
അദ്ധ്യായം 2
വിക്ടോറിയന്‍ യുഗാന്ത്യം

"പൊളിറ്റിക്കില്‍ കറക്ട്നെസ്സ്" എന്നത് എന്താണെന്ന് ബോധ്യമുള്ള ഒരു കാലത്തിരുന്നു കഴിഞ്ഞ കാലത്തെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതില്‍ കാര്യമില്ല. എന്നാല്‍ "പൊളിറ്റിക്കില്‍ കറക്ട്നെസ്സി"ന്‍റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ പ്രധാന തലക്കെട്ടിലേക്ക് വരാനാവില്ല. കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞവസാനിപ്പിച്ചപോലെ സിനിമ കാണാന്‍ പഠിക്കുന്നതിന്‍റെ ആരംഭ പ്രവര്‍ത്തനമാണത്. യാഥാര്‍ത്ഥ്യത്തിനും, ഫിക്ഷനും ഇടയില്‍ സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്ര ീയം യുക്തിപരമായി തിരിച്ചറിയുന്നതിലൂടെയേ "പൊളിറ്റിക്കില്‍ കറക്ട്നെസ്സ്" എന്താണെന്ന് മനസ്സിലാക്കാനാകൂ. അത് കേവലം ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള പടപ്പുറപ്പാടല്ല. മറിച്ച്, അതൊരു വിദ്യാഭ്യാസപദ്ധതിയാണ്.
ബ്രിട്ടന്‍ എന്ന സാമ്രാജ്യത്തിന്‍റെ വ്യാപനത്തോടെ വിക്ടോറിയന്‍ സദാചാരം മറ്റു ഭൂഭാഗങ്ങളിലേക്കും വ്യാപിച്ചു. സാമ്രാജ്യങ്ങള്‍ക്കെതിരെ നടന്ന സ്വാതന്ത്ര്യ സമരപ്രസ്ഥാനങ്ങളും, സാമ്രാജ്യത്വ യുദ്ധങ്ങളും വിക്ടോറിയന്‍ സദാചാരത്തെ ദുര്‍ബലമാക്കി തുടങ്ങി. രണ്ടാം ലോകമഹായുദ്ധത്തിനിപ്പുറം വിക്ടോറിയന്‍ സദാചാര മൂല്യങ്ങള്‍ അപ്രത്യക്ഷമായി. മാനവികത, ലിംഗസമത്വം, ഫെമിനിസം തുടങ്ങി നവജനാധിപത്യ മൂല്യങ്ങള്‍ ഉദയം ചെയ്തു. മെല്ലെ അവയെല്ലാം തന്നെ കലകളിലും തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചു.
പൊളിറ്റിക്കല്‍ കറക്ട്നസ് എന്ന പ്രയോഗം രൂപപ്പെട്ടത് 1930കളിലെ മാവോ സെ തുങിന്‍റെ എഴുത്തുകളില്‍ നിന്നാണ്. