോക്ക്"(Woke)*


ജാഗ്രതയോടെയിരിക്കുക, ഉണര്‍ന്നിരിക്കുക തുങ്ങിയവയൊക്കെയാണ് വോക്ക് എന്ന വാക്കിന്‍റെ അര്‍ത്ഥം. 1962 ല്‍ വില്യന്‍ മെല്‍വിന്‍ കെല്ലി എന്ന ആഫ്രിക്കന്‍ വംശജനായ അമേരിക്കന്‍ സാഹിത്യകാരനാണ് ആദ്യമായി ഈ വാക്ക് രാഷ്ട്രീയമായ അര്‍ത്ഥത്തില്‍ ഉപയോഗിച്ചത്. സമൂഹത്തിലുള്ള അനീതികളെക്കുറിച്ച് ധാരണയോടെയിരിക്കുക, ഉണര്‍ന്നിരിക്കുക എന്നര്‍ത്ഥത്തില്‍ വില്യന്‍ ആ പദത്തിന് ഒരു രാഷ്ട്രീയ മാനം കൊടുത്തു. പിന്നീട് കാലങ്ങളോളം രാഷ്ട്രീയമായ അര്‍ത്ഥത്തില്‍ നിശബദ്ധമായ ഈ പദം 2013ലാണ് വ്യാപകമായി ഉപയോഗിച്ചത്. 2013ല്‍ അമേരിക്കയില്‍ പരക്കെ അരങ്ങേറിയ പോലീസ് വാഴ്ചയ്ക്കെതിരെയുള്ള പ്രതികരണമെന്നോണമായിരുന്നു അത്. പ്രധാനമായും അവിടുത്തെ കറുത്ത വംശജര്‍ക്കെതിരെയുള്ള കിരാതമായ പോലീസ് വാഴ്ചക്കെതിരെ. പോലീസിന്‍റെ ഈ നീതിരഹിതമായി പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നടന്ന സമരങ്ങളില്‍ ഉയര്‍ന്നുകേട്ട ഹാഷ് ടാഗാണ് "സ്റ്റേ വോക്ക്"(Stay Woke). ക്രമേണ ആ പദം വംശീയത, എല്‍.ജി.ബി.റ്റി.ക്യു.എ.ഐ.+, ഫെമിനിസം, അടിമത്വം തുടങ്ങിയതിനെല്ലാം പ്രതിനിധീകരിക്കുന്ന ഒന്നായി മാറി.


പൊളിറ്റിക്കലി കറക്ട് ആവുക എന്നതുപോലെ തന്നെ 'വോക്കാ'വുക എന്നതും ശരിയോടൊപ്പം നില്‍ക്കുന്നു എന്നതിന്‍റെ പ്രതിഫലനമായിമാറി. ഇതിനെതിരെ വിവിധങ്ങളായ വാദങ്ങള്‍ ഉയര്‍ന്നുവന്നു. പ്രത്യേകമായി ലോകമാനമുള്ള വലതുപക്ഷ രാഷ്ട്രീയത്തെ പ്രതിനിധീകരിക്കുന്ന വ്യക്തികളോ, സംഘടനകളോ ഒക്കെ. ഉദാഹരണമായി റിച്ചാര്‍ഡ് ഡോക്കിന്‍സിനെപ്പോലുള്ളവരെ പിന്‍പറ്റുന്ന നവനാസ്തികരില്‍ ഒരുവിഭാഗം. ഭൗതിക ശാസ്ത്രത്തിലെയോ, ജീവശാസ്ത്രത്തിലേയോ നിയമങ്ങള്‍ സാമൂഹിക വിഷയങ്ങളില്‍ പ്രയോഗിച്ചുകൊണ്ട് ഇക്കൂട്ടര്‍ വലതുപക്ഷ രാഷ്ട്രീയത്തിനു പ്രതിരോധം സൃഷ്ടിച്ചു.