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുകളോട് ഒരു വ്യക്തിയുടെ അല്ലെങ്കില്‍ ഒരു സംഘത്തിന്‍റെ ചിന്തകള്‍ ഒത്തുപോകുന്നതിനെയാണ് അന്ന് പൊളിറ്റിക്കലി കറക്ട് ആവുക എന്ന പ്രസ്താവനകൊണ്ട് അര്‍ത്ഥമാക്കിയിരുന്നത്. പിന്നീട് വിദേശ നയത്തിലും മനുഷ്യാവകാശങ്ങളിലും കാതലായ മാറ്റങ്ങള്‍ക്കുവേണ്ടി വാദിച്ചിരുന്ന യുഎസിലെ സര്‍വകലാശാല വിദ്യാര്‍ത്ഥികളാണ് 1960കളോടെ ഇതിനെ ആധുനിക ഭാഷയിലെ ഒരു പ്രയോഗമാക്കി മാറ്റിയത്. ഇടത് രാഷ്ട്രീയവുമായി ബന്ധപ്പെട്ട "പൊളിറ്റിക്കല്‍ കറക്ട്നെസ്സ്" എന്ന പദം ഉത്ഭവകാലത്തെ കമ്യൂണിസ്റ്റ് ആശയധാര വിട്ട് ജനാധിപത്യത്തോട് ചേര്‍ന്ന് മാനവികമായ അര്‍ത്ഥത്തില്‍ ഉപയോഗിക്കാന്‍ തുടങ്ങി. ന്യൂനപക്ഷ വിഭാഗങ്ങളെ സംരക്ഷിക്കാനും, സാമൂഹിക നീതി കൈവരിക്കാനും "പൊളിറ്റിക്കല്‍ കറക്ട്നെസ്സ്" എന്ന ആശയം സഹായിക്കുമെന്ന് സമൂഹം വിധിയെഴുതി. അത്തരത്തില്‍ ഒരു സമൂഹ മനസാക്ഷി രൂപപ്പെടത്തക്ക വിധത്തില്‍ സമൂഹത്തിന്‍റെ അടിത്തട്ടുമുതല്‍ പലവിധ ഇടപെടലുകള്‍ ഉണ്ടായി എന്നു പറയുന്നതാണ് ശരി.
പിന്നീട് സമൂഹ്യമായ അനീതിയും, വംശീയതയും, ലിംഗവിവേചനവും അവസാനിപ്പിക്കാന്‍ കലകളും ശുദ്ധീകരിക്കപ്പെടണമെന്ന് വാദങ്ങളുയര്‍ന്നു. അതിന്‍റെ ഫലമായി രൂപാന്തരീകരണം നടന്ന "പൊളിറ്റിക്കല്‍ കറക്ട്നെസ്സ്"(പൊ.ക.) എന്ന ആശയം ക്രമേണ കലകളിലേയ്ക്കും പടര്‍ന്നു. ജനകീയ കലാരൂപമായ സിനിമ പൊ.ക. നിയന്ത്രണത്തിന്‍റെ ഈറ്റില്ലമായി. 1990 കളോടെ പൊളിറ്റിക്കല്‍ കറക്ട്നെസ്സ് എന്ന ആശയം ആംഗലേയ സിനിമകളില്‍ പൂര്‍ണ്ണമായി പിടിമുറുക്കി. തത്ഫലമായി അമേരിക്കയിലെ ആഫ്രിക്കന്‍ ജനതയുടെ ജീവിതം, എല്‍.ജി. ബി.റ്റി.ഖ്യു.എ.ഐ.പ്ലസ് വിഭാഗത്തില്‍പ്പെടുന്ന മനുഷ്യരുടെ കഥകള്‍, എയ്ഡ്സ് പോലുള്ള രോഗാവസ്ഥകള്‍, ലിംഗ സമത്വം, പരിസ്ഥിതി വിഷയങ്ങള്‍ എന്നിവ വെള്ളിത്തിരയില്‍ പ്രധാന പ്രമേയമായി. സിനിമയ്ക്ക് പിന്നിലും വിരലില്‍ എണ്ണാവുന്നതെങ്കിലും സ്ത്രീകള്‍ക്കും, ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും അവസരങ്ങള്‍ ലഭിച്ചു.
കലയെ രസാനുഭൂതിയുടെ മാത്രം ഇടമായി കണ്ടവര്‍ പൊ.ക.യെ പരമാവധി വിമര്‍ശിച്ചു. 19-ാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തിന്‍ ലോകമെമ്പാടും പടര്‍ന്ന "കല കലയ്ക്കുവേണ്ടി" എന്ന വാദത്തെ മുറുകെപിടിച്ചവരായിരുന്നു പ്രധാനമായും പൊ.ക. യെ എതിര്‍ത്തത്. പൊ.ക. അദൃശ്യമായി നില കൊള്ളുന്ന ഒരു നിര്‍ബന്ധിത സെന്‍സര്‍ഷിപ്പ് സംവിധാനമാണെന്നും അത് സര്‍ഗാത്മക സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുന്നു എന്നും അവര്‍ ആരോപിച്ചു. ഒരുവേള 'റിവേഴ്സ് റേസിസം' എന്നു പോലും പൊ.ക.യെ അവര്‍ വിശേഷിപ്പിച്ചു. എന്നാല്‍ ഇത്തരം വാദങ്ങളെ നിഷ്പ്രഭമാക്കി തൊണ്ണൂറുകളോടെ പൊ.ക. എന്ന ആശയം ആഗലേയ, യൂറോപ്യന്‍ സിനിമലോകത്തെ ഏറ്റവും വലിയ കത്രികപൂട്ടായി വളരുകയായിരുന്നു. പാശ്ചാത്യ സമൂഹം അത്രമേല്‍ ഉഴുതുമറിക്കലുകള്‍ക്ക് വിധേയമായതുകൊണ്ടും, കോടികള്‍ മുടക്കുന്ന വാണിജ്യ ഇടമായതുകൊണ്ടുമൊക്കെ ആവാം അത്.
മണ്ണാര്‍തൊടി ജയകൃഷ്ണന്‍ മുതല്‍ മംഗലശ്ശേരി നീലകണ്ഡന്‍ കാര്‍ത്തികേയന്‍ വരെ
ആംഗലേയ സിനിമ പൊളിറ്റിക്കല്‍ കറക്ട്നസ്സ് എന്ന പുത്തന്‍ ആശയത്തെ സ്വീകരിക്കുന്ന കാലത്തെ മലയാള സിനിമയെ അടയാളപ്പെടുത്താന്‍ നമുക്കെടുക്കാവുന്ന മികച്ച രണ്ട് കഥാപാത്രങ്ങളാണ് മണ്ണാര്‍തൊടി ജയകൃഷ്ണനും, മംഗലശ്ശേരി നീലകണ്ഠന്‍ കാര്‍ത്തികേയനും. മലയാള സിനിമാ വ്യവസായം തുടക്കം മുതല്‍ ജാതിവ്യവസ്ഥയുടെ പ്രഹരഭൂമിയായിരുന്നു. വിഗതകുമാരനില്‍ നായികയായി വന്ന റോസിയെ ആക്രമിച്ച് ആരംഭിച്ച ആ സവര്‍ണ്ണ ബോധം പിന്നീട് വന്ന വിവിധ സിനിമകളിലൂടെ പൂര്‍ണ്ണതയിലേയ്ക്ക് വളരുകയായിരുന്നു.
പാശ്ചാത്യ സിനിമാലോകം മാറ്റങ്ങള്‍ക്ക് വിധേയമാകുന്ന കാലഘട്ടത്തിലെ മലയാള സിനിമ യെടുത്താല്‍ വംശീയതയും, ആണ്‍മേല്‍ക്കോയ്മയും, സ്ത്രീ വിരുദ്ധതയും വെള്ളിത്തിരയില്‍ ആഘോഷിക്കപ്പെട്ട കാലമായിരുന്നു അത്. തന്‍റെ ക്ഷത്രിയ സവര്‍ണ്ണതയില്‍ അഭിരമിച്ചിരുന്ന മന്നാടിയാരും, നീ വെറും പെണ്ണാണെന്ന് അധിക്ഷേപിച്ച തേവള്ളിപ്പറമ്പില്‍ ജോസഫ് അലക്സും, വെള്ളമടിച്ചു കോണ്‍ തിരിഞ്ഞുവരുന്ന രാത്രികളില്‍ കാലുമടക്കി തൊഴിക്കാന്‍ പെണ്ണിനെ ആവശ്യമുള്ള ഇന്ദുചൂടനും, ഫ്യൂഡല്‍ തെമ്മാടിയായ മംഗലശ്ശേരി നീലകണ്ഠനും ഒക്കെ ഇവിടെ അഭ്രപാളികളില്‍ കയ്യടി നേടുകയായിരുന്നു. അന്ന് ഈ കഥാപാത്രങ്ങളെല്ലാം തന്നെ സമൂഹത്തിന്‍റെ സവര്‍ണ്ണബോധം സങ്കല്‍പ്പിക്കുന്ന വാര്‍പ്പു മാതൃകകളെ നിര്‍മ്മിച്ചെടുക്കുകയോ, നില നിര്‍ത്തുകയോ ചെയ്തു.