കലയുടെ മേഖലയില്‍ 'വോക്കി'നുവേണ്ടി വാദിച്ചവര്‍ മുന്നോട്ടുവച്ച വാദങ്ങള്‍ യഥാര്‍ത്ഥത്തില്‍ വോക്ക് വിരോധികള്‍ക്ക് ഇവരെ തല്ലാനുള്ള വടി കൈയില്‍ കൊടുത്തപോലായിരുന്നു. എന്തെന്നാല്‍ പൊളിറ്റിക്കല്‍ കറക്ടനെസ്സിനുവേണ്ടി വാദിച്ച പോലെയായിരുന്നില്ല വോക്കിനെ പ്രതിരോധിച്ചവര്‍ കലയില്‍ പിടിമുറുക്കിയത്. പ്രതിനായക കഥാപാത്രങ്ങള്‍പോലും പൊളിറ്റിക്കലി കറക്ടായിരിക്കണമെന്നും ഹിറ്റ്ലറെപ്പോലുള്ള ഫാസിസത്തിന്‍റെ ഉഗ്രമൂര്‍ത്തികള്‍പോലും സ്ക്രീനില്‍ സഭ്യമായി സംസാരിക്കണമെന്നുമവര്‍ വാദിച്ചു. സിനിമയെന്ന കലയെ നിലംപതിപ്പിക്കാന്‍ മാത്രം ശക്തിയുണ്ട് ഇത്തരം ആശയപ്രചരണങ്ങള്‍ക്ക്. ഒരു സിനിമയുടെ കഥാപാത്രങ്ങളത്രയും പൊളിറ്റിക്കലി കറക്ടാവുക എന്നാല്‍ പിന്നെയതിനെ സിനിമയെന്ന് വിളിക്കുന്നതില്‍ കാര്യമില്ല. അതുകൊണ്ടുതന്നെ വോക്ക് വിരോധികളുടെ ഈ വാദത്തില്‍ കഴമ്പുണ്ടെന്ന് പറയാതെവയ്യ. വാഴ്ത്തപ്പെടുന്ന നായക കഥാപാത്രങ്ങള്‍ രാഷ്ട്രീയമായി ശരിയായിരിക്കുക. അതിനുമപ്പുറത്തുള്ള പിടിവാശികള്‍ സിനിമയെന്ന കലാ-വ്യവസായത്തെത്തനെ പ്രതികൂലമായി ബാധിക്കും. ഇക്കാരണത്താല്‍തന്നെ ഇത്തരത്തി ലുള്ള 'വോക്ക്' വാദങ്ങള്‍ ന്യായമല്ലായെന്ന് പറയേണ്ടിവരും.


'വോക്കി'നെതിരെയുള്ള മേല്‍പറഞ്ഞ വാദങ്ങള്‍ കലയുടെ മേഖലയില്‍ മാത്രം പ്രസക്തമായ കാര്യമാണ്. യഥാര്‍ത്ഥമായ സാമൂഹിക വ്യവഹാരങ്ങളില്‍ മനുഷ്യര്‍ പരമായവധി രാഷ്ട്രീയമായി ശരിയായിരിക്കാന്‍ അല്ലെങ്കില്‍ 'വോക്കാ'കാന്‍ ശ്രമിക്കുന്നതാണ് സമ്പൂര്‍ണ്ണമായ ഇടതുപക്ഷ രാട്രീയം.


സെല്ലുലോയിഡിലെ ശാസ്ത്രവിരുദ്ധത


പൊളിറ്റിക്കല്‍ കറക്നെസ്സ് എന്ന ആശയത്തെ പാടെ നിരാകരിക്കുന്ന ധാരാളം സിനിമ പ്രവര്‍ത്തകര്‍ ഇന്നുമുണ്ട്. അത്തരം സിനിമാപ്രവര്‍ത്തകരുടെ സിനിമകള്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ഇടതുപക്ഷ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നവര്‍ അതു വിളിച്ചു പറയാറുമുണ്ട്. എറെ ആഘോഷിക്കപ്പെട്ട 'ആക്ഷന്‍ ഹീറോ ബിജു'വിലെ നായക കഥാപാത്രത്തിന്‍റെ രാഷ്ട്രീയമായി തെറ്റായ സംഭാഷങ്ങള്‍ ഒക്കെ വിമര്‍ശിക്കപ്പെട്ടത് ഇതിന് മികച്ച ഉദാഹരണമാണ്. 'ചോല', കൂടാതെ ഈ അടുത്ത് പ്രദര്‍ശനത്തിനെത്തിയ 'ഒരു ജാതി ജാതകം' തുടങ്ങിയ സിനിമകള്‍ക്കുമേല്‍ പതിച്ച വിമര്‍ശനങ്ങള്‍ ഒക്കെ സമൂഹത്തിന്‍റെ ഇടതുപക്ഷ നിരീക്ഷണങ്ങളുടെ നിരവധി ഉദാഹരണങ്ങളില്‍ ചിലതാണ്. എന്നാല്‍ ഇതിന്‍റെ മറവില്‍ ഇതുപോലെതന്നെ വിമര്‍ശിക്കപ്പെടേണ്ട; എന്നാല്‍ ആരാലും വിമര്‍ശിക്കപ്പെടാതെ പോകുന്ന ഒരുകൂട്ടം സിനിമകളുണ്ട്. "അശാസ്ത്രീയതയുടെ ലോക യൂണിവേഴ്സിറ്റി"യുമായി ശാസ്ത്ര വിരുദ്ധത പഠിപ്പിക്കുന്ന സിനിമകള്‍.