അതില്‍തന്നെ ഏറ്റവും അപകടകരമായ പ്രവണത സ്ത്രീകഥാപാത്രങ്ങളുടെ നിര്‍മ്മിതികളിലായിരുന്നു. പരമ്പരാഗത സമൂഹം ആവശ്യപ്പെടുന്ന സ്ത്രീ സങ്കല്‍പ്പങ്ങളുടെ പൂര്‍ണ്ണതയിലേയ്ക്കുള്ള മത്സരമായിരുന്നു അവയെല്ലാം. ഭിന്നലിംഗക്കാരും, അരികുവത്കരിക്കപ്പെട്ടവരും മലയാള സ്ക്രീനുകളില്‍ സ്ഥിരം അപഹസിക്കപ്പെടുന്ന കഥാപാത്രങ്ങളായിരുന്നു. ഒരുതരം'അപ്പക്കാള' ഫോര്‍മാറ്റിലേയ്ക്ക് അവരെല്ലാം തന്നെ ഒതുക്കപ്പെട്ടു എന്നു പറയുന്നതാണ് കൂടുതല്‍ ശരി. 'റിയല്‍ ലൈഫി'ല്‍ വേദനിക്കുന്നവരെ കൂടുതല്‍ വേദനിപ്പിക്കുന്ന 'റീല്‍ ലൈഫു'കള്‍ മലയാള സിനിമയില്‍ ആഘോഷിക്കപ്പെട്ടു. 1988 ല്‍ റിലീസ് ചെയ്ത "ആര്യന്‍" സിനിമ ജാതിവെറിയുടെ സമസ്തസീമകളേയും ലംഘിച്ചു. പഞ്ചമി പഠിക്കാന്‍ ചേര്‍ന്ന സ്കൂളിന് തീവെച്ച യാഥാര്‍ത്ഥ്യത്തില്‍ നിന്ന് മേല്‍പറഞ്ഞ ഫ്യൂഡല്‍ മാടമ്പി കഥാപാത്രങ്ങളെ ആഘോഷിക്കാനുള്ള രാഷ്ട്രീയവും, സാമൂഹ്യവുമായുള്ള ബോധമേ 75 വര്‍ഷങ്ങള്‍ക്കിപ്പുറവും കേരളത്തിന്‍റെ പൊതുബോധത്തിനുണ്ടായിരുന്നുള്ളൂ.
ടെസ്സ കെ. എബ്രഹാം എന്ന മൈല്‍സ്റ്റോണ്‍
അന്നുവരെ കേരളം കണ്ടിട്ടില്ലാത്ത ജനാധിപത്യവിരുദ്ധരായ കഥാപാത്രങ്ങള്‍ എണ്‍പതുകളുടെ അവസാനത്തോടെ മലയാള സിനിമയിലേയ്ക്ക് കൂട്ടത്തോടെ പറന്നിറങ്ങുകയല്ലായിരുന്നു. മറിച്ച് മുന്‍പ് പറഞ്ഞപോലെ നീണ്ട 75 വര്‍ഷങ്ങള്‍കൊണ്ട് മലയാള സിനിമ വന്നെത്തിയ ഇടമാണത്. ഇത്തരം സിനിമകള്‍ നിര്‍മ്മിച്ചവരുടെ ഉള്ളിലുള്ള സവര്‍ണ്ണ ബോധവും, സ്ത്രീ വിരുദ്ധതയും, വംശവെറിയും തങ്ങളുടെ ആത്മാവിഷ്ക്കാരത്തിലൂടെ അവര്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. അതങ്ങനെ യാതൊരു മറയും കൂടാതെ വിളിച്ചുപറയാനുള്ള ധൈര്യം മലയാളി സമൂഹം അവര്‍ക്ക് പതിച്ചുകൊടുത്തു. സവര്‍ണ്ണ പുരയിലെ അടുക്കളപണിയുടെ മാഹാത്മ്യത്തെക്കുറിച്ച് തന്‍റെ അടിയാന്‍ കഥാപാത്രങ്ങളെക്കൊണ്ട് പറയിക്കുന്ന സിനിമ പ്രവര്‍ത്തകരുടെ പാരമ്പര്യ ബോധങ്ങളിലേയ്ക്ക് വന്നിറങ്ങിയ അന്യഗ്രഹജീവിയായിരുന്നു 22 ഫീമെയില്‍ കോട്ടയത്തിലെ ടെസ്സ കെ. എബ്രഹാം എന്ന കഥാപാത്രം.
ജനാധിപത്യ വിരുദ്ധരായ എല്ലാ കേന്ദ്ര കഥാപാത്രങ്ങളും ടെസ്സയില്‍ അവസാനിച്ചു എന്നല്ല. മറിച്ച് ചില വാര്‍പ്പുമാതൃകകള്‍ പൊളിച്ചെഴുതി എന്ന അര്‍ത്ഥത്തില്‍ ടെസ്സ ഒരു അടയാളപ്പെടുത്തലാണ്. പ്രത്യേകിച്ച് ഏറ്റവും കിരാതമായ ബലാത്സംഘം പോലുള്ള ഹീനകൃത്യങ്ങളുടെ ചിത്രീകരണങ്ങള്‍. അത്തരം രംഗങ്ങളില്‍ മലയാള സിനിമ പിന്‍തുടര്‍ന്നിരുന്ന പരമ്പരാഗത ശൈലി സ്ത്രീകളെ അങ്ങേയറ്റം ഒബ്ജക്ടിഫൈ ചെയ്യുക എന്നതായിരുന്നു. ആ പ്രവണത 22എഫ്. കെ. എന്ന സിനിമ പൊളിച്ചെ ഴുതി. ബലാത്സംഘത്തിന് വിധേയമാകുന്ന ഇര കടന്നുപോകുന്ന ശാരീരികവും, മാനസീകവുമായ എല്ലാ വേദനകളിലൂടെയും ടെസ്സ കാണികളെ കൂട്ടിക്കൊണ്ടുപോയി. തനിക്ക് ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും; അങ്ങനെ തങ്ങള്‍ക്കു മാത്രമായി ഒന്നും നഷ്ടപ്പെടാനില്ലെന്നും ടെസ്സ സെല്ലുലോയിഡിലൂടെ സ്ത്രീകളോട് വിളിച്ചുപറഞ്ഞു. ഏറ്റവും സ്വാഭാവികമായി ജീവിതത്തിലേയ്ക്ക് ഒരു മടങ്ങി വരവ് സാധ്യമാണെന്നും ടെസ കാണിച്ചുതന്നു. സിനിമ പൂര്‍ണ്ണമായും രാഷ്ട്രീയമായി ശരിയാണെന്ന വാദം മുന്നോട്ടുവയ്ക്കുന്നില്ല. എന്നാല്‍ അന്നുവരെ യുള്ള ചില വാര്‍പ്പു മാതൃകകളുടെ പൊളിച്ചെഴുത്തില്‍ ടെസ്സ ഒരു മൈല്‍സ്റ്റോണ്‍ ആണ്.