2020ല്‍ പ്രദര്‍ശനത്തിനെത്തിയ 'ട്രാന്‍സ്', 2023 ല്‍ പ്രദര്‍ശനത്തിനെത്തിയ 'സോമന്‍റെ കൃതാവ്' തുടങ്ങിയവയൊക്കെ സിനിമയിലൂടെ നിര്‍മ്മിക്കപ്പെടുന്ന ശാസ്ത്ര വിരുദ്ധതയ്ക്ക് മികച്ച ഉദാഹരണങ്ങളാണ്. രണ്ടു സിനിമകളും ആധുനിക വൈദ്യശാസ്ത്രശാഖയെ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആക്ഷേപിച്ച സിനിമകളാണ്. 'ട്രാന്‍സ്' സിനിമയെ ആധുനിക വൈദ്യശാസ്ത്ര മേഖലയിലുള്ള വിവിധ ഡോക്ടര്‍മാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അതുപോലെതന്നെ 'സോമന്‍റെ കൃതാവ്' ശാസ്ത്ര വിരുദ്ധതയില്‍ 'ജോസഫ്' എന്ന സിനിമയോട് കടുത്ത മത്സരമാണ് കാഴ്ച വച്ചത് എന്ന് പറയേണ്ടിവരും. ഇടതുരാഷ്ട്രീയ ബോധമുള്ളവര്‍ എതിര്‍ക്കേണ്ട ഒന്നാണ് സിനിമയിലെ ഇത്തരം പ്രവണതകള്‍. ജോസഫ് വരുത്തി വച്ച സാമൂഹിക ദുരന്തത്തെക്കുറിച്ച് ആദ്യ അദ്ധ്യായത്തില്‍ പറഞ്ഞത് ഇതിനോട് ചേര്‍ത്തുവെയ്ക്കുന്നു.


രാഷ്ട്രീയ ശരികളോട് ചേര്‍ന്ന് നിന്നുകൊണ്ട് കലകളെ സ്വതന്ത്രമാക്കാം.

സാമൂഹിക വ്യവഹാരങ്ങളില്‍ നമുക്ക് വോക്കാകാം, രാഷ്ട്രീയമായി ശരിയാകാം. അത് എത്രത്തോളം സാധ്യമാണോ അത്രത്തോളം നമുക്ക് അതിനായി ശ്രമിക്കാം. എന്നാല്‍ കലയുടെ മേഖലയില്‍ അത് എത്രത്തോളം സാധ്യമാണെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കും. അതിന്‍റെ ഏതാണ്ടെല്ലാ വശങ്ങളും നമ്മള്‍ ചര്‍ച്ച ചെയ്തു കഴിഞ്ഞു. നമുക്ക് ഉത്തരവാദത്വമുള്ള കലാകാരന്മാരും, കലാസ്വാദകരുമാകാം. അപ്പോള്‍ കല സര്‍ഗാത്മകതയ്ക്കപ്പുറം മനുഷ്യരെ ഭിന്നിപ്പിക്കാത്ത ഒന്നാകും. (അവസാനിച്ചു)

സിനിമ രാഷ്ട്രീയമായി ശരിയാകണമോ?

വിനീത് ജോണ്‍, അസ്സീസി മാസിക, സെപ്റ്റംബർ 2025


Note:

*Woke- aware of and actively attentive to important societal facts and issues (especially issues of racial and social justice) Ref. Merriam-Webster Dictionary

Recent Posts

bottom of page