വിഗതകുമാരനില്‍ തുടങ്ങുന്ന മലയാള സിനിമ ചരിത്രത്തില്‍ മേല്‍പറഞ്ഞ പ്രവണതകള്‍ക്ക് വിപരീതമായ സിനിമകളും, കഥാപാത്രങ്ങളും ധാരാളം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ അവയൊന്നും തന്നെ ബഹുജനശ്രദ്ധയോ, സ്വീകാര്യതയോ നേടിയില്ല. വാണിജ്യ സാധ്യത മുന്‍നിറുത്തി, ബഹുമുഖപ്രതിഭകളാല്‍ നിര്‍മ്മിക്കപ്പെട്ട സിനിമകള്‍ ഏതെങ്കിലും തരത്തിലുള്ള പാരമ്പര്യേതര പ്രമേയങ്ങള തിരഞ്ഞെടുത്തില്ല. അവര്‍ നിര്‍മ്മിച്ച സവര്‍ണ്ണാധിപത്യത്തിന്‍റെ ആഘോഷങ്ങളെ ഏതെങ്കിലും തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് വിധേയമാക്കാന്‍ മാത്രം സമൂഹവും പക്വമല്ലായിരുന്നു. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്‍റെ ആദ്യപാദത്തില്‍തന്നെ കടന്നുവന്ന ഇന്‍റര്‍നെറ്റും നവമാദ്ധ്യമങ്ങളും സമൂഹത്തിന്‍റെ മനസാക്ഷി ചക്രത്തെ തിരിക്കാന്‍ ആരംഭിച്ചു.
നവമാദ്ധ്യമങ്ങളുടെ സമൂഹികപ്രവര്‍ത്തനം.
നവമാദ്ധ്യമങ്ങളുടെ കടന്നുവരവോടെ "പൊളിറ്റിക്കല്‍ കറക്ട്നെസ്സ്" എന്ന ആശയം പാശ്ചാത്യ നാടുകളില്‍നിന്ന് കേരളക്കരയിലേയ്ക്കുമെത്തി. ഇവിടുത്തെ വിദ്യഭ്യാസ പദ്ധതികള്‍ക്കോ, മത, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ 100 വര്‍ഷം കൊണ്ടു പൂര്‍ണ്ണമാക്കാന്‍ കഴിയാതെപോയ ആഴത്തിലുള്ള സാമൂഹ്യ പുന:നിര്‍മ്മിതി വിരലിലെണ്ണാവുന്ന കാലംകൊണ്ട് ഇന്‍റര്‍നെറ്റും, നവമാദ്ധ്യമങ്ങളും നേടാന്‍ തുടങ്ങി. പാശ്ചാത്യലോകത്ത് വേറിട്ട വായനയ്ക്ക് കാരണമായ സാമൂഹിക ദര്‍ശനങ്ങള്‍ സാധാരണക്കാരായ ചിന്തിക്കുന്ന മലയാളികളുടെ വിരല്‍തുമ്പിലെത്തി. അവിടെ സംഭവിച്ചതുപോലെ തന്നെ സമൂഹം എല്ലാവരേയും ഉള്‍ക്കൊള്ളുന്നതാ കണമെന്ന ആശയം കലയിലൂടെയും പങ്ക് വയ്ക്കണമെന്ന ആവശ്യങ്ങളുയര്‍ന്നു. അതിന്‍റെ ഫലമായി കേരളക്കരയും ആ പല്ലവി കേട്ടു "സിനിമ രാഷ്ട്രീയമായി ശരിയാകണം".
നവമാദ്ധ്യമങ്ങള്‍ തിരികൊളുത്തിയ രാഷ്ട്രീയ വായനയുടെ പുതുമ ഒരുപറ്റം സിനിമ പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. അതിനുശേഷമുള്ള മാറ്റങ്ങളെക്കുറിച്ച് വരും അദ്ധ്യായങ്ങളില്‍ ചര്‍ച്ച ചെയ്യാം.
സിനിമ രാഷ്ട്രീയമായി ശരിയാകണമോ?
അദ്ധ്യായം 2-വിക്ടോറിയന്‍യുഗാന്ത്യം
വിനീത് ജോണ്‍
അസ്സീസി മാസിക, ജൂലൈ 2025





